Asianet News Malayalam

ഷാര്‍ജയിലെ പുറംചൊറിയലുകള്‍!

കഥയും കവിതയും നോവലും ഓര്‍മക്കുറിപ്പും... സര്‍വമേഖലകളിലും വിരാജിക്കുന്നവരെ ഇവിടെ കാണാം. ഫേസ്ബുക്കില്‍ ലഭിച്ച മികച്ച കമന്‍റുകളുടെ ബലത്തിലാണ് ചില പുസ്തകങ്ങള്‍ പിറക്കുന്നത്. ദിവസേന കവിതയെഴുതുന്നവരുടെ പുസ്തകങ്ങളുമേറെ. 

sharja book fest article by mohammed jazeel
Author
Thiruvananthapuram, First Published Nov 7, 2018, 2:37 PM IST
  • Facebook
  • Twitter
  • Whatsapp

മേക്കപ്പിലും വസ്ത്രത്തിലും സാഹിത്യപ്രേമീ ഭാവമണിഞ്ഞ്  ശ്രദ്ധ പിടിച്ചു പറ്റാനെത്തുന്നവര്‍ക്കു പുറമേ വേറൊരു കൂട്ടമുണ്ട്. തിരക്കുകള്‍ അവസാനിക്കാത്ത പ്രവാസ ജീവിതത്തിനിടയില്‍ അക്ഷരങ്ങളുടെ മരുപ്പച്ച തേടിയെത്തുന്ന മനുഷ്യര്‍. പ്രിയപ്പെട്ട എഴുത്തുകാരെ കാണുന്നത്, അവരോടൊപ്പം ചേര്‍ന്നു നിന്ന് ഒരു ഫോട്ടോയെടുക്കുന്നത്, ഓരോ പുസ്തകശാലയും അരിച്ചുപെറുക്കി, പുസ്തകങ്ങളുടെ ഗന്ധത്തിലലിഞ്ഞ് നടക്കുന്നത്... അതൊക്കെ അവരുടെ ഗൃഹാതുരതയാണ്. സ്വപ്നസാക്ഷാത്കാരമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആദ്യം പറഞ്ഞ കൂട്ടരാണ് ഭൂരിപക്ഷം.

ഒരു പുസ്തകം എങ്ങനെ പിറക്കുന്നു? 

സാമാന്യമായി പറയാവുന്ന രണ്ട് കാര്യങ്ങള്‍ ഇവയാണ്: 1. നീണ്ട കാലത്തെ വായനയുടെ, യാത്രകളുടെ, ആലോചനകളുടെ, അത്രമേല്‍ ആഴമേറിയ എഴുത്തനുഭവങ്ങളുടെ മൂര്‍ത്തമായ പരിസമാപ്തി. 2. വായിക്കാന്‍ താല്‍പര്യപ്പെടുന്ന വായനാസമൂഹമുണ്ടാവുമെന്നും അവര്‍ക്കിത് അവരുടെ അനുഭവ/വായനാ പരിസരങ്ങളുമായി ചേര്‍ത്തുവയ്ക്കാന്‍ കഴിയുമെന്നുമുള്ള  ഉത്തമബോധ്യം. 

ഈ രണ്ടു ധാരണകളും പാടേ പൊളിഞ്ഞടങ്ങാന്‍ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ 'മലയാളി പവലിയനി'ലൂടെയൊന്നു നടന്നാല്‍ മതി. 'പ്രവാസി മലയാളിയുടെ സാഹിത്യപ്രേമം' ചെന്നെത്തി നില്‍ക്കുന്ന സെല്‍ഫ് മാര്‍ക്കറ്റിംഗിന്‍റെ മാരകമായ പല വേഷനുകളും ഇവിടെ കാണാം! 

