Asianet News MalayalamAsianet News Malayalam

ഉത്തരകൊറിയയില്‍ കൃഷിക്കുള്ള വളമാകുന്നത് രാഷ്ട്രീയ തടവുകാരുടെ മൃതദേഹങ്ങള്‍? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

റീ-എഡ്യൂക്കേഷൻ ക്യാമ്പ് ഒന്നാം നമ്പർ എന്നറിയപ്പെടുന്ന കൈച്ചോൺ തടങ്കൽപ്പാളയം പ്യോങ്‌യാങിൽ നിന്ന് ഏകദേശം 50 മൈൽ വടക്കായി സ്ഥിതിചെയ്യുന്നു. അവിടെ 2,000 മുതൽ 6,000 വരെ തടവുകാരെ പാർപ്പിച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്നു.

North Korea's camps use dead bodies as fertilizers
Author
North Korea, First Published Apr 1, 2020, 12:56 PM IST

ലോകം കൊവിഡ് -19 പ്രതിസന്ധിയെ നേരിടാൻ പാടുപെടുമ്പോൾ, ഉത്തര കൊറിയയിൽ കിം ജോങ് ഉൻ ഭരണകൂടം മനുഷ്യർക്കെതിരെ കുറ്റകൃത്യങ്ങൾ അഴിച്ചുവിടുകയും, സ്വന്തം ജനതയെ ക്രൂരമായി പീഡിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ അടുത്തകാലത്തായി പ്യോങ്‌യാങിന് വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കൈച്ചോൺ തടങ്കൽപ്പാളയത്തിൽ നിന്ന് രക്ഷപ്പെട്ട കിം ഇൽ-സൂൺ എന്ന് വിളിപ്പേരുള്ള മുൻ തടവുകാരൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഉത്തര കൊറിയയിലെ ആ തടങ്കൽപ്പാളയത്തിൽ വലിയ രീതിയിൽ കൃഷി നടത്തുന്നു. എന്നാൽ, കൃഷിക്കുള്ള വളമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ തടവുകാരുടെ മൃതദേഹങ്ങളാന്നെന്നാണ് മുൻ തടവുകാരൻ അവകാശപ്പെടുന്നത്. 

ശവശരീരങ്ങൾ ഭൂമിയെ കൂടുതൽ ഫലഭൂയിഷ്ടമാക്കാൻ സഹായിക്കുമെന്നും, അങ്ങനെ കൂടുതൽ ഭൂമി കൃഷിക്കായി ഉപയോഗിക്കാൻ കഴിയുന്നുവെന്നും അവർ അവകാശപ്പെട്ടു. രാഷ്ട്രീയ തടവുകാരെ ആഴമില്ലാത്ത കുഴിമാടങ്ങളിൽ കുഴിച്ചിടുകയും ക്യാമ്പിനു ചുറ്റുമുള്ള കൃഷിസ്ഥലത്ത് കുഴിച്ചിട്ട ശവശരീരങ്ങൾ വളമായി ഉപയോഗിക്കുകയും ചെയ്തതെങ്ങനെയെന്ന് ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടയാൾ വെളിപ്പെടുത്തി. ഉത്തര കൊറിയയിലെ കെയ്‌ചോണിലെ കാവൽക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഭക്ഷണത്തിനായുള്ള പച്ചക്കറികളാണ് ഈ വിധം വളപ്രയോഗം നടത്തി കൃഷി ചെയ്യുന്നത്. മുൻ തടവുകാരൻ ആരോപിക്കുന്ന ശ്മശാന കുന്നിനെ കാണിക്കുന്ന ഒരു ഉപഗ്രഹ ചിത്രം 2019 ഏപ്രിൽ 1 -ന് പുറത്തിറങ്ങുകയുണ്ടായി. "ആ ഭൂമി വളരെ ഫലഭൂയിഷ്ടമാണ്. കൃഷിയിൽ നിന്ന് നല്ല വിളവ് അവർക്ക് കിട്ടുന്നുണ്ട്. കാരണം കുഴിച്ചിട്ട മനുഷ്യശരീരങ്ങൾ പ്രകൃതിദത്ത വളങ്ങളായി മാറുകയാണ്" സൂൺ പറഞ്ഞു. മൃതദേഹങ്ങൾ ആ പ്രദേശം മുഴുവൻ കുഴിച്ചിടണമെന്നും അത് ആ പ്രദേശത്തെ മുഴുവൻ ഫലഭൂയിഷ്ടമാക്കും എന്നും ചില കാവൽക്കാർ സൂചിപ്പിച്ചതായും സൂൺ പറഞ്ഞു.  കൊറോണ വൈറസ് മഹാമാരിയുടെ മധ്യത്തിൽ മിസൈൽ പരീക്ഷണങ്ങൾ ശക്തമാക്കിയ ഉത്തരകൊറിയ ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം നേരിടുകയാണ്. 

