Asianet News MalayalamAsianet News Malayalam

എന്നാലും സ്വജാതി ആയില്ലേല്‍ ഞങ്ങക്കൊരു ശ്വാസംമുട്ടലാ...!

കുടുമ്പത്തൂന്നു വെളിയിലോട്ടു കാലു വച്ചാല്‍ അയലോക്കത്തെ മുറ്റത്തു തുടങ്ങും ജാതി. അവര് ജാതി മറ്റേതല്ലേ അപ്പോ അങ്ങനല്ലേ വരൂ. കഴിഞ്ഞയാഴ്ച പനിച്ചു കിടന്നപ്പോ ഇച്ചിരി കഞ്ഞി കുടിച്ചത് ഈ പറഞ്ഞ താണവള്‍ വച്ചുണ്ടാക്കി കൊടുത്തപ്പോളാണ്. അതു പിന്നെ അയലോക്കം ഒക്കെയാവുമ്പോള്‍ പരസ്പരം സഹായിക്കണ്ടയോ!

speak out Raselath Latheef on casteism in kerala
Author
Thiruvananthapuram, First Published Oct 11, 2018, 6:55 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

speak out Raselath Latheef on casteism in kerala
സുനാമി വരുമ്പോഴും വെള്ളം മൂക്കിന്‍തുമ്പത്ത് വരെ പൊങ്ങുമ്പോളും ഞങ്ങള്‍ ഒറ്റക്കെട്ടാ. ജാതിയും മതവും പറഞ്ഞോണ്ട് വന്നാ ചൂലിനടിക്കും. ഓണത്തിനും ക്രിസ്മസിനും പെരുന്നാളിനും തൊപ്പിയും കുരിശും കുറിയും ഇട്ട മൂന്നു പിള്ളേരുടെ ഫോട്ടോ വാട്‌സാപ്പിലും ഫേസ്ബുക്കിലും ഇടും. കൂടെ, മലയാളത്തിന്റെ മണ്ണില്‍ വര്‍ഗീയത വേരോടില്ല എന്നാരു ഗമണ്ടന്‍ എഴുത്തും. പിന്നെ, ഉത്തരേന്ത്യന്‍ ജാതീയ പ്രക്ഷോഭങ്ങളുടെ വാര്‍ത്തകള്‍ക്ക് താഴെപ്പോയി 'ദൈവത്തിന്റെ സ്വന്തം നാട്ടിലോട്ട് നോക്കിയേച്ച് പോടാ' എന്ന് മലയാളത്തില്‍ വെല്ലുവിളിക്കും. എത്ര സുന്ദര കേരളം! 

പക്ഷേ, ഈ ഞങ്ങളുണ്ടല്ലോ... 

ഞങ്ങള്‍ക്ക് ഇപ്പോളും മക്കളുടെ കൂട്ടുകാര്‍ സ്വജാതി ആയില്ലേല്‍ ഒരു ശ്വാസംമുട്ടലാ. അതിനി ഇത്തിരി താണവരും കൂടെ ആയിപ്പോയാല്‍ കഴുത്തിന്റെ താഴെയൊരു പിടുത്തം വീഴും. ഉറക്കം കുറേ നാളത്തേക്ക് മുടങ്ങും. 

എങ്ങാനും ഒരു പ്രേമം ഉണ്ടെന്ന് അറിഞ്ഞാല്‍ ആദ്യത്തെ ചോദ്യം 'എന്നാതാടീ മുടിഞ്ഞവളെ അവന്റെ ജാതി' എന്നതാവും. ഇനി ജാതി ഒന്നായാലോ? അപ്പോഴും ഒണ്ടാവും പ്രശ്‌നം. മൂവായിരത്തെട്ടു പിരിവുകള്‍ ഉള്ളതില്‍ നമ്മുടെ ആ തിരിവും മറിവും വളവും ഒക്കെ ഒത്തു വരണ്ടായോ. അല്ലേല്‍ ആകെ പ്രശ്‌നമല്ലിയോ . 

