Asianet News MalayalamAsianet News Malayalam

ശബരിമലയിലെ സംസ്കാര വിശാലതയെ, അന്നന്നത്തെ നേട്ടത്തിനായി ബലികൊടുക്കരുത്

കെ.ബി.വത്സലകുമാരി ഐഎഎസ്, ഔദ്യോഗിക കൃത്യ നിർവഹണത്തിന്‍റെ ഭാഗമായി, 1994-95 കാലഘട്ടത്തിൽ നാല് തവണ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്ത് എത്തിയിരുന്നു. 

sabarimala issue irulum velichavum by sobha sekhar
Author
Thiruvananthapuram, First Published Oct 24, 2018, 2:25 PM IST

ആചാരസംരക്ഷണമെന്ന് അവകാശപ്പെട്ട് ജനക്കൂട്ടം തെരുവിൽ നടത്തുന്ന സമരങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യമെന്താണ്? നവ ബ്രാഹ്മണിക്കൽ സമരമായി ഇത് മാറ്റപ്പെടുന്നുണ്ടോ? സ്ത്രീ പ്രവേശനം മാത്രമാണോ, കാതലായ പ്രശ്‍നം? സാമുദായിക - രാഷ്ട്രീയ കക്ഷികൾക്ക് സമരം കൊണ്ടുള്ള നേട്ടമെന്താണ്? ഇത് ചരിത്ര വിധിയായി മാറുന്നതെന്തുകൊണ്ട്? സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, സമൂഹത്തിന്‍റെ വിവിധ മേഖലകളെ വിധിന്യായം എങ്ങനെ ബാധിക്കുന്നുവെന്നതിന്‍റെ നേർക്കാഴ്ച; ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖർ എഴുതുന്നു.

sabarimala issue irulum velichavum by sobha sekhar

കാലം ചരിത്രത്തിനൊപ്പം നടക്കുമ്പോൾ, മനുഷ്യപുരോഗതിയുടെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന  നിയമങ്ങൾക്കും വിധികൾക്കുമെതിരെ കടുത്ത പ്രതിഷേധങ്ങൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു. 1829 -ലെ സതി നിരോധനം മുതൽ അടിമത്ത നിരോധനം, വിധവാ പുനർവിവാഹം, മാറുമറയ്ക്കൽ അവകാശം, ക്ഷേത്രപ്രവേശന വിളംബരം തുടങ്ങി ഏറ്റവും പുതിയ ശബരിമല വിധി വരെ... ഇതിനെതിരെയൊക്കെ ഒരു വിഭാഗമാളുകളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു, ഇപ്പോഴും ഉയർന്നു കൊണ്ടിരിക്കുന്നു.

കേരളത്തിൽ ജാതി, മത അസമത്വം കൊടികുത്തി വാണ നാളുകളിലും, മതേതര കാഴ്ചപ്പാടോടെ  ശബരിമല നിലനിന്നിരുന്നു. 1992 മുതലുള്ള, പതിനാറ് വർഷക്കാലത്തെ വാദങ്ങളും, മാറിമാറിവന്ന ഇടതുവലത് സർക്കാരുകളുടെ സത്യവാങ്മൂലങ്ങളുമെല്ലാം പരിഗണിച്ചാണ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്‍റെ, സെപ്റ്റംബർ 28-ലെ സുപ്രധാനമായ ശബരിമല വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ, പല കോണുകളിൽ നിന്നുള്ള കടുത്ത നിലപാടുകൾക്കും പ്രതിഷേധങ്ങൾക്കും, അക്രമത്തിന്‍റെയും കലാപത്തിന്‍റെയും നിറം കലരുമ്പോൾ, ചോദ്യം ചെയ്യപ്പെടുന്നത് വിശ്വാസത്തിന്‍റേയും ആചാരാനുഷ്ഠാനങ്ങളുടെയും പേരിൽ തെരുവിലിറങ്ങുന്നവരുടെ ഉദ്ദേശശുദ്ധിയാണ്.

