സിഡ്‌നി: ഹെലികോപ്റ്റര്‍ പറത്തുന്നതിനിടെ വിശന്നുവലഞ്ഞ പൈലറ്റ് സമീപത്തുള്ള മക്‌ഡൊണാള്‍സ് റസ്‌റ്റോറന്‍റിന് മുന്നില്‍ ഹെലികോപ്റ്റര്‍ ഇറക്കി, ഭക്ഷണം വാങ്ങാന്‍ കയറി. ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തിലാണ് സംഭവം. ശനിയാഴ്ച വൈകീട്ട് റൗസ് ഹില്‍ മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിന്‍റെ മുറ്റത്ത് ഹെലികോപ്റ്റര്‍ നിര്‍ത്തി പൈലറ്റ് ഭക്ഷണം വാങ്ങുകയായിരുന്നു.

അപകടം ആണെന്ന് കണക്കുകൂട്ടിയാണ് ഹെലികൊപ്ടര്‍ ഇറക്കിയതെന്ന് അധികൃതര്‍ വിചാരിച്ചിരുന്നെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോഴാണ് കാര്യം പിടികിട്ടിയത്. ഭക്ഷണം വാങ്ങിയ ശേഷം റസ്‌റ്റോറന്റിലെ ലോണില്‍ നില്‍ക്കുന്ന തന്‍റെ ഹെലികോപ്റ്ററില്‍ ചിത്രം മൊബൈലില്‍ പകര്‍ത്താനും പൈലറ്റ് മറന്നില്ല.

ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതും ഭക്ഷണം വാങ്ങിയ ശേഷം പറന്നുയരുന്നതുമായ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ അധികൃതരോട് അനുവാദം വാങ്ങിയാണ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തതെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞത്.

എന്നാല്‍ ഇത്തരത്തിലുള്ള ലാന്‍ഡിങ് സുരക്ഷിതമല്ലെന്നും ഹെലികോപ്റ്ററിന്‍റെ ലാന്‍ഡിങ്ങും ടേക് ഓഫും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.