ഏഴാമത്തെ പവലിയനിലാണ് മലയാളം പുസ്തകങ്ങള്‍. ഒരുപക്ഷേ പുസ്തകമേളയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ളതും ഇവിടെയാവും. അക്ഷരസ്നേഹം കൊണ്ടു മാത്രമാണ് ഈ തിരക്കെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍, അതു മാത്രമല്ല കാര്യമെന്ന് അവിടെത്തിയാല്‍ കണ്ടറിയാം. പുസ്തക പ്രകാശനങ്ങളുടെ പേരില്‍ സെല്‍ഫ് മാര്‍ക്കറ്റിംഗും പരസ്പരം പുറം ചൊറിയലും അരങ്ങുതകര്‍ക്കുയാണിവിടെ.  പ്രവാസികളായ ചില 'സാഹിത്യകുതുകികളാണ്' ഈ കളിയിലെ മുന്‍നിരക്കാര്‍. (നാട്ടില്‍ നിന്ന് വിമാനം കയറിവന്നവര്‍ അല്‍പ്പം പിറകിലാണ്!). 'ഗള്‍ഫിലെ എംടി', 'ഗള്‍ഫിലെ എസ്‌കെ പൊറ്റക്കാട്', 'പ്രവാസികളുടെ കെആര്‍ മീര', 'പ്രവാസ ലോകത്തെ വള്ളത്തോള്‍'... എന്നിങ്ങനെ വിശേഷണങ്ങളുടെ അയ്യരുകളിയാണ്. പരസ്പരം പുകഴ്ത്താനും സ്വയം വിശേഷണങ്ങള്‍ അണിയാനും മത്സരിക്കുന്നവര്‍! 'പരിചയപ്പെട്ടതില്‍ സന്തോഷം. എന്‍റെ രണ്ട് പുസ്തകമുണ്ട്. ഒന്നിന്‍റെ നാലാം പതിപ്പാണ്. വാങ്ങണം. വായിച്ചിട്ട് അഭിപ്രായം പറയണം' -ഇവിടെ കേള്‍ക്കുന്നതെല്ലാം സമാനമായ ഡയലോഗുകളാണ്. 

അവനവന്‍റെ ചടങ്ങിലേക്ക് ആളെ കൂട്ടാന്‍ നടക്കുന്നത് എഴുത്തുകാരും അവരുടെ വേണ്ടപ്പെട്ടവരും

കഥയും കവിതയും നോവലും ഓര്‍മക്കുറിപ്പും... സര്‍വമേഖലകളിലും വിരാജിക്കുന്നവരെ ഇവിടെ കാണാം. ഫേസ്ബുക്കില്‍ ലഭിച്ച മികച്ച കമന്‍റുകളുടെ ബലത്തിലാണ് ചില പുസ്തകങ്ങള്‍ പിറക്കുന്നത്. ദിവസേന കവിതയെഴുതുന്നവരുടെ പുസ്തകങ്ങളുമേറെ. അതോടൊപ്പം, ഫേസ്ബുക്കിലെ കുറിപ്പുകളും  അക്കാദമിക് അസൈന്‍മെന്‍റുകള്‍ പോലും പുസ്തകമായി മാറുന്നു. പുതിയെഴുതാന്‍ നേരം കിട്ടാത്ത ചിലരാവട്ടെ ഒന്നുകില്‍ പരിഭാഷയിലേക്ക് കടക്കുന്നു. അല്ലെങ്കില്‍ പുതിയ പതിപ്പിറക്കുന്നു. എങ്ങനെ വന്നാലും ഷാര്‍ജയിലെ പുസ്തകമേള വേദിയില്‍ ഒന്നോ രണ്ടോ പുസ്തകം പ്രകാശനം ചെയ്യണമെന്നത് നിര്‍ബന്ധമാണ്. പുസ്തകമെന്ന നിലയില്‍ ഇതിന്‍റെ പ്രസക്തി, എഴുത്തിലെ സത്യസന്ധത എന്നിങ്ങനെ ചോദ്യങ്ങളൊന്നും വേണ്ട. കടിച്ചാല്‍ പൊട്ടാത്ത വിശദീകരണങ്ങള്‍ കിട്ടും. പകരം സെല്‍ഫിയെടുത്ത് മടങ്ങാം. 