അക്രമസ്വഭാവത്തോടെ തെരുവിലിറങ്ങുന്ന പ്രതിഷേധക്കാർ പരസ്യമായി വെല്ലുവിളിക്കുന്നത് ഭരണഘടനാ സംവിധാനത്തിൽ അധിഷ്ഠിതമായ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെയാണ്. രണ്ട് അമിക്കസ്ക്യൂറികൾ പരിഗണിച്ച, ഒന്നരപ്പതിറ്റാണ്ടിലേറെയുള്ള വാദ പ്രതിവാദങ്ങൾക്കും ശേഷം വന്ന വിധിക്ക് പ്രതിവിധി തെരുവിലെ അക്രമമെന്ന് പറയുന്നവരുടെ ലക്ഷ്യം എന്താണെന്ന് തീർച്ചയായും പരിശോധിക്കണം. ഇതുകൊണ്ട് ഇവർക്ക് ഉണ്ടാകാനിടയുള്ള നേട്ടങ്ങൾ എന്താണെന്നും കണ്ടെത്തണം. കറുപ്പുടുത്ത് ശബരിമലയില്‍ പോയിരുന്ന അയ്യപ്പഭക്തരുടെ കാവിവൽക്കരണം മുതൽ  അന്വേഷണം ആരംഭിക്കണം.

രാഷ്ട്രീയ നിരീക്ഷകനായ ജോസഫ്.സി.മാത്യുവിന്‍റെ അഭിപ്രായത്തിൽ, ഭക്തജനങ്ങളെന്ന് പറയുന്ന ഒരു ബഹുഭൂരിപക്ഷത്തിന് മുന്നിൽ ഒരു വിഭാഗമുണ്ട്. അവർ പിന്നിൽ നിന്ന് മുന്നിലേയ്ക്ക് വന്നവരാണ്. അവരാണ് വലിയ ഭൂരിപക്ഷത്തെ മുതലെടുത്ത് വിഷം തുപ്പുന്നത്. ''ബിജെപിയുടെ സംസ്ഥാനനേതൃത്വമെന്ന് പറയപ്പെടുന്ന ഒരു വിഭാഗം നേതാക്കൾ ഒരു തരത്തിലും അനുവദിച്ച് കൊടുക്കാനാകാത്ത തരത്തിലുള്ള വർഗീയവിഷം ചീറ്റുന്ന പ്രസ്താവനകളാണ് നടത്തിയത്. അവർക്കെതിരെ ഒരു നടപടിയുമുണ്ടാകുന്നില്ല.''  അദ്ദേഹം പറയുന്നു.

1970 വരെയെങ്കിലും അവിടെ സ്ത്രീകൾ പോയിട്ടുണ്ട്

ആചാരവിശ്വാസങ്ങൾ ലംഘിക്കപ്പെടുമോയെന്ന ആശങ്കയുമായി സംഘടിക്കുന്ന ഭക്തരെ, വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച്, തെറ്റിദ്ധരിപ്പിച്ച്, ആക്രമണങ്ങളിലേയ്ക്ക് നയിക്കുന്നുവെന്ന് സാമൂഹിക നിരീക്ഷകർ  വിലയിരുത്തുന്നു.  പ്രശസ്ത ദളിത് എഴുത്തുകാരൻ സണ്ണി എം. കപിക്കാടിന്‍റെ വാക്കുകളിൽ "ശബരിമലയെക്കുറിച്ച് 'സേവ് ശബരിമല' എന്ന സമിതി കേരളത്തിൽ പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധവും നുണയുമാണ്. ''1970 വരെയെങ്കിലും അവിടെ സ്ത്രീകൾ പോയിട്ടുണ്ട്. നേരത്തേ ഇത് മലയരയൻമാർ കൈവശം വച്ചിരുന്ന ഒരു അമ്പലമാണ്. കേരളത്തിലെ ഈഴവരടക്കമുള്ള പിന്നോക്കക്കാർ മാത്രമേ ദേവസ്വംബോർഡ് ഇതിന്‍റെ അധികാരമേറ്റെടുക്കും മുമ്പ് ശബരിമലയിൽ പോയിരുന്നുള്ളൂ. ഈ പറയുന്ന സവർണരും ബ്രാഹ്മണരുമൊക്കെ ഈയടുത്ത കാലത്ത് അങ്ങോട്ട് ചെന്നവരാണ്. ഇവർ ജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ്. തികച്ചും അധാർമികമായ ഒരു കാര്യമാണിവർ ചെയ്യുന്നത്.'' സണ്ണി കപിക്കാട് ചൂണ്ടിക്കാട്ടുന്നു.

