Asianet News MalayalamAsianet News Malayalam

ആൾക്കുരങ്ങെന്നും, താടിസ്ത്രീയെന്നും, കരടിവനിതയെന്നും അധിക്ഷേപിച്ച് പ്രദര്‍ശിപ്പിച്ച സ്ത്രീ; കണ്ണില്ലാ ക്രൂരത

1834 -ൽ വെസ്റ്റേൺ മെക്സിക്കോയിലെ മലനിരകളിലാണ് ജൂലിയ പാസ്ട്രാന ജനിച്ചത്. വളർന്നപ്പോൾ അവൾക്ക് നാലടി അഞ്ചിഞ്ച് ഉയരവും 50 കിലോ ഭാരവും ഉണ്ടായിരുന്നു. 

The baboon lady of Mexico
Author
Mexico, First Published Mar 9, 2020, 9:13 AM IST

ആളുകളെ രസിപ്പിക്കാനും, നേരമ്പോക്കിനുമായി മനുഷ്യമൃഗശാലകളും, മനുഷ്യപ്രദർശന പരിപാടികളും ആളുകൾ സംഘടിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രശസ്‍തിക്കും പണത്തിനുമായി ഏത് ക്രൂരമായ മാർഗ്ഗങ്ങളും ആളുകൾ സ്വീകരിച്ചിരുന്ന കാലം. പത്തൊൻപതാം നൂറ്റാണ്ടിൽ അത്തരം മനുഷ്യത്വരഹിതമായ ക്രൂരവിനോദങ്ങളും, അപമാനങ്ങളും അനുഭവിക്കേണ്ടിവന്നവരാണ് 'താടിയുള്ള സ്ത്രീ' എന്നറിയപ്പെട്ടിരുന്ന ജൂലിയ പാസ്ട്രാന. ജീവിച്ചിരിക്കുമ്പോൾ പ്രദർശനത്തിന് വച്ചിരുന്ന അവരെ, മരിച്ചപ്പോൾപോലും ആളുകള്‍ വെറുതെ വിട്ടില്ല. മരിച്ചശേഷവും അവരെ പ്രദർശനത്തിന് വച്ച് പണം ഉണ്ടാക്കാൻ ശ്രമിച്ചു. അതും മറ്റാരുമല്ല, സ്വന്തം ഭർത്താവ് തന്നെയാണ് അതിന് മുതിർന്നത്. ഒടുവിൽ 2013 -ൽ മെക്സിക്കോയിലെ ജന്മസ്ഥലത്താണ് അവരെ സംസ്‍കരിക്കുന്നത്.

1834 -ൽ വെസ്റ്റേൺ മെക്സിക്കോയിലെ മലനിരകളിലാണ് ജൂലിയ പാസ്ട്രാന ജനിച്ചത്. വളർന്നപ്പോൾ അവൾക്ക് നാലടി അഞ്ചിഞ്