നൂറ്റിഎണ്‍പത്തിരണ്ടോളം മലയാളം പുസ്തകങ്ങളാണ് പതിനൊന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഷാര്‍ജ പുസ്തകമേള വേദിയില്‍ മാത്രം പ്രകാശനം ചെയ്യപ്പെടുന്നത്! ഏകദേശം ഓരോ അരമണിക്കൂറിലും പുസ്തകപ്രകാശന ചടങ്ങുകളുണ്ട്. പലയിടത്തായൊരുക്കിയ ചെറിയ വേദികളിലാണ് ഇതു നടക്കുക. ഒരേ സമയം പലയിടങ്ങളിലും പല ഭാഷകളിലുമുള്ള പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടുന്നുണ്ടാവും. അവനവന്‍റെ ചടങ്ങിലേക്ക് ആളെ കൂട്ടാന്‍ നടക്കുന്നത് എഴുത്തുകാരും അവരുടെ വേണ്ടപ്പെട്ടവരും. പ്രശസ്തമായ മുഖങ്ങള്‍ പങ്കെടുക്കുന്ന, പേരെടുത്ത പ്രസാധകരുടെയൊക്കെ ചടങ്ങില്‍ ആളേറേും. അല്ലാത്തവര്‍ ആളെ പിടിക്കാനിറങ്ങും; കസേര ഒഴിഞ്ഞു കിടന്നാല്‍ മോശമാണല്ലോ. പ്രസാധകന്‍ എഴുത്തുകാരനെ, എഴുത്തുകാരന്‍ പ്രസാധകനെ, അതിഥിയെ... പുസ്തകപരിചയത്തേക്കാളുപരി പരസ്പരം പൊക്കിപ്പറയല്‍ മത്സരമാണ് ചില വേദികളില്‍. ആശംസയര്‍പ്പിക്കാന്‍ 'പ്രവാസികള്‍ക്ക് മുഖവുര ആവശ്യമില്ലാത്ത' ഏതെങ്കിലുമൊരു  'പ്രമുഖ വ്യക്തിത്വവും' കാണും. നാട്ടില്‍ നിന്ന് അതിഥികളായെത്തുന്ന പ്രശസ്തരായ എഴുത്തുകാരോടൊപ്പം നടന്ന്, 'ഞങ്ങളൊക്കെ പിന്നെ പണ്ടേ അടുത്ത സുഹൃത്തുക്കളാണ്' എന്ന് കാഴ്ചക്കാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു വേറെ ചിലര്‍. 

എല്ലാം നാട്യങ്ങളാണെന്ന വിധിയെഴുത്തൊന്നുമല്ല ഇത്. നല്ല എഴുത്തുകാരുണ്ട് ഇവിടെ. പുസ്തകങ്ങളുമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍, ഭാവനാസഞ്ചാരങ്ങള്‍ക്കൊടുവില്‍ ജീവന്‍ വയ്ക്കുന്ന ഈ പുസ്തകങ്ങള്‍ വായനയെ പുതിയ തലത്തിലേക്കെത്തിക്കാന്‍ പാകത്തിലുള്ളതാണ്. ഇത്തരം എഴുത്തുകാര്‍ക്കാണെങ്കില്‍, ഈ ബഹളങ്ങളിലൊന്നും വലിയ ഇടവും ഉണ്ടാവില്ല. 'ഞാന്‍' പ്രകടനങ്ങളിലോ, ആത്മപ്രശംസാ ചര്‍ച്ചകളിലോ ഇല്ലാത്തതിനാല്‍,  അവര്‍ ബഹളങ്ങള്‍ക്കു പുറത്താവും. 

