Asianet News MalayalamAsianet News Malayalam

അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

Nee Evideyaanu Niju Ann Philip
Author
Chennai, First Published Jul 15, 2017, 7:18 PM IST

Nee Evideyaanu Niju Ann Philip

കൗമാരത്തിലേക്ക് കാലൂന്നുന്ന കാലത്തുള്ള ഒരു സംഭവമാണ്. ഞാന്‍ അസാമാന്യം വിളഞ്ഞ വിത്തായിരുന്നു.കൂടെ എല്ലാ തല്ലുകൊള്ളിത്തരത്തിനും ചൂട്ടും കത്തിച്ചു ബിനു മുന്‍പിലും പുറകിലും സൈഡീലും. ഞങ്ങള്‍ ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു.ബഷീര്‍ പറഞ്ഞപോലെ ജീവിതം യൗവനതൃഷ്ണവും ഹൃദയം പ്രേമസുരഭിലവും ആയിക്കൊണ്ടിരിക്കുന്ന സമയം.

അക്കാലത്തു ഞങ്ങളുടെ നാട്ടില്‍ ഒരു പ്ലൈവുഡ് ഫാക്ടറി ഉണ്ടായിരുന്നു.അവിടെ പണിക്കു വന്ന പയ്യന്മാരാണ് ഞാന്‍ കാണുന്ന ആദ്യത്തെ അന്യ സംസ്ഥാനക്കാര്‍. ഇപ്പോ നമ്മള്‍ കാണുന്ന ബംഗാളികളെ പോലൊന്നുമല്ല. നല്ല തുടുത്ത പയ്യന്മാര്‍.അവര്‍ ബര്‍മുഡയും ജീന്‍സും ടീ ഷര്‍ട്ടും ഒക്കെ ഇട്ട് കുളിച്ചു കുട്ടപ്പന്മാരായി ഞങ്ങളുടെ നാട്ടില്‍ കൂടി തേരാ പാരാ നടന്നു. സ്‌കൂളില്‍ പോലും പോകാത്തവന്മാരാണെന്നു ഓര്‍ക്കണം.നാട്ടിലുള്ള, ലുങ്കിയും കൈലിയും ഉടുത്ത പയ്യന്മാര്‍ കലുങ്കിന്റെ മുകളില്‍ കുത്തിയിരുന്നു പല്ലെട കുത്തുന്നത് കണ്ടു മടുത്ത സമയം .ഇവന്മാര്‍  തലങ്ങും വിലങ്ങുംനടന്നു പോകുന്നത് ഞങ്ങളുടെ ഹൃദയങ്ങളെ ചവിട്ടി മെതിച്ചു കൊണ്ട് ആണെന്ന് വേണമെങ്കില്‍ പറയാം.

അങ്ങനെ അത് സംഭവിച്ചു.കൂട്ടത്തില്‍ സുന്ദരനായ ഒരുത്തന്‍ ഞങ്ങളുടെ വീട്ടില്‍ നിന്നും പാല്‍ വാങ്ങിത്തുടങ്ങി.അജയ് അങ്ങനെയാണവന്റെ പേര്.അഞ്ചേകാല്‍ അഞ്ചര ആകുമ്പോള്‍ അവന്‍ പാല്‍ വാങ്ങാന്‍ വരും.അങ്ങോട്ടും ഇങ്ങോട്ടും നോക്കില്ല.പാല്‍ വാങ്ങി തിരിച്ചു പോകും.ഇവന്‍ പാല്‍ വാങ്ങി തുടങ്ങിയതോടെ വായ്‌നോട്ടം കുറച്ച് ഫോക്കസ്ഡ് ആയി.അടച്ചു വായ്‌നോക്കുന്നത് നിര്‍ത്തി ഇവനെ മാത്രമായ് നോട്ടം തുടങ്ങി.അവന്‍ ഇതൊന്നും അറിയുന്നില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം.

