സ്ത്രീകൾ എന്തിനാണ് ചുവന്ന ലിപ്സ്റ്റിക്ക് ഇടുന്നത്?
കവി എന്തിനാണ് 'പെണ്ണിന്‍റെ "ചെഞ്ചുണ്ടിൽ" പുഞ്ചിരി പൂത്തു' എന്നെഴുതിയത്?


നമുക്ക് അനുയോജ്യനായ, ഇഷ്ടപ്പെട്ട ഇണയെ കാണുമ്പോൾ അബോധപൂർവമായി നമ്മുടെ ശരീരം ചില സിഗ്നലുകൾ പുറപ്പെടുവിക്കും. കവിളുകളും, ചുണ്ടുകളും ചുവക്കുന്നത് ഇതിന്‍റെ ഭാഗമായാണ്. ലൈംഗിക ഉദ്ധാരണത്തിൽ മനുഷ്യ ശരീരത്തിൽ സംഭവിക്കുന്ന വാസോ കമ്പ്രെഷൻ ആണ് ശരീരഭാഗങ്ങൾ ചുവന്നു വരുന്നതിന് പിന്നിൽ. മാംസളമായ കവിൾ, നാസാഗ്രം, ചുണ്ട്, മാറിടം തുടങ്ങിയ ഭാഗങ്ങളിൽ കൂടുതൽ രക്തം വരികയും കുറച്ചു മാത്രം തിരിച്ചു പോവുകയും ചെയ്യുമ്പോഴാണ് ഈ രക്തവർണമുണ്ടാകുന്നത്.

ഇതിന് ഇങ്ങനെ ഒരു തുടക്കം ഉണ്ടെന്ന് സൂചിപ്പിച്ചതാണ്, ഇതിന് ഒരു അബോധ തലം ഉണ്ടെന്നും

ശരീരം വസ്ത്രത്തിൽ പൊതിഞ്ഞു നടക്കുന്ന മനുഷ്യന് പക്ഷെ, ഇഷ്ടമുള്ള എതിർലിംഗത്തിൽ പെട്ട ഇണയെ കാണുമ്പോൾ മുഖത്തു ഉണ്ടാവുന്ന ഇത്തരം നിറം മാറ്റം ഒളിച്ചു വയ്ക്കുക സാധ്യമല്ല. എന്നാൽ, മനുഷ്യൻ കുടുംബവും സമൂഹവും ആയി ഒരേ പങ്കാളിയായി താമസിക്കാൻ തുടങ്ങിയപ്പോൾ ഇത്തരം ശാരീരിക വ്യതിയാനങ്ങളെ ഒളിപ്പിച്ചു വയ്‌ക്കേണ്ട ആവശ്യം വന്നതിൽ നിന്നാണ് ചുണ്ടുകളിൽ ചായം പുരട്ടുന്ന ശീലം തുടങ്ങിയത്. ചുവപ്പ് ഒഴിച്ച് മറ്റു വർണങ്ങൾ ചുണ്ടിൽ പൂശിയാൽ മേല്‍പറഞ്ഞ ആകർഷണം വിദഗ്ധമായി ഒളിപ്പിച്ചു വയ്ക്കാൻ കഴിഞ്ഞു.

പക്ഷെ, കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ചുണ്ടിൽ സ്വാഭാവികമായി ഉണ്ടാവുന്ന ചുവന്ന നിറം മറക്കാൻ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക് തന്നെ കൃത്രിമമായി ലൈംഗിക ഉണർവ് കാണിക്കാനുള്ള രക്ത വർണത്തിലുള്ള ലിപ് സ്റ്റിക്കുകൾ മാർക്കറ്റിൽ ഇറങ്ങി. ആദ്യമൊക്കെ, കടും ചുവപ്പു നിറങ്ങൾ ലൈംഗിക തൊഴിലാളികളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ പിന്നീട് ഇത് മെയിൻ സ്ട്രീം നിറമായി മാറി. ചുരുക്കി പറഞ്ഞാൽ ചുവന്ന ലിപ്സ്റ്റിക്ക് മനുഷ്യന്റെ ലൈംഗിക ഉണർവ് കൃത്രിമമായി കാണിച്ച് എതിർ ലിംഗത്തെ ആകർഷിക്കാനുള്ള ഒരു വിദ്യയാണ്. എപ്പോൾ ലിപ്സ്റ്റിക് ഇടുമ്പോഴും സ്ത്രീകൾ ഇങ്ങിനെ ആലോചിച്ചാണ് ചെയ്യുന്നത് എന്നല്ല ഞാൻ അർത്ഥമാക്കുന്നത്, പക്ഷെ, ഇതിന് ഇങ്ങനെ ഒരു തുടക്കം ഉണ്ടെന്ന് സൂചിപ്പിച്ചതാണ്, ഇതിന് ഒരു അബോധ തലം ഉണ്ടെന്നും.

