ലോകത്തെമ്പാടും പടർന്ന് പിടിച്ചതിനെ തുടർന്ന് കൊവിഡ് 19 -നെ ലോകാരോഗ്യ സംഘടന ഒരു മഹാമാരിയായി പ്രഖ്യാപിച്ചിരിക്കയാണ്. കേരളത്തിൽ കൊറോണ സ്ഥിതീകരിച്ചതോടെ കേരളവും അതീവ ജാഗ്രതയിലാണ്. പൊതുപരിപാടികളും, ആഘോഷങ്ങളും ഒഴിവാക്കി ജനങ്ങൾ കഴിവതും വീടുകളിൽ തന്നെ കഴിയാനാണ് സർക്കാരിന്റെ നിർദേശം. എന്നാൽ, ലോകത്തെ ഇങ്ങനെ ദുരിതത്തിലാഴ്ത്തിയ ആദ്യത്തെ മഹാമാരിയല്ല കൊറോണ. മുൻപും അനവധി മഹാമാരികൾ പല കാലഘട്ടങ്ങളിലായി ലോകത്തെ ബാധിച്ചിട്ടുണ്ട്. ഏറ്റവും രസകരമായ കാര്യം അതിൽ ഒന്ന്, ഐസക് ന്യൂട്ടനെ ഗുരുത്വാകർഷണത്തിന്‍റെയും ചലനത്തിന്റെയും സിദ്ധാന്തങ്ങൾ ഉൾപ്പെടെ ഏറ്റവും വലിയ കണ്ടെത്തലുകൾ നടത്താൻ പ്രേരിപ്പിച്ചു എന്നതാണ്. പ്ലേഗ് എന്ന മഹാമാരിസമയത്താണത്. 

കേംബ്രിഡ്‍ജിലെ ട്രിനിറ്റി കോളേജിലെ ഒരു സാധാരണ കോളേജ് വിദ്യാർത്ഥിയായിരുന്നു അദ്ദേഹം അപ്പോൾ. പ്ലേഗിന് കാരണമാകുന്ന ബാക്ടീരിയകളെ ശാസ്ത്രജ്ഞർ കണ്ടെത്തുന്നതിന് 200 വർഷം മുമ്പാണ് ഇത് സംഭവിക്കുന്നത്. 1665 -ൽ വൈറസുകളുടെ വ്യാപനത്തെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലെങ്കിൽ കൂടി ആളുകൾ തമ്മിൽ അകലം പാലിച്ചിരുന്നു. പൊതുപരിപാടികളിൽനിന്ന് ആളുകൾ വിട്ട് നിൽക്കുകയും, വീടുകളിൽ തന്നെ ഒതുങ്ങി കഴിയുകയും ചെയ്‍തിരുന്നു. പ്ലേഗ് വന്ന സമയം, ന്യൂട്ടനും വീട്ടിലേക്ക് മടങ്ങി. കേംബ്രിഡ്‍ജില്‍നിന്ന് 60 മൈൽ വടക്കുപടിഞ്ഞാറായി വൂൾസ്റ്റോർപ് മാനർ എന്ന ഫാമിലി എസ്റ്റേറ്റിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 

അദ്ദേഹത്തെ നയിക്കാൻ പ്രൊഫസർമാരുപോലുമില്ലാതിരുന്ന ആ സമയത്ത് അദ്ദേഹം ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്തി. വീട്ടിൽ ചെലവഴിച്ച ആ വർഷത്തെ അദ്ദേഹം, 'അത്ഭുതങ്ങളുടെ വർഷം' എന്നാണ് പിന്നീട് വിളിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സിദ്ധാന്തങ്ങളിൽ കൂടുതലും ആ സമയത്താണ് അദ്ദേഹം കണ്ടെത്തുന്നത്.  
 
ഒരു ദിവസം അദ്ദേഹം തന്റെ കിടപ്പുമുറിയിലെ ജാലകത്തിലൂടെ സൂര്യപ്രകാശം കടന്നു വരുന്നത് നോക്കി കിടക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് ഒരാശയം തോന്നിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പ്രിസം ഉപയോഗിച്ച് ആ സൂര്യപ്രകാശത്തെ നിരീക്ഷിച്ചപ്പോൾ ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു ചെറിയ ബീം മാത്രമേ കടന്നുപോകുന്നുള്ളൂ എന്ന് അദ്ദേഹം കണ്ടെത്തി. ഇതിൽ നിന്ന് ഒപ്റ്റിക്സിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ അദ്ദേഹം വളർത്തിയെടുത്തു.    

അതുപോലെ തന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജാലകത്തിനപുറം ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം ജാലകത്തിലൂടെ ആ മരത്തിന്റെ ചില്ലകളിലേക്ക് നോക്കിയിരുന്നപ്പോൾ ഒരു ആപ്പിൾ അതിൽ നിന്ന് അടർന്ന് വീണു. എന്തുകൊണ്ടാണ് അത് മുകളിലേയ്ക്ക് പോകാതെ താഴേയ്ക്ക് പോയത്? അദ്ദേഹം ചിന്തിച്ചു. അതിൽ നിന്നാണ് ഗുരുത്വാകർഷണത്തിന്റെയും ചലനത്തിന്റെയും സിദ്ധാന്തങ്ങൾ അദ്ദേഹം കതിരിച്ചറിഞ്ഞത്. അങ്ങനെ ആ മഹാമാരിയുടെ കാലത്തെ വീട്ടിലിരിപ്പിലൂടെ ശാസ്ത്രലോകത്തിന് വലിയ സംഭാവനകൾ നൽകി ന്യൂട്ടൺ ലോകത്തെ അത്ഭുതപ്പെടുത്തി. 1667 -ൽ കേംബ്രിഡ്‍ജിലേക്ക് മടങ്ങിയ അദ്ദേഹം രണ്ട് വർഷത്തിന് ശേഷം ഒരു പ്രൊഫസറായി മാറി. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1687 ജൂലൈ 5-ന് പുറത്തിറങ്ങിയ ന്യൂട്ടന്റെ ഫിലോസഫിയെ നാച്ചുറാലിസ് പ്രിൻസിപിയ മാത്തമാറ്റിക എന്ന കൃതിയിലാണ്.

എന്നാൽ, ജനങ്ങൾക്ക് പ്ലേഗിന്‍റെ കാലം അത്ര നല്ല കാലമായിരുന്നില്ല. കറുത്ത മരണം എന്ന അറിയപ്പെടുന്ന പ്ലേഗ് ലോകത്തെ ദുരിതത്തിലാഴ്ത്തി. യൂറോപ്പിനെ അത് തകർത്തു. ലണ്ടനിൽ, നാലിലൊന്ന് ജനസംഖ്യയെ കൊന്നൊടുക്കിയ ആ മഹാമാരി, 400 വർഷത്തിനിടയിൽ അവസാനമായി ഉണ്ടായ ഏറ്റവും വലിയ പകർച്ചവ്യാധിയാണ്.