കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സമൂഹത്തിലെ ക്വില്‍ത്താന്‍ എന്ന തുരുത്തില്‍ ഒരു പ്രസവം നടന്നു. 28കാരിയായ യുവതിയുടെ രണ്ടാമത്തെ പ്രസവം. പ്രസവാനന്തരം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മറുപിള്ള പുറത്തുവരുന്നില്ല. രക്തം വാര്‍ന്നു പോയിക്കൊണ്ടുമിരുന്നു.

ഒറ്റപ്പെട്ട ആ തുരുത്തില്‍ നിന്നും മരണത്തിലേക്കുള്ള യാത്ര തുടങ്ങി ആ അമ്മ. അലയടിക്കുന്ന തിരകളുടെ ശബ്ദത്തില്‍ ഒപ്പമുള്ളവരുടെ തേങ്ങലുകള്‍ മുങ്ങിപ്പോയി. അകലെയുള്ള ഏതൊക്കെയോ തുരുത്തുകളില്‍ പ്രതീക്ഷയുടെ കിരണങ്ങളുണ്ട്. പക്ഷേ എങ്ങനെ പോകാന്‍? അഗത്തി ദ്വീപിലെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാരും അധികൃതരും കിണഞ്ഞുശ്രമിച്ചു. പക്ഷേ രാത്രിയായതിനാല്‍ ഹെലികോപ്റ്റര്‍ ദ്വീപില്‍ ഇറക്കാനാവില്ല. എല്ലാ വഴികളും അടഞ്ഞെന്നു കരുതിയിരുന്ന നിമിഷങ്ങളിലാണ് ഡോക്ടര്‍ മുഹമ്മദ് വാഖിദ് എന്ന ഡോക്ടര്‍ ഒരു വഴി പറയുന്നത്. യുവതിയെയും കൊണ്ട് സ്‍പീഡ് ബോട്ടില്‍ അഗത്തിയിലേക്ക് പോകുക. പിന്നെ നടന്നതൊക്കെ സിനിമാക്കഥകളെ വെല്ലുന്ന സംഭവങ്ങള്‍. ആ കഥളൊക്കെ ഒറ്റരാത്രി കൊണ്ട് ഹീറോയായി മാറിയ ഡോ വാഖിദ് തന്നെ പറയും.

ഫെബ്രുവരി 19ന് വൈകുന്നേരമാണ് സംഭവം. ക്വില്‍ത്താനിലെ ആ പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ വാഖിദ് ഉള്‍പ്പെടെ മൂന്നു ഡോക്ടര്‍മാര്‍. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു പ്രസവം. അരമണിക്കൂറിനു ശേഷം വനിതാ ഗൈനക്കോളജിസ്റ്റാണ് മറുപിള്ള പുറത്തുവരാത്ത വിവരം അറിയിക്കുന്നത്. സാധാരണയായി അരമണിക്കൂറിനകം ഇത് സംഭവിക്കേണ്ടതാണ്. യുവതിയുടെ ബിപി താഴ്‍ന്നു തുടങ്ങി. പള്‍സ് നിരക്കും ഉയര്‍ന്നു. ഇനി അഗത്തിയിലോ കവരത്തിയിലോ മാത്രമേ വിദഗ്ദ ചികിത്സ ലഭിക്കൂ.

എയര്‍ലിഫ്റ്റിംഗിന് ശ്രമിച്ചെങ്കിലും രാത്രിയില്‍ സാധ്യമല്ലെന്നായിരുന്നു മറുപടി. ഇതിനിടെ യുവതിയുടെ ഹീമോഗ്ലോബിന്‍ നിലയും അപകടകരമായ അളവിലേക്കു താഴാന്‍ തുടങ്ങി.

ക്വില്‍ത്താനിലെ ആശുപത്രിയിലാണെങ്കില്‍ ബ്ലഡ് ബാങ്ക് പോയിട്ട്  ഒരു ബ്ലഡ് ബാഗുപോലുമുണ്ടായിരുന്നില്ല..

അങ്ങനെയാണ് സ്‍പീഡ് ബോട്ടെന്ന ആശയം ഉടലെടുക്കുന്നത്. ആശുപത്രി അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും താങ്ങായി ഒപ്പം നിന്നു. കഡ്‍മട്ട് ദ്വീപില്‍ നിന്നും പൊലീസിന്‍റെ സ്പ‍ീഡ് ബോട്ട് ക്വില്‍ത്താനിലേക്കു കുതിച്ചെത്തി. മൂന്നു ബ്ലഡ് ബാഗുകളും കൊണ്ടായിരുന്നു പൊലീസിന്‍റെ വരവ്. ഇതിനിടെ രക്തദാതാക്കളെയും സംഘടിപ്പിച്ചു. അഗത്തിയിലേക്കുള്ള യാത്രയ്ക്ക് പൊലീസ് സംഘം ബോട്ട് തയ്യാറാക്കുന്ന സമയത്തിനിടയില്‍ ആവശ്യമായ രക്തം സ്വീകരിച്ച് യുവതിയുടെ ശരീരത്തിലേക്കു കടത്തിവിട്ടു. ഒപ്പം ഡ്രിപ്പും നല്‍കി. വനിതാ ഗൈനക്കോളജിസ്റ്റ് ഡോ സുഹ്ര ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ക്കൊപ്പം വാഖിദും സംഘവും കയറിയ ബോട്ട് പുലര്‍ച്ചെ 12.45ന് യുവതിയുമായി അഗത്തിയിലേക്കു കുതിച്ചു. ഒരു സംഘം പൊലീസുകാര്‍  മറ്റൊരു ബോട്ടില്‍ അനുഗമിച്ചു.

