ബ്രസീലിലെ കാഫോർ സൂപ്പർ മാർക്കറ്റിലെ ഒരു ജീവനക്കാരന്‍ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിക്കുകയുണ്ടായി. എന്നാൽ, വിവരമറിഞ്ഞ ഉടമ തന്റെ ബിസിനസ്സ് മുടങ്ങുമോ എന്ന ഭയത്താൽ സ്റ്റോർ അടക്കാൻ വിസ്സമ്മതിച്ചു. ഇതിനെത്തുടർന്ന് കടയിലെ ജീവനക്കാർ ചെയ്‍തത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ വിവരം മറ്റാരും അറിയാതിരിക്കാൻ കടയിലുള്ള പെട്ടികളും കുടകളും കൊണ്ട് ആ മൃതദേഹം മൂടി. പക്ഷേ, സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാജ്യമെങ്ങും പ്രതിഷേധം ഇരമ്പി.  

ഓഗസ്റ്റ് 14 -ന് വടക്കുകിഴക്കൻ സംസ്ഥാനമായ റെസിഫിലെ ഒരു സ്റ്റോറിൽ വെച്ചാണ് സംഭവം നടന്നത്. എന്നാൽ, ഈ ആഴ്‍ച സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് ഇതേക്കുറിച്ച് പുറംലോകമറിയുന്നത്. 59 -കാരനായ സെയിൽസ് മാനേജർ മനോയൽ മൊയ്‌സസ് കാവൽകാനിനാണ് ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചത്. ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. കടയിൽവെച്ച് തന്നെ അദ്ദേഹം മരിക്കുകയായിരുന്നു. ഇതേത്തുടർന്ന്, കടയിലെ ജീവനക്കാർ മൃതദേഹം കുടകളും പെട്ടികളും കൊണ്ട് മൂടുകയും ചെയ്‍തു. ഏകദേശം നാല് മണിക്കൂറോളം മൃതദേഹം ഇങ്ങനെ കിടന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ, പിന്നീട് കുടകൾ കൊണ്ട് പൊതിഞ്ഞ ശരീരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും സൂപ്പർ മാർക്കറ്റിന്‍റെ വിവേകശൂന്യമായ പെരുമാറ്റത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ പ്രതിഷേധം കനക്കുകയും ചെയ്‌തു. മൃതദേഹം നീക്കം ചെയ്‍തിട്ടില്ലെന്നും സ്റ്റോർ അടച്ചിട്ടില്ലെന്നുമുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരാൻ തുടങ്ങി.    

കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ സംഭവം കൈകാര്യം ചെയ്‍ത രീതിയിൽ പാളിച്ച പറ്റിയെന്ന് പറഞ്ഞ് കമ്പനി ക്ഷമ ചോദിച്ചു മുന്നോട്ട് വന്നു. "ദുഃഖകരവും അപ്രതീക്ഷിതവുമായ മരണം കൈകാര്യം ചെയ്‍ത അനുചിതമായ രീതിയിൽ കാഫോർ ക്ഷമ ചോദിക്കുന്നു. സംഭവത്തിന് ശേഷം ഉടൻ സ്റ്റോർ അടയ്ക്കാത്തതിലും കമ്പനിയ്ക്ക് തെറ്റു പറ്റി. ഞങ്ങൾ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. കുടുംബത്തെ ആവശ്യമായ രീതിയിൽ പിന്തുണയ്ക്കാമെന്ന് ഞങ്ങൾ വാക്ക് തരുന്നു” കാഫോർ പ്രസ്‍താവനയിൽ പറഞ്ഞു. മൃതദേഹം നീക്കം ചെയ്യരുതെന്ന് മാർഗ്ഗനിർദ്ദേശം പാലിക്കുകയായിരുന്നു ഉദ്യോഗസ്ഥർ ചെയ്‍തതെന്നും അവർ ന്യായീകരിച്ചു. എന്നിരുന്നാലും, മരണപ്പെട്ട വ്യക്തിയുടെ ഭാര്യ വാർത്താ വെബ്‌സൈറ്റായ ജി 1 നോട് ഇങ്ങനെ പ്രതികരിച്ചു, “എനിക്ക് വല്ലാത്ത ദേഷ്യമാണ് തോന്നുന്നത്. മനുഷ്യർക്ക് സത്യത്തിൽ ഒരുവിലയുമില്ല. ആളുകൾ പണത്തെ മാത്രമാണ് ശ്രദ്ധിക്കുന്നത്.”