കൃത്യം അഞ്ചു മണി ആകുമ്പോ ബിനു വീട്ടില്‍ എത്തും.ഞാന്‍ അവളെ ഓടിക്കാന്‍ നോക്കും.അവള്‍ പറിച്ചെറിഞ്ഞാല്‍ പോവില്ല.അഞ്ചരക്ക് ഞങ്ങള്‍ സ്ഥിരമായി കാണുന്ന  'പോപ്പായി ദി സെയിലര്‍ മാന്‍'  കാണാന്‍ എന്നെ കൂട്ടി കൊണ്ട് പോകാനാണത്രെ ഭവതി വരുന്നത്.ഞാന്‍ സഹികെട്ട് അവളോട് പറഞ്ഞു.നീ എന്നെ എഴുന്നള്ളിച്ചോണ്ട് പോവാന്‍ വരണ്ട.ഞാന്‍ അഞ്ചരക്ക് അങ്ങോട്ട് വന്നോളാംഎന്ന്.ഞാന്‍ ഇങ്ങനെ രൂക്ഷമായ ഭാഷയില്‍അവളോട് പറഞ്ഞിട്ടും ഒരു നാണവും ഇല്ലാതെ അവള്‍ പിന്നെയും വന്നുകൊണ്ടിരുന്നു അഞ്ചു മണിക്ക്.പിന്നെ ഞാന്‍ ഓര്‍ത്തു പണ്ടാരമടങ്ങാന്‍ അവളും കണ്ടോട്ടെ             
'എ തിങ് ഓഫ് ബ്യൂട്ടി ഈസ് എ ജോയ് ഫോര്‍ എവര്‍' എന്നല്ലേ.

അങ്ങനെ വായ് നോട്ടം തകര്‍ക്കുമ്പോളാണ് അത് സംഭവിക്കുന്നത്.

അങ്ങനെ വായ് നോട്ടം തകര്‍ക്കുമ്പോളാണ് അത് സംഭവിക്കുന്നത്.എനിക്ക് മുണ്ടിനീര്‍ പിടിച്ചു.ബിനുനു വീട്ടില്‍ വരാന്‍ പാടില്ലലോ പകരില്ലേ? എന്റെ മനസ്സില്‍ ലഡു പൊട്ടി.ഇനി ഇവളെ കൊണ്ടുള്ള ശല്യം കുറച്ച് നാള്‍ ഉണ്ടാവില്ലലോ.അങ്ങനെ പനിച്ചു വിറച്ചു കിടക്കുമ്പോള്‍  വരവായി നമ്മുടെ അജയ്.ചെമ്പന്‍ മുടി നാരുകള്‍ കാറ്റില്‍ പറത്തി അവനിങ്ങനെ വന്നു.

പഴയ തറവാട് ആയിരുന്നു അന്ന്  ഞങ്ങള്‍ടെ വീട്. അഴിയിട്ട ജനലുകള്‍ ചാരിയിരുന്നില്ല. ജനലിന്റെ അടുത്ത് നിന്നിട്ട് അവന്‍ ആന്റി എന്ന് ഉറക്കെ വിളിച്ചു.'അമ്മ ഇറങ്ങി വന്നു പാത്രം വാങ്ങി പാല്‍ എടുക്കാന്‍ അകത്തേക്ക് പോയ്. ഞാന്‍ മുഖത്തു പറ്റാവുന്നത്രേംഅവശത വരുത്തി കിടന്നു.അവന്‍ തിക്കും പൊക്കും നോക്കുന്നുണ്ടായിരുന്നു.ഒടുവില്‍ അവനെന്നെ കണ്ടു.എന്നോട് ഹിന്ദിയില്‍ എന്തോ ചോദിച്ചു

ഇപ്പം തോന്നുന്നു 'ക്യാ ഹുവാ' എന്നാരിക്കും എന്ന്

ഞാന്‍ പനീ പനി എന്നൊക്കെ പറഞ്ഞു.പാവം ചെക്കന് ഒന്നും മനസ്സിലായില്ല.അവസാനം ഞാന്‍ എന്റെ നെറ്റിയിലും കഴുത്തിലും കൈ വെച്ച് പനി എന്ന് സര്‍വ മനുഷ്യര്‍ക്കും ഭാഷക്കാര്‍ക്കും മനസ്സിലാവുന്നത് പോലെ പറഞ്ഞു.അവന്റെ മുഖത്ത് സഹതാപം ഇരമ്പി വരുന്നത് കണ്ടു ഞാന്‍ വീണ്ടും കുറച്ചൂടെ അവശത വരുത്തി കിടന്നു.പെട്ടന്ന് അവന്‍ രണ്ട് ബിഗ് ബബൂല്‍ ച്യൂയിഗം എടുത്ത് നീട്ടി.സത്യം പറയട്ടെ  കൊള്ളിയാന്‍ പാഞ്ഞു പോയി തലമുതല്‍ കാല്‍ വരെ.അറിയാവുന്ന ഹിന്ദിയില്‍ 'നഹി നഹി'' എന്ന് ഞാന്‍ പറഞ്ഞപ്പോഴേക്കും പാവത്തിന്റെ മുഖം വല്ലാതെ വാടിയിട്ടുണ്ടാരുന്നു.ഹോ! എന്നാലും എന്റെ ഒരു മനഃസാനിധ്യം ബിഗ് ബബൂല്‍ ആണ് നിരസിച്ചത്.

