'Do you belive in santa' എന്ന പള്ളിക്കുറിപ്പില്‍ ഡേവിഡ് 'No' എന്നെഴുതി. സാന്റയില്‍ വിശ്വസിക്കാത്ത കുട്ടി! സമ്മാനങ്ങളെ തഴഞ്ഞ കുട്ടി! യുക്തിയുടേയും സങ്കല്‍പ്പത്തിന്റെയും കെട്ടഴിക്കാന്‍ ശ്രമിച്ചത് കൗമാരത്തിലാണ്. റിബലിസം ചിന്തയില്‍ തഴച്ചു.

എന്റെ അയല്‍പക്കത്ത് ഒരു സുന്ദരി പെണ്‍കുട്ടിയുണ്ട്. ഇടയ്ക്ക് അവള്‍ പൂമ്പാറ്റയെ പ്പോലെ തുള്ളിയൊരു വരവു വരും. പെണ്‍കുട്ടികളില്ലാത്ത അമ്മമാര്‍ അസന്തുഷ്ടരാണ്, ആ മനസ്താപം തീര്‍ക്കാന്‍ ഞാനവള്‍ക്ക് ലോലിപോപ്പ് കൊടുക്കും,മുറ്റത്ത് നില്‍ക്കുന്ന ചെടിയിലെ ഏറ്റവും ഇതളുള്ള പൂവ് വലിച്ചെടുത്ത് അവളുടെ മുടിയില്‍ ചൂടിക്കും.അഞ്ച് വയസ്സ് ആയിട്ടേയുള്ളു കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം ഉറച്ച് വരുന്നു. സുവര്‍ണ്ണ നിറത്തിലുള്ള ചുരുളന്‍ മുടി 'റോസ' എന്ന അവളുടെ പേരിനു ചേരും .
ഡിസംബര്‍... ഏറ്റവും പ്രിയപ്പെട്ട മാസങ്ങളിലൊന്ന്! വല്ലാത്തൊരു മാസ്മരികതയുണ്ട് ഡിസംബറിന്.
നാലുമണി കഴിയുമ്പോഴേക്കും കെടുന്ന സുര്യന്‍, കൂരിരുട്ട് പരത്തുന്ന സന്ധ്യകള്‍, അസ്ഥി തുളക്കുന്ന തണുപ്പ് വല്ലാത്ത മൂകത നിറക്കേണ്ട കാലം. എങ്കിലും ഡിസംബര്‍ മനസ്സില്‍ വല്ലാത്ത ഊര്‍ജം നിറക്കുന്നു. രാത്രിയാകുമ്പോഴേക്കും ജ്വലിക്കുന്ന വീടുകള്‍..അലങ്കാരമില്ലാത്ത വീടുകള്‍ ഒറ്റപ്പെടുന്ന കാലമാണിത്. ചെറുതും വലുതുമായ ബള്‍ബുകള്‍, തോരണങ്ങള്‍,നക്ഷത്രങ്ങള്‍, കടകളില്‍ പതിഞ്ഞ ശബ്ദത്തില്‍ അവധിക്കാലത്തിന്റെ വരവ് സൂചിപ്പിക്കുന്ന പാട്ടുകള്‍, വര്‍ണ്ണപ്പൊതികളില്‍ സമ്മാനം,കൊതിപ്പിക്കുന്ന ചോക്കളേറ്റുകള്‍..വരാനിരിക്കുന്ന അവധിദിനങ്ങളെയോര്‍ത്ത് മനസ്സ് തുടിക്കും.
നമുക്കിന്ന് റോസക്കുട്ടിയിലേക്ക് മടങ്ങണം. ഇന്നും വന്നെന്റെ വരാന്തയില്‍ അവള്‍ പതുങ്ങി നിന്നു. നായക്കുട്ടിയെ കൊഞ്ചിച്ചു. വയലറ്റ് നിറത്തിലുള്ള ലോലിപോപ്പ് ചോദിച്ചു വാങ്ങി.
'റോസക്ക് സാന്റ എന്ത് സമ്മാനം തരും' എന്ന് അവളെ കുടുക്കുന്ന ഒരു ചോദ്യം ചോദിച്ചു ഞാന്‍. സമ്മാനങ്ങളെപ്പറ്റി ചോദിക്കുമ്പോള്‍ സാധാരണ കുട്ടികള്‍ നട്ടം തിരിയും. ഒട്ടും പരിഭ്രമിക്കാതെയായിരുന്നു അവളുടെ മറുപടി.
