Asianet News MalayalamAsianet News Malayalam

ശബരിമല: ആധുനിക ഇന്ത്യയും പ്രാചീന ഇന്ത്യയും തമ്മിലുള്ള സമകാലിക പോരാട്ടം

കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ പരാജയം സാംസ്കാരിക നായകന്മാരായി ചില പാരമ്പര്യ വാദികളെ ഉയർത്തി കാട്ടുകയും അവരുടെ സങ്കൽപ്പങ്ങളെ കൊട്ടിഘോഷിക്കുകയും ചെയ്തു എന്നതാണ്. 

sabarimala protest
Author
Thiruvananthapuram, First Published Oct 18, 2018, 2:59 PM IST

ഏതെങ്കിലുമൊരു വിശ്വാസമോ ആചാരമോ മനുഷ്യരെ ഭിന്നിപ്പിക്കുകയോ ചില മനുഷ്യ വിഭാഗങ്ങൾക്ക് മാത്രം യാതനകൾക്കു കാരണമാകുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്വം ആധുനിക സമൂഹത്തിനുണ്ട്. ഇതിനു വിരുദ്ധമായി ഇന്നത്തെ പാരമ്പര്യവാദികൾ ചെയ്യുന്നത് ആധുനികതയുടെ സാധ്യമായ എല്ലാ സൗഭാഗ്യങ്ങളും സ്വീകരിക്കുകയും പ്രാചീനവും തങ്ങളുടെ സൗഭാഗ്യങ്ങൾക്കു സംരക്ഷണം നൽകാൻ ഉപകരിക്കുന്നതുമായ ദുരാചാരങ്ങളെ സംരക്ഷിച്ചു നിർത്തുകയും ചെയ്യുക എന്നതാണ്. 

sabarimala protest

ധർമ്മ ശാസ്ത്രങ്ങളും മനുസ്മൃതിയും ഒക്കെ നടത്തിപ്പോന്നിരുന്ന നിയമ വാഴ്ച അസ്തമിച്ചത് 1862 -ൽ ഇന്ത്യൻ പീനൽ കോഡ് നിലവിൽ വന്നതോടെയാണ്. ആധുനികമായ നിയമ വ്യവസ്ഥയിലേക്കു ഇന്ത്യൻ സമൂഹം അന്നുതന്നെ മാറി എന്ന് കരുതേണ്ടതില്ല. നേരെ മറിച്ചു ചില വിഭാഗങ്ങൾ മാത്രം അനുഭവിച്ചു പോന്നിരുന്ന പ്രത്യേക അധികാര അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടാൻ ആരംഭിച്ചു. എല്ലാ മനുഷ്യരും സമന്മാരാണ് (One man One Value ) എന്ന സങ്കൽപ്പം സാങ്കേതികമായി നിലവിൽ വന്നു. ഈ സങ്കൽപ്പത്തെ മറികടന്നു പ്രവർത്തിക്കുന്നവർ നിയമ നടപടിക്ക് വിധേയരാകുമെന്ന അവസ്ഥയിലായി കാര്യങ്ങൾ. അങ്ങനെ, മനുഷ്യനെ പല തട്ടുകളാക്കി തിരിച്ച ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ആധുനിക മൂല്യങ്ങളിൽ അധിഷ്ഠിതമായി പിന്നീട് നിർമിക്കപ്പെട്ട ധാരാളം നിയമങ്ങളുടെ പിൻബലത്തിൽ തിരിച്ചടി നേരിട്ട് തുടങ്ങി. അതിന്‍റെ ഫലമായി തങ്ങൾ ആധുനിക നിയമ വ്യവസ്ഥക്ക് എതിരല്ല എന്ന് പുറമെ വ്യക്തമാക്കുകയും പ്രാചീന നിയമവ്യവസ്ഥയോടുള്ള അഭിവാഞ്ച അകമേ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന പ്രത്യേക തരം മനുഷ്യരായി പരിണമിക്കപ്പെട്ടു പാരമ്പര്യ വാദികൾ. അങ്ങനെ തുടങ്ങിയതാണ് ആധുനിക ഇന്ത്യയും പാരമ്പര്യവാദികളുടെ പ്രാചീന സങ്കൽപ്പങ്ങളും താല്പര്യങ്ങളും തമ്മിലുള്ള പോരാട്ടം.