പാലും കൊണ്ട് അമ്മ വന്നപ്പോള്‍ അവന്‍ ദൂകാന്‍ ദൂകാന്‍ എന്ന് പറഞ്ഞിട്ട് പാല്‍ അവിടെ വെച്ചിട്ട് കടയില്‍ പോയി.തിരിച്ചു വന്നിട്ട് എടുക്കാം എന്നാണതിന്റെ അര്‍ഥം. അമ്മ പാല്‍ അരപ്ലേസില്‍ വച്ചിട്ട് അമ്മേടെ പണിക്കും പോയി.എനിക്ക് ചിരിയൂറി വരുന്നുണ്ടായിരുന്നു.

കണ്ണിനു മുന്‍പില്‍ പൂമ്പാറ്റകള്‍ പാറുന്നു.പൂക്കള്‍ വിടരുന്നു.കിളികള്‍ ചിലക്കുന്നു.ആകെ ജഗ പോക.ഇത് ബിനുനോട് പറയുമ്പോളുള്ള അവളുടെ മുഖമോര്‍ത്തിട്ട് എനിക്ക് കിടക്കപ്പൊറുതി ഇല്ലാതായി.ഞാന്‍ നോക്കുമ്പോള്‍ ആ വൃത്തികെട്ടവള്‍ ചാമ്പങ്ങായും കടിച്ചു തിന്നൊണ്ട് പുരത്തറയില്‍ ഇരിപ്പുണ്ട്.

'നീ തീര്‍ന്നടീ, നീ തീര്‍ന്നു... ' എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ ആഹ്ലാദ ചിത്തയായി കിടന്നു.അജയ് അതാ തിരിച്ചു വരുന്നു.ഞാന്‍ സര്‍വ ദൈവങ്ങളേം വിളിച്ചു പ്രാര്‍ത്ഥിച്ചു ആ പണ്ടാരക്കാലിയെ അവന്‍ കാണല്ലേ ദൈവമേ. അവന്‍ നടന്നു വന്നു പാലും പാത്രം എടുത്തു തിരിച്ചു പോകുന്നതിനു മുന്‍പ് എന്റെ ജനലരികില്‍ വന്നു രണ്ടു വിക്‌സ് ഗുളിക വെച്ചിട്ട് പെട്ടന്ന് നടന്നു പോയി.

എന്തൊരു കരുതല്‍. എന്തൊരു സ്‌നേഹം. കാണടീ ബിനു.

ആനന്ദലബ്ധിക്കിനി എന്ത് വേണം. എന്തൊരു കരുതല്‍. എന്തൊരു സ്‌നേഹം. കാണടീ ബിനു... നീ കാണ്.നിന്റെ തൊലിവെളുപ്പുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല മോളേ...ഞാന്‍ ആത്മഗതം ചെയ്തു.ഞാന്‍ നാണിച്ചു ചുവന്നില്ല.നാണിച്ചു കറുത്തു.

ഒടുവില്‍ മുണ്ടി നീര് മാറി. ഞാന്‍ ബിനൂന്റെ അടുത്തോട്ട് ഓടി. എന്നെ കണ്ടതും അവളെന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു.
'ഡി ഒരു സംഭവം ഉണ്ടായി.'ആകാംക്ഷ അടക്കാന്‍ വയ്യാതിരുന്ന അവളെന്നോട്  ആ സത്യം പറഞ്ഞു.

'ഡീ അജയ് എനിക്ക് ബിഗ് ബാബൂല്‍ തന്നെടീ'

കൂടം കൊണ്ട് തലക്ക് അടി ഏറ്റപോലെ ഞാന്‍ ഇരുന്നു

ഞാന്‍ യാന്ത്രികമായി ചോദിച്ചു എപ്പോ?

