ഒരു സംഗീത ഉപകരണത്തിന്റെയും അകമ്പടിയില്ലാതെ വളരെ സ്വാഭാവികമായുള്ള അവരുടെ ആലാപനം ഫൈസിന്റെ മനം കവർന്നു. അന്നദ്ദേഹം അവിടെവെച്ച് നൂർജഹാന് ആ നസമിന്റെ സഹരചയിതാവ് എന്ന പട്ടം നൽകി.
കഥ നടക്കുന്നത് പാക്കിസ്താനിലാണ്. കമ്യൂണിസ്റ്റ് അനുഭാവം ആരോപിച്ച് ലിയാക്കത്ത് അലി ഖാന്റെ ഗവണ്മെന്റ് കവി ഫൈസ് അഹമ്മദ് ഫൈസിനെ തുറുങ്കിലടച്ച കാലം. ദീർഘകാലം ജയിൽവാസം അനുഷ്ഠിച്ച ശേഷം ഫൈസ് മോചിതനാവുന്ന ദിവസം. പുറത്ത് അദ്ദേഹത്തെക്കാത്ത് അക്ഷമരായി നിന്ന ആരാധകരുടെ കൂട്ടത്തിൽ നൂർജഹാനുമുണ്ടായിരുന്നു. അതേ, 'മാഡംജി' എന്ന് പാകിസ്താനി സംഗീതാസ്വാദകർ ബഹുമാനപൂർവ്വം സ്മരിക്കുന്ന അതേ ലെജൻഡറി പ്ളേബാക്ക് സിങ്ങർ നൂർജഹാൻ.
ഫൈസ് വന്നതും അവരെല്ലാവരും കൂടി അദ്ദേഹത്തിന്റെ മോചനം ആഘോഷമാക്കാൻ വേണ്ടി അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. തന്റെ കാരാഗൃഹവാസകാലത്ത് ഫൈസ് തന്റെ മനസ്സിനെ ശാന്തമാക്കിയിരുന്നത് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്ന നൂർജഹാന്റെ സിനിമാ ഗാനങ്ങൾ കേട്ടുകൊണ്ടായിരുന്നു. അദ്ദേഹം നൂർജഹാനോട് തനിക്കുവേണ്ടി ഒരു പാട്ടുപാടാൻ ആവശ്യപ്പെട്ടു.
നൂർജഹാൻ അപ്പോൾ പാടിയ ആദ്യത്തെ പാട്ട്, ഫൈസ് എഴുതിയ ഒരു 'നസം' ആയിരുന്നു. ' മുഝ്സെ പെഹ്‌ലീ സി മുഹബ്ബത്ത് മേരി മെഹ്ബൂബ് നാ മാംഗ്.. " - '' പണ്ടെന്നപോലെ നിന്നെ പ്രേമിക്കാൻ മാത്രം എന്നോട് പറയരുത്, പ്രിയേ.." അന്നുവരെ ആരും സംഗീതം പകർന്നിട്ടില്ലാത്ത, ഫൈസ് പോലും ഒന്നോരണ്ടോ തവണ അലക്ഷ്യമായി ചൊല്ലുക മാത്രം ചെയ്തിട്ടുള്ള ആ പാട്ടിനെ അവിടെവെച്ച് നിമിഷനേരം കൊണ്ട് പകർന്ന ഈണത്തിൽ നൂർജഹാൻ അനശ്വരമാക്കി. ഒരു സംഗീത ഉപകരണത്തിന്റെയും അകമ്പടിയില്ലാതെ വളരെ സ്വാഭാവികമായുള്ള അവരുടെ ആലാപനം ഫൈസിന്റെ മനം കവർന്നു. അന്നദ്ദേഹം അവിടെവെച്ച് നൂർജഹാന് ആ നസമിന്റെ സഹരചയിതാവ് എന്ന പട്ടം നൽകി. ആ ആലാപനം താൻ ഉദ്ദേശിച്ചതിലും മേലെയുള്ള ഒരു അർത്ഥതലത്തിലേക്ക് തന്റെ പാട്ടിനെ കൊണ്ടുപോയി എന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് 1962 -ൽ 'കൈദി' എന്ന ചലച്ചിത്രത്തിനുവേണ്ടി ഇതേ നസത്തിന് സംഗീതം പകർന്ന് നൂർജഹാന്റെ തന്നെ സ്വരത്തിൽ ചിത്രീകരിക്കുകയുണ്ടായി. അതും ഈ പാട്ടിൻമേൽ നൂർജഹാനുള്ള അവകാശം അരക്കിട്ടുറപ്പിച്ചു. ആ ഗാനത്തിന് ലോകമെമ്പാടും ഒരുപാട് ആരാധകരുണ്ടായി. ഇങ്ങ് ഇന്ത്യയിലും അതിന്റെ അലയടികളുയർന്നു. മജ്‌റൂഹ് സുൽത്താൻ പുരി 'ചിരാഗ്' എന്ന ചിത്രത്തിനുവേണ്ടി ഈ നസത്തിൽ നിന്നും വരികൾ കടമെടുത്തുകൊണ്ട് 'തേരീ ആംഖോം കെ സിവാ ദുനിയാ മേം രഖാ ക്യാ ഹേ.." എന്നു തുടങ്ങുന്ന ഒരു പാട്ടുപോലും എഴുതി.
1982 -ൽ ഇന്ത്യാ വിഭജനത്തിനു ശേഷം 35 വർഷങ്ങൾക്കിപ്പുറം ആദ്യമായി നൂർജഹാൻ ഇന്ത്യയിലേക്ക് ഒരു സംഗീതപരിപാടിക്കായി വന്നപ്പോൾ അവരെ സ്വീകരിക്കാൻ ദിലീപ് കുമാറും ലതാ മങ്കേഷ്കറും ശബാനാ ആസ്മിയും അടക്കമുള്ളവർ മുന്നിലുണ്ടായിരുന്നു. അന്ന് ദിലീപ് കുമാർ നടത്തിയ വികാര ഭരിതമായ സ്വാഗതപ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "നൂർജഹാൻജി, എത്ര വർഷങ്ങൾ കഴിഞ്ഞാണോ നിങ്ങൾ ഞങ്ങളെക്കാണാൻ ഇവിടെ വന്നത്, കൃത്യം അത്രയും വർഷം ഞങ്ങളും നിങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു..." അന്നത്തെ പരിപാടിയിൽ നൂർജഹാൻ കാണികളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഫൈസിന്റെ ചില ഗാനങ്ങളും ആലപിക്കുകയുണ്ടായി.
പിന്നീട് പലപ്പോഴും പല പരിപാടികളിലും വെച്ച് ഫൈസിനോട് ആരാധകർ ' മുഝ്സെ പെഹ്‌ലീ സി..' ആലപിക്കാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ അദ്ദേഹം വിനയപൂർവം അത് നിരസിച്ചുകൊണ്ട് പറഞ്ഞിട്ടുള്ളത്, "അതിപ്പോൾ എന്റേതല്ല... പേനകൊണ്ട് ഞാനെഴുതിയ വരികളെ ആത്മാവുകൊണ്ട് വ്യാഖ്യാനിച്ചവളുടേതാണ്.. നൂർജഹാന്റേത്..."
നൂർജഹാന്റെ ബിബിസിക്ക് വേണ്ടി ' മുഝ്സെ പെഹ്‌ലീ സി..' ആലപിക്കുന്നു:

കടപ്പാട്: സ്ക്രോള്‍