ഗതകാല ചരിത്രത്തിലേക്ക് നോക്കിയാൽ 1950 ലെ, ശബരിമല തീവയ്പ്പിന് വളരെയധികം ചരിത്ര പ്രാധാന്യമുണ്ടെന്ന് കാണാമെന്നാണ് ചരിത്രകാരനായ ഡോ . എം ജി ശശിഭൂഷണിന്‍റെ നിരീക്ഷണം. ശബരിമലയുടെ പ്രശസ്തിയിൽ അസൂയാലുക്കളായ ആളുകൾ, വാടക കുറ്റവാളിയുടെ സഹായത്തോടെയാണ് തീവയ്പ്പ് നടത്തിയതെന്ന്, അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍റെ ആത്മകഥയിൽ പറയുന്നു. 1957 -ലെ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ തീവയ്പ്പ് സംബന്ധിച്ച കേശവ മേനോൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുമെന്ന് പറഞ്ഞിട്ടും, അവരോ തുടർന്ന് വന്ന സർക്കാരുകളോ ആ റിപ്പോർട്ട് പുറത്തു വിട്ടിട്ടില്ല.

മലയരയന്മാരുടെ അമ്പലത്തെ അൻപതിലെ തീവയപ്പിന് ശേഷം കാലക്രമേണ ബ്രാഹ്മണ മേൽക്കോയ്മയുടെ ഭാഗമാക്കുകയാണ് ചെയ്തതെന്ന വാദമാണ് സണ്ണി എം കപിക്കാട് ഉയർത്തുന്നത് . മലയരയൻമാരുടെയും മലമ്പണ്ടാരങ്ങളുടെയും ഒക്കെ ശബരിമലയുടെ മേലുണ്ടായിരുന്ന ആചാരപരമായ ചില അവകാശങ്ങൾ, തന്ത്രവിധികളിലൂടെയാണ് ബ്രാഹ്മണർ റദ്ദ് ചെയ്തത്. മകരജ്യോതി കത്തിച്ചിരുന്നത് മലയരയൻമാരാണ്. അവിടത്തെ വെടിവഴിപാടിന്‍റെ അവകാശമുണ്ടായിരുന്നത് ഒരു ഈഴവകുടുംബത്തിനാണ്. ഇതൊന്നും ഇപ്പോഴില്ല. ഇതിന് പറയുന്ന കാരണങ്ങൾ തന്ത്ര വിധികളാണ്. ഇത് ഇവർ ആവർത്തിക്കുന്നത് ശബരിമലയിലുള്ള അവകാശം ഉറപ്പിയ്ക്കാനാണെന്നത് വ്യക്തമാണെന്നും  സണ്ണി എം.കപിക്കാട് നിരീക്ഷിക്കുന്നു.

'പുതിയ ബോധം പേറുന്ന നവബ്രാഹ്മണിക്കൽ മൂവ്മെന്‍റ്' എന്നാണ് അദ്ദേഹം ശബരിമലയിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെ വിളിയ്ക്കുന്നത്. അതിന്‍റെ പ്രത്യേകത, പുതിയ കാലഘട്ടത്തിലും ബ്രാഹ്മണിക്കൽ അധികാരവ്യവസ്ഥ നിലനിർത്താൻ പുതിയ സമരരീതി രൂപീകരിക്കുന്നു എന്നതാണ്. അതിന് കീഴ്ത്തട്ടിലുള്ളവരെക്കൂടി ഉപയോഗിക്കുന്ന ഒരു പുതിയ സാമൂഹ്യപ്രതിഭാസമാണ് നമ്മളിവിടെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഹിന്ദു വോട്ടെന്ന ഏക ലക്ഷ്യത്തിനു വേണ്ടി അവർ ഒത്തു ചേരുന്ന കാഴ്ചയാണ് കണ്ടത്

ഇനി ശബരിമല വിഷയത്തിൽ ഇപ്പോൾ അരങ്ങേറുന്ന രാഷ്ട്രീയത്തിലേയ്ക്ക് വരാം.

