കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിൽ ഓസ്‌ട്രേലിയയെ നടുക്കിയ കാട്ടുതീ രാജ്യത്തെ വനസമ്പത്തിനെയും, വന്യജീവികളെയും മനുഷ്യരെയുമടക്കം ഗുരുതരമായി ബാധിച്ചിരുന്നു. എന്നാൽ, നമ്മളെ പോലെയല്ല പ്രകൃതി. അതിന് തനിയെ സുഖപ്പെടാൻ ഒരു ശക്തിയുണ്ട്. കാട്ടുതീയിൽ വെന്ത് നശിച്ച ചെടികളും മരങ്ങളും ഇപ്പോൾ നാമ്പിട്ടിരിക്കുന്നു. അവ വീണ്ടും ജീവൻ വച്ച് പൂത്തുലഞ്ഞു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ, അവിടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയിരിക്കയാണ്. ഈ സന്ദർഭത്തിൽ കാട്ടുതീയിൽ നിന്ന് അന്ന് രക്ഷപ്പെടുത്തിയ കോലകളെ തിരിച്ച് കാട്ടിലേക്ക് അയക്കുകയാണ് അധികൃതർ.  

കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച കാട്ടുതീയിൽ ഒരുപാട് മിണ്ടാപ്രാണികളാണ് ഇല്ലാതായത്. അക്കൂട്ടത്തിൽ ധാരാളം കോലകളുമുണ്ടായിരുന്നു. ഒരുപക്ഷെ അവയെ ‘വംശനാശഭീഷണി നേരിടുന്ന’ ഇനങ്ങളിൽ ഉൾപ്പെടുത്താൻ വരെ ഇതു മൂലം സാധ്യതയുണ്ട്. എന്നിരുന്നാലും അനവധി കോലകളെ ആ കാട്ടുതീയ്ക്ക് വിട്ടുകൊടുക്കാതെ ഓസ്ട്രേലിയൻ അധികൃതർ രക്ഷപ്പെടുത്തുകയുമുണ്ടായി. അന്ന് രക്ഷപ്പെടുത്തിയ കോലകളെ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിടുകയാണ് ഇപ്പോൾ അധികൃതർ. നീല പർവത പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയ 12 കോലകളിൽ ആദ്യത്തെ നാലെണ്ണത്തെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ കാനൻഗ്ര-ബോയ്ഡ് ദേശീയ പാർക്കിലേക്ക് അയച്ചതായി മഷബിൾ റിപ്പോർട്ട് ചെയ്യുന്നു.

കൊറോണ വൈറസ് പടരുന്നതിനാൽ ശേഷിക്കുന്ന കോലകളെയും വേഗത്തിൽ ദേശീയ പാർക്കിലേക്ക് അയക്കുമെന്നും അവർ പറഞ്ഞു. അവ  ജനുവരി മുതൽ സിഡ്നിയിലെ ടാരോംഗ മൃഗശാലയിലാണ് ഉള്ളത്. കാട്ടുതീയുടെ ഫലമായി പതിനായിരത്തോളം കോലകൾ മരിച്ചു, ഇത് ന്യൂ സൗത്ത് വെയിൽസിലെ മൊത്തം കോലകളുടെ എണ്ണത്തിന്‍റെ മൂന്നിലൊന്ന് വരും. ജനിതക വൈവിധ്യമാർന്ന കോലകളുള്ള ബ്ലൂ മൗണ്ടെയ്ൻസ് മേഖലയിൽ നിന്നാണ് ഈ കോലകളെ രക്ഷപ്പെടുത്തിയത്.

ആവശ്യത്തിന് മരങ്ങൾ വളർന്നു കഴിഞ്ഞാൽ ഈ കോലകളെ കാട്ടിലേക്ക് തിരിച്ചയക്കാൻ കഴിയുമെന്നാണ് സയൻസ് ഫോർ വൈൽഡ്‌ലൈഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെല്ലി ലീ തന്റെ പത്രക്കുറിപ്പിൽ പറഞ്ഞത്. അടുത്തിടെയുണ്ടായ മഴയിൽ മരങ്ങൾ വളർന്നിട്ടുണ്ട്. ഇപ്പോൾ കോലകളെ കാട്ടിലേക്ക് വിട്ടാൽ അവയ്ക്ക് ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ അവരെ റേഡിയോ ട്രാക്കുചെയ്യുകയും അവയ്ക്ക് പ്രയാസമൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയെ വിഴുങ്ങിയ കാട്ടുതീയിൽ വെന്ത് വെണ്ണീറായത് 100 കോടിയോളം മൃഗങ്ങളാണ്. കോല, കങ്കാരു തുടങ്ങിയവയുടെ ജന്മദേശമാണ് ഓസ്ട്രേലിയ. എന്നാൽ ആ കാട്ടുതീയില്‍ ചത്തത് പകുതിയോളം കോലകളാണ്. ആവാസവ്യവസ്ഥയെ തകർക്കുകയും, ഇത്രയേറെ ജീവിവർഗ്ഗത്തെ നശിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു ദുരന്തം മുൻപ് ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.