കാറ്റിനെയും കടലിനെയും വെല്ലുവിളിച്ചുകൊണ്ടുള്ള യാത്ര. എത്രയും വേഗം അഗത്തിയിലെത്തണമെന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു മനസില്‍. വെറും രണ്ടരമണിക്കൂറോളം സമയം മതി സാധാരണഗതിയില്‍ അഗത്തിയിലേക്കുള്ള യാത്രയ്ക്ക്. എന്നാല്‍ അഗത്തിക്ക് നോട്ടിക്കല്‍ മൈലുകള്‍ക്കിപ്പുറം ബോട്ട് കേടായി. പരമാവധി വേഗതയില്‍ കുതിച്ചതിന്‍റെ പരിണിതഫലം. എല്ലാവരുടെയും നെഞ്ചു കലങ്ങിയ നിമിഷങ്ങള്‍. എന്നാല്‍ സബ്ബ് ഇന്‍സ്പെകടര്‍ മുഹമ്മദ് ഖലീല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘാംഗങ്ങളുടെ മനസാനിധ്യം ഡോക്ടര്‍മാരുടെ പ്രാര്‍ത്ഥനകള്‍ക്ക് കരുത്തുപകര്‍ന്നു. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ തകരാറ് പരിഹരിച്ച് ബോട്ട് വീണ്ടും കുതിച്ചു. അങ്ങനെ രാവിലെ ഏഴു മണിയോടെ അഗത്തിയുടെ മണ്ണില്‍.

അഗത്തി രാജീവ് ഗാന്ധി ആശുപത്രിയിലെ ഗൈനക്കോളജി വിദഗ്ധന്‍ ഡോ റോബിന്‍ ചെറിയാന്‍റെ കൈകളിലേക്ക് യുവതിയെ ഏല്‍പ്പിക്കുമ്പോഴും ആശങ്കയുടെ നിമിഷങ്ങള്‍. ഹീമോഗ്ലോബിന്‍ നില പരിശോധിച്ചപ്പോള്‍ അല്‍പ്പം ആശ്വാസം. ക്വില്‍ത്താനില്‍ നിന്നും പുറപ്പെടുമ്പോള്‍ കേവലം 1.2 ആയിരുന്നത് 4.2 എന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നു. പൊലീസുകാര്‍ കൊണ്ടുവന്ന ബ്ലഡ് ബാഗുകളുടെയും രക്തം പകര്‍ന്നവരുടെ മഹാമനസിന്‍റെയും ഫലം. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ്ക്കൊടുവില്‍ ആ സന്തോഷ വാര്‍ത്തയെത്തി. ബ്ലീഡിംഗ് നിലച്ചിരിക്കുന്നു. മരണത്തുരുത്തില്‍ കുടുങ്ങിപ്പോകുമെന്നു കരുതിയ ആ അമ്മ ജീവിതത്തിന്‍റെ പച്ചത്തുരുത്തിലേക്ക് ബോട്ടിറങ്ങിയിരിക്കുന്നു.

കോട്ടയം മെഡിക്കല്‍കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ഡോ മുഹമ്മദ് വാഖിദ്   മുംബൈയിലെയും തിരുവനന്തപുരത്തെയുമൊക്കെ സേവനങ്ങള്‍ക്കൊടുവില്‍ ഒന്നരമാസം മുമ്പാണ് ജന്മനാട്ടിലെ ഈ തുരുത്തില്‍ ജോലിക്കെത്തുന്നത്. ലക്ഷദ്വീപില്‍ ഒരു ബ്ലഡ് ബാങ്കുപോലുമില്ലെന്നു പറയുമ്പോള്‍ ഡോക്ടറുടെ ശബ്ദത്തില്‍ അല്‍പ്പം വിഷമം. എന്നാല്‍ അതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാം ശരിയാവുമെന്നുമുള്ള ശുഭാപ്തിവിശ്വാസവും.

എല്ലാം ഒപ്പം നിന്നവരുടെ കാരുണ്യമെന്ന് പറയുമ്പോള്‍ ഈ കല്‍പ്പേനി സ്വദേശിയുടെ ശബ്‍ദത്തില്‍ തനി ലക്ഷദ്വീപുകാരന്‍റെ നിഷ്‍കളങ്കത. ചെയര്‍പേഴ്‍സണ്‍ അബ്ദുള്‍ ഷുക്കൂര്‍, എസ്‍ബിഒ ഖദീജ, എന്‍വൈസി നേതാവ്  അറഫാത്ത്, ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫാറൂഖ് ഖാന്‍, പൊലീസ് ഒഫീസര്‍മാരായ മുഹമ്മദ് ഖലീല്‍, ജുനൈദ്, മുഹമ്മദ് അലി, പ്രേംനസീര്‍, അബ്‍ദുള്‍ സമദ്...  ഒപ്പമുള്ളവരെക്കുറിച്ച് ഡോക്ടറുടെ പട്ടിക അങ്ങനെ നീളുന്നു.