പത്ത് വർഷം മുമ്പുള്ള ആ ദിവസം മേരി ഒലിയോ ഇന്നും ഓർക്കുന്നു. അന്ന് കൊള്ളക്കാർ തോക്കുകളുമായി അവരുടെ പട്ടണത്തിൽ ആക്രമണം നടത്തിയപ്പോൾ അവർ പേടിച്ച് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. എന്നാൽ, അവർ പോയപ്പോഴാണ് ഒലിയോ അത് അറിഞ്ഞത്. കന്നുകാലികളുടെ കൂടെ, അവരുടെ രണ്ട് മക്കളെയും കൊള്ളക്കാർ കൊണ്ടുപോയിരുന്നു. ഒലിയോ ഭ്രാന്തുപിടിച്ചവളെപോലെ ഉറക്കെ അലറിവിളിച്ചു. "ഇപ്പോൾ അവർ എവിടെയാണെന്ന് എനിക്കറിയില്ല, അവർ ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്ന് പോലും എനിക്കറിയില്ല” ഒലിയോ പറയുന്നു. 

ദക്ഷിണ സുഡാനിലെ കുടുംബങ്ങളിൽ നിന്ന് കൊള്ളക്കാർ ബലമായി തട്ടിയെടുത്ത ആയിരങ്ങളിൽ രണ്ടുപേർ മാത്രമാണ് അവരുടെ മക്കൾ. ഒരിക്കൽ തട്ടിക്കൊണ്ടുപോയാൽ, കുട്ടികളെ പലപ്പോഴും പശുക്കൾക്ക് വേണ്ടി വാങ്ങുകയും വിൽക്കുകയും ചെയ്യും. ചിലപ്പോൾ വധുക്കളായോ തൊഴിലാളികളായോ ഉപയോഗിക്കുകയും ചെയ്യുന്നു. ദക്ഷിണ സുഡാനിൽ നൂറ്റാണ്ടുകളായി ഇങ്ങനെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു. ഇതുപോരാതെ, രാജ്യത്ത് കഴിഞ്ഞ ആറുവർഷമായി സർക്കാരിനെതിരെ നടക്കുന്ന വിമതർ നയിക്കുന്ന ആഭ്യന്തര യുദ്ധത്തിൽ പടയാളികളായി ഉപയോഗിക്കുന്നതും കുട്ടികളെയാണ്. ഏറ്റവും കൂടുതൽ കുട്ടിപ്പട്ടാളക്കാരുള്ള രാജ്യങ്ങളിൽ ഒന്നാണ് സുഡാൻ. ഇതിനോടകം 20,000 -ത്തോളം കുട്ടികളെ ഇതിനായി തട്ടിക്കൊണ്ടുപോയിട്ടുണ്ട് എന്നാണ് അനുമാനിക്കുന്നത്. എന്നാൽ, രണ്ടുമാസം മുമ്പ് പോരാട്ടം അവസാനിക്കുകയും ബാല സൈനികരിൽ പലരും കുടുംബങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, തട്ടിക്കൊണ്ടുപോയ അനേകം കുട്ടികളെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.   

വിമതർ ഗ്രാമീണരെ കൊന്നും, സ്ത്രീകളെ ബലാത്സംഗം ചെയ്തും, കൊള്ളയടിച്ചും, ആക്രമണം അഴിച്ചു വിടുന്നു. 12 വയസ്സ് മാത്രമുള്ള പെൺകുട്ടികളെ പോലും തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയോ, ഭാര്യമാരാക്കി വയ്ക്കുകയോ ചെയ്യുന്നു. സ്നേഹവും, കരുതലും അനുഭവിക്കേണ്ട പ്രായത്തിൽ പീഡനങ്ങളും, വേദനയും അനുഭവിക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികനില തകരാറിലാകുന്നു. പലപ്പോഴും അവർ കടുത്ത സമ്മർദ്ദത്തിനും വിഷാദത്തിനും അടിപ്പെടുന്നതായി കാണാം. ഒലിയോയുടെ കുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കുട്ടികളെ കണ്ടെത്താൻ സർക്കാർ യാതൊരു ശ്രമവും നടത്തിയില്ല.  ഒടുവിൽ മറ്റൊരു മാർഗ്ഗവുമില്ലാതെ, കുട്ടികളെ തിരികെ കിട്ടാനായി ഡേവിഡ് യൗ യൗ എന്ന വിമത നേതാവിന്റെ സഹായം അവർക്ക് തേടേണ്ടതായി വന്നു.  

ഒലിയോയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത്, ദക്ഷിണ സുഡാനിലെ ഏറ്റവും ശക്തമായ സർക്കാർ വിരുദ്ധ മിലിഷിയകളിലൊന്നായ കോബ്ര ഫാക്ഷൻ എന്ന വിമത ഗ്രൂപ്പിന്റെ നേതാവായിരുന്നു യൗ യൗ. 10 വയസ്സിന് താഴെയുള്ള 1,700 -ൽ അധികം കുട്ടികളെ അദ്ദേഹം തന്റെ സൈന്യത്തിൽ ചേർത്തിരുന്നു. എന്നാൽ, കുറച്ച് വർഷം മുൻപ്, അയാൾ തന്റെ വിമത സംഘത്തെ പിരിച്ചുവിട്ട് ബാല സൈനികരെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയച്ചു.  ഇപ്പോൾ അയാൾ ദക്ഷിണ സുഡാനിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെതിരെ പോരാടുകയാണ്. “അത് തീർത്തും തെറ്റാണെന്ന് ഞങ്ങൾ മനസ്സിലാക്കി. കുട്ടികളെ രക്ഷിക്കാനും അവരുടെ വീട്ടുകാർക്ക് തിരികെ നൽകാനുമുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ ഇപ്പോൾ തുടരുന്നു” യൗ പറഞ്ഞു.  

രണ്ട് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം, തട്ടിക്കൊണ്ടുപോയ 54 കുട്ടികളെ മാതാപിതാക്കൾക്ക് തിരികെ നൽകാൻ അയാൾക്കായി. അതുപോലെ ഒരു ദിവസം തന്റെ മക്കളും തന്നെ തേടിവരുമെന്ന് ഒലിയോയും പ്രതീക്ഷിക്കുന്നു. മക്കളെ കണ്ടെത്തുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന്, ഒലിയോ മറുപടി പറഞ്ഞു, “പ്രതീക്ഷയില്ലായിരുന്നുവെങ്കിൽ ഇവിടെ നിരവധി അമ്മമാർ ഇതിനോടകം നെഞ്ചുപൊട്ടി മരിക്കുമായിരുന്നു!"