വെറുമൊരു ഭ്രാന്തിയായി അറിയപ്പെടുക. അന്വശരമായ ഒരു പ്രണയകഥയിലെ നായികയായി പില്‍ക്കാലത്ത് വെളിപ്പെടുക. ലോകം വാഴ്ത്തുന്ന പ്രണയകഥയിലെ നായികയായി മാറുക.തലശ്ശേരിക്കാരുടെ പ്രിയദര്‍ശിനി ടീച്ചറുടെ ജീവിതം ഫിക്ഷനേക്കാള്‍ വിചിത്രമാണ്. അവരെക്കുറിച്ചുള്ള കഥകള്‍ ഒന്നിച്ചു വായിക്കുകയാണ് ഇവിടെ. ഗീത രവിശങ്കര്‍ എഴുതുന്നു. ഓഗസ്ത് മാസത്തിലാണ് ആ ചിത്രം ഫേസ് ബുക്കില്‍ വരുന്നത്. തലശ്ശേരി ലവേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പര്‍വേസ് ഇലാഹി പോസ്റ്റ് ചെയ്ത ചിത്രം ഒരു സ്ത്രീയുടേതായിരുന്നു. തലശ്ശേരിക്കാര്‍ക്ക് ചിരപരിചിതയായ പ്രിയദര്‍ശിനി എന്ന വൃദ്ധയുടെ ചിത്രം.

വിചിത്രമായ വേഷവിധാനവുമായി റെയില്‍വേ സ്‌റ്റേഷനിലും സ്‌റ്റേഡിയം പരിസരത്തും കറങ്ങി നടക്കുന്ന സ്ത്രീയെ ഭ്രാന്തിയായാണ് ആളുകള്‍ അറിഞ്ഞിരുന്നത്. ഒരു പ്രണയനഷ്ടത്തിന്റെ ബാക്കി പത്രമാണ് അവര്‍ സ്വയം വരിച്ച നാടോടി ജീവിതമെന്നായിരുന്നു ഫേസ്ബുക്കിലെ പടത്തിനൊപ്പം വന്ന കുറിപ്പ്.  അനശ്വരമായ ഒരു പ്രണയകഥയിലെ നായികയാണ് ഭ്രാന്തിയെന്ന് സമൂഹം കരുതുന്ന ആസ്ത്രീയ്ക്ക് പറയാനുള്ളതെന്നു വ്യക്തമാക്കുന്ന ആ പോസ്റ്റ് വൈറലായി. അവരെക്കുറിച്ച് അനേകം കുറിപ്പുകള്‍ വന്നു. പലതും കേട്ടുകേള്‍വികളായിരുന്നു. എങ്കിലും അതിനെല്ലാമിടയ്ക്ക് സത്യത്തിന്റെ, പ്രണയത്തിന്റെ തീവ്രമായ പ്രകാശരശ്മികളുണ്ടായിരുന്നു. 

ആ കഥകളെല്ലാം ചേര്‍ന്ന് പ്രിയദര്‍ശിനി ടീച്ചറുടെ ജീവിതം ഇപ്പോള്‍ സിനിമയാവുകയാണ്. നവാഗത സംവിധായകന്‍ ഗഫൂര്‍ ഇല്യാസ് ആണ് ആ ജീവിതം സിനിമയിലേക്ക് പറിച്ചു നടുന്നത്. സിനിമ വന്നാലുമില്ലെങ്കിലും, സിനിമയേക്കാള്‍ വിചിത്രമായ അനുഭവങ്ങള്‍ തുടിക്കുന്നപ്രിയദര്‍ശിനിയുടെ ജീവിതം ഇപ്പോള്‍ ഇതിഹാസമാനമായ ഒന്നായി മാറുകയാണ്. 

