തമിഴ് നാട് എന്നാല്‍ ഏതോ തിരുട്ടുഗ്രാമമാണെന്നും അവിടെയുള്ളവരെല്ലാം നമ്മെ കൊന്ന് വിലപ്പെട്ടതെല്ലാം കൊള്ളയടിക്കാന്‍ കാത്തുനില്‍ക്കുന്നവരാണ് എന്നുമാണ് ഈ മെസേജുകള്‍ സൃഷ്ടിക്കുന്ന ധാരണകള്‍. അതു മാത്രമല്ല, അത്യാവശ്യമായി യാത്ര ചെയ്യുന്നവരില്‍ അകാരണമായ ഭീതി പരത്തുകയും ചെയ്യുന്നു ഈ സദുപദേശ പോസ്റ്റുകള്‍. ഈ സാഹചര്യത്തിലാണ്, ഈ വഴികളിലൂടെ ഒറ്റയ്ക്കും കുടുംബവുമായും പല തവണ യാത്ര ചെയ്ത ഒരാള്‍ എന്ന നിലയില്‍, ഇക്കാര്യങ്ങള്‍ പറയേണ്ടി വരുന്നത്. 

വാട്ട്‌സ് ആപ്പിലൂടെയാണ് ആ മെസേജുകള്‍ കാട്ടുതീപോലെ പടര്‍ന്നത്. ഫേസ്ബുക്ക് അടക്കമുള്ള മറ്റ് സോഷ്യല്‍ മീഡിയകളിലും സമാനമായ മുന്നറിയിപ്പുകള്‍ വ്യാപകമായി. തമിഴ്‌നാട്ടില്‍ വെച്ചു മലയാളികള്‍ക്ക് ഉണ്ടാകുന്ന വാഹന അപകടത്തെക്കുറിച്ചാണ് മെസേജുകള്‍. ഈ അപകടങ്ങള്‍ യാദൃശ്ചികമല്ലെന്നും മോഷണത്തിന് വേണ്ടി ആസൂത്രിതമായി നടപ്പാക്കുന്നതാണ് എന്നുമാണ് മെസേജുകള്‍. തിരുട്ടു ഗ്രാമങ്ങള്‍, അവയവ മോഷണം എന്നീ ആരോപണങ്ങളും ഒപ്പമുണ്ട്. ഏതോ വാര്‍ത്തയും റഫറന്‍സായി വെച്ചാണ് മെസേജുകള്‍ പരക്കുന്നത്. ആരു കണ്ടാലും പേടിക്കുന്ന വിധമാണ് മെസേജുകള്‍. തമിഴ് നാട് എന്നാല്‍ ഏുതോ തിരുട്ടുഗ്രാമമാണെന്നും അവിടെയുള്ളവരെല്ലാം നമ്മെ കൊന്ന് വിലപ്പെട്ടതെല്ലാം കൊള്ളയടിക്കാന്‍ കാത്തുനില്‍ക്കുന്നവരാണ് എന്നുമാണ് ഈ മെസേജുകള്‍ സൃഷ്ടിക്കുന്ന ധാരണകള്‍. അതു മാത്രമല്ല, അത്യാവശ്യമായി യാത്ര ചെയ്യുന്നവരില്‍ അകാരണമായ ഭീതി പരത്തുകയും ചെയ്യുന്നു ഈ സദുപദേശ പോസ്റ്റുകള്‍. ഈ സാഹചര്യത്തിലാണ്, ഈ വഴികളിലൂടെ ഒറ്റയ്ക്കും കുടുംബവുമായും പല തവണ യാത്ര ചെയ്ത ഒരാള്‍ എന്ന നിലയില്‍, ഇക്കാര്യങ്ങള്‍ പറയേണ്ടി വരുന്നത്. 

അന്യസംസ്ഥാനങ്ങളില്‍ വെച്ചു വാഹനാപകടങ്ങളില്‍ പെടുന്നവര്‍ കൂടുതലും രണ്ടുവിഭാഗമാണ്. ഒന്ന് വിനോദസഞ്ചാരത്തിനുപോയവര്‍. രണ്ടു തീര്‍ഥാടകര്‍.  ഒന്നുകൂടി ശ്രദ്ധിക്കണം ഭൂരിപക്ഷവും തിരിച്ചുവരുന്ന സമയത്താണ് അപകടത്തില്‍ പെടുന്നത്. ഇനി ആരോപണവിധേയമായ പാതയൊന്നു പരിശോധിക്കാം. തീര്‍ഥാടനകേന്ദ്രമായ വേളാങ്കണ്ണി അടങ്ങുന്ന പാതയാണത്. ഒരു ശരാശരി മലയാളി അങ്ങോട്ടും ഇങ്ങോട്ടും രാത്രിയാത്ര നടത്താം എന്ന ചിന്തയിലാണ് ഇങ്ങോട്ട് പുറപ്പെടുക. കേരളത്തിലെ റോഡുകളുടെ അവസ്ഥ അറിയാമല്ലോ..അങ്ങേയറ്റം പരിതാപകരമാണ്. കുഴികളും, വളവും തിരിവും അടക്കം ഒരു നാലുചക്ര വാഹനത്തിനു പരമാവധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് സഞ്ചരിക്കാന്‍ കഴിയുക. അതും തുടര്‍ച്ചയായി സാധിക്കില്ല. ഗതാഗത കുരുക്ക് തന്നെ കാരണം. 

