കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശം; അവിടെയൊരു സുല്‍ത്താന!

പടയോട്ട കാലം മുതല്‍ ബീവിമാര്‍ മാറിമാറി ഭരിച്ചിരുന്നു. ഇന്നും ആ ഭരണം തുടരുകയാണ് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അറക്കല്‍ പ്രതാപത്തിനു ചുറ്റും വട്ടമിട്ടു പറന്ന കാലത്തിലും അവിടം ഭരിച്ചത് പെണ്‍ഭരണാധികാരികളാണ്. യുദ്ധവും സന്ധിയും വ്യാപാരവും അന്താരാഷ്ട്ര വിനിമയവുമെല്ലാം സുല്‍ത്താനമാരുടെ കയ്യില്‍ ഭദ്രമായിരുന്നു. പേര്‍ഷ്യയും ഹിന്ദുസ്ഥാനിയുമടക്കം നിരവധി ഭാഷകളറിയുന്നവരായിരുന്നു പല ബീവിമാരും. 

അറക്കല്‍ രാജവംശത്തിലെ പുതിയ സുല്‍ത്താനയായി ഫാത്തിമ മുത്തുബീവി ചുമതലയേറ്റിരിക്കുന്നു. അധികാരകൈമാറ്റത്തിന്റെ ഭാഗമായുള്ള വാള്‍, പരിച, വെള്ളിപ്പാത്രങ്ങള്‍ ഇവയെല്ലാം കൈമാറി. അറക്കല്‍ സ്വരൂപത്തിന്റെ മുപ്പത്തിയെട്ടാമത്തേയും, ബീവിമാരില്‍ പന്ത്രണ്ടാമത്തെയും ബീവിയാണ് ഫാത്തിമ മുത്തുബി.

മുന്‍ സുല്‍ത്താന്‍ ഹംസ ആലിരാജയുടെ സഹോദരിമാരാണ് കഴിഞ്ഞ ദിവസം അന്തരിച്ച ആയിഷാബിയും പുതിയ സുല്‍ത്താനായ ഫാത്തിമ മുത്തുബീവിയും.

കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശം അറയ്ക്കല്‍ രാജവംശമായിരുന്നു. കണ്ണൂരാണ് അറക്കല്‍ കൊട്ടാരം. കണ്ണൂര്‍ രാജവംശമെന്നും, കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സുല്‍ത്താനത്ത് എന്നും അറയ്ക്കല്‍ രാജവംശം അറിയപ്പെട്ടിരുന്നു. മരുമക്കത്തായ സമ്പ്രദായമാണ് രാജവംശം പിന്തുടര്‍ന്ന് പോന്നത്. അധികാരി സ്ത്രീയാണെങ്കില്‍ അറയ്ക്കല്‍ ബീവി എന്നും പുരുഷനാണെങ്കില്‍ അലി രാജ എന്നുമുള്ള സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. കണ്ണൂര്‍ നഗരത്തിന്റെ ആധിപത്യവും വടക്കേമലബാറിലെ കുരുമുളകിന്റെയും ഏലത്തിന്റെയും വാണിജ്യകുത്തകയും ഏറെക്കാലം അറയ്ക്കല്‍ കുടുംബക്കാര്‍ക്കായിരുന്നു. 1772 -ല്‍ ഡച്ചുകാരില്‍ നിന്നും ഇവര്‍ കണ്ണൂര്‍ കോട്ട കരസ്ഥമാക്കി. ബ്രിട്ടീഷുകാരുമായി ബീവി ഉണ്ടാക്കിയ കരാര്‍ പ്രകാരം മിനിക്കോയി, അമേനി, ലക്ഷദ്വീപ് എന്നിവ ബ്രിട്ടീഷ് ആധിപത്യത്തിലായി. ബീവി പിന്നീട് ബ്രിട്ടീഷുകാരില്‍ നിന്ന് അടുത്തൂണ്‍ (പെന്‍ഷന്‍) പറ്റി.