കുടുമ്പത്തൂന്നു വെളിയിലോട്ടു കാലു വച്ചാല്‍ അയലോക്കത്തെ മുറ്റത്തു തുടങ്ങും ജാതി. അവര് ജാതി മറ്റേതല്ലേ അപ്പോ അങ്ങനല്ലേ വരൂ. കഴിഞ്ഞയാഴ്ച പനിച്ചു കിടന്നപ്പോ ഇച്ചിരി കഞ്ഞി കുടിച്ചത് ഈ പറഞ്ഞ താണവള്‍ വച്ചുണ്ടാക്കി കൊടുത്തപ്പോളാണ്. അതു പിന്നെ അയലോക്കം ഒക്കെയാവുമ്പോള്‍ പരസ്പരം സഹായിക്കണ്ടയോ!

അതിനിയിപ്പോ മുഖ്യ മന്ത്രി ആയാലും ചോവോനല്ലേ, അത് ഞങ്ങള്‍ക്ക് അങ്ങ് സഹിച്ചു കൊടുക്കാന്‍ പറ്റുമോ! 

സമുദായക്കാര്‍ കൂടുന്നിടത്തു വീണ്ടും ജാതി പൊക്കിക്കെട്ടും തലയ്ക്കു മേലെ. ചെറുമന്റെ മക്കള്‍ വിദ്യ അഭ്യസിച്ചതും ജോലിക്കാരായതും ഒന്നും ഞങ്ങള്‍ക്ക് മനസ്സ് കൊണ്ട് അത്രക്ക് അങ്ങട് പിടിക്കില്ല . 

'ഓന്‍ മയിസ്രേട്ട് ആയാലും ഓന്റെ ജാതി മറ്റതാ'. അല്ലെങ്കില്‍ 'എത്ര പണം ഉണ്ടേലും മാര്‍ക്കം കൂടിയ ജാതിയല്ലേ'. ഇതൊക്കെയേ ഞങ്ങള്‍ പറയൂ. അതിപ്പോ നാട്ടു നടപ്പു അങ്ങനാണല്ലോ. ജാതീല്‍ താണവര്‍, അതിനി മുത്തശ്ശന്റെ പ്രായമായാലും അവരെ പേരെ വിളിക്കൂ ഞങ്ങള്‍. 

ഇതു മാത്രമല്ല ഇനിയുമുണ്ട് ഞങ്ങള്‍ക്ക് ജാതി വ്യവസ്ഥകള്‍ നാട്ടുനടപ്പുകള്‍ 

അതിനിയിപ്പോ മുഖ്യ മന്ത്രി ആയാലും ചോവോനല്ലേ, അത് ഞങ്ങള്‍ക്ക് അങ്ങ് സഹിച്ചു കൊടുക്കാന്‍ പറ്റുമോ! 

ഒരു നാടിന്റെ നേരെ പല്ലിളിച്ചു നില്‍ക്കുന്ന തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച, മൂല്യച്യുതി , വര്‍ധിച്ചു വരുന്ന കൊലപാതകങ്ങള്‍, കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, പൊതുവായ ആവശ്യങ്ങള്‍, അത്യാവശ്യങ്ങള്‍. ഇതൊന്നുംപക്ഷേ, നമ്മടെ വിഷയമേയല്ല. നമ്മള്‍ക്കൊക്കെ
എന്തോരം വിഷയങ്ങള്‍ വേറെയുണ്ട്, അല്ല പിന്നെ!. 

ചന്ദ്രനില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടുമ്പോളും നമ്മള്‍ വാട്‌സപ്പില്‍ മെസേജ് അയച്ചു ഭക്തിക്കച്ചോടം നടത്തും. തുള്ളല്‍ ഡീജെ ആത്മീയ ഗുരുക്കള്‍ക്കു മുന്‍പില്‍ കമിഴ്ന്നുവീണു കിടക്കും. അകത്തെ മുറിയിലെ ഇരുമ്പുപെട്ടിക്കുള്ളിലെ രക്ത പരിശോധന ഫലം വായിക്കുന്നത് കേട്ടു കയ്യടിച്ചു പ്രാര്‍ത്ഥിക്കും .

പണ്ടേതാണ്ട് ഒരാള്‍ വന്നു പറഞ്ഞില്ലേ, കേരളം എന്നതാ ഭ്രാന്താലയം ആണെന്നൊക്കെ. അത് നമ്മളെ കുറിച്ചാണോ എന്ന് ഇടയ്‌ക്കൊരു തോന്നലുണ്ടാവും. എന്നാലും എന്നതാ, നമ്മളെല്ലാരും മലയാളികളല്ലേ. നമുക്ക് ജാതിയില്ലല്ലോ! 

Follow Us:
Download App:
  • android
  • ios