ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സ്റ്റേഷനില്‍ വരാനുള്ള ഭയം മാറ്റുന്നതിനായാണ് ഇങ്ങനെയൊരു റിസപ്ഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഗുവാഹത്തി: സ്‌റ്റേഷനിലെത്തുന്നവരെ സ്വീകരിക്കാന്‍ റിസപ്ഷനുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പൊലീസ് സ്‌റ്റേഷന്‍ മാതൃകയിലേക്ക് ആസാമും വരുന്നു. തലസ്ഥാനമായ ഗുവാഹത്തിയിലാണ് ഇതില്‍ ആദ്യ പരീക്ഷണം. ഇവിടെ അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ ഇനി റിസപ്ഷനിസ്റ്റുമാരായിരിക്കും പരാതിക്കാരെ സ്വാഗതം ചെയ്യുന്നത്. ഇവരെല്ലാം വനിതാ കോണ്‍സ്റ്റബിള്‍മാരായിരിക്കും.ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സ്റ്റേഷനില്‍ വരാനുള്ള ഭയം മാറ്റുന്നതിനായാണ് ഇങ്ങനെയൊരു റിസപ്ഷന്‍ സജ്ജീകരിച്ചത്.
ചിലര്‍ ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടുന്നതിനെത്തിയതാണ്. ഒരു വിദ്യാര്‍ഥിനിയെത്തിയത് ഫോണ്‍ നഷ്ടപ്പെട്ട പരാതിയുമായാണ്. ഇങ്ങനെ അനേകം പരാതികളാണ് ഓരോ ദിവസവുമെത്തുന്നത്. പലരും ആദ്യമായിട്ടായിരിക്കും പൊലീസ് സ്റ്റേഷന്‍ കാണുന്നതു തന്നെ. അത്തരക്കാര്‍ക്ക് ആശ്വാസമായിരിക്കും ഈ റിസപ്ഷന്‍.
വരുന്നവരോട് എങ്ങനെ പെരുമാറണം, അവര്‍ക്ക് എന്തെല്ലാം പറഞ്ഞുകൊടുക്കണം എന്നെല്ലാം മനസിലാക്കുന്നതിനായി വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് ക്ലാസും നല്‍കിയിരുന്നു. സ്റ്റേഷനുകളെ കൂറച്ചുകൂടി ജനകീയമാക്കുക എന്നത് തന്നെയാണ് ഈ റിസപ്ഷനുകളുടെ ലക്ഷ്യം. ജൂലൈ 17 മുതല്‍ റിസപ്ഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നിലവില്‍ അഞ്ച് സ്റ്റേഷനുകളില്‍ മാത്രമാണ് റിസപ്ഷനുള്ളത്. എന്ത് കാര്യത്തിനും ആര്‍ക്കും നേരെ ഈ സ്റ്റേഷന്‍ റിസപ്ഷനിലെത്താം.
അസ്സം ഡിജിപി കുലധര്‍ ധൈക്യയാണ് ഈ റിസപ്ഷനു പിന്നില്‍. സ്റ്റേഷനിലെത്തുന്നവരുടെ ഭയം വലിച്ചെടുക്കാനുള്ള ഇടമെന്നാണ് റിസപ്ഷന്‍ മുറിയെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. സ്റ്റേഷനിലെത്തുന്ന പരാതിക്കാരനും പോലീസ് ഓഫീസറും ഒരുപോലെ സ്ട്രെസ് അനുഭവിക്കുന്നുണ്ട്. അത് പരിഹരിക്കാന്‍ കൂടിയാണ് പുതിയ സംവിധാനമെന്നും അദ്ദേഹം പറയുന്നു.