പ്രണയത്തിന്റെ തീവണ്ടിമുറികള്‍
അസാധാരണമായ ഒരു പ്രണയകഥയിലെ നായികയായാണ് പ്രിയദര്‍ശിനി ടീച്ചര്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. തീവണ്ടിയും പ്രണയവും പ്രണയനഷ്ടവും ഉന്‍മാദവും ഭ്രാന്തും തെരുവുജീവിതവുമെല്ലാം ഇഴ പാകിയൊരു ജീവിതകഥ. ആ കഥയില്‍, തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായിരുന്നു അവര്‍. സുന്ദരിയായ യുവതി. അതിനിടെയായിരുന്നു പ്രണയം വന്നു കൊത്തിയത്. തീവണ്ടിയിലേറി വന്ന ഒരു പ്രണയം. മംഗലാപുരം- ചെന്നൈ റൂട്ടിലോടിയിരുന്ന മദ്രാസ് മെയിലിലെ ലോക്കോ പൈലറ്റുമായി അവര്‍ അടുത്തു. ആ സൗഹൃദം പ്രണയമായി.  അയാളെ കാണാന്‍ അവരെന്നും തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. കണ്ടു. സ്‌നേഹം പങ്കിട്ടു. 

ഒരു നാള്‍ ആ തീവണ്ടി വന്നത് അവരുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു തിരിച്ചറിവുമായായിരുന്നു. ആ മനുഷ്യന്‍ അതിലുണ്ടായിരുന്നില്ല. ഒരു ട്രെയിന്‍ ദുരന്തം അദ്ദേഹത്തിന്റെ ജീവനെടുത്തു. പതിവുപോലെ അയാളെ കാണാന്‍ എത്തിയ ടീച്ചര്‍ക്ക് അറിയാന്‍ കഴിഞ്ഞത്, ഇനിയൊരിക്കലും പ്രണയത്തിന്റെ തീവണ്ടി മുറികള്‍ ജീവിതത്തിന്റ പാളത്തിലൂടെ പാഞ്ഞെത്തില്ല എന്ന സത്യമാണ്. 

ആ സത്യം അവരുടെ ജീവിതം കടപുഴക്കി. പ്രണയത്തിന്റെ മറുകരയിലേക്ക്, ഭ്രാന്തിലേക്ക്, അവര്‍ ചെന്നു പതിച്ചു. തിരിച്ചു കയറാനാവാത്ത വിധം നിരാശയും വേദനയും ചേര്‍ന്ന് ഭ്രാന്തിലേക്ക് അവരെ വലിച്ചെറിഞ്ഞു. ഒരു പാട് ചികിത്സകള്‍ക്കുശേഷവും അസുഖം മാറിയില്ല. നഷ്ടപ്രണയത്തിന്റെ മുറിവാഴങ്ങളില്‍നിന്നും അവര്‍ കരകയറിയില്ല. എന്നുമവര്‍ സ്‌റ്റേഷനില്‍ ചെന്നു. തീവണ്ടികള്‍ക്കിടയില്‍നിന്നും ആ ട്രെയിന്‍ കണ്ടെത്തി. അതില്‍ തന്റെ പ്രിയപ്പെട്ടവനില്ലെന്ന സത്യം ഓരോ നാളും തൊട്ടറിഞ്ഞു. അതിനു ശേഷം തെരുവിലൂടെ അലഞ്ഞു. കൈയിലൊരു കന്നാസും വിചിത്രമായ വേഷവുമായി തെരുവിലെ പതിവു സാന്നിധ്യമായ അവരെ ഭ്രാന്തിത്തള്ളയെന്ന് വിളിച്ചു, ചുറ്റുമുള്ളവര്‍. 

അസാധാരണമായ ഒരു പ്രണയകഥയിലെ നായികയായാണ് പ്രിയദര്‍ശിനി ടീച്ചര്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.

 

വിരഹത്തിന്റെ തീ
എന്നാല്‍, അവരെക്കുറിച്ച് പുറത്തുവന്ന മറ്റൊരു കഥയില്‍ ഈ പ്രണയമില്ല. അതില്‍ തീവണ്ടിമുറിയോ റെയില്‍വേ സ്‌റ്റേഷനോ ഇല്ല. അതിലുള്ളത്, പ്രിയപ്പെട്ട ഭര്‍ത്താവ് നഷ്ടപ്പെട്ടുപോയതിന്റെ വ്യഥകളാണ്. ആ വ്യഥകള്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞ അവരുടെ ജീവിതമാണ്. 

