ഒരു ചെറിയ അക്ഷരത്തെറ്റിന്റെ പേരിൽ ആരെയെങ്കിലും ഇരുമ്പഴിക്കുള്ളിലാക്കുന്നത് ചിന്തിക്കാൻ പറ്റുമോ? 22 -കാരനായ ഒരു കൊലപാതകിയെ ഉത്തർപ്രദേശ് പൊലീസ് കണ്ടെത്തിയത് അത്തരമൊരു അക്ഷരപ്പിശകിന്‍റെ ഫലമായാണ്. എട്ട് വയസുള്ള ഒരു ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രാം പ്രതാപിനെയാണ് പൊലീസ് ഇരുമ്പഴിക്കുള്ളിലാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം സിംഗ്, പണം ആവശ്യപ്പെട്ടുകൊണ്ട് ഇംഗ്ലീഷിൽ ഒരു കത്തെഴുതി. എന്നാൽ, ഇംഗ്ലീഷ് നേരെചൊവ്വേ അറിയാതിരുന്ന അയാൾ കത്തിൽ വരുത്തിയ അക്ഷരത്തെറ്റാണ് വിനയായത്. ഒക്ടോബർ 26 -നാണ് എട്ടുവയസ്സുകാരനെ അവന്റെ മുത്തശ്ശിയുടെ വീടിനടുത്ത് നിന്ന് രാം പ്രതാപ് സിംഗ് തട്ടിക്കൊണ്ടുപോയത്. 

ഉത്തർപ്രദേശിലെ സാൻഡില നിവാസിയായ സിംഗ് കുട്ടിയുടെ ഒരു അകന്ന ബന്ധുകൂടിയാണ്. തട്ടിക്കൊണ്ടുപോയ അന്ന് തന്നെ അയാൾ മോഷ്ടിച്ച ഒരു ഫോണിലൂടെ ആൺകുട്ടിയെ മോചിപ്പിക്കാൻ രണ്ട് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് ഒരു സന്ദേശം അയക്കുകയുണ്ടായി. ഇംഗ്ലീഷ് ഫോർമാറ്റിലാണ് അയാൾ സന്ദേശം അയച്ചത്.  ആ സന്ദേശം ഇങ്ങനെയായിരുന്നു 'Do lakh rupay Seeta-Pur lekar pahuchiye. Pulish ko nahi batana nahi to hatya kar denge'(രണ്ട് ലക്ഷം രൂപയുമായി സീതാപൂരിലെത്തുക. പോലീസിനെ അറിയിക്കരുത്. ഇല്ലെങ്കിൽ നിങ്ങളുടെ മകൻ കൊല്ലപ്പെടും). അതിൽ 'police' എന്നതിന് പകരം 'Pulish'എന്നും, 'sitapur'എന്നതിന് പകരം 'Seeta-Pur'എന്നുമാണ് അയാൾ എഴുതിയിരുന്നത്. 

“ആൺകുട്ടിയുടെ കുടുംബം പരാതി നൽകിയപ്പോൾ, അവനെ കണ്ടെത്താൻ ഞങ്ങൾ ടീമുകൾ രൂപീകരിച്ചു. ഞങ്ങൾ ആ മൊബൈൽ നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. സൈബർ നിരീക്ഷണ സെല്ലിൽ കയറിയിറങ്ങി ഞങ്ങൾ ഒടുവിൽ സിമ്മിന്‍റെ ഉടമയെ കസ്റ്റഡിയിലെടുത്തു. എന്നാൽ, അദ്ദേഹത്തിന്റെ ഫോൺ മോഷണം പോയെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അത് മാത്രവുമല്ല അയാൾ എഴുത്തും വായനയും അറിയാത്ത ഒരാളായിരുന്നു. അയാൾക്ക് സന്ദേശം അയക്കാൻ സാധിക്കില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി” ഹര്‍ദോയി പൊലീസ് സൂപ്രണ്ട് അനുരാഗ് വാട്‍സ് പറഞ്ഞു. പിന്നീട് പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സിംഗ് ഉൾപ്പെടെ 10 പേരെ പൊലീസ് പിടികൂടി. സംശയമുള്ള എല്ലാവരോടും ഒരു സന്ദേശം എഴുതാൻ പൊലീസ് ആവശ്യപ്പെട്ടു: 'Main police main bharti hona chahta hoon. Main Hardoi se Sitapur daud kar ja sakta hoon' (എനിക്ക് ഒരു പൊലീസില്‍ ചേരണമെന്നുണ്ട്. എനിക്ക് ഹര്‍ദോയിയിൽ നിന്ന് സീതാപൂരിലേക്ക് ഓടിയെത്താന്‍ സാധിക്കും). തന്നെ കുടുക്കാനുള്ള വഴിയാണ് അതെന്ന് അറിയാതെയാണ് മറ്റുള്ളവർക്കൊപ്പം സിംഗും ആ സന്ദേശം എഴുതിയത്. എന്നാൽ, മുൻപ് വരുത്തിയ അതേ തെറ്റുകൾ അയാൾ അതിൽ ആവർത്തിച്ചു. പൊലീസും, സീതാപൂരും അയാൾ വീണ്ടും തെറ്റിച്ച് തന്നെ എഴുതി. അതോടെ കള്ളം പൊളിഞ്ഞു. അപ്പോൾ തന്നെ പ്രതി ഇരുമ്പഴിക്കുള്ളിൽ ആവുകയും ചെയ്‍തു. എന്നിരുന്നാലും ആൺകുട്ടിയെ പൊലീസിന് രക്ഷിക്കാനായില്ല, അവൻ അതിനകം തന്നെ കൊല്ലപ്പെട്ടിരുന്നു.