ഭാരം കുറയ്ക്കാൻ വേണ്ടി കഠിനമായി വ്യായാമം ചെയ്ത ചൈനീസ് യുവതിക്ക് ആർത്തവം നിലച്ചു. ഹോർമോൺ നില 50 വയസ്സുകാരിയുടേതിന് തുല്യമാവുകയും ചെയ്തതായി ഡോക്ടര്‍മാര്‍. ആഴ്ചയിൽ 6 ദിവസം വച്ച് ഓരോ തവണയും 70 മിനിറ്റിലധികം നേരമാണ് അവൾ കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെട്ടത്.
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്ന അനേകം ആളുകളുണ്ട്. വ്യായാമമില്ലാത്ത ജീവിതം അത്ര ആരോഗ്യകരവുമല്ല. എന്നാൽ, അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ അമിതമായ വ്യായാമവും ചിലപ്പോൾ വില്ലനായി മാറിയേക്കാം. അങ്ങനെ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഠിനമായ വ്യായാമം മൂലം ആർത്തവം നിലയ്ക്കുകയും ഹോർമോൺ നിലയിൽ ഗുരുതരമായ വ്യതിയാനം സംഭവിക്കുകയും ചെയ്ത ഒരു യുവതിയുടെ വാർത്തയാണ് ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.
കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ താമസിക്കുന്ന ഈ യുവതി കഴിഞ്ഞ കുറച്ചു മാസങ്ങളായി വ്യായാമത്തോട് വ്യായാമമായിരുന്നത്രെ. വ്യായാമത്തോട് അഡിക്ഷനുള്ളത് പോലെയായിരുന്നു അവളുടെ രീതി. ആഴ്ചയിൽ ആറ് ദിവസം വച്ച് ഓരോ തവണയും 70 മിനിറ്റിലധികം നേരമാണ് അവൾ കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെട്ടത്. പിന്നാലെയാണ് അവൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി തുടങ്ങിയത്. ആദ്യം സംഭവിച്ചത് ആർത്തവ സമയത്തെ രക്തസ്രാവം കുറഞ്ഞുവരികയായിരുന്നു.
അവസാനം ആർത്തവം വെറും രണ്ട് മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന അവസ്ഥയിലാവുകയും പിന്നീട് പൂർണ്ണമായും നിലയ്ക്കുകയും ചെയ്തുവത്രെ. ആകെ പരിഭ്രമിച്ച യുവതി നേരെ ആശുപത്രിയിലേക്ക് ചെന്നു. പരിശോധനയിൽ അവളുടെ ശരീരത്തിലെ സ്ത്രീ ഹോർമോണുകളുടെ അളവ് 50 വയസ്സായ ഒരാളുടേതിന് സമാനമാണെന്നായിരുന്നു കണ്ടെത്തൽ. കൂടാതെ വൃക്ക സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളും കണ്ടെത്തി. എത്രയും പെട്ടെന്ന് തന്നെ വ്യായാമം നിർത്താൻ ആവശ്യപ്പെട്ട ഡോക്ടർമാർ, ശരീരം പഴയതുപോലെയാക്കാൻ ചൈനീസ് പരമ്പരാഗത മരുന്നുകളാണ് നിർദ്ദേശിച്ചത്.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത് , മുൻപ് തനിക്ക് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടായിരുന്നു. അന്ന് 65 കിലോയായിരുന്നു ഭാരം. അത് കുറക്കാനായിട്ടാണ് കഠിനമായ വ്യായാമത്തിലേക്ക് തിരിഞ്ഞത്. തനിക്ക് ഉറക്കമില്ലായ്മയടക്കം പല പ്രശ്നങ്ങളുമുണ്ട്. ഇത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമായിരുന്നു എന്ന് തനിക്ക് മനസിലായി എന്നാണ്.