'എഴുത്തുകാരനാണ്/കാരിയാണ്, പുസ്തകം പ്രസിദ്ധീകരിക്കാമോ'

മേക്കപ്പിലും വസ്ത്രത്തിലും സാഹിത്യപ്രേമീ ഭാവമണിഞ്ഞ്  ശ്രദ്ധ പിടിച്ചു പറ്റാനെത്തുന്നവര്‍ക്കു പുറമേ വേറൊരു കൂട്ടമുണ്ട്. തിരക്കുകള്‍ അവസാനിക്കാത്ത പ്രവാസ ജീവിതത്തിനിടയില്‍ അക്ഷരങ്ങളുടെ മരുപ്പച്ച തേടിയെത്തുന്ന മനുഷ്യര്‍. പ്രിയപ്പെട്ട എഴുത്തുകാരെ കാണുന്നത്, അവരോടൊപ്പം ചേര്‍ന്നു നിന്ന് ഒരു ഫോട്ടോയെടുക്കുന്നത്, ഓരോ പുസ്തകശാലയും അരിച്ചുപെറുക്കി, പുസ്തകങ്ങളുടെ ഗന്ധത്തിലലിഞ്ഞ് നടക്കുന്നത്... അതൊക്കെ അവരുടെ ഗൃഹാതുരതയാണ്. സ്വപ്നസാക്ഷാത്കാരമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആദ്യം പറഞ്ഞ കൂട്ടരാണ് ഭൂരിപക്ഷം.

'എഴുത്തുകാരനാണ്/കാരിയാണ്, പുസ്തകം പ്രസിദ്ധീകരിക്കാമോ' എന്നിങ്ങനെ അന്വേഷണങ്ങള്‍കൊണ്ടു പൊറുതിമുട്ടുമെങ്കിലും പ്രസാധകരെ സംബന്ധിച്ചിടത്തോളം പുസ്തകമേള നല്ലൊരു വേദിയാണ്. രാജ്യാന്തര തലത്തിലുള്ള സാധ്യതകളും പരിഭാഷാ അവസരങ്ങളും നേരിട്ടറിയാം. പുതിയ ബന്ധങ്ങളുണ്ടാക്കാം. പുസ്തകങ്ങള്‍ വില്‍ക്കാം. പ്രസിദ്ധീകരിക്കാനുള്ള ചിലവ് സ്വയം വഹിക്കാന്‍ തയാറായെത്തുന്ന എഴുത്തുമോഹികളോട് വേണമെങ്കില്‍ സഹകരിക്കാം.

എഴുത്തിന്‍റെ, പ്രസാധനത്തിന്‍റെ ജനാതിപത്യവല്‍കരണം സന്തോഷകരം തന്നെയാണ്. വളരെ കുറച്ചു പേര്‍ക്ക് മാത്രം സാധ്യമായിരുന്ന അച്ചടി, പുസ്തകപ്രസിദ്ധീകരണം എന്നിവയൊക്കെ എല്ലാവര്‍ക്കും സാധിക്കാവുന്ന ഒന്നായി മാറിയ  'പ്രിന്‍റ് ഓണ്‍ ഡിമാന്റ്' അടക്കമുള്ള സാങ്കേതികതകള്‍ വലിയ മുന്നേറ്റം തന്നെയാണ്.  ചിലരുടെ കുത്തകയായിരിക്കേണ്ടതല്ല സാഹിത്യവും പ്രസാധനവുമൊന്നും. പക്ഷേ ഇതുപോലെയുള്ള നാട്യങ്ങള്‍, പുസ്തക പ്രസിദ്ധീകരണ-പ്രകാശന അക്രമങ്ങള്‍ കാണുമ്പോള്‍ വേദന തോന്നുന്നുണ്ട്. എഴുത്തിന്‍റെ നിലവാരമളന്നുള്ള വിധിയെഴുത്തല്ല; എഴുതാന്‍ ആഗ്രഹമുള്ളവരൊക്കെ എഴുതണം. പക്ഷേ അതിനിത്രയ്ക്ക് നാട്യങ്ങളുടെ ആവശ്യമുണ്ടോ? സോഷ്യല്‍ മീഡിയ, ഇ- എഴുത്ത് ഇത്രമേല്‍ സജീവമായ കാലത്ത് എഴുതാന്‍, പ്രകാശിപ്പിക്കാന്‍ എത്രത്തോളം അവസരങ്ങളുണ്ട്! അതിനൊടുവില്‍ പോരേ അച്ചടി. സ്വന്തം പുസ്തകം അച്ചടിച്ചിറക്കാന്‍ പണമുണ്ടെന്ന് കരുതി ചവറുപോലെ പുസ്തകമിറക്കുന്നതും കുഴപ്പമില്ല. അതിന്‍റെ പേരിലുള്ള തള്ളുകള്‍ മാത്രമായി ഷാര്‍ജ ബുക്സ് ഫെസ്റ്റ് പോലൊന്നിനെ മാറ്റേണ്ടതുണ്ടോ? 