ശബരിമല വിധി വന്നയുടൻ, വിവിധ രാഷ്ട്രീയ കക്ഷികളിലെ ദേശീയ - സംസ്ഥാന  നേതൃത്വങ്ങൾ വിധിയെ സ്വാഗതം ചെയ്യുന്ന  നിലപാടാണ് സ്വീകരിച്ചിരുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പുമായി വിധിയെ കൂട്ടി വായിച്ചപ്പോൾ, നിലപാടുകൾ  മയപ്പെടുത്തുന്ന, തിരുത്തുന്ന, മലക്കം മറിയുന്ന കാഴ്ചകൾക്കും തുടർന്നുള്ള ദിവസങ്ങളിൽ കേരളം സാക്ഷിയായി. കൊടികളുടെ നിറം മറന്നും, ആശയ, പ്രത്യയശാസ്ത്ര വിശ്വാസങ്ങൾ കാറ്റിൽ പറത്തിയും, ഹിന്ദു വോട്ടെന്ന ഏക ലക്ഷ്യത്തിനു വേണ്ടി അവർ ഒത്തു ചേരുന്ന കാഴ്ചയാണ് കണ്ടത്.

ആചാരസംരക്ഷകരായി നിന്ന് എങ്ങനെ നേട്ടമുണ്ടാക്കാമെന്ന ചിന്തയിലാണ് ബി.ജെ.പി. മതേതരത്വത്തിനും മുകളിലാണ് ഹിന്ദുമത വിശ്വാസികളുടെ വോട്ടെന്ന തിരിച്ചറിവിലാണ്  കോൺഗ്രസ്സ്. അതിനായി അവർ അഹോരാത്രം വിശ്വാസം കാത്തു രക്ഷിക്കാൻ പണിയെടുക്കുന്നു.  

കോൺഗ്രസ്സിന്‍റെ ഇപ്പോഴത്തെ നിലപാട് രാഷ്ട്രീയ പ്രേരിതമെന്ന് ജോസഫ് സി.മാത്യു പറയുന്നു. ''കോൺഗ്രസ്സുകാരിതൊക്കെ പറയും. 1991 -ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ദേവസ്വം ബോർഡ് കൊടുത്ത സത്യവാങ്മൂലമാണ് സുപ്രീംകോടതി ഏറ്റവും ശക്തമായി ഉന്നയിച്ചിരിക്കുന്ന കാര്യം. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ് എന്ന് കണ്ടെത്തിയ വിധിയ്ക്കെതിരായി പുനഃപരിശോധനാഹർജിയുമായി പോകാനാകില്ല. തിണ്ണമിടുക്ക് കൊണ്ട് ആളെ കൂട്ടി, മതവിശ്വാസം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധിയെ ധിക്കരിക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന പ്രവൃത്തിയാണ്. അത് ബിജെപി ചെയ്യുന്നു, കോൺഗ്രസും ചെയ്യുന്നു എന്നതാണ് നിർഭാഗ്യകരമായ അവസ്ഥ.''

സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ഇടതുപക്ഷത്തിനെതിരെയും വിമർശനം ഉയരുന്നുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന്, സർക്കാർ ആവർത്തിച്ച് പറയുമ്പോഴും, ദേവസ്വം ബോർഡിനെ മുൻനിർത്തി നടത്തുന്ന നീക്കങ്ങളിലൂടെ, ഇടതുപക്ഷം ലക്ഷ്യമിടുന്നതും ഹിന്ദു വോട്ടല്ലാതെ മറ്റൊന്നുമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ സണ്ണിക്കുട്ടി എബ്രഹാം പറയുന്നത്. ഹിന്ദുസമൂഹത്തിൽ നിന്ന് എത്രമാത്രം വോട്ടുകൾ കൈക്കലാക്കാൻ കഴിയുമെന്ന ചിന്ത മാത്രമാണ് ഇടതിന്‍റ നയങ്ങൾ പരിശോധിച്ചാലും മനസ്സിലാകുക. ഇടതുമുന്നണി സർക്കാരും  ബിജെപിയും കോൺഗ്രസും ഒക്കെ ഈ വിഷയത്തിൽ നിലപാടെടുത്തിരിക്കുന്നത് വോട്ട് മാത്രം കണക്കിലെടുത്താണെന്നാണ് വിമർശനം.

