പഞ്ചാബ് പല കാര്യങ്ങൾക്കും പേരുകേട്ടതാണ്. അവിടത്തെ സംഗീതം, അഞ്ചു നദികൾ, വർണ്ണാഭമായ വസ്ത്രങ്ങൾ, ഭക്ഷണപാനീയങ്ങൾ തുടങ്ങിയവ അതിൽ ചിലതു മാത്രമാണ്. എന്നാൽ, ഇതൊന്നുമല്ലാതെ ഏറ്റവും അപകടകരമായ ഒരു കാര്യം കൂടി ആ മണ്ണിൽ വേരോടുന്നുണ്ട്, ലഹരിയുടെ ഉപയോഗം. പഞ്ചാബ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് യുവാക്കൾക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗം. ദി ഹിന്ദുവിന്റെ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്ത് ഏകദേശം 4.1 ദശലക്ഷം ആളുകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവരാണ്. 3.2 ദശലക്ഷം പേർ മയക്കുമരുന്നിന് അടിമകളാണ്.  

എന്നാൽ, ഇങ്ങനെ ജീവിതം നശിപ്പിക്കുന്ന യുവതലമുറയ്‍ക്ക് ലുധിയാനയിൽ താമസിക്കുന്ന 75 -കാരനായ നിഹാംഗ് സിംഗ് ഒരു സന്ദേശം നൽകാൻ ആഗ്രഹിച്ചു. അതിനായി അദ്ദേഹം ചെയ്‍തതെന്തെന്നോ? തോളിൽ കയർ കെട്ടിയിട്ട് 10 ടൺ ഭാരം വരുന്ന ഒരു ട്രക്ക് സ്വയം വലിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, പ്രായം വെറുമൊരു അക്കം മാത്രമാണ്. തികഞ്ഞ നിശ്ചയദാർഢ്യത്തോടെ മുന്നേറിയാൽ നമുക്ക് സാധിക്കാത്തതായി ഒന്നും തന്നെയില്ലെന്ന് തെളിയിക്കാൻ ഈ 75 -കാരന് സാധിച്ചു. തനിക്ക് ഈ പ്രായത്തിൽ ഒരു ട്രക്ക് വലിച്ചു കൊണ്ടുപോകാൻ സാധിക്കുമെങ്കിൽ, യുവാക്കൾക്ക് തീർച്ചയായും ലഹരി ഉപേക്ഷിക്കാൻ സാധിക്കുമെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു. “എനിക്ക് ഒരു ട്രക്ക് വലിക്കാൻ കഴിയുമെങ്കിൽ അവർക്ക് എന്തും ചെയ്യാൻ കഴിയും എന്നതാണ് യുവാക്കൾക്കുള്ള എന്റെ സന്ദേശം. മയക്കുമരുന്നിൽ നിന്ന് വിട്ടുനിൽക്കുക, നിങ്ങളുടെ ജീവിതം നശിപ്പിക്കാതിരിക്കുക” അദ്ദേഹം പറഞ്ഞു.


നിഹാംഗ് കഴിഞ്ഞ രണ്ടു മാസത്തോളമായി ഇതിനു വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു. ആദ്യം 110 കിലോ ഭാരം പല്ലുകൾ ഉപയോഗിച്ച് ഉയർത്താൻ പരിശീലിച്ചു അദ്ദേഹം. തുടർന്ന് പല്ലുകൾ ഉപയോഗിച്ച് കാർ വലിച്ചു. പിന്നീട് ആറ് ടൺ ഭാരമുള്ള ട്രക്കും, യാത്രക്കാർ നിറഞ്ഞ ഒരു ബസ്സും ചുമലിൽ കയർ കെട്ടി വലിച്ചു. ഒടുവിലാണ് 10 ടൺ ഭാരം വരുന്ന ട്രക്ക് അദ്ദേഹം വലിച്ചത്. അദ്ദേഹത്തിന്റെ ശക്തമായ ഈ സന്ദേശത്തെ ഇന്റർനെറ്റിലെ ആളുകൾ അകമഴിഞ്ഞു പ്രശംസിക്കുകയുണ്ടായി. അത്ഭുതപ്പെട്ടുപോയ ആളുകൾ അദ്ദേഹത്തിന്‍റെ ഈ ശക്തിയുടെ രഹസ്യമെന്തെന്നു പോലും ചോദിക്കുകയുണ്ടായി! നിഹാംഗ് സിംഗിന്റെ ശക്തിയും സന്ദേശവും പലർക്കും ഒരു പ്രചോദനമായിത്തീരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.