കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായി പല രാജ്യങ്ങളും ലോക്ക്ഡൗൺ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കയാണ്. ടുണീഷ്യയും മാർച്ച് 22 മുതൽ കർശനമായ അടച്ചുപൂട്ടലിലാണ്. ആളുകൾ ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ് തെരുവുകളിൽ സദാ വിന്യസിക്കുന്നു. എന്നാൽ, ടുണീഷ്യയുടെ തലസ്ഥാനമായ ടുണിസിൻ്റെ തെരുവുകളിൽ നമുക്ക് പൊലീസിനെ കാണാൻ കഴിയില്ല. അപ്പൊ പിന്നെ സുഖമായി ഇറങ്ങി നടക്കാമല്ലോ എന്ന് കരുതിയെങ്കിൽ തെറ്റി. അവിടെ പൊലീസിന് പകരം ഈ ചുമതല വഹിക്കുന്നത് റോബോട്ടുകളാണ്. പി‌ഗാർഡ് എന്നാണ് ആ 'റോബോകോപ്പ്'നെ വിളിക്കുന്നത്. ലോക്ക് ഡൗൺ നിയമങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ  ആഭ്യന്തര മന്ത്രാലയം ടുണീസിലെ തെരുവുകളിൽ റോബോകോപ്പിനെ വിന്യസിച്ചിരിക്കയാണ്. നാല് ഫുൾ എച്ച്ഡി ഇൻഫ്രാറെഡ് ക്യാമറകൾ, 360 ഡിഗ്രി തെർമൽ ക്യാമറ, ജിപിഎസ്, ലേസർ ടെലിമെട്രി സിസ്റ്റം എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. എട്ട് മണിക്കൂർ വരെ ഇതിന് പ്രവർത്തിക്കാനാകും.

ലോക്ക്ഡൗൺ ലംഘിച്ച് റോഡിൽ ഇറങ്ങുന്നവരെ ഈ റോബോകോപ്പ് തടഞ്ഞു നിർത്തും. ഒരു പൊലീസ് ചോദ്യം ചെയ്യുന്ന പോലെ നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങളുടെ ഐഡി എന്നെ കാണിക്കൂ. രാജ്യം ലോക്ക്ഡൗണ്ണിലാണെന്ന് അറിയില്ലേ? എന്നൊക്കെ ആളുകളോട് റോബോകോപ്പ്  ചോദ്യങ്ങൾ ചോദിക്കും. ആവശ്യമെങ്കിൽ ഉപദേശിക്കുകയും ചെയ്യും. ലോക്ക് ഡൗൺ കാലയളവിൽ എല്ലാവരും അവരുടെ വീടുകളിൽ തന്നെ കഴിയണമെന്നും, മെഡിക്കൽ ആവശ്യങ്ങൾക്കോ അത്യാവശ്യ സാധങ്ങൾ വാങ്ങുന്നതിനോ മാത്രം പുറത്തിറങ്ങാവൂ എന്നും സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.  

പലരും തെരുവുകളിൽ പൊലീസിന് പകരം റോബോട്ടിനെ കണ്ട് ഞെട്ടി. ചിലർ ഈ നീക്കത്തെ സ്വാഗതം ചെയ്തു. എന്നാൽ മറ്റ് ചിലർ റോബോട്ട് വളരെ സാവധാനത്തിലാണ് നീങ്ങുന്നതെന്ന് പരാതിപ്പെട്ടു. എന്നാൽ ഒരു റോബോട്ട് ആളുകളെ തടഞ്ഞതായി കാണിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക്ക് ഡൗൺ ഉണ്ടെന്ന് അറിയാമോ എന്ന് റോബോട്ട് ഒരാളോട് ചോദിക്കുന്നതായി അതിൽ കാണാം. സിഗരറ്റ് വാങ്ങാൻ പോകുന്നതാണെന്ന് അദ്ദേഹം മറുപടിയായി പറഞ്ഞു. നിങ്ങൾ സിഗററ്റ് വാങ്ങി എത്രയും വേഗം വീട്ടിലേയ്ക്ക് മടങ്ങാൻ റോബോട്ട് ഉപദേശിക്കുന്നതായും വീഡിയോവിൽ കാണാം.


ഈ പൊലീസ് റോബോട്ടിന്റെ നിർമ്മാതാവ് എനോവ റോബോട്ടിക്‌സാണ്. 2015 -ൽ സുരക്ഷാ പട്രോളിംഗ് നടത്തുന്നതിനു വേണ്ടിയാണ് ഈ യന്ത്രം ആദ്യമായി നിർമ്മിച്ചതെന്നും ഇത് കൃത്രിമബുദ്ധിയിലൂടെ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നുവെന്നും റോബോട്ടിന്റെ തയ്യാറാക്കിയ അനിസ് സാഹാനി പറഞ്ഞു. ടുണീസ് ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന മറ്റൊരു റോബോട്ടിനെ കൂടി അധികം താമസിയാതെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്  ഇപ്പോൾ ഈ കമ്പനി. നിയമത്തെ മാനിക്കണമെന്നും, വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തണമെന്നും മനുഷ്യജീവിതം സംരക്ഷിക്കാൻ വീട്ടിൽ തന്നെ തുടരണമെന്നുമുള്ള മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ അത് ജനങ്ങൾക്ക്  കൈമാറുകയും ചെയ്യുന്നു.