
നമ്മളെന്നും പറയാറുള്ള ആ അമ്മ വാചകം ഉണ്ടല്ലോ, 'നീയെത്ര വലുതായാലും അമ്മക്ക് നീയെന്നും പൊന്നുണ്ണി തന്നെയായിരിക്കും!'എന്നത്. അത് ഒരുവിധപ്പെട്ട എല്ലാ അമ്മമാര്‍ക്കും (അച്ഛന്മാര്‍ക്കും) മനസ്സില്‍ പതിഞ്ഞ ഒന്നായതുകൊണ്ടാവാം, കുഞ്ഞുങ്ങള്‍ വളരുന്നത് നമ്മള്‍ അറിഞ്ഞോ അറിയാതെയോ കാര്യമാക്കാതെ പോവുന്നത് പലപ്പോഴും..
മക്കളുടെ ഓരോ പിറന്നാളിനും അവരുടെ പഴയ ചിത്രങ്ങള്‍ എടുത്തു നോക്കാറുണ്ട് ഞാന്‍. അവള്‍ നെഞ്ചോട് ചേര്‍ന്ന് കിടന്നത്, കാലില്‍ കിടന്ന് മുഖം മുഴുവന്‍ കുറുക്ക് വാരിത്തേച്ചത്, ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ അച്ഛന്റെ മുഖത്തേക്ക് മൂത്രമൊഴിച്ചത്, പിച്ച വെച്ചപ്പോള്‍ മറിഞ്ഞുവീണത്, ഇന്‍ജക്ഷന്‍ എടുക്കുന്നത് കാണാനാവാതെ കണ്ണിറുക്കെ പൂട്ടി കുത്തിയ നഴ്‌സിനെ പഴി പറഞ്ഞത്, കൊച്ചരിപ്പല്ലുകള്‍ കാട്ടിയത്, പിന്നെ അത് പോയപ്പോള്‍ 'സ'യില്‍ തുടങ്ങുന്ന വാക്കുകള്‍ പറയിച്ചു ചിരിച്ചത് അങ്ങനെയങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര സുഖമുള്ള ഓര്‍മ്മകളുണ്ടാവും ഓരോ അമ്മയ്ക്കും അച്ഛനും. അതൊക്കെയാണെങ്കിലും അവര്‍ വളരുന്നത് നമ്മള്‍ അറിയാറില്ല എന്നതാണ് സത്യം, അല്ലെങ്കില്‍ മുകളില്‍ പറഞ്ഞതുപോലെ മനസ്സില്‍ പതിഞ്ഞ ചിലതുകൊണ്ടോ അവര്‍ വളര്‍ന്ന് നമ്മളെ വിട്ട് ദൂരേക്ക് പറന്നുപോവും എന്നത് അംഗീകരിക്കാനുള്ള വിഷമം കൊണ്ടോ നമ്മള്‍ അത് കാര്യമായെടുക്കാറില്ല.
മക്കളുടെ ഓരോ പിറന്നാളിനും അവരുടെ പഴയ ചിത്രങ്ങള്‍ എടുത്തു നോക്കാറുണ്ട് ഞാന്‍.
കഴിഞ്ഞവര്‍ഷം, എന്റെ ഒമ്പതുവയസുകാരിയുടെ പിറന്നാളാണ് സന്ദര്‍ഭം. അച്ഛന്‍ സര്‍പ്രൈസ് ആയിട്ടാണ് കേക്ക് വാങ്ങിക്കൊണ്ടു വരുന്നത്. പുത്തനുടുപ്പും പിറന്നാള്‍ കിരീടവും വെച്ച സുന്ദരിയും കൂട്ടുകാരും മറ്റ് അതിഥികളും അക്ഷമയോടെ അച്ഛന്‍ കൊണ്ടുവന്ന കേക്ക് പൊതി തുറക്കാന്‍ കാത്തുനിന്നു.
ടണ്‍ ട ടൈങ്... തുറന്നു!
എല്ലാരും വൗ എന്ന് ആശ്ചര്യത്തോടെ നോക്കുമ്പോള്‍ പിറന്നാളുകാരിയുടെയും ചേച്ചിയുടെയും മുഖങ്ങളില്‍ മാത്രം ഒറ്റ ഞെക്കില്‍ ലൈറ്റ് ഓഫ്. ചേച്ചിയോട് ചേര്‍ന്ന് നിന്ന് കരച്ചിലിന്റെ വക്കിലായി ഹാപ്പി ബെര്‍ത്ത് ഡേകാരി. അന്വേഷിച്ചപ്പോഴേക്കും തുറന്നുവിട്ട മലവെള്ളം കണ്ണിലൂടെ പാഞ്ഞിറങ്ങി.
കാരണമറിയാതെ കേക്കിലേക്ക് എത്തിനോക്കി. ഫ്രോസണ്‍ സിനിമയിലെ എല്‍സയാണ് അതിമനോഹരമായ കേക്കായി നില്‍ക്കുന്നത്. ഇതിനെന്താ കുഴപ്പം എന്ന മട്ടില്‍ ഞാനവളെ നോക്കി, അപ്പോള്‍ ചേച്ചി എന്നോട്, 'ഇതാണോ വാങ്ങുന്നെ? ഞങ്ങക്ക് രണ്ടാള്‍ക്കും ഇഷ്ടല്ല..!'