'എനിക്ക് സാന്റ ഒരു 'ഐപാഡ്' തരും .ചേട്ടന് സാന്റ രണ്ട് ഗൈം തരും'.
റോസക്കുട്ടിയുടെ സംസാരം കേട്ട് അവളുടെ ഡാഡി വന്നു.
'ഇക്കൊല്ലം സാന്റ ഞങ്ങളെ നന്നായി മുടിപ്പിക്കും'
ഡേവിഡ് ചിരിച്ചു പറഞ്ഞു. ഡേവിഡിന്റെ തെക്കന്‍ അമേരിക്കന്‍ ആക്‌സന്റ് കേള്‍ക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട്. കയറ്റവും ഇറക്കവും നമ്മളെ രസം പിടിപ്പിക്കും. സമ്മാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഡേവിഡിനെ കുട്ടിക്കാലത്തേക്ക് വലിച്ചു. തീവ്രമായ ഭക്തിയുള്ള അമ്മ. കാത്തലിക് സ്‌കൂളിലെ പഠിപ്പ്. സണ്‍ഡേ സ്‌കൂളില്‍ മുടങ്ങാതെ പോകണം. അത്താഴത്തിനുമുമ്പ് കുരിശു വരച്ചുള്ള പ്രാര്‍ത്ഥന. ജീസസിനെ കുറിച്ചുള്ള കഥകള്‍.
അയാളുടെ കാതില്‍' Do you belive in me son' എന്ന് സാന്റ മന്ത്രിക്കും !
ക്രിസ്തുമസ്സിന് ഒരുമാസം മുമ്പേ വീടൊരുങ്ങും. അമ്മ പുതിയ കേക്കുകളുടെ കുറിപ്പ് പരത്തും. കുക്കീസുകളില്‍ പല നിറങ്ങളില്‍ ഐസിങ്ങുകള്‍ പിരിച്ചൊഴിക്കും, പുതിയ പാത്രങ്ങള്‍,പ്ലേറ്റുകള്‍, സോഫയില്‍ റൈന്‍ഡിയറിന്റെ ചിത്രം തുന്നിയ കുഷ്യനുകള്‍. കറുകപട്ടയുടെ മണമുള്ള മെഴുകുതിരികള്‍ വീടാകെ സുഗന്ധം പരത്തും. Eartha kitt ന്റെ 'Santa baby' പലതവണ റേഡിയോയിലൂടെ ഒഴുകും. അതിഥികളുടെ വരവ്. കസിന്‍സ് എല്ലാവരും ഒത്തു ചേര്‍ന്നാല്‍ വീട്ടില്‍ ക്രിസ്തുമസ്സായി!
ഇടയ്ക്ക് വെച്ച് ഡേവിഡിന് പ്രാര്‍ത്ഥനയില്‍ കമ്പമില്ലാതായി. റിബലിസം പ്രവൃത്തിയിലും വാക്കുകളിലും വന്നു. അമ്മയോട് തട്ടിക്കയറി. ജീസസ് എന്നൊരാള്‍ ഉണ്ടായതിന് തെളിവ് വേണം. സാന്റ എന്നത് വിശ്വാസികള്‍ സൃഷ്ടിച്ച അസംബന്ധ കഥയാണ്. മഞ്ഞിനെ പകുത്ത് ഫയര്‍പ്ലേസിലെ പുകക്കുഴലിലൂടെ സാന്റ എന്നൊരു തടിയന്‍ ഹോ..ഹോ എന്നും പറഞ്ഞ് ചാടിയിറങ്ങില്ല.
അമ്മ തര്‍ക്കങ്ങള്‍ നിര്‍ത്തി. എങ്കിലും പതിവായി സമ്മാനങ്ങള്‍ പൊതിഞ്ഞു വെച്ചു. ഇഷ്ട നിറത്തിലുള്ള സ്വെറ്റര്‍, ബോര്‍ഡ് ഗൈം, പുതിയ ജോഡി ഷൂസ്,സ്‌കൂള്‍ ബാഗ്...പത്ത് ഡോളറില്‍ കൂടുതലുള്ള സമ്മാനങ്ങള്‍ ആര്‍ക്കുമില്ല. കുട്ടികള്‍ സമ്മാനങ്ങള്‍ പൊളിച്ചുനോക്കി അന്തംവിട്ടു. പുതിയ മണങ്ങളില്‍ മൂക്കമര്‍ത്തി!
