1958ലാണ് മാവോ ചൈനയില്‍ തന്റെ കുപ്രസിദ്ധമായ 'കുരുവിയെ കൊല്ലല്‍' ക്യാമ്പയിന്‍ ആരംഭിച്ചത്.

ധാന്യങ്ങളും പഴങ്ങളുമൊക്കെ തിന്നു നശിപ്പിക്കുന്നു എന്നതായിരുന്നു കുരുവികളെ കൊല്ലാന്‍ കാരണം. മാവോയുടെ ഉത്തരവ് കേട്ടപാടെ ചൈനയിലെമ്പാടും കുരുവി വേട്ട തുടങ്ങി. സകല കുരുവികളേയും കല്ലെറിഞ്ഞും വെടിവെച്ചും അമ്പെയ്തും കെണി വച്ച് പിടിച്ചും കൊന്നു. കുരുവി കൂടുകളും കുരുവി മുട്ടകളും തകര്‍ത്തു. കുരുവികള്‍ ആ രാജ്യത്ത് നിന്നും തുടച്ചു നീക്കപ്പെട്ടു. അത് കഴിഞ്ഞപ്പോഴാണ് യഥാര്‍ത്ഥ അപകടം മാവോയും ജനങ്ങളും മനസിലാക്കിയത്. ധാന്യമണികള്‍ തിന്നുന്ന കൂട്ടത്തില്‍ വിളകളെ നശിപ്പിക്കുന്ന കീടങ്ങളെയും കുരുവികള്‍ തിന്നിരുന്നു. അബദ്ധം മനസിലായി മാവോ ഉത്തരവ് പിന്‍വലിച്ചെങ്കിലും വൈകി പോയിരുന്നു. കുരുവികള്‍ ഇല്ലാതായതോടെ പ്രകൃതിയുടെ സന്തുലനം തെറ്റി. കീടങ്ങള്‍ ക്രമാതീതമായി പെരുകി, വിളകള്‍ നശിച്ചു. ഏകദേശം നാല്‍പ്പതു ദശലക്ഷം ആളുകള്‍ പട്ടിണി കിടന്നു മരിച്ച മഹാ ക്ഷാമമായിരുന്നു ഈ മണ്ടന്‍ തീരുമാനത്തിന്റെ ഫലം.

അതിന്റെ തൊട്ടടുത്തോ ഒരുപടി മേലെയോ വരും ഇപ്പോഴത്തെ ഇന്ത്യയിലെ കശാപ്പു നിരോധനം.

കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തിനിടെ പലയിടത്തും നടപ്പാക്കിയ ഗോവധ നിരോധനം രാജ്യത്തെ കന്നുകാലി സമ്പത്തിനെ എങ്ങനെയാണ് ബാധിച്ചതെന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.

നാല്‍പ്പതു ദശലക്ഷം ആളുകള്‍ പട്ടിണി കിടന്നു മരിച്ച മഹാ ക്ഷാമമായിരുന്നു ഈ മണ്ടന്‍ തീരുമാനത്തിന്റെ ഫലം

2011 ലെ ലൈവ് സ്‌റോക്ക് സെന്‍സസ് പ്രകാരമുള്ള പശുക്കളുടെയും എരുമകളുടെയും എണ്ണം ശതമാന കണക്കില്‍ താഴെ കൊടുക്കുന്നു.

ഹരിയാന
പശുക്കള്‍ : 20.7%, എരുമകള്‍ : 79.3%

പഞ്ചാബ് 
പശുക്കള്‍ : 26%, എരുമകള്‍ 74%

യു.പി  
പശുക്കള്‍ 44.2% : എരുമകള്‍ 55.8%

ആന്ധ്ര  
പശുക്കള്‍ : 45.8%, എരുമകള്‍ : 54.2%

ഗുജറാത്ത്  
പശുക്കള്‍ : 48.6%, എരുമകള്‍ : 52.4

രാജസ്ഥാന്‍ 
പശുക്കള്‍ : 52.2%, എരുമകള്‍ : 47.8%

ബീഹാര്‍  
പശുക്കള്‍ : 65.2%, എരുമകള്‍ : 34.8 %

കേരളം  
പശുക്കള്‍ : 96.8%, എരുമകള്‍ : 3.2%

വെസ്റ്റ് ബംഗാള്‍  
പശുക്കള്‍ : 96.2%, എരുമകള്‍ : 3.8%

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍  
പശുക്കള്‍ : 95.4%, എരുമകള്‍: 4.6%