അറയ്ക്കല്‍രാജവംശത്തിലെ ഭരണാധിപയെ ആണ് സുല്‍ത്താന എന്നറിയപ്പെടുക. അറയ്ക്കല്‍ രാജവംശം ഇപ്പോഴും മരുമക്കത്തായ സമ്പ്രദായമാണ് ആചരിക്കുന്നത്. കുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ അംഗത്തെ, അത് സ്ത്രീ ആയാലും പുരുഷനായാലും, കുടുംബത്തിന്റെ നായകത്വം ഏല്‍പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അറയ്ക്കല്‍ രാജവംശത്തില്‍ പല കാലങ്ങളിലും സ്ത്രീകളുടെ നേതൃത്വവും ഭരണവും ഉണ്ടായിട്ടുണ്ട്. ഏറ്റവും മൂത്ത അംഗം സ്ത്രീയാണെങ്കില്‍ അവര്‍ രാജ്യഭാരം ഏറ്റെടുക്കുകയായിരുന്നു പതിവ്. അവരെ വലിയ ബീവി എന്നു വിശേഷിപ്പിച്ചു. 1770-ല്‍ സുല്‍ത്താനയായത് ജൂനുമ്മ ബീവിയായിരുന്നു. മൈസൂര്‍-ഇംഗ്ലീഷ് യുദ്ധങ്ങളുടെ നിര്‍ണായകഘട്ടങ്ങളിലും അവര്‍ തന്നെയായിരുന്നു ഭരണം നടത്തിയിരുന്നത്. എന്നാല്‍, സൈന്യങ്ങളുടെ നേതൃത്വവും ദൈനംദിന ഭരണവും കാര്യമായി നിയന്ത്രിച്ചുപോന്നിരുന്നത് ഇവരുടെ ഭര്‍ത്താവായ ആലിരാജാവായിരുന്നു. അറയ്ക്കല്‍ കുടുംബക്കാര്‍ സ്ത്രീപുരുഷഭേദമില്ലാതെ കാരണവസ്ഥാനം അലങ്കരിച്ചു. 

പടയോട്ട കാലം മുതല്‍ ബീവിമാര്‍ മാറിമാറി ഭരിച്ചിരുന്നു. ഇന്നും ആ ഭരണം തുടരുകയാണ് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അറക്കല്‍ പ്രതാപത്തിനു ചുറ്റും വട്ടമിട്ടു പറന്ന കാലത്തിലും അവിടം ഭരിച്ചത് പെണ്‍ഭരണാധികാരികളാണ്. യുദ്ധവും സന്ധിയും വ്യാപാരവും അന്താരാഷ്ട്ര വിനിമയവുമെല്ലാം സുല്‍ത്താനമാരുടെ കയ്യില്‍ ഭദ്രമായിരുന്നു. പേര്‍ഷ്യയും ഹിന്ദുസ്ഥാനിയുമടക്കം നിരവധി ഭാഷകളറിയുന്നവരായിരുന്നു പല ബീവിമാരും. 

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടും ചെറുത്തുനില്‍പ് നടത്തി നാല് പതിറ്റാണ്ടോളമാണ് അന്നത്തെ സുല്‍ത്താന ജുനൂമ്മബി അറക്കല്‍ രാജവംശത്തിന്റെ തലപ്പത്ത് നിന്നത്. സുല്‍ത്താന ഇമ്പിച്ചി ബീവി ആദിരാജയുടെ കാലത്താണ് ചെറുത്തുനില്‍പ്പുകള്‍ക്കൊടുവില്‍ ലക്ഷദ്വീപുകള്‍ മുഴുവനായും ബ്രിട്ടീഷുകാര്‍ക്ക് അടിയറവ് വെക്കേണ്ടി വന്നത്. 

പുതിയ സുല്‍ത്താന ഫാത്തിമ മുത്തുബീവിയും കഴിഞ്ഞ ദിവസം അന്തരിച്ച ആയിഷാബിയും 

അറക്കല്‍ രാജവംശത്തിലെ പുതിയ സുല്‍ത്താനയായി ഫാത്തിമ മുത്തുബീവി ചുമതലയേല്‍ക്കുന്നു

1793ല്‍ കണ്ണൂര്‍ കോട്ട വളഞ്ഞപ്പോള്‍ അന്നത്തെ സുല്‍ത്താന ജുനൂമ്മാബി കോട്ടയില്‍ തടവിലാക്കപ്പെട്ടു. മക്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ കടല്‍യുദ്ധക്കാര്‍ ബീവിയുടെ മകനെ കൊലപ്പെടുത്തി. ഇരുത്തിരണ്ടാം കിരീടവകാശി ജുനൂമ്മാബി, 42 വര്‍ഷവും, ഇരുപത്തിനാലാം കിരീടാവകാശി ആയിഷ ബി 24 വര്‍ഷവും, ഇരുപത്തിമൂന്നാം കിരീടാവകാശി മറിയംബി 19 വര്‍ഷവുമാണ് അധികാരത്തിലിരുന്നത്. വാണിജ്യ, സൈനിക കാര്യങ്ങളില്‍ പ്രധാന പങ്ക് വഹിച്ചവരായിരുന്നു ഇവര്‍. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറുമ്പോള്‍ പോലും അറക്കല്‍ രാജവംശം ബീവിമാരുടെ കൈകളിലായിരുന്നു. 

അറക്കല്‍ രാജവംശത്തിന്റെ കഥ. മാങ്ങാട് രത്‌നാകരന്‍ തയ്യാറാക്കിയ യാത്ര എപ്പിസോഡുകള്‍