'Do you belive in santa' എന്ന പള്ളിക്കുറിപ്പില്‍ ഡേവിഡ് 'No' എന്നെഴുതി. സാന്റയില്‍ വിശ്വസിക്കാത്ത കുട്ടി! സമ്മാനങ്ങളെ തഴഞ്ഞ കുട്ടി! യുക്തിയുടേയും സങ്കല്‍പ്പത്തിന്റെയും കെട്ടഴിക്കാന്‍ ശ്രമിച്ചത് കൗമാരത്തിലാണ്. റിബലിസം ചിന്തയില്‍ തഴച്ചു.
തളിരിലയില്‍ ഞെരമ്പ് പടര്‍ന്നു. പതിനാലാം വയസ്സില്‍ അമ്മ വെച്ച സമ്മാനം അവന്‍ തുറന്നില്ല. പച്ചവര്‍ണ്ണ കടലാസില്‍ ചുവപ്പും വെളുപ്പും ക്രിസ്തുമസസ് ട്രീയുടെ ചിത്രമുള്ള സമ്മാനപ്പൊതി അനാഥക്കുട്ടികള്‍ക്കായ് അമ്മ എടുത്തുവെച്ചു. പിന്നീട് അമ്മയും മകനും ആ സമ്മാനത്തെ മനപ്പൂര്‍വ്വം മറന്നു വെച്ചു.
'ഇപ്പോഴത്തെ കുട്ടികള്‍ കുഞ്ഞിലേ മുതിര്‍ന്നിരിക്കുന്നു. വിലകുറഞ്ഞ സമ്മാനങ്ങളില്‍ അവര്‍ക്ക് കണ്ണില്ല. ഇല്ലായ്മകള്‍ അവര്‍ അര്‍ഹിക്കുന്നില്ല. ഉത്സവങ്ങള്‍ സമ്മാനങ്ങളിലൂടെ ഓര്‍മ്മിക്കപ്പെടുന്നില്ല. അതിനു വേണ്ടി അവര്‍ കാത്തിരിക്കുന്നുമില്ല . അവര്‍ക്ക് അപ്രാപ്യമല്ലാത്തതായി ഒന്നുമില്ല എന്ന് അവര്‍ വിശ്വസിക്കുന്നു.സാന്റ തരുന്ന സമ്മാനങ്ങളില്‍ അവര്‍ സംതൃപ്തരല്ല'-ഡേവിഡ് പറഞ്ഞു.
'സാന്റ നമ്മളുടെ ദുഖങ്ങള്‍ പകുത്തെടുക്കും എന്ന് അമ്മ പറയാറുണ്ട്. അങ്ങിനൊരാള്‍ കുമ്പകുലുക്കി വന്ന് പ്രാരാബ്ധങ്ങളെ പകുത്തെങ്കില്‍! അമ്മ
മരിച്ചു. സാന്റ മരിക്കുന്നില്ല'
Hmm...എന്ന ശബ്ദത്തോടെ ഞാനൊരു വിരാമമിട്ടു.
12/24/2017
രാത്രി കനത്തിരിക്കുന്നു. മഞ്ഞുവീണിട്ടില്ല. പുറത്ത് നല്ല തണുത്ത കാറ്റ്. ശിശിരം മരങ്ങളുടെ അവസാന ഇലയേയും കൊഴിയിച്ചിരിക്കുന്നു.
ഡേവിഡിന്റെ കിടപ്പുമുറിയിലെ പ്രകാശം അണഞ്ഞു. അയാളുടെ സ്വപനങ്ങളില്‍ ഇന്ന് ഹോ..ഹോ ശബ്ദങ്ങളുയരും.പൈന്‍ മരക്കാട്ടില്‍, മഞ്ഞുമലകളില്‍ ഇഴുകിവരുന്ന സാന്റ, ചൂടുള്ള ആപ്പിള്‍ സൈഡര്‍ കുടിച്ച് ദുഃഖങ്ങളെ പകുത്തെടുക്കുന്ന സാന്റ ..സ്വപ്നങ്ങളില്‍ അയാള്‍ കടുംപച്ചനിറത്തില്‍ വെളുപ്പും,ചുവപ്പും ക്രിസ്തുമസ്സ് ട്രീകള്‍ നിറഞ്ഞ സമ്മാനപ്പൊതിയെ പരത്തും. അമ്മയുണ്ടാക്കുന്ന ചീസ് കേക്കിന്റെ രുചി വായിലലിയും, പുതിയ മണങ്ങള്‍ക്കായ് മൂക്ക് വിടരും.
അണ്ടിപ്പരിപ്പിന്റെ ആകൃതിയില്‍ വളഞ്ഞു കിടക്കുന്ന അയാളുടെ കാതില്‍' Do you belive in me son' എന്ന് സാന്റ മന്ത്രിക്കും !