'ഡി നീ മുണ്ടി നീരായി കിടന്നില്ലേ അന്ന്'

'എത്രയെണ്ണം തന്നു?'

'രണ്ടെണ്ണം തന്നടി'

എന്നിലെ ആര്‍ഷഭാരത കുലനാരി ഉണര്‍ന്നു.'അയ്യേ! എന്നിട്ട് നീ ആ ഹിന്ദിക്കാരന്റെ അടുത്തൂന്നു വാങ്ങിച്ചോ'

'പിന്നെ നിനക്കു തന്നാല്‍ നീ വാങ്ങൂലെ'

'ഇല്ലാടീ  ഞാന്‍ വാങ്ങൂല്ലടി, പുല്ലേ, എനിക്ക് തന്നിട്ടു ഞാന്‍ വാങ്ങാഞ്ഞതാ' എന്ന് പറഞ്ഞപ്പോഴേക്കും അവള്‍ എന്നെ അസൂയക്കാരിയാക്കി.ബിഗ് ബബൂല്‍ പോട്ടെ വിക്‌സ് മുട്ടായി തന്നത് പോലും അവള്‍ വിശ്വസിക്കുന്നില്ല.അറ്റ കൈക്കു ഞാന്‍ മാതാവിനെ പിടിച്ചു വരെ സത്യം ചെയ്തു. എന്നിട്ടു ദയനീയമായി ചോദിച്ചു.

'ഡീ രണ്ടും നീ തിന്നോ'

ഇല്ലഡീ ഒരെണ്ണം ഞാന്‍ എല്‍വിസിനു (ഞങ്ങളുടെ മറ്റൊരു കസിന്‍) കൊടുത്തു.അവന്‍ തിന്നിട്ടു അരമണിക്കൂര്‍ കഴിഞ്ഞാ ഞാന്‍ തിന്നത്.

അതെന്നാഡീ എന്ന എന്റെ ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു സൂര്‍ത്തുക്കളെ.

ഞാന്‍ ബിനൂന്റെ അടുത്തോട്ട് ഓടി. എന്നെ കണ്ടതും അവളെന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു.

എങ്ങാനും വല്ല മയക്കുമരുന്നും ചേര്‍ത്തിട്ടുണ്ടെല്‍ അവന്‍ തിന്നു അര മണിക്കൂര്‍ കഴിയുമ്പോള്‍ മയങ്ങി വീഴുമല്ലോ.അതാ. പോയ ബുദ്ധി ഇനി ആന പിടിച്ചാലും കിട്ടില്ലലോ. ഞാന്‍ തിന്നേണ്ട ബിഗ്ബബൂല്‍ ആണ് വിരുന്നു വന്ന ദരിദ്രവാസി എല്‍വിസ് തിന്നത്

ഇപ്പോള്‍ അവിടെ ഫാക്ടറി ഇല്ല.അന്യസംസ്ഥാനക്കാര്‍ ഒരുപാട് പേര്‍ നമ്മുടെ നാട്ടിലേക്ക് വന്നു.അജയും കൂട്ടുകാരുമൊക്കെ അവിടുന്ന് പോയി.ബിനുവും ഞാനും, അവന്‍ രണ്ടു പേര്‍ക്കും ബബിള്‍ ഗം തന്നത് കൊണ്ട് അവനിലുള്ള വിശ്വാസം നഷ്ടപ്പെട്ട് വായ് നോട്ടം നിര്‍ത്തി,പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോയി.

പരസ്പരം കണ്ടുമുട്ടാന്‍ വിദൂരസാധ്യത പോലുമില്ലെങ്കിലും ഇടയ്‌ക്കൊക്കെ ഓര്‍മ്മകളില്‍ വന്ന് എത്തി നോക്കാറുണ്ട് അജയ്. ചെമ്പന്‍ തലനാരുകളും പൂച്ചക്കണ്ണുകളുമുള്ള ഒരു പതിനേഴുകാരന്‍ ഒട്ടും പ്രായമാകാതെ,തെല്ലും കുസൃതി ചോരാതെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട്.

കവി പാടിയത് പോലെ, 'കാണണമെന്നില്ല,മിണ്ടണമെന്നില്ല, അങ്ങുണ്ടെന്നൊരു കഥ വല്ലഭാഷയിലുമൊന്നറിഞ്ഞാല്‍ മതി'

Follow Us:
Download App:
  • android
  • ios