കൊച്ചിയില്‍ നിന്ന് പൊള്ളാച്ചി വഴിയും തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവില്‍ വഴിയും ഈ പറഞ്ഞ വേളാങ്കണ്ണി, രാമേശ്വരം തീര്‍ഥാടന കേന്ദ്രത്തില്‍ എത്താം. കേരളത്തിലെ റോഡുകളില്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി യാത്ര ചെയ്തവര്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന നല്ല റോഡ് കാണുമ്പോള്‍ സ്വാഭാവികമായും ആവേശം മൂത്ത് നല്ല സ്പീഡില്‍ തന്നെ വാഹനം ഓടിക്കും. തമിഴ്‌നാടിന്റെ ദേശീയ വാഹനമായ ടിവീഎസ് വരെ മണിക്കൂറില്‍ അമ്പതു കിലോമീറ്റര്‍ സ്പീഡില്‍ പോവുമ്പോള്‍ പവര്‍ കൂടുതലുള്ള നാലുചക്ര വാഹനങ്ങളുടെ കാര്യം പറയണോ . 

മറ്റൊന്ന് അപകടം സംഭവിക്കുന്ന വാഹങ്ങള്‍ ഏറെക്കുറെ എല്ലാം തന്നെ ഓടിക്കുന്നത് കുടുംബത്തിലെ ഏതെങ്കിലും അംഗം ആയിരിക്കും എന്നതാണ്. ഒരു ടാക്‌സി ഡ്രൈവറുടെ പരിചയ സമ്പന്നത ഇവര്‍ക്കുണ്ടാകണമെന്നില്ല. എന്ന് മാത്രമല്ല എത്രയും പെട്ടെന്ന് എത്തണം എന്ന ധൃതി കൂടിചേരുമ്പോള്‍ അപകട സാധ്യത കൂടുതലാണ്. നീണ്ടു നിവര്‍ന്ന പാത. പരമാവധി വേഗതയില്‍ ഓടിക്കുന്ന വാഹനം. ഉറക്കം വരാന്‍ മറ്റൊരു കാരണവും വേണ്ട. ക്ഷീണമുള്ള ആളാണ് ഡ്രൈവ് ചെയ്യുന്നത് എങ്കില്‍ ഉറക്കം വരാനുള്ള സാധ്യത വീണ്ടും കൂടും. 

കേരളത്തിലെ റോഡുകളില്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി യാത്ര ചെയ്തവര്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന നല്ല റോഡ് കാണുമ്പോള്‍ സ്വാഭാവികമായും ആവേശം മൂത്ത് നല്ല സ്പീഡില്‍ തന്നെ വാഹനം ഓടിക്കും

തിരുട്ടുഗ്രാമത്തിന്റെ സാമിപ്യമാണ് ആസൂത്രിത അപകടത്തിനു കാരണമായി പറയുന്നത്. അത് നിങ്ങള്‍ക്ക് മോഷണം എന്നത് ഒരു കലയാണ് എന്നത് മനസിലാവാത്തതു കൊണ്ടുള്ള തോന്നലാണ്. തീര്‍ച്ചയായും ഒരു മോഷണ ശ്രമമാണ് ഉദേശം എങ്കില്‍ നിങ്ങളുടെ വാഹനം വരെ അവര്‍ തട്ടിയെടുക്കും. 