'ങേ? ഈ സിനിമയല്ലേ മക്കളെ അതിറങ്ങിയ സമയത്ത് നിങ്ങള്‍ കുറെ പ്രാവശ്യം കണ്ടത്?!!'
'ങാ.. അതന്നല്ലേ? ഇതൊക്കെ സാന്‍വിക്കൊക്കെ ഇഷ്ടപ്പെടുന്നതാ..'
അവള്‍ അടുത്തുനിന്ന അഞ്ചുവയസുകാരിയെ ചൂണ്ടി.
ഇനീപ്പോ എന്താ ചെയ്യാ.. പിന്നെ എല്ലാവരും കൂടെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു ആ ആഘോഷം നടന്നു. വലിയ കാര്യത്തില്‍ മകള്‍ ആഹ്‌ളാദം കൊണ്ട് തുള്ളിച്ചാടും എന്ന് കരുതിയ അച്ഛന്റെ മുഖമാണ് എന്നെ സങ്കടപ്പെടുത്തിയത്.
കരച്ചിലിന്റെ വക്കിലായി ഹാപ്പി ബെര്‍ത്ത് ഡേകാരി.
ഈയിടെയും അതേ അച്ഛന് അതുപോലൊരു പറ്റുപറ്റി. പുതിയ വീട്ടിലേക്ക് ഓരോന്ന് വാങ്ങുന്ന കൂട്ടത്തില്‍ അവരുടെ ബാത്‌റൂമിന് ഷവര്‍ കര്‍ട്ടന്‍ വാങ്ങിക്കൊണ്ടു വന്നതായിരുന്നു പാവം. വെള്ള ബാക്ഗ്രൗണ്ടില്‍ കുഞ്ഞു മഞ്ഞ റബ്ബര്‍ താറാവുകളുടെ ദൃശ്യം. അതേ പ്രതികരണം. ഇപ്പോഴവര്‍ പതിമൂന്നും പത്തും വയസുകാരായില്ലേ?
'അമ്മ, നോക്കൂ... കുഞ്ഞുകുട്ടികള്‍ക്കുള്ളതാ അച്ഛ മേടിച്ചിരിക്കുന്നെ'- മൂത്തയാള്‍ പരാതിയുമായി എത്തി. പിന്താങ്ങിക്കൊണ്ട് അടുത്തയാളും. മാറ്റിയെ പറ്റൂ എന്ന് വാശി പിടിക്കുമ്പോഴേക്കും അച്ഛന്‍ സംഭവം ഫിറ്റ് ചെയ്തും കഴിഞ്ഞു. ഇനിയെങ്ങനെ മാറ്റാനാണ്. ഒടുവില്‍ ഒരു ഇമോഷണല്‍ ബ്‌ളാക്ക് മെയിലിങ് കൊണ്ട് സമ്മതിപ്പിച്ചു.
'അച്ഛന്റേം അമ്മേടേം കണ്ണില്‍ നിങ്ങളിപ്പോഴും കുഞ്ഞുങ്ങളാണ്.. അതുകൊണ്ടല്ലേ അച്ഛയ്ക്ക് അങ്ങനെ പറ്റിയത്. സാരമില്ല.. ഇനി ഇത് കേടാവുമ്പോള്‍ മ്മക്ക് വേറെ നിങ്ങള്‍ക്കിഷ്ടമുള്ളത് വാങ്ങാം.' ചില്ലറ ചിണുങ്ങല്‍ അവശേഷിപ്പിച്ചെങ്കിലും ഒടുവില്‍ അവര്‍ പിന്‍വാങ്ങി.
ഇതിവിടുത്തെ മാത്രം പ്രശ്‌നമല്ല എന്ന് മനസിലായത് മറ്റൊരു കൂട്ടുകാരിയുടെ വീട്ടില്‍ ഒരു സ്ലീപ്പോവര്‍ പാര്‍ട്ടി വന്നപ്പോഴാണ്. മൂത്തയാളുടെ പ്രായക്കാരിയുടെ പാര്‍ട്ടിയാണ് എന്നാലും കുടുംബസുഹൃത്തുക്കള്‍ ആയതുകൊണ്ട് ചെറിയാളും റെഡിയായി സ്ലീപ്പോവറിന്. അവിടെ ചെന്നപ്പോഴല്ലേ സീന്‍ കോണ്‍ട്രാ ആയത്. സമപ്രായക്കാര്‍ എന്നോട് വന്നുപറഞ്ഞു,
'ആന്റീ, ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രായക്കാരുടെ ഗെയിംസ് ഒക്കെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നന്ദുവിന് പങ്കെടുക്കാന്‍ പറ്റില്ല.. അപ്പോള്‍ അവള്‍ക്ക് ബോറടിക്കും'
സിനിമയില്‍ സൈഡില്‍ കാണുന്ന പുകവലി മുന്നറിയിപ്പ് പോലെ അവളുടെ വാചകം സ്‌ക്രോള്‍ ചെയ്തു.