പുഷ് അപ്പ് ബ്രായുടെ കാര്യത്തിലും കഥ ഇതൊക്കെ തന്നെയാണ്. മാറ് മറക്കാൻ ആയി ഉപയോഗിച്ച് തുടങ്ങിയ ബ്രാ, സ്വാഭാവികമായുള്ള മാറിടത്തിന്‍റെ ഷേപ്പ് കൃത്രിമമായി കൂടുതൽ രൂപഭംഗി ഉള്ളതാക്കി കാണിക്കാനായി ഉപയോഗിക്കാൻ തുടങ്ങി.

ശരീര ഗന്ധത്തിന്റെ കാര്യത്തിലും ഇങ്ങനെ ഒരു തിയറിയുണ്ട്. എതിർലിംഗത്തിലെ ചില ഗന്ധങ്ങൾ നമ്മിൽ വികാരം ഉണർത്താൻ പോന്നവയായത് കൊണ്ട് അത് മറക്കാൻ ആയിട്ടാണ് മനുഷ്യൻ വേറെ ഗന്ധങ്ങൾ ഉള്ള പെർഫ്യൂമുകൾ ഉപയോഗിച്ച് തുടങ്ങിയത്. പക്ഷെ, ഇപ്പോൾ എതിർ ലിംഗത്തെ ആകർഷിക്കാൻ ആയി ഫെറോമോണുകൾ വരെ കൃതൃമായി ചേർത്ത പെർഫ്യൂമുകൾ മാർക്കെറ്റിൽ ഉണ്ട്. ഹൈ ഹീൽ ചെരുപ്പുകൾ സ്ത്രീകൾ ഉപയോഗിക്കുന്നത് എന്തനാണ് എന്നുള്ളത് നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു.

ലോകത്തിലെ പല സമൂഹങ്ങളും മതങ്ങളും ലൈംഗികത ഒരു തെറ്റാണെന്നു കരുതിപ്പോരുന്നുണ്ട്

ഒരു സമൂഹം ലൈംഗികത എത്രയൊക്കെ അടക്കിവയ്ക്കാൻ നോക്കിയാലും മേൽപ്പറഞ്ഞ പോലെ ചില കാര്യങ്ങൾ വഴി അത് പുറത്തേക്ക് വരും. പക്ഷെ, ലോകത്തിലെ പല സമൂഹങ്ങളും മതങ്ങളും ലൈംഗികത ഒരു തെറ്റാണെന്നു കരുതിപ്പോരുന്നുണ്ട്. ലൈംഗികത തെറ്റല്ലെന്നും കുട്ടികളെ ഉണ്ടാക്കാൻ മാത്രമല്ലാതെ ആസ്വദിക്കാൻ മാത്രമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു സ്പീഷിസ് ആണ് മനുഷ്യൻ എന്നും നമ്മൾ മനസിലാക്കേണ്ടതുണ്ട്.

ശബരിമലയിലെ യഥാർത്ഥ പ്രശ്നം ആർത്തവം അല്ല, മറിച്ച് സ്ത്രീകളുടെ ലൈംഗികതയാണ് എന്ന, ചുവന്ന ലിപ്സ്റ്റിക് ഇടുന്ന, ദീപ രാഹുൽ ഈശ്വറിന്റെ പ്രസ്താവന കണ്ടപ്പോൾ ഓർമ വന്ന ചില കാര്യങ്ങൾ ആണിത്. സ്ത്രീ ലൈംഗികതയോടുള്ള യാഥാസ്ഥിതികരുടെ എതിർപ്പ് തന്നെയാണ് ആർത്തവം എന്ന പേരിലും മറ്റും ശബരിമല വിഷയത്തിൽ ഉയർന്നുവരുന്നത് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

Ref: The Naked Ape