നിങ്ങള്‍ ഈ പറയുന്ന തമിഴ്‌നാടിന്റെഎല്ലാ ഭാഗങ്ങളും പലതവണ സഞ്ചരിച്ച ഒരാളാണ് ഞാന്‍. അതൊരു അഹങ്കാരം എന്ന നിലയില്‍ പറയുന്നതല്ല . തനിച്ചും, കുടുംബമായിട്ടും. ഇന്നേ വരെ പറയത്തക്ക ഒരു പ്രശനവും എനിക്കുണ്ടായിട്ടില്ല. ഞാന്‍ മാത്രമല്ല യാത്രാപ്രിയരായിട്ടുള്ള എന്റെ സുഹൃത്തുക്കളുടെയും അനുഭവം അത് തന്നെയാണ്. എന്റെ അനുഭവത്തില്‍ മറ്റുള്ളവരോട് വളരെ നല്ല രീതിയില്‍ പെരുമാറുന്നവരാണ് തമിഴര്‍. കഴിയുന്ന സഹായങ്ങള്‍ ചെയ്തു തരും എന്നതില്‍ കവിഞ്ഞ് ഉപദ്രവകാരികള്‍ ആണെന്ന് തോന്നുന്നില്ല. സ്ത്രീകളോടും കുഞ്ഞുങ്ങളോടും ഇത്ര കരുതലോടെയും ബഹുമാനത്തോടെയും പെരുമാറുന്ന മറ്റൊരു ജനവിഭാഗത്തിനോടും എനിക്ക് അടുത്തു ഇടപഴകാന്‍ അവസരവും കിട്ടിയിട്ടില്ല. പ്രത്യേകിച്ചും ഈ ഭാഗങ്ങളിലെ തമിഴര്‍. തിരിച്ചിറപള്ളി, കരൂര്‍. തഞ്ചാവൂര്‍, മധുര തുടങ്ങിയ ഭാഗങ്ങളാണ് തമിഴ് സംസ്‌കാരത്തിന്റെ ഈറ്റില്ലം. ഒറ്റപെട്ട സംഭവങ്ങള്‍ ഉണ്ടാവാം, അപകട സമയത്ത് ആഭരണങ്ങള്‍ അടക്കം മോഷ്ടിക്കുന്നവര്‍ മലയാളികളിലും ഇല്ലേ ? 

ഇനി അപകടത്തിനു കാരണമാവുന്ന ട്രക്കുകളെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന ആരോപണമാണ്. എന്റെ യാത്രകള്‍ക്കിടയില്‍ പലതവണ ഞാന്‍ ട്രെക്കുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇവരും ഈ പറയുന്നത് പോലെ പരമാവധി വേഗതയില്‍ തന്നെയാണ് ഡ്രൈവ് ചെയ്യാറ്. ഒരു കുഞ്ഞു കാറിനെ തട്ടിയാല്‍ പോലും അവര്‍ നിര്‍ത്തണം എന്ന് നിര്‍ബന്ധമില്ല. ഇനി നിങ്ങള്‍ ആ അപകടത്തിന്റെ പിറകെ പോയിനോക്കൂ. തീര്‍ച്ചയായും തെളിവുകള്‍ ലഭിക്കും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. മാത്രമല്ല കൂടുതലും ഉത്തരേന്ത്യന്‍ ഭാഗങ്ങളിലേക്ക് പോവുന്ന ട്രക്കുകള്‍ കണ്ടെത്താനും പ്രയാസമാവും. അപകടത്തിന്റെ തീവ്രതയും കേസിന്റെ പിറകെ നടക്കുന്നതിനും അനുസരിച്ചിരിക്കും അപകടത്തിനു കാരണമായ വാഹനം കണ്ടെത്തലും. 

ആസൂത്രിതമായ അപകടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. പക്ഷേ അതിനു മോഷണത്തിന്റെ വെള്ളപൂശല്‍ വേണ്ട. കണിച്ചുകുളങ്ങര അപകടകൊലപാതകം പലര്‍ക്കും ഓര്‍മ്മയുണ്ടാകും. ഈ മോഡല്‍ കൊലപാതകങ്ങള്‍ ഇന്ത്യയില്‍ നിരവധി തവണ നടന്നിട്ടുണ്ട്. 

ഇന്ത്യയുടെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. പല നാട്ടിലും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ യാത്ര ചെയ്തിട്ടുണ്ട്. വളരെ കൂടുതല്‍ അല്ലെങ്കിലും ചെറിയ രീതിയില്‍ ആക്രമണത്തിനും, കൊള്ളയടിക്കുന്നതിനും ഇരയായിട്ടുണ്ട്. പക്ഷേ നോര്‍ത്ത് ഇന്ത്യയിലെ അവസ്ഥ ഭീകരമാണ്. ഡല്‍ഹി, ജയ്പ്പൂര്‍, മുംബൈ, ഒറീസ, കൊല്‍ക്കത്ത, ബീഹാര്‍ തുടങ്ങിയ പാതകളില്‍ അക്രമി സംഘങ്ങളുടെ ഇടപെടല്‍ ഉണ്ടാവാറുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ട്രക്കുകള്‍ കൂട്ടമായി പോവുന്നതിനു കാരണം മാവോയിസ്റ്റുകള്‍ ട്രക്കുകള്‍ തട്ടിയെടുക്കുമോ എന്ന ഭയത്തിന്റെ പുറത്താണ്. 

ഈയടുത്താണ് ഡല്‍ഹിയില്‍ ഒരു കുടുംബത്തെ ആക്രമിച്ചു കൊള്ളയടിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തത്. 