ഇതില്‍ പഞ്ചാബും ഹരിയാനയും ഗോവധം 1955ല്‍ തന്നെ നിരോധിച്ച സംസ്ഥാനങ്ങളാണ്. അന്ന് നിരോധനമേര്‍പ്പെടുത്തുന്ന കാലത്ത് പശുക്കളെ അപേക്ഷിച്ച് എരുമകളുടെ എണ്ണം നാമമാത്രമായിരുന്നു, പക്ഷെ അഞ്ചു പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും എരുമകളുടെ എണ്ണം വര്‍ദ്ധിച്ചു എഴുപത്തഞ്ചു ശതമാനത്തിനും മുകളിലായി. പശുക്കളുടെ എണ്ണം നാമമാത്രമായി. വൈഷ്ണവര്‍ക്കും സവര്‍ണ്ണ ഹിന്ദുക്കള്‍ക്കും മേല്‍ക്കോയ്മയുള്ള, ഗോവധം പാപമായി കരുതുന്ന യു പിയിലെയോ രാജസ്ഥാനിലെയോ കഥയും വ്യത്യസ്തമല്ല, പശുക്കളുടെ എണ്ണം അതിദ്രുതം കുറഞ്ഞുകൊണ്ടിരുന്നു. കൊല്ലാന്‍ നിയമതടസമില്ലാത്ത എരുമയുടെയും പോത്തിന്റെയും എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു.. എന്നാല്‍ ഗോവധ നിരോധനമില്ലാത്ത കേരളത്തിലും ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇപ്പോഴും പശുക്കളെ അപേക്ഷിച്ച് എരുമകള്‍ നാമമാത്രമാണ്.

ഇതിന്റെ കാരണം വളരെ ലളിതമാണ്. ഒരു വയസായ പശുവിന്റെയോ കാളയുടെയോ ബാദ്ധ്യത ഏറ്റെടുക്കാന്‍ കര്‍ഷകന്‍ തയാറല്ല എന്നത് തന്നെ. ഏട്ടിലെ പശു ഏട്ടിലെ പശുവായി തന്നെയിരിക്കും. പുണ്യം വേറെ പണം വേറെ. സ്വന്തം കുട്ടികള്‍ക്ക് പോലും നേരാം വണ്ണം ഭക്ഷണം കൊടുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ കര്‍ഷകനോടു വയസ്സായ കറവ വറ്റിയ പശുക്കളെയും ജോലി ചെയ്യാനാവാത്ത കാളകളെയും കൂടെ സംരക്ഷിക്കാന്‍ പറഞ്ഞാല്‍ കര്‍ഷകന്‍ പശുവിനെ വളര്‍ത്തേണ്ട എന്ന് തീരുമാനിക്കും.

