കൊച്ചി: പെരിയാറിനെ മലിനമാക്കുന്ന സി.എം.ആര്‍.എല്‍ കമ്പനിക്ക് ഈ വര്‍ഷത്തെ പരിസ്ഥിതി സൗഹൃദ അവാര്‍ഡ് നല്‍കിയതിനെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത്. പരിസ്ഥിതി പ്രവര്‍ത്തകയും ഗായികയുമായ രശ്മി സതീഷാണ് സര്‍ക്കാറിന്റെ നിലപാടില്‍ ഖേദം അറിയിച്ച് കത്തെഴുതിയിരിക്കുന്നത്. പ്രതീക്ഷയുള്ള ഒരു രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രത്തിന്റെ ഭാഗമായവരില്‍ നിന്നുതന്നെ ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് വളരെ വേദനാജനകമാണ്. ഇപ്പോഴും സര്‍ക്കാരിലുളള വിശ്വാസം പൂര്‍ണമായും നഷ്‌ടപ്പെട്ടിട്ടില്ലെന്നും ലക്ഷക്കണക്കിന് ആളുകളെ രോഗികകളാക്കി അവരെ മരണത്തിലേക്ക് അടുപ്പിച്ച് കൊണ്ടാണോ 5000 പേരുടെ തൊഴില്‍ സംരക്ഷിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും കത്തില്‍ പറയുന്നു.

പെരിയാറിലേക്ക് ഏറ്റവും അധികം മാലിന്യം തള്ളുന്നതായി കണ്ടെത്തപ്പെട്ട കമ്പനിയാണ് CMRL. 2017ലെ പരിസ്ഥിതി സൗഹൃദ അവാര്‍ഡ് നല്‍കി അതെ കമ്പനിയെ തന്നെ ആദരിച്ച് സര്‍ക്കാര്‍ പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ ഖേദമുണ്ട്. ഇതിനോട് ഏതാണ്ട് അനുകൂലമായ നിലപാട് തന്നെയാണ് കേരളത്തിലെ ഇതര പാര്‍ട്ടികളെല്ലാം പുലര്‍ത്തുന്നത്. രാസമാലിന്യം മൂലം മലിനീകരിക്കപ്പെട്ട നദി രക്ഷിക്കാന്‍ ഒരു ട്രേഡ് യൂണിയന്‍ മുളനടല്‍ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നു . ഇതിനിടയില്‍ കുടിവെള്ളത്തില്‍ രാസ മാലിന്യങ്ങള്‍ തള്ളരുത് എന്ന അപേക്ഷയുമായി പൊതുജനവും രംഗത്തുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ജനകീയാഭിലാഷം അനുസരിച്ചുള്ള ഒരു നിലപാട് മുഖ്യമന്ത്രി കൈക്കൊള്ളണമെന്നാണ് കത്തിലെ ആവശ്യം.