ചേച്ചിക്ക് മുന്‍പേ പൈജാമയും പൊതിഞ്ഞെടുത്തു വന്നയാളോട് എന്തുപറയും? കാര്യം അവതരിപ്പിച്ചപാടേ അവള്‍ കരച്ചിലും തുടങ്ങി. എന്റെ ധര്‍മ്മസങ്കടം കണ്ട വീട്ടുകാരിയും കൂട്ടുകാരും കൂടെ എങ്ങനെയോ പാര്‍ട്ടിക്കാരെ പറഞ്ഞു സമ്മതിപ്പിച്ചു അവളെയും കൂടെ കൂട്ടിപ്പിച്ചു.
മക്കള്‍ വളരട്ടെ.. അവരോടൊപ്പം നമുക്കും വളരാം.ചിന്തിക്കാം.
തിരിച്ചുള്ള യാത്രയില്‍ ഞാന്‍ പതിമൂന്നും പത്തും തമ്മിലുള്ള വ്യത്യാസം മനസ്സില്‍ കാണുകയായിരുന്നു. ചിന്തകള്‍, സ്വപ്‌നങ്ങള്‍, സങ്കല്‍പ്പങ്ങള്‍ ഇവയെല്ലാം പ്രായത്തിനനുസരിച്ച് മാറുന്നുണ്ട്.. പലപ്പോഴും നമ്മള്‍ ഓര്‍ക്കാതെ പോവുന്ന കാര്യമാണ്. അതുവരെ രണ്ടു പെണ്‍മക്കള്‍ ഒരേ പോലെ വളര്‍ന്നുവരുന്നു, അവരുടെ വസ്ത്രങ്ങള്‍ പോലും ഒരു അളവിന്റെ വ്യത്യാസമേ ഉള്ളൂ. എന്നൊക്കെ സന്തോഷത്തോടെ ഓര്‍ത്തിരുന്ന ഞാന്‍ ഇപ്പോള്‍ കൗമാരക്കാരിയുടെ ഇഷ്ടങ്ങളെന്തെന്നും ബാല്യത്തിന്റെ അവസാനപടിയെത്തിയവളുടെ ചിന്തകളെന്താവുമെന്നും ആലോചിച്ചുതുടങ്ങിയിരിക്കുന്നു.
മകനിപ്പോഴും എന്തിനും ഞാന്‍ വേണമെന്ന് കരുതുന്ന അമ്മമാരാണ് മറ്റൊരു പെണ്ണ് മകന്റെ കാര്യങ്ങള്‍ ഏറ്റെടുക്കാനെത്തുമ്പോള്‍ അംഗീകരിക്കാനാവാതെ കലഹക്കാരി അമ്മായിയമ്മമാരാവുന്നത്.
മക്കള്‍ വളരട്ടെ.. അവരോടൊപ്പം നമുക്കും വളരാം.ചിന്തിക്കാം. അപ്പോഴാവും ഒരുപക്ഷെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പോലും അത് നമ്മളോട് പങ്കിടാന്‍ അവര്‍ക്ക് തോന്നുക. മക്കള്‍ വിഷമിച്ചോ ആകുലപ്പെട്ടോ ഇരിക്കുമ്പോള്‍ കാര്യമന്വേഷിക്കാന്‍ ചെന്നാല്‍ 'അമ്മയ്ക്കതൊന്നും മനസിലാവില്ല!' എന്ന് മുഖം കോട്ടുമ്പോള്‍ വേദനിച്ചിട്ടു കാര്യമില്ല. അതല്ല, നമ്മള്‍ പറയുന്നത് അമ്മക്ക് അതേ അര്‍ത്ഥത്തിലും വ്യാപ്തിയിലും എടുക്കാന്‍ കഴിയുമെന്ന് കുഞ്ഞുങ്ങള്‍ വിശ്വസിക്കുന്നത് നമ്മള്‍ അവരോടൊപ്പം, അവരെപ്പോലെ ചിന്തിക്കുന്നുണ്ട് എന്നവര്‍ക്ക് തോന്നുമ്പോഴാണ്.
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ കൂടെ ജനിക്കുന്നവരാണ് അമ്മയും അച്ഛനും. അപ്പോള്‍ അവര്‍ക്കും അതേ പ്രായമേ ഉണ്ടാവൂ.. അങ്ങനെ കരുതിയാലേ നമുക്ക് അവരോടൊപ്പം അവരെപ്പോലെ വളരാനും കഴിയൂ. അവരെ പോലെ ചിന്തിച്ചുനോക്കി ആവശ്യത്തിന് മാത്രം നമ്മുടെ വിവേകം ചേര്‍ത്ത് പ്രതികരിച്ചാല്‍ ഒരു കുട്ടിയും നമ്മളെ വിട്ട് മറ്റുള്ള സുഖങ്ങള്‍ തേടിപ്പോവില്ല.
കല ഷിബു: ആണ്‍ മക്കളുള്ള അമ്മമാര്‍ അറിയാന്‍!