അറബ്, ഇംഗ്ലീഷ്, ജാപ്പനീസ് തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖ പ്രസാധകരുണ്ട്

വിവിധ സംസ്‌കാരങ്ങളും ഭാഷകളും തമ്മിലുള്ള ആശയകൈമാറ്റത്തിനും സാഹിത്യചര്‍ച്ചകള്‍ക്കുമെല്ലാം വേണ്ടിയാണ് ഷാര്‍ജ ഭരണകൂടം ഇത്ര വലിയൊരു മേള സംഘടിപ്പിക്കുന്നത്. എഴുപത്തി ഏഴു രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം പ്രസാധകരുണ്ട്. അതില്‍ മലയാളികളടക്കമുള്ളവര്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുമുണ്ട്. തന്‍പോരിമ കാണിക്കാനും പൊള്ളയായ പ്രദര്‍ശനങ്ങള്‍ക്കും പ്രമുഖരെ സന്തോഷിപ്പിക്കാനും ദുരുപയോഗം ചെയ്ത് ഇപ്പോള്‍ നമുക്കും നമ്മുടെ ഭാഷയ്ക്കും കിട്ടുന്ന ബഹുമാനവും ഇടവും ഇല്ലാതാക്കരുത് എന്നു മാത്രമാണ്, പുസ്തകമേളയില്‍ ചെന്ന് നിരാശനായി മടങ്ങേണ്ടി വന്ന ഒരാളെന്ന നിലയില്‍ പറയാനുള്ളത്. ഷാര്‍ജയെ പോലെ ഭാഷയെയും സാഹിത്യത്തെയും ഇത്രമേല്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു നാട്ടില്‍, അക്ഷരപ്രേമിയായ സുല്‍ത്താന്‍റെ നേരിട്ടുള്ള കരുതലില്‍ നടക്കുന്ന ലോകശ്രദ്ധയുള്ള പുസ്തകമേളയെ തീര്‍ച്ചയായും ഇതിനേക്കാള്‍ ഏറെ മികവോടെ മലയാളത്തിനും മലയാള എഴുത്തുകള്‍ക്കും ഉപയോഗിക്കാനാവും.

ഷാര്‍ജാ രാജ്യാന്തര പുസ്തകമേള കാണാന്‍ പോകുന്നവരോട് പറയാനിത്രയേ ഉള്ളു, ഏഴാം നമ്പര്‍ പവലിയനും അവരുടെ പ്രകാശനം നടക്കുന്ന വേദികളും മാത്രമായി പോവരുത് നിങ്ങളുടെ മേളാനുഭവം. അറബ്, ഇംഗ്ലീഷ്, ജാപ്പനീസ് തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖ പ്രസാധകരുണ്ട്. എഴുത്തുകാരുണ്ട്. പ്രകാശനങ്ങളുണ്ട്. 'മലബാരിയെ' പോലെ ആള്‍ക്കൂട്ടനാടകങ്ങളില്ലെങ്കിലും, ആഴമേറിയ ചര്‍ച്ചകളും എഴുത്തുമൊക്കെ അവിടെ നടക്കുന്നുണ്ട്. വായന ഇഷ്ടപ്പെടുന്നവര്‍ക്ക്, അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കാനിഷ്ടപ്പെടുന്നവര്‍ക്ക്  നവ്യാനുഭവങ്ങളാവുമത്, തീര്‍ച്ച. 

Follow Us:
Download App:
  • android
  • ios