നവോത്ഥാന മൂല്യങ്ങളിൽ നിന്ന് നാം പിന്നോട്ടാണോ പോകുന്നതെന്ന് വരും ദിവസങ്ങൾ തെളിയിക്കും

സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിക്കെതിരെ, കേരളത്തിലെ സാമുദായിക സംഘടനകളും, ജാതി വോട്ട് നിലപാടുകൾക്ക് പിന്നിൽ അണി നിരന്നു. വിശ്വാസികൾക്കൊപ്പമെന്ന് പ്രഖ്യാപിച്ച എൻഎസ്എസ്,  വിധിക്കെതിരെ പുനഃപരിശോധനാ ഹർജിയും സമർപ്പിച്ചു. നവോത്ഥാന മൂല്യങ്ങളിൽ നിന്ന് നാം പിന്നോട്ടാണോ പോകുന്നതെന്ന് വരും ദിവസങ്ങൾ തെളിയിക്കും.

ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചിരുന്ന  എസ്‍എൻഡിപി, നിലപാട് തിരുത്തിയതും കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. വിശ്വാസികളെ തെരുവിലിറക്കിയുള്ള പ്രതിഷേധങ്ങളെ  തള്ളിപ്പറഞ്ഞും, തന്ത്രി കുടുംബത്തിന്‍റെയും, പന്തളം കൊട്ടാരത്തിന്‍റെയും നിലപാടുകളെ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ ആദ്യം രംഗത്തെത്തി. എന്നാൽ കേരളമൊട്ടാകെ വ്യാപകപ്രതിഷേധങ്ങളുയർന്നപ്പോൾ വെള്ളാപ്പള്ളി ചുവടുമാറ്റി.  പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്കില്ലെന്നായി നിലപാട്.

പല കോണുകളിൽ നിന്നും എസ്എൻഡിപിയുടെ  ഈ നിലപാടില്ലായ്മക്കെതിരെ വിമർശനം ഉയരുന്നു. ഒരു വശത്ത് ബിഡിജെഎസ്സിനെ ഇറക്കി, തുഷാറിനെ എൻഡിഎ പ്രതിഷേധങ്ങളുടെ മുൻ നിരയിൽ നിർത്തി, മറുവശത്ത് സർക്കാരിനൊപ്പം നിൽക്കുന്ന നിലപാട് മറുവശത്തും ഇറക്കി. വളരെ ബുദ്ധിപരമായ നിലപാടാണ് എന്തായാലും വെള്ളാപ്പള്ളിയുടേത്.

നിലപാടുമാറ്റങ്ങളുടെ പിന്തുടർച്ചയാണ് ആർഎസ്‍എസ്സിലും ഉണ്ടായത്. ആദ്യം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത ആർഎസ്എസ്, പ്രതിഷേധം ശക്തമായപ്പോൾ, കാലങ്ങളായി തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിഗണിക്കാതെയാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതെന്ന  നിലപാട് കൈക്കൊണ്ടു. ആർഎസ്എസ്സിന്‍റെ സർ സംഘ് ചാലക് മോഹൻ ഭാഗവത് തന്നെ പരസ്യ നിലപാടുമാറ്റവുമായി രംഗത്തെത്തി.

