കഴിഞ്ഞ മാസം വധിക്കപ്പെട്ട ഇറാനിലെ ഏറ്റവും മുതിർന്ന ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിൻ ഫഖ്‌രിസദേയ്ക്ക് മരണാനന്തരം സൈനിക മെഡൽ നൽകിയതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ പരമോന്നത നേതാവ് അയതോല്ല അലി ഖമേനിയാണ് ഞായറാഴ്ച പുരസ്‍കാരം പ്രഖ്യാപിച്ചത്. ഫഖ്‌രിസദെയെ വധിച്ച സംഭവം ആഗോളതലത്തിൽ വലിയ ചർച്ചയായിരുന്നു. ഇസ്രയേൽ ചാരസംഘടനയാണ് ഈ ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇറാന്റെ വാദം. 

നവംബർ അവസാനം ടെഹ്‌റാനിലെ ഒരു പ്രധാന റോഡിൽ വെച്ചുണ്ടായ ആക്രമണത്തിലാണ് ഫഖ്‌രിസാദെ കൊല്ലപ്പെട്ടത്. ഫഖ്‌രിസാദെ സഞ്ചരിച്ച കാറിനു നേരെ ബോംബാക്രമണവും വെടിവയ്പ്പുമുണ്ടാവുമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഫഖ്‌രിസാദെയെ ആശുപത്രിയിലെത്തിച്ചെങ്കിലും, രക്ഷിക്കാനായിരുന്നില്ല. ശാസ്ത്രജ്ഞന്റെ കുടുംബത്തിന് സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബാഗേരിയാണ് ഖമേനിയുടെ ഒപ്പുള്ള ബഹുമതി കൈമാറിയത്.

മരണശേഷം പ്രതിരോധമന്ത്രി അമീർ ഹതാമി ഫഖ്‌രിസാദെയെ തന്റെ ഉപമന്ത്രിയായും, ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ചിന്റെ (എസ്‌പി‌എൻ‌ഡി) മേധാവിയായിട്ടുമൊക്കെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇറാന്റെ രഹസ്യ ആണവായുധ പദ്ധതിയുടെ തലവനാണ് ഫഖ്‌രിസദെ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 2018 -ൽ ആരോപിച്ചിരുന്നു.