നിങ്ങള്‍ യാത്രചെയ്യുമ്പോള്‍ ഒഴിഞ്ഞ ഇടങ്ങളില്‍ വെച്ചു നിങ്ങളുടെ വാഹനം നിര്‍ത്താന്‍ ആക്രമികള്‍ പ്രേരിപ്പിക്കും. അതിനു പല വഴിയുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചര്‍ ആണെന്ന് പറയും, അല്ലെങ്കില്‍ നിങ്ങളുടെ വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്തു അവരുടെ വാഹനം ഉരസും. ചിലപ്പോള്‍ നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് എവിടെന്നെങ്കിലും ഊരിയെടുത്തു നിങ്ങളെ കാണിച്ചു വാഹനം നിര്‍ത്തിപ്പിക്കും. ഇങ്ങനെ നിര്‍ത്തുമ്പോള്‍ അക്രമിസംഘം തോക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നിങ്ങളെ കൊള്ളയടിക്കും. പറഞ്ഞു വരുന്നത് ഇത്തരം വാര്‍ത്തകള്‍ നോര്‍ത്ത് ഇന്ത്യയില്‍ സാധാരണമാണ്. 

വളരെ ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈറലാകുന്ന നിഗമനകഥകളും, കൊള്ളയടിക്കപ്പെടാനുള്ള സാധ്യതയും ഒഴിവാക്കാം. 

 • രാത്രി യാത്ര പരമാവധി ഒഴിവാക്കുക, രാത്രി യാത്ര ചെയ്യുന്നുവെങ്കില്‍ ഡ്രൈവറും കോ ഡ്രൈവറും പകല്‍ നനായി വിശ്രമിക്കുക. 
 • കഴിയുമെങ്കില്‍ പരിചയസമ്പന്നനായ ഡ്രൈവറെ കൂടെ കൂട്ടുക.
 • ശ്രദ്ധിക്കപെടുന്ന ആഭരണങ്ങള്‍ യാത്രയില്‍ ധരിക്കാതിരിക്കുക. 
 • സ്വകാര്യസംസാരം ആള്‍ക്കൂട്ടത്തില്‍ ഒഴിവാക്കുക. നിങ്ങള്‍ ഫോണില്‍ സംസാരിക്കുന്നതു പോലും പലരും ശ്രദ്ധിക്കാനിടയുണ്ട്.
 • കയ്യില്‍ പണം കരുതുന്നുവെങ്കില്‍ അത് പലയിടത്തായി സൂക്ഷിക്കുക. പൊതുയിടത്തില്‍ വലിയ സംഖ്യകള്‍ പ്രദര്‍ശിപ്പികാത്തിരിക്കുക. 
 • ജനവാസമില്ലാത്ത ഇടങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്താതിരിക്കുക. 
 • ഒരു കാരണവശാലും വാഹനത്തിന്റെ ഗ്ലാസുകള്‍ താഴ്ത്തി യാത്ര ചെയ്യാതിരിക്കുക. 
 • വിജനമായ ഇടങ്ങളില്‍ ഒരു കാരണവശാലും വാഹനം നിര്‍ത്താതിരിക്കുക. 
 • ലിഫ്റ്റ് ചോദിക്കുന്നവര്‍, വാഹനം കേടായി നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് വേണ്ടി വാഹനത്തിന്റെ വേഗത കുറക്കാതിരിക്കുക.
 • കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തി യാത്ര ചെയ്യുക, വഴി, താമസിക്കുന്ന സ്ഥലം തുടങ്ങിയവയൊക്കെ ധാരണ വരുത്തുക..
 • നിഗമനങ്ങളും, സംശയങ്ങളും നല്ലതാണ്. പക്ഷേ അതിനു ഒരു ജനതയെ ഇകഴ്ത്തുന്നതൊക്കെ അശ്ലീലമാണ്. 

ഇന്ത്യയിലെ തന്നെ കൂടുതല്‍ അപകടം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. കിട്ടിയ അവസരം മുതലെടുത്ത് പലരും പാണ്ടിയോടുള്ള പുച്ഛവും ഇതോടാപ്പം പുറത്തെടുക്കുന്നുണ്ട്.

എന്നാല്‍ ഞാനൊരു ആരോപണം അങ്ങോട്ട് ഉന്നയിക്കാം. ശബരിമല സീസണില്‍ വാഹനാപകടത്തില്‍ പല സ്വാമിമാരും കൊല്ലപ്പെടുന്നുണ്ട്, കൂടുതലും ആന്ധ്രാ തെലുങ്കാനയില്‍ നിന്നുള്ളവര്‍. ശരിക്കും നിങ്ങള്‍ മലയാളികള്‍ ആസൂത്രിതമായി ചെയ്യുന്ന കൊലപാതകങ്ങള്‍ ആണോ അത്?