ഒരു വയസായ പശുവിന്റെയോ കാളയുടെയോ ബാദ്ധ്യത ഏറ്റെടുക്കാന്‍ കര്‍ഷകന്‍ തയാറല്ല

ഇപ്പോള്‍ ഈ കശാപ്പു നിരോധനം കൊണ്ട് എരുമകളുടെ കാര്യത്തിലും തീരുമാനമായി. ഇത് മാട്ടിറച്ചിയുടെ മാത്രം പ്രശ്‌നമല്ല, കര്‍ഷകന്‍ ഏറ്റെടുക്കേണ്ടി വരുന്ന അധിക ബാധ്യത, തുകല്‍ വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാതിരിക്കല്‍ തുടങ്ങി ദൂരവ്യാപകമായ ഫലങ്ങള്‍ ഈ തീരുമാനം കൊണ്ടുണ്ടാവും. കന്നുകാലി വളര്‍ത്തലില്‍ നിന്നും സാധാരണ കര്‍ഷകര്‍ പിന്മാറുകയാവും ഇതിന്റെ അനന്തര ഫലം. പാലുല്‍പ്പന്നങ്ങള്‍ പിന്നെ കിട്ടാക്കനിയാവും. ഇന്ത്യ ഇന്നും അടുപ്പ് കത്തിക്കുന്നത് ചാണക വരളി വെച്ചാണ്, ഇന്ത്യയിലെ ചരക്കു നീക്കത്തില്‍ ഭൂരിഭാഗവും ഇപ്പോഴും കാളയുടെ മുതുകിലാണ്. പശുക്കളും കാളകളും എരുമകളും പോത്തുകളും നാളെ കര്‍ഷകര്‍ക്ക് ബാധ്യതയാവുമ്പോ എന്താണ് സംഭവിക്കുക എന്ന് നമ്മള്‍ക്ക് ഇപ്പോള്‍ ഊഹിക്കാന്‍ പോലുമാവില്ല. വയസായ മാടുകളെ ആളുകള്‍ റോഡിലേക്ക് വിടുന്ന പതിവ് ഗോവധം നിലവിലുള്ള സംസ്ഥാനങ്ങളിലുണ്ട്. അതാവും ഇനി കര്‍ഷകര്‍ക്കുള്ള ഏക മാര്‍ഗ്ഗം. ആ ഉപേക്ഷിക്കപ്പെട്ട കന്നുകാലികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നികുതിപണം ഉപയോഗിക്കേണ്ടതായും വരും.

2015ല്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 2568 ആണെങ്കില്‍ കഴിഞ്ഞ വര്‍്ഷം അതിന്റെ ഇരട്ടിയോളമായി. സാധാരണ ഗതിയില്‍ ആരോഗ്യം നശിച്ചു വരുന്ന കാളകളെ ചന്തയില്‍ വിറ്റു കിട്ടുന്ന പണം കൊണ്ടാണ് ഗ്രാമങ്ങളിലെ ദരിദ്ര കര്‍ഷകര്‍ പുതിയ ജോഡി കാളകളെ വാങ്ങുന്നകയോ, അടുത്ത കൃഷി ചെയ്യുകയോ ചെയ്യുന്നത്. വയസ്സായ മാടുകളെ കശാപ്പു ചെയ്യുകയാണ് ചെയ്യുക എന്ന് അവയെ വില്‍ക്കുന്ന കര്‍ഷകന് നന്നായറിയാം, പക്ഷെ അവര്‍ക്ക് അത് ചെയ്യാതിരിക്കനാവില്ല. 

ഉപേക്ഷിക്കപ്പെട്ട കന്നുകാലികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നികുതിപണം ഉപയോഗിക്കേണ്ടതായും വരും.

ഇന്ന് മഹാരാഷ്ട്രയിലെ ചന്തകളില്‍ തങ്ങളുടെ കന്നുകാലികളെ വില്‍ക്കാനായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന കര്‍ഷകരുടെ ചിത്രം ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്വന്തം അഷ്ടിക്കു തന്നെ ഗതിയില്ലാത്ത ഇവര്‍ക്ക് ഈ വയസായ കന്നുകാലികളെയും കൂടി നോക്കേണ്ടുന്ന ബാദ്ധ്യത ഒരിക്കലും സഹിക്കാന്‍ കഴിയില്ല. പുതിയവയെ വാങ്ങാന്‍ കഴിയാതെ വരുമ്പോഴുള്ള കൃഷിനാശവും ചില്ലറയല്ല. ദന്തഗോപുര വാസികളായ ഗോപ്രേമികളുടെ മുന്നില്‍ ഇവരുടെ ശവങ്ങള്‍ തൂങ്ങിയാടുന്ന കാഴ്ചയായിരിക്കും ഇനിയുള്ള പുലരികളില്‍ നമ്മള്‍ കാണാന്‍ പോകുന്നത്.

കന്നുകാലി കശാപ്പു നിരോധിക്കുന്നവര്‍ വാസ്തവത്തില്‍ കര്‍ഷകനെ കശാപ്പു ചെയ്യുകയാണ്.