അമൃത്‌സര്‍: തലപ്പാവ് അഴിക്കരുതെന്ന മതശാസനം ഒരു നല്ല കാര്യം ചെയ്യുന്നതില്‍നിന്ന് ആ സിഖ് യുവാവിനെ തടഞ്ഞില്ല. നീണ്ട തലപ്പാവൂരി അയാള്‍ കനാലിലേക്ക് ചാഞ്ഞിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടത് മുങ്ങിമരിക്കാറായ ഒരു നായയാണ്. 

പഞ്ചാബില്‍നിന്നാണ് ഈ അനുപമ മാതൃക. സര്‍വന്‍ സിംഗ് എന്ന സിഖ് യുവാവാണ് ഒരു പാവം നായയുടെ രക്ഷനായി മാറിയത്. ഒരു കനാലിന് അരികിലൂടെ കാറോടിച്ച് പോവുകയായിരുന്നു സര്‍വന്‍ സിംഗ്. അവിടെ കുറേ പേര്‍ കൂടിയിരുന്ന് കനാലിലേക്ക് ചൂണ്ടുന്നത് കണ്ട് അയാള്‍ വാഹനം നിര്‍ത്തി ഇറങ്ങി. അവിടെ ഒരു നായ മുങ്ങി മരിക്കാന്‍ പോവുകയായിരുന്നു. കൂടി നിന്ന ഒരാളും സഹായത്തിന് തയ്യാറാവാത്ത സാഹചര്യത്തില്‍ ആ യുവാവ് അതിനായിറങ്ങി. 

തലപ്പാവ് അഴിക്കരുതെന്ന മതവിധി ലംഘിച്ച് അയാള്‍ സ്വന്തം തലപ്പാവൂരി ഇതിനായിറങ്ങി. കണ്ടു നിന്നവര്‍ തലപ്പാവിന്റെ ഒരറ്റത്ത് പിടിച്ചപ്പോള്‍ അയാള്‍ കനാലിലേക്ക് ഇറങ്ങി. ഒരു കൈ കൊണ്ട് തലപ്പാവ് പിടിച്ച് മറു കൈ കൊണ്ട് നായയെ പിടിച്ചാണ് അയാള്‍ കയറി വന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി മാറി.