യുവതികളുടെ പ്രവേശനം നിഷിദ്ധമായൊരു സ്ഥലമൊന്നും ആയിരുന്നില്ല ശബരിമല

ശബരിമലയിൽ യുവതികളായ സ്ത്രീകളുടെ പ്രവേശനത്തിൽ, ആദ്യകാലം മുതൽ തന്നെ നിയന്ത്രണം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും, വിലക്ക് ഉണ്ടായിരുന്നില്ല എന്നുമുള്ള വാദങ്ങൾ ശക്തമാണ്. അത് ശരിവയ്ക്കുന്നതാണ് , 1940-കളിൽ, തിരുവിതാംകൂർ രാജവംശം, റീജന്‍റ് റാണി ഉൾപ്പെടെ, കുടുംബസമേതം ശബരിമല ദർശനം നടത്തിയതായി, കേരള ഹൈക്കോടതിയുടെ പരാമർശം. ശബരിമലയിൽ യുവതിയായ അമ്മയുടെ സാന്നിധ്യത്തിലാണ് തന്‍റെ ചോറൂണ് നടന്നതെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായർ വെളിപ്പെടുത്തിയിരുന്നു.

ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിൽ ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ‘നമ്പിനാർ കൊടുവതില്ലൈ’ എന്നൊരു തമിഴ് സിനിമയ്ക്ക് ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ, യുവതികളുടെ പ്രവേശനം നിഷിദ്ധമായൊരു സ്ഥലമൊന്നും ആയിരുന്നില്ല ശബരിമലയെന്നു കാണാം.

സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് യുവതീ പ്രവേശനം വിഷയമായെത്തിയപ്പോൾ പരിശോധിക്കപ്പെട്ട കാര്യങ്ങളെ കുറിച്ച് ജോസഫ്.സി.മാത്യുവിന്‍റെ അഭിപ്രായം നോക്കൂ, ''ഏതെങ്കിലും ആധികാരികമായ മതഗ്രന്ഥങ്ങളിൽ സ്ത്രീപ്രവേശനം നിഷിദ്ധമാണെന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ല. കാലാകാലങ്ങളായി ഇവിടെ സ്ത്രീപ്രവേശം വിലക്കപ്പെട്ടിട്ടുള്ളതാണോ? അതുമില്ല. 1991 -ൽ ദേവസ്വംബോർഡ് നൽകിയ സത്യവാങ്മൂലം അനുസരിച്ച്, ഔദ്യോഗികമായി, അതായത് കൂപ്പൺ വച്ച് രസീത് വാങ്ങിത്തന്നെ അവിടെ മണ്ഡല-മകരവിളക്ക്, വിഷു ഒഴിച്ചുള്ള ഉത്സവകാലങ്ങളിൽ സ്ത്രീകൾ കയറിയിരുന്നതായി കാണാം. ഇത് രണ്ടും പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി, സ്ത്രീകളെ വിലക്കുന്ന ആചാരം മതത്തിന്‍റെ അവിഭാജ്യഘടകമല്ലെന്ന് കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഒരു യുവതിയ്ക്ക് അവിടെ കയറാനുള്ള അടിസ്ഥാനപരമായ അവകാശമുണ്ട്.''

കെ.ബി.വത്സലകുമാരി ഐഎഎസ്, ഔദ്യോഗിക കൃത്യ നിർവഹണത്തിന്‍റെ ഭാഗമായി, 1994-95 കാലഘട്ടത്തിൽ നാല് തവണ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്ത് എത്തിയിരുന്നു. യുവതീ പ്രവേശനം മാത്രമല്ല ഈ പ്രക്ഷോഭങ്ങളുടെ പിന്നിലെ വികാരമെന്ന സംശയം ബലപ്പെടുന്നതിന്‍റെ കാരണങ്ങളും ഇതൊക്കെയാണ്.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇപ്പോഴത്തെ കലാപങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്താണ്? സുപ്രീം കോടതി വിധിയെ യുവതി പ്രവേശന വിഷയമാക്കി മാത്രം ചുരുക്കി നിർത്തി കലാപാന്തരീക്ഷം സൃഷ്ടിച്ച്, രാഷ്ട്രീയ -സാമുദായിക നേട്ടങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഒരു വശത്തു നടക്കുന്നത്. ഈ പ്രശ്നങ്ങൾക്കിടയ്ക്ക്, സുപ്രീം കോടതിയുടെ കാതലായ പരാമർശങ്ങളാണ് ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. കേരളത്തിന്‍റെയും, തമിഴ്‍നാടിന്‍റെയും സഞ്ചിത നിധിയിൽ നിന്നുള്ള പണമാണ്  ശബരിമലയിൽ  ഉപയോഗിക്കുന്നത്.

