ഇന്നലെ ലോക മറവി ദിനമായിരുന്നു. മറവിയിലേക്ക് മറഞ്ഞുപോയ അച്ഛനെ ഓര്‍ത്തെടുക്കുന്നു ഒരു മകള്‍. സിന്ധു എം കക്കാടത്ത് എഴുതുന്നു


മുറ്റത്തു വെയില്‍ കായുന്ന
ഓര്‍മ്മകളെ നോക്കി അച്ഛനിരിക്കുന്നു 
ഇടക്കിടെ അവയെ നോക്കി ചിരിക്കുന്നു
അച്ഛന്റെ ഓര്‍മയില്‍ ഞങ്ങളിപ്പോഴും പാവടക്കാരികള്‍
സന്ധ്യ, ധന്യ
പിന്നെ ഏറെ കുറുമ്പുള്ള ഞാന്‍.

അച്ഛന്‍ ഓണത്തിന് വാങ്ങി കൊണ്ടുവന്ന
ഒരേ പുള്ളികളും നിറവുമുള്ള പാവാടത്തുണി
ഞാന്‍ അണിയാന്‍ വിസമ്മതിക്കുന്നു.
എന്റെ നിറങ്ങള്‍ വേറെ എന്റെ ലോകം വേറെ എന്ന് 
അച്ഛനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കൗമാരം

ഇന്‍സ്റ്റാള്‍മെന്റില്‍ 
അച്ഛനെനിക്ക് വാങ്ങിക്കൊണ്ടു വരുന്നു 
വിണ്ണിന്റെ നിറമുള്ള പുതിയ തുണി.
അനുജത്തിമാരില്‍നിന്ന് വ്യത്യസ്തയായി 
എന്നാശ്വസിച്ച് തല്ക്കാലം ഞാന്‍
നിരാഹാരം അവസാനിപ്പിക്കുന്നു. 

അച്ഛന്‍ മറന്ന ലോകം
അയല്‍പക്കങ്ങള്‍, സൗഹൃദങ്ങള്‍, വീട് 
ഒക്കെ അമ്മ ഏറ്റെടുക്കുന്നു
അച്ഛന്‍ സ്വന്തമായി ഉണ്ടാക്കിയ ഒരു ലോകത്ത് 
ചാരുകസേരയിട്ടിരിക്കുന്നു. 
ചിലപ്പോള്‍ അച്ഛമ്മയുടെ
വള്ളിനിക്കറിട്ട ഉണ്ണിയാകുന്നു
സ്മൃതികള്‍ നിറഞ്ഞ 
ഓര്‍മ്മയില്ലാത്തവരുടെ ലോകം. 

മറവിയില്‍ നിന്ന് 
മരിച്ചവരെല്ലാം മടങ്ങിവരുന്നു.

മറവിയില്‍ നിന്ന് 
മരിച്ചവരെല്ലാം മടങ്ങിവരുന്നു.
ജീവിച്ചിരിക്കുന്നവരുടെ ലോകം
അവര്‍ അവഗണിക്കുന്നു.

രാഷ്ട്രീയവും പൊതുകാര്യങ്ങളും നിറഞ്ഞ പീടികത്തിണ്ണയില്‍
അച്ഛന്‍ മഴയോടു മാത്രം പരിചയം കാണിക്കുന്നു
പത്രം നോക്കി പുതുതായിട്ട് ഒന്നും ഉണ്ടാകുന്നില്ലയെന്ന് പറയുന്നു
ചരമകോളത്തിലെ പടങ്ങള്‍ എണ്ണി നോക്കുന്നു
എല്ലാത്തിനും ഒരു കണക്കു വേണമെന്ന് പിറുപിറുക്കുന്നു
കല്യാണവും പിറന്നാളും കലണ്ടറില്‍ കുറിച്ചിടുന്നു
പിന്നീട് ഒന്നും മറന്നിട്ടേയില്ലെന്ന് അറിയിക്കാന്‍
പേജുകള്‍ കീറിക്കളയുന്നു
ടെലിഫോണ്‍ ഡയറിയില്‍ നിന്ന്
ഓരോ നമ്പറുകള്‍ എടുത്ത് വിളിച്ചു നോക്കുന്നു
നിങ്ങളാരാണ് എന്ന അപരിചിത ശബ്ദങ്ങളോട് കലഹിക്കുന്നു

പലിശക്കാരന്‍ തമിഴനില്‍നിന്ന് എന്നപോലെ
മറവി, 
എല്ലാത്തില്‍ നിന്നും അച്ഛനെ രക്ഷിക്കുന്നു

ഒരിക്കല്‍ അവരെല്ലാം ഓര്‍മിക്കും 
അപ്പോളേക്കും വീട്ടുകാരെല്ലാരും ചേര്‍ന്ന് 
അവരെ മറവിയുടെ കുഴിയില്‍ അടക്കും. 

2

മറവിക്കാര്‍ വരുന്ന ഒരു വായനശാലയുണ്ട്
അവിടെ എന്നും പുതുതായി കണ്ടുമുട്ടിയപോലെ
അവര്‍ പരിചയപ്പെടും, കൈകൊടുക്കും.
വായിച്ചതൊക്കെ അവിടെത്തന്നെ ഉപേക്ഷിച്ച്
മറക്കരുതേയെന്നു പറഞ്ഞു പിരിയും
പിറ്റേന്ന് വീണ്ടും 
വായിച്ച പുസ്തകങ്ങള്‍ തന്നെ
തട്ടികുടഞ്ഞെടുത്തു വായിക്കും
മറവികള്‍ പുതുക്കും.

ഒരിക്കല്‍ അവരെല്ലാം ഓര്‍മിക്കും 
അപ്പോളേക്കും വീട്ടുകാരെല്ലാരും ചേര്‍ന്ന് 
അവരെ മറവിയുടെ കുഴിയില്‍ അടക്കും. 
മറന്നതൊക്കെയോര്‍ത്തു അവര്‍ ദുഖിക്കും.
ഭൂമിയിലേക്ക് മടങ്ങി വരാന്‍ കൊതിക്കും.
അവരുടെ ഓര്‍മകള്‍
കല്ലറക്കു ചുറ്റും പൂക്കളായി വിടരും
ഓര്‍മയുടെ സുഗന്ധം അവിടെ ഒഴുകി നടക്കും

അപ്പോഴേക്കും 
മരങ്ങളെയും പുഴകളെയും 
പക്ഷികളെയും മറന്ന ഭൂമി 
ഒരു അള്‍ഷിമേഴ്‌സ് രോഗിയായി
മാറിയിരിക്കും

(സമര്‍പ്പണം: ലോകത്തിലെ എല്ലാ അല്‍ഷിമേഴ്‌സ് രോഗികള്‍ക്കുമായി)