ആധുനിക ഇന്ത്യയുടെ രൂപീകരണത്തിന് അടിസ്ഥാനമായ മൂല്യങ്ങൾ - സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മത നിരപേക്ഷത മുതലായ സങ്കൽപ്പങ്ങൾ - പലതും യൂറോപ്യൻ ആധുനികതയും അതിനു മുന്നോടിയായി സഞ്ചരിച്ച മാനുഷിക പ്രബുദ്ധതയുമായി (enlightenment ) വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രബുദ്ധത എന്നത് സ്വയം അടിച്ചേൽപ്പിച്ച ബൗദ്ധിക അടിമത്തത്തിൽനിന്നുമുള്ള (Self Imposed tutelage) മനുഷ്യന്റെ രക്ഷപെടൽ ആണെന്ന് ഇമ്മാനുവേൽ കാന്റ്റ് പറഞ്ഞിട്ടുള്ളത് ഇന്ത്യൻ സമൂഹത്തിൽ എത്രമാത്രം സാധ്യമായിട്ടുണ്ട് എന്നത് പരിശോധിക്കേണ്ട കാര്യമാണ്. ഇതിനെല്ലാം നിദാനമായ യുക്തി ചിന്ത (Reason) ലോകത്താകമാനം ചോദ്യം ചെയ്തത് ദൈവത്തിൻറെ പേരിൽ നടന്നു വന്നിരുന്ന അനീതികളെയാണ്. ലോകത്താകമാനവും, ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ചും സാമൂഹ്യ പരിവർത്തനം സാധ്യമാക്കിത്തീർത്ത ഈ മാനുഷിക പ്രബുദ്ധതയുടെയും (enlightenment ) ആധുനികവൽക്കരണത്തിന്റെയും (Modernization) പശ്ചാത്തലത്തിൽ തന്നെ വേണം ശബരിമലയിലെ ലിംഗവിവേചനത്തെ നോക്കിക്കാണാൻ. അതിൽ തന്നെ പ്രത്യേക സാമൂഹ്യമാറ്റവും വികസന ചരിത്രവും അവകാശപ്പെടുന്ന കേരള സമൂഹത്തെ പ്രത്യേകിച്ച് മാറ്റി നിർത്തി പരിശോധിക്കേണ്ടതില്ലന്നതാണ് കേരളത്തിലെ ക്രൈസ്തവ, ഹൈന്ദവ പാരമ്പര്യ വാദികളുടെ സമകാലിക ഉണർവ് തെളിയിക്കുന്നത്.

അനാചാരം അവസാനിപ്പിക്കേണ്ട ഉത്തരവാദിത്വം ആധുനിക സമൂഹത്തിനുണ്ട്

ഏതെങ്കിലുമൊരു വിശ്വാസമോ ആചാരമോ മനുഷ്യരെ ഭിന്നിപ്പിക്കുകയോ ചില മനുഷ്യ വിഭാഗങ്ങൾക്ക് മാത്രം യാതനകൾക്കു കാരണമാകുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്വം ആധുനിക സമൂഹത്തിനുണ്ട്. ഇതിനു വിരുദ്ധമായി ഇന്നത്തെ പാരമ്പര്യവാദികൾ ചെയ്യുന്നത് ആധുനികതയുടെ സാധ്യമായ എല്ലാ സൗഭാഗ്യങ്ങളും സ്വീകരിക്കുകയും പ്രാചീനവും തങ്ങളുടെ സൗഭാഗ്യങ്ങൾക്കു സംരക്ഷണം നൽകാൻ ഉപകരിക്കുന്നതുമായ ദുരാചാരങ്ങളെ സംരക്ഷിച്ചു നിർത്തുകയും ചെയ്യുക എന്നതാണ്. ഇത് പലപ്പോഴും യുക്തിചിന്തയെയും ശാസ്ത്ര സത്യങ്ങളെയും മനസിലാക്കിയിട്ടുള്ളവർ തന്നെ നൽകുന്ന സംരക്ഷണമാണ് എന്നതാണ് കാര്യങ്ങളെ അങ്ങേയറ്റം സങ്കീർണ്ണവും അപകടകരവുമാക്കി മാറ്റുന്നത്. സാധാരണ ജനങ്ങളുടെ അജ്ഞതയെ മുതലെടുത്തുകൊണ്ട് പയറ്റുന്ന ഈ തന്ത്രം സത്യത്തിൽ ആധുനികവൽക്കരണത്തോടും നിയമ സംവിധാനങ്ങളോടുമുള്ള ഭയത്തിൽ നിന്നും ഉളവാകുന്നതാണ്‌.

കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ പരാജയം സാംസ്കാരിക നായകന്മാരായി ചില പാരമ്പര്യ വാദികളെ ഉയർത്തി കാട്ടുകയും അവരുടെ സങ്കൽപ്പങ്ങളെ കൊട്ടിഘോഷിക്കുകയും ചെയ്തു എന്നതാണ്. സാമൂഹ്യ ശാസ്ത്രജ്ഞരുടെയും പൊളിറ്റിക്കൽ സയന്റിസ്റ്റുകളുടെയും ചരിത്രകാരന്മാരുടെയും വാക്കുകൾ ശ്രദ്ധിക്കാതെ ആധുനികതയിൽ പൊതിഞ്ഞ പ്രാചീനതയെ (പാരമ്പര്യത്തെ) ഛർദ്ദിച്ചു വച്ച ഈ കൂട്ടർ കേരള സമൂഹത്തെ വഞ്ചിക്കുകയായിരുന്നു എന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഈ ശാസ്ത്രകാരന്മാരുടെ ഇടയിലും ഇതേപണി ചെയ്യുന്ന കൂട്ടർ ഉണ്ടെങ്കിലും യുക്തിഭദ്രമായ കോടതിവിധികൾ കണ്ണും പൂട്ടി എതിർക്കാൻമാത്രം മണ്ടന്മാരല്ല ഇവർ എന്ന് സമാധാനിക്കാം. നേരെ മറിച്ചാണെങ്കിൽ അവിടെ പുതിയ സാമൂഹ്യശാസ്ത്രം വികാസം പ്രാപിക്കും.

Follow Us:
Download App:
  • android
  • ios