വിഹിതാംശം പറ്റുന്ന ഒരു ക്ഷേത്രത്തിന് എന്തെങ്കിലും തരത്തിലുള്ള ഒരു വിവേചനം നടപ്പാക്കാനാകുമോ

'Consolidated fund of India എന്ന, ഇന്ത്യയുടെ ഖജനാവിലെ വരുമാനത്തിന് സംസ്ഥാനങ്ങൾക്ക് കിട്ടുന്ന വിഹിതത്തിൽ നിന്നാണ് നാൽപത് ലക്ഷം രൂപ ക്ഷേത്രത്തിന് നൽകുന്നത്. അപ്പോൾ പൊതുജനത്തിന്‍റെ പണം കൂടി ഈ ക്ഷേത്രത്തിന് കിട്ടുന്നുണ്ട്. വിഹിതാംശം പറ്റുന്ന ഒരു ക്ഷേത്രത്തിന് എന്തെങ്കിലും തരത്തിലുള്ള ഒരു വിവേചനം നടപ്പാക്കാനാകുമോ എന്നാണ് കോടതി പരിശോധിച്ചത്. കഴിയില്ലെന്നാണ് കോടതിയുടെ കണ്ടെത്തലും.' നിയമവിദഗ്‍ധനായ അഡ്വ. അജകുമാർ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ ഇതിന്‍റെ മറ്റൊരു വശമെന്ന് പറയുന്നത്, പൊതുമുതലായി  ക്ഷേത്രം മാറുകയും, ദേവസ്വം ബോർഡിൽ പൂർണ്ണാധികാരങ്ങൾ നിക്ഷിപ്തമാകുകയും ചെയ്യുന്നു. അപ്പോൾ  ചോദ്യം ചെയ്യപ്പെടുന്നത്,  പന്തളം രാജകുടുംബത്തിന്‍റെ അധികാരങ്ങളും, താഴമൺ തന്ത്രി കുടുംബത്തിന്‍റെ മേൽക്കോയ്മകളുമാണ്.

'Hindu Religious Institutions act -ന്‍റെ കീഴിൽ വരുന്ന ദേവസ്വം ബോർഡ് ഈ ക്ഷേത്രം ഭരിയ്ക്കുമ്പോൾ പരിമിതമായ അവകാശങ്ങൾ മാത്രമേ പന്തളം രാജാവിനും തന്ത്രിയ്ക്കും അവിടെയുള്ളൂ. തന്ത്രി പ്രതിഷ്ഠ നടത്തിയ വ്യക്തിയാണ്. ആ കുടുംബത്തിന് താന്ത്രികകർമങ്ങൾ നടത്താൻ പരമ്പരാഗതമായ അവകാശമുണ്ട്. പക്ഷേ, അത് സമ്പൂർണമായ അവകാശമായി ഈ നിയമത്തിൽ പറയുന്നില്ല. അവിടെയുണ്ടായിരുന്ന തന്ത്രിയെ, കോടതി വിധിയിലൂടെ ക്ഷേത്രത്തിൽ കയറാൻ വിലക്കിയ സാഹചര്യം കൂടി നമുക്കറിയാം. ദേവസ്വം  ബോർഡിന് പൂർണ്ണമായ അവകാശവും അധികാരവുമുണ്ട്.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുകളിലേയ്ക്ക് സവർണ്ണ നേതൃത്വത്തെ നയിക്കുന്നതും സുപ്രീം കോടതിയുടെ ഈ പരാമർശങ്ങളാണെന്ന വാദവും ഉയരുന്നു. ക്ഷേത്രം പൊതുസ്വത്താണെന്ന കോടതിയുടെ പരാമർശത്തിലൂടെ, പൂജാദികാര്യങ്ങളിൽ അബ്രാഹ്മണർക്കും പ്രാതിനിധ്യം അവകാശപ്പെടാമെന്നതാണ് തന്ത്രി കുടുംബത്തിന്‍റെ മറ്റൊരാശങ്ക. ''പൂജ പഠിച്ച പുലയനും ഈഴവനുമൊക്കെ, നാളെ കോടതി വിധി ചൂണ്ടിക്കാട്ടി അതിനുള്ള അധികാരം അവകാശപ്പെട്ടാൽ ഇവർക്ക് തടയാനാകില്ല. അതാണ് ഇവരുടെ മറ്റൊരാശങ്ക''. സണ്ണി എം.കപിക്കാട് ചൂണ്ടിക്കാട്ടുന്നു.

പ്രളയാനന്തരം, പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും കാര്യമായ പുരോഗതി നേടാൻ കഴിയാത്ത സാഹചര്യത്തിലാണ് ദേവസ്വം ബോർഡ്. അതിനിടയിലാണ്, സുപ്രീം കോടതി വിധിയോടെ ശബരിമല വിഷയം ചർച്ചയാകുന്നത്. രാഷ്ട്രീയ സാഹചര്യത്തിൽ, ശക്തമായ നിലപാടുകൾ എടുക്കാൻ കഴിയാതെ, ദേവസ്വംബോർഡും പ്രതിസന്ധിയിലകപ്പെട്ടു.

മതേതരത്വം കാത്തുസൂക്ഷിക്കുന്ന മഹത്തായ പാരമ്പര്യം ശബരിമലക്കുണ്ട്

ഒക്ടോബർ പതിനെട്ടാം തിയതി, തുലാം മാസപൂജകൾക്കായി നട തുറന്നതു മുതലുള്ള അനിഷ്ട സംഭവങ്ങൾ, വലിയൊരു വിഭാഗം തീർത്ഥാടകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മണ്ഡലകാലം തുടങ്ങാനിരിക്കേ, സുരക്ഷിതമായി ക്ഷേത്ര ദർശനം നടത്താനാകുമോയെന്ന സന്ദേഹം തുടർന്നുള്ള നാളുകളിൽ, ഇതരസംസ്ഥാനത്തു നിന്നുള്ള തീർത്ഥാടകരുൾപ്പെടെയുള്ളവരുടെ വരവിനെ ബാധിച്ചേക്കും. ദേശീയ തലത്തിലെ മാധ്യമങ്ങൾ പോലും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വളരെയധികം  പ്രാധാന്യം നൽകുന്നതിനാൽ  അക്രമ സംഭവങ്ങളും, വാർത്താ പ്രാധാന്യം നേടുന്നു. ശബരിമലയുടെ സൽകീർത്തിയെ ദോഷകരമായി ബാധിക്കുന്ന നിലയിലേക്കാണ് സംഭവങ്ങൾ മുന്നോട്ട് നീങ്ങുന്നത്.

കേരളത്തിലെ മറ്റു ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്നു ഭിന്നമായി മതേതരത്വം കാത്തുസൂക്ഷിക്കുന്ന മഹത്തായ പാരമ്പര്യം ശബരിമലക്കുണ്ട്. അവിടെ അയ്യപ്പനും വാവരും ഒന്നിച്ചു പുലരുന്നു. സ്ത്രീയായ മാളികപ്പുറത്തിനും അവിടെ ക്ഷേത്രമുണ്ട്. ഈ സംസ്കാര വിശാലതയെയാണ്  അന്നന്നത്തെ നേട്ടത്തിനായി ചിലർ ബലികൊടുക്കുന്നത്. വികാരമിളക്കിവിട്ട് അലങ്കോലമാക്കുന്നത്.

ശബരിമലയുടെ ഭാവിയെന്ത്? ശബരിമലയുടെ മതേതര സംസ്‍കാരം പുലരുമോ? ബാക്കിയാവുന്ന ചോദ്യ നിരവധിയാണ്.

Follow Us:
Download App:
  • android
  • ios