ഒരിക്കല്‍ക്കൂടി കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്‌സ്മാര്‍ സമരത്തിനൊരുങ്ങുമ്പോള്‍, ചില കാര്യങ്ങള്‍ പറയാതെ വയ്യ. 2012 ഡിസംബര്‍ മാസം കേരളത്തിലങ്ങോളമിങ്ങോളം ആഞ്ഞടിച്ച നഴ്‌സസ് സമരത്തിന്റെ ഭാഗമായിരുന്നു ഞാനും. നാലു വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് പഠിച്ചു പാസ്സായി നാലായിരം രൂപയ്‌ക്ക് ജോലി ചെയ്യേണ്ടി വന്ന ഗതികെട്ട കാലത്തു പൊട്ടിപുറപ്പെട്ട, ആ സമരത്തിന്റെ ഭാഗമായിരുന്നു എന്ന കാരണം കൊണ്ട് പിരിഞ്ഞു പോകേണ്ടി വന്ന ആയിരത്തോളം നഴ്‌സ്മാരില്‍ ഒരാള്‍. കേരളത്തില്‍ ഒരിടത്തും ജോലി ലഭിക്കാത്ത വിധം ഞങ്ങളെ വിലക്കുക പോലുമുണ്ടായി. ഒടുവില്‍ കേരളം വിട്ട് പോകേണ്ടി വരികയും വാശിയോടെ ഗവണ്മെന്റ് ജോലി നേടുകയും ചെയ്തു.

ഒട്ടും ചെറുതല്ലാത്ത ഉത്തരവാദിത്തമാണ് ഓരോ നഴ്‌സ്നുമുള്ളത്. നിര്‍ദ്ദിഷ്‌ട ജോലി സമയത്തിന് അരമണിക്കൂര്‍ മുമ്പെങ്കിലും ജോലിക്ക് ഹാജരാകുകയും ജോലിസ്ഥലത്തെ മൊട്ടുസൂചി മുതല്‍ വെന്റിലേറ്റര്‍ വരെ എണ്ണിത്തിട്ടപ്പെടുത്തി മുന്‍ഷിഫ്റ്റ്കാരില്‍ നിന്ന് ഹാന്‍ഡ് ഓവര്‍ എടുത്ത് കിട്ടുന്ന രോഗിയെ തിരിച്ചും മറിച്ചും നോക്കി ശരീരത്തില്‍ ഉള്ള ഓരോ ചെറിയ പാടുകള്‍ പോലും റെക്കോര്‍ഡ് ചെയ്തു, കുളിപ്പിച്ച്, പല്ലു തേല്‍പ്പിച്ച്, ഭക്ഷണം കൊടുത്തു വിസര്‍ജ്യം കോരി, മരുന്നു കൊടുത്തു ഓടിപാഞ്ഞു നടന്നു പണി ചെയ്യുന്നവര്‍.

കൈയ്യില്‍ കിട്ടിയ രോഗിയുടെ ഓരോ ബ്ലഡ് റിപോര്‍ട്ടുകളും, എക്‌സ്-റേ, ഇ.സി.ജി, എം.ആര്‍.ഐ, സി.ടി അങ്ങനെ സകല പരിശോധനാ ഫലങ്ങളും കൃത്യമായി ചെയ്യിക്കുകയും എടുത്തു വെയ്ക്കുകയും ഡോക്ടറെ അറിയിക്കുകയും ചെയ്യുക, അവയിലെ നേരിയ വ്യത്യാസം പോലും തിരിച്ചറിഞ്ഞു കൃത്യമായ വൈദ്യസഹായം ഉറപ്പു വരുത്തുക, സമയാസമയങ്ങളില്‍ മരുന്നുകള്‍ കൊടുക്കുക, രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാനസികമായ ബലം കൊടുക്കുക, അവരോട് കാര്യങ്ങള്‍ വ്യക്തമായി പറയുകയും കണ്‍സെന്റ് എടുക്കുകയും ചെയ്യുക എന്നിങ്ങനെ ഭരിച്ച ഉത്തരവാദിത്തങ്ങള്‍. ജനനം മുതല്‍ മരണം വരെയുള്ള വിലപ്പെട്ട എല്ലാ നിമിഷങ്ങളും ഇവരുടെ കൊയ്യൊപ്പില്ലാതെ ആശുപത്രിയില്‍ നടക്കുന്നില്ല. എന്തിനും ഏതിനും ആശുപത്രിയില്‍ ഇവരില്ലാതെ പറ്റില്ല. സമയത്ത് ഡോക്ടര്‍ വന്നില്ലെങ്കില്‍, മുറികളും വാര്‍ഡും വൃത്തിയാക്കാന്‍ തൂപ്പുകാര്‍ വന്നില്ലെങ്കില്‍, ഡയറ്റ് കൃത്യസമയത്തു കിട്ടിയില്ലെങ്കില്‍, വെള്ളം നിലച്ചാല്‍, വൈദ്യുതി തടസ്സപ്പെട്ടാല്‍, ലൈറ്റ് കത്തുന്നില്ലെങ്കില്‍, മുറിയിലെ കേബിള്‍ കട്ടായാല്‍ അങ്ങനെ എന്തിനും ഏതിനും മറുപടി പറയേണ്ടവര്‍. തുച്ഛമായ വേതനവും അതിദുഃസ്സഹമായ തൊഴില്‍ സാഹചര്യങ്ങളിലും പണിയെടുക്കേണ്ടി വരുന്നവര്‍.

സാലറി സ്ലിപ് ഒപ്പിട്ടു വാങ്ങി അതില്‍ കാണിച്ചിരിക്കുന്ന ശമ്പളത്തിന്റെ പകുതി മാത്രം കയ്യില്‍ ലഭിക്കാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് നഴ്‌സ്മാര്‍ ഇപ്പോഴുമുണ്ട്. ആരോഗ്യ മേഖലയുടെ നട്ടെല്ലായ നഴ്‌സുമാരുടെ പ്രശ്നങ്ങള്‍ക്ക് നേരെ നമ്മള്‍ ഇനിയും കണ്ണടച്ചു കൂടാ. അവര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കേണ്ട ബാധ്യത നമുക്കുണ്ട്. നമ്മുടെ സര്‍ക്കാരിനുണ്ട്. ന്യായമായ ഈ സമരത്തില്‍ നമുക്ക് മലാഖമാര്‍ക്ക് ഒപ്പം നില്‍ക്കാം. കേരളത്തില്‍ ശരാശരി കണക്കു നോക്കിയാല്‍ ഓരോ വീട്ടിലും ഓരോ നഴ്‌സുണ്ട്. ഇത് കേരളജനതയുടെ മൊത്തം പ്രശ്നമാണ്. അസംഘടിതരായിരുന്ന ഒരു വര്‍ഗ്ഗം പോരാടാന്‍ ഒന്നിക്കുകയാണ്. കാലാകാലങ്ങളായുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അവര്‍ ആഞ്ഞടിക്കുമ്പോള്‍, സ്വന്തം നാട്ടില്‍ മാന്യമായ വേതനത്തോടെ തലയുയര്‍ത്തിപിടിച്ചു പണിയെടുക്കാന്‍. നമുക്ക് അവര്‍ക്കൊപ്പം നില്‍ക്കാം.