ഒരു പ്രാദേശിക വെബ് പോര്‍ട്ടലില്‍ വന്ന കുറിപ്പ് പ്രകാരം അവരുടെ ജീവിതം ഇങ്ങനെയാണ്: തലശ്ശേരിയിലെ പ്രസിദ്ധമായ ഒരു സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു പ്രിയദര്‍ശിനി. ഊര്‍ജസ്വലയായ ഒരധ്യാപിക. അതിനിടയില്‍ മാനേജുമെന്റുമായുണ്ടായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ടീച്ചര്‍ ജോലി രാജിവെക്കുന്നു. തുടര്‍ന്ന്, മയ്യഴിയില്‍ ആരംഭിച്ച സ്വകാര്യവിദ്യാലയത്തില്‍ അവര്‍ അധ്യാപികയാവുന്നു. മൂന്നുവര്‍ഷത്തോളം നീണ്ട അധ്യാപന ജീവിതത്തിനിടെ എല്‍.ഐ.സി ഉദ്യോഗസ്ഥനായ കണ്ണൂര്‍ സ്വദേശിയെ അവര്‍ കല്യാണം കഴിക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതോടെ അവര്‍ തീരാത്ത മൗനത്തിലേക്കും പതിയെ മാനസികാസ്വസ്ഥ്യങ്ങളിലേക്കും പതിക്കുന്നു. ദിവസങ്ങളോളം നീണ്ട ആശുപത്രി വാസത്തില്‍, ഒരു സ്‌കിസോഫ്രനിക് രോഗിയെപ്പോലെ, തന്നെ ആരോ അപായപ്പെടുത്താനാണ് ഇതെല്ലാമെന്ന് പറയുന്നു. മരുന്നുകള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. പിന്നീടാണ് ആ ജീവിതം തെരുവിലേക്കു നീളുന്നത്. തലശ്ശേരിയുടെ ദിനരാത്രങ്ങളില്‍ അവര്‍ ഒരു 'ഭ്രാന്തിത്തള്ള'യുടെ ജീവിതം ജീവിച്ചു തീര്‍ക്കുന്നു. 

കഥകള്‍ക്കപ്പുറം
കഥകള്‍ പലതാവും. അതിലേതെങ്കിലുമൊന്ന് സാക്ഷ്യപ്പെടുത്താനുള്ള മാനസികാവസ്ഥയിലല്ല അവര്‍ എന്നതിനാല്‍, ആ കഥകളെല്ലാം അതായിത്തന്നെ നില്‍ക്കും. എങ്കിലും, വായിച്ചറിഞ്ഞ കഥകളില്‍നിന്നും ഞാനവരെ നഷ്ടപ്രണയത്തിന്റെ മഹാ ഇതിഹാസമായി തന്നെ തൊട്ടെടുക്കുകയായാണ്. പ്രണയം ദിവ്യമായ ഒരനുഭൂതിയായി കൊണ്ടുനടന്ന അനേകം നായികമാരില്‍ ഒരാളായി അവരെ ചേര്‍ത്തു നിര്‍ത്തുകയാണ്. ആരോ പ്രസിദ്ധീകരിച്ച അവരുടെ ഒരു പഴയ ചിത്രമുണ്ട് എനിക്ക് നെഞ്ചോട് ചേര്‍ക്കാന്‍. അതവരുടേത് തന്നെയാണോ? എനിക്കറിയില്ല. എങ്കിലും, അവരുടെ യൗവനത്തെ, പ്രണയത്തില്‍ തിളച്ചുതൂവിയിരുന്ന കാലത്തെ, ആ രൂപത്തിലല്ലാതെ കാണാനാവില്ലെനിക്ക്. 

കേട്ടിട്ടുണ്ട്, ജീവനുള്ള ശരീരങ്ങളില്‍ ആത്മാവിനെപ്പോലെ പ്രണയം കാത്തുസൂക്ഷിച്ച് ,ഒടുവില്‍ ഒരു വേദനയായി ചിതയിലൊടുങ്ങിയവരെക്കുറിച്ച്. എന്നും അത്ഭുതത്തോടെ അതിനേക്കാളേറെ ആദരവോടെ പ്രതിഷ്ഠിച്ചിട്ടുണ്ട് മായാതെ ഉള്ളിന്റെയുള്ളില്‍. അവരിലൊരാളായാണ് പ്രിയദര്‍ശിനി ടീച്ചര്‍ ഇപ്പോള്‍ ഉള്ളില്‍ നിറയുന്നത്. 

അതിനാല്‍, പ്രിയദര്‍ശിനി ടീച്ചര്‍ വല്ലാത്തൊരു നീറ്റലായി മാറുന്നു. ചിറകുണ്ടായിരുന്നെങ്കില്‍ ഞാനെന്നേ പറന്നെത്തുമായിരുന്നു അവിടെ. അത്രയേറെ ചോദ്യങ്ങളുണ്ട്, അവരോട് ചോദിക്കാനായി ഉള്ളില്‍. 

അവര്‍ കൊണ്ടുനടക്കുന്ന സഞ്ചികളിലൊന്നിലുണ്ടാവില്ലേ, ഒരുപഹാരം? കാത്തുനില്പിന്റെ ഏതോ ഒരു വേളയില്‍ ഒച്ച നിലച്ച തീവണ്ടിക്കരികില്‍ നിന്നുകൊണ്ടവര്‍ കൈനീട്ടി വാങ്ങിയ ഒരുപഹാരം. എത്ര മധുരമായ നോട്ടങ്ങളാവും അവരിപ്പോഴും ആ കണ്ണുകളില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടാവുക. സമനില തെറ്റിപ്പോയ ആ മനസ്സില്‍ നില തെറ്റാതിന്നുമുണ്ടാവും ഒരു രൂപം. മരിക്കാത്ത പ്രണയത്തിന്റെ ആള്‍രൂപം. ഒരു നോട്ടം മതി, പ്രണയസാഫല്യത്തിനെന്ന് വിശ്വസിക്കുന്നുണ്ടാവും അവരിന്നും .

ഋതുക്കള്‍ മാറ്റിവരച്ച പ്രിയദര്‍ശിനിയുടെ ഇന്നത്തെ മുഖം ഒരോര്‍മ്മപ്പെടുത്തലാണ്. എപ്പോള്‍ വേണമെങ്കിലും നില തെറ്റിപ്പോയേക്കാവുന്ന ഒരു മനസ്സും വഹിച്ചുള്ള ശരീരത്തിന്റെ യാത്ര.

ആരോ പ്രസിദ്ധീകരിച്ച അവരുടെ ഒരു പഴയ ചിത്രമുണ്ട് എനിക്ക് നെഞ്ചോട് ചേര്‍ക്കാന്‍.

 

പ്രിയപ്പെട്ട ടീച്ചര്‍, 
വായിച്ചിട്ടുണ്ടാവും വിശ്വവിഖ്യാതനായ എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാനെ.  അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്ന എഴുത്തുകാരി മേ സിയാദയെ. ഇരുപതു വര്‍ഷം നീണ്ടുനിന്ന പ്രണയം. ഒരിക്കല്‍പ്പോലും തമ്മില്‍ക്കാണാതെ, കത്തുകളിലൂടെ വളര്‍ന്ന അപൂര്‍വമായ ഹൃദയസമന്വയത്തിന്റെ നിത്യവിസ്മയം. നാല്പത്തിയെട്ടാം വയസ്സില്‍, അകാലത്തില്‍ അദ്ദേഹത്തിന്റെ മരണം.'രാവിന്റെ നിശ്ശബ്ദതയിലുയരുന്ന സങ്കീര്‍ത്തനം പോലെയായിരുന്നു ആ പ്രണയം'.

ഭ്രാന്തിയെന്നോ ഭ്രാന്തിത്തള്ളയെന്നോ നാടോടി സ്ത്രീയെന്നോ അതുമല്ല ക്ലിയോപാട്രയെന്നോ എനിക്ക് വിളിക്കാനാവില്ല ഈ  കാത്തുനില്‍പ്പിനെ, ഈ അണിഞ്ഞൊരുങ്ങലിനെ. പ്രിയദര്‍ശിനി എന്നുമാത്രം. അങ്ങനെയേ വിളിക്കാനാവൂ ആ പ്രണയത്തെയും.

ഞാനിതെഴുതുമ്പോഴും ടീച്ചര്‍ തലശ്ശേരി റയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടിയുടെ ഓരോ ചൂളം വിളിക്കും കാതോര്‍ത്ത് അണിഞ്ഞൊരുങ്ങിയിരിക്കുകയാവും, ഏതോ ഒരു വണ്ടിയുടെ എന്‍ജിനില്‍ അവരുടെ സ്വന്തം ലോക്കോ പൈലറ്റുണ്ടെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട്.