Asianet News MalayalamAsianet News Malayalam

84 തവണ പരിഗണിക്കപ്പെട്ടിട്ടും,  നൊബേൽ സമ്മാനം ലഭിക്കാതിരുന്ന പ്രതിഭാശാലി...

യുദ്ധം തുടങ്ങിയതോടെ യൂറോപ്പിലെ നിരവധി ശാസ്ത്രജ്ഞർ ജർമ്മനിയിൽ നിന്ന് പലായനം ചെയ്‍തു. ആ സമയത്ത്, അഡോൾഫ് ഹിറ്റ്ലർ ഉന്നതസ്ഥാനങ്ങളിൽ സ്വന്തം ആളുകളെ നിയമിക്കാൻ തുടങ്ങി.

nominated 84 times for Nobel prize but couldn't win
Author
Germany, First Published Aug 2, 2020, 10:27 AM IST

രസതന്ത്രം, ഭൗതികശാസ്ത്രം, സാഹിത്യം, ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ, സമാധാനം എന്നീ മേഖലകളിലെ വിദഗ്ധർക്ക് നൽകാവുന്ന ഏറ്റവും അഭിമാനകരമായ അവാർഡാണ് നൊബേൽ സമ്മാനം. എല്ലാവരും ഉറ്റുനോക്കുന്ന ആ വലിയ ബഹുമതി നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിലർ അത് രണ്ട് തവണ നേടി. മറ്റ് ചിലർ നേടിയില്ല. അർഹരായ നിരവധി സ്ഥാനാർത്ഥികൾ നാമനിർദ്ദേശം ചെയ്യപ്പെട്ടു. അവരിൽ തന്നെ ചില സ്ഥാനാർത്ഥികളെ ഒന്നിലധികം തവണ നാമനിർദേശം ചെയ്യപ്പെട്ടു. അർനോൾഡ് സൊമ്മർഫെൽഡും ഇതുപോലെ പലതവണ പരിഗണനയ്ക്ക് വന്നെങ്കിലും നൊബേൽ നേടാൻ സാധിക്കാത്ത ഒരാളാണ്. അദ്ദേഹം വളരെ പ്രതിഭാധനനായ ഒരു വ്യക്തിയായിരുന്നുവെങ്കിലും, അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. അതും ഒന്നും രണ്ടും തവണയല്ല അദ്ദേഹത്തെ നൊബേൽ സമ്മാനത്തിനായി പരിഗണിച്ചത്, മറിച്ച് 84 തവണയാണ്.  ഒരുപക്ഷേ, ചരിത്രത്തിൽ ഇത്രയധികം പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റേതൊരു ഭൗതികശാസ്ത്രജ്ഞനില്ല എന്നുതന്നെ പറയാം.

1868 ഡിസംബർ 5 -ന് ഈസ്റ്റ് പ്രഷ്യയിലെ കൊനിഗ്സ്ബെർഗിൽ ജനിച്ച സൊമ്മർഫെൽഡ് ഗണിതശാസ്ത്രത്തിലും ഫിസിക്കൽ സയൻസിലും ബിരുദം നേടി. ഒടുവിൽ കൊനിഗ്സ്ബർഗ് സർവകലാശാലയിൽ നിന്ന് 1891 ഒക്ടോബർ 24 -ന് ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും പിഎച്ച്ഡി നേടി. 1892 മുതൽ 1893 വരെ ഒരുവർഷം അദ്ദേഹം തന്റെ രാജ്യത്ത് സേവനമനുഷ്ഠിച്ചു. അടുത്ത എട്ട് വർഷം സൈനിക കരുതൽ കേന്ദ്രത്തിൽ തുടർന്നു. 1895 -ൽ ഉന്നതതല ഗണിതശാസ്ത്രത്തിനുള്ള അദ്ധ്യാപന ലൈസൻസ് നേടി. 1897 -ൽ ജർമ്മനിയിലെ  Bergakademie -ലെ ഗണിതശാസ്ത്ര വിഭാഗം ചെയർമാനായി സേവനം നടത്തി. 1926 വരെ ജർമ്മൻ ഗണിതശാസ്ത്ര വിജ്ഞാനകോശമായ Enzyklopädie der mathematischen Wissenschaften -ന്റെ എഡിറ്ററായി.