അവർ ആളുകളെ മലകളിലാണ് അടക്കം ചെയ്യുന്നത്. ശവശരീരം ശരിയായി മറയ്ക്കാൻ അവർ മറന്നിരിക്കാം, ഒരുതവണ, ഒരു കുട്ടി മൂത്രമൊഴിച്ച് കൊണ്ടിരിക്കുമ്പോൾ മണ്ണിനിടയിൽനിന്ന് ഒരു കൈ പുറത്തേയ്ക്ക് വന്നത് കാണാൻ ഇടയായി. ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് രക്ഷപ്പെട്ടതിന് ശേഷം ഉത്തരകൊറിയയിലെ മനുഷ്യാവകാശ സമിതിക്ക് മുൻപിൽ (എച്ച്ആർ‌എൻ‌കെ) ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സൂൺ നടത്തിയത്. പകർച്ചവ്യാധികൾക്കിടയിലും കിം ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് ഒരു ഇടവേളയും ഇല്ലെന്ന് പുതിയ സാക്ഷ്യപത്രം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് എച്ച്ആർ‌എൻ‌കെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗ്രെഗ് സ്കാർലറ്റോയി പറഞ്ഞു. ഉത്തരകൊറിയയിലെ ജനങ്ങൾക്കെതിരെ സങ്കൽപ്പിക്കാനാവാത്ത ക്രൂരകൃത്യങ്ങൾ നടത്തിക്കൊണ്ട് അതിജീവിക്കുന്ന ഒരു ഭരണകൂടമാണിതെന്നും അദ്ദേഹം പറഞ്ഞു. മരിച്ച തടവുകാരെ ആഴം കുറഞ്ഞ കുഴിമാടങ്ങളിലാണ് കുഴിച്ചിടുന്നത് എന്നാണ് ക്യാമ്പിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിൽ എച്ച്എൻ‌ആർ‌കെ പറയുന്നത്‌. ഇങ്ങനെ വളർത്തിയെടുത്ത പച്ചക്കറികൾ ക്യാമ്പ് ഗാർഡുകൾക്കും അവരുടെ കുടുംബങ്ങൾക്കും നൽകുന്നു. അതിൽ കാബേജ്, മുള്ളങ്കി, ചീര എന്നിവയും ഉൾപ്പെടുന്നു. 

റീ-എഡ്യൂക്കേഷൻ ക്യാമ്പ് ഒന്നാം നമ്പർ എന്നറിയപ്പെടുന്ന കൈച്ചോൺ തടങ്കൽപ്പാളയം പ്യോങ്‌യാങിൽ നിന്ന് ഏകദേശം 50 മൈൽ വടക്കായി സ്ഥിതിചെയ്യുന്നു. അവിടെ 2,000 മുതൽ 6,000 വരെ തടവുകാരെ പാർപ്പിച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയ ആളുകളെ അയയ്ക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ക്യാമ്പ്. പക്ഷേ, അതിനകത്തു നടക്കുന്നതോ അതിലും ഭയാനകമായ കുറ്റകൃത്യങ്ങളാണ്. തടവുകാരെ 18 മണിക്കൂർ പണിയെടുപ്പിക്കുന്നുവെന്നും, 300 ആളുകൾക്കും കൂടി ഒരു ടോയ്‌ലറ്റ് മാത്രമാണ് ഉള്ളതെന്നും, തടവുകാർക്ക് ചിലപ്പോൾ ഭക്ഷണം കിട്ടാതെ എലിയെയും മറ്റും പിടിച്ച് തിന്നേണ്ടി വന്നിട്ടുണ്ടെന്നും ഒരു മുൻ തടവുകാരൻ ലീ സൂൺ-ഓകെ 2002 -ൽ ഒരു യുഎസ് ഗവൺമെന്റ് കമ്മിറ്റിയോട് പറഞ്ഞിരുന്നു.  
 

Follow Us:
Download App:
  • android
  • ios