ഇതിൽ ഏറ്റവും സങ്കടകരമായ കാര്യമെന്തെന്നാൽ, അദ്ദേഹം പഠിപ്പിച്ച വിദ്യാർത്ഥികൾ നൊബേൽ സമ്മാനം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ശാസ്ത്രരംഗത്ത് കഴിവ് തെളിയിച്ച വ്യക്തികളായിരുന്നു. മ്യൂണിക്കിൽ സൊമ്മർഫെൽഡ്, വെർണർ ഹൈസൻബെർഗിനെ പഠിപ്പിച്ചു. ക്വാണ്ടം ബലതന്ത്രത്തിന്റെ സൃഷ്ടിക്ക് 1932 -ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഹൈസൻബർഗ് നേടി. അപവർജന നിയമത്തിന് 1945 -ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വൂൾഫ്‌ഗാങ്ങ് പോളി, 1967 -ലെ സ്റ്റെല്ലാർ ന്യൂക്ലിയോസിന്തസിസ് സിദ്ധാന്തത്തിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഹാൻസ് ബെതെ എന്നിവരും അദ്ദേഹത്തിന്റെ മറ്റ് വിദ്യാർത്ഥികളാണ്. സോമർഫെൽഡിന്റെ കഴിവ് ആൽബർട്ട് ഐൻ‌സ്റ്റൈനെപോലും അതിശയിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ ഐൻ‌സ്റ്റൈൻ അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു, “നിങ്ങളെക്കുറിച്ച് ഏറ്റവും അഭിമാനകരമായ കാര്യം നിങ്ങൾ ഇത്രയധികം യുവപ്രതിഭകളെ സൃഷ്ടിച്ചു എന്നതാണ്. ” 1906 -ൽ മ്യൂണിക് സർവകലാശാലയിലെ സൈദ്ധാന്തിക ഭൗതികശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു സൊമ്മർഫെൽഡ്.

യുദ്ധം തുടങ്ങിയതോടെ യൂറോപ്പിലെ നിരവധി ശാസ്ത്രജ്ഞർ ജർമ്മനിയിൽ നിന്ന് പലായനം ചെയ്‍തു. ആ സമയത്ത്, അഡോൾഫ് ഹിറ്റ്ലർ ഉന്നതസ്ഥാനങ്ങളിൽ സ്വന്തം ആളുകളെ നിയമിക്കാൻ തുടങ്ങി. സൈദ്ധാന്തിക ഭൗതികശാസ്ത്ര പ്രൊഫസറായ സൊമ്മർഫെൽഡിനെ സ്ഥാനത്ത് നിന്നും മാറ്റി പകരം  ഈ പദവി വഹിക്കാൻ ഒട്ടും യോഗ്യതയില്ലാത വിൽഹെം മുള്ളർ എന്ന വ്യക്തിയെ നിയമിച്ചു. എന്നിരുന്നാലും, സൊമ്മർഫെൽഡ് ക്വാണ്ടം സിദ്ധാന്തത്തിൽ ഗവേഷണം തുടർന്നു. 

കൊച്ചുമക്കളെ നടത്താൻ കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ഒരു വാഹനാപകടത്തെത്തുടർന്ന് 1951 ഏപ്രിൽ 26 -ന് 82 -ാം വയസ്സിൽ സോമർഫെൽഡ് മരിച്ചു. ആ സമയത്ത്, അദ്ദേഹത്തിന് കേൾക്കാൻ വളരെ പ്രയാസമായിരുന്നു. അതുകൊണ്ട് തന്നെ പാഞ്ഞുവന്ന ട്രക്കിന് മുന്നിലേക്ക് കാലെടുത്തുവയ്ക്കുന്നതിന് മുമ്പ് മുന്നറിയിപ്പുകളും അദ്ദേഹം കേട്ടില്ല. ആ സംഭവത്തിൽ പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം രണ്ടുമാസത്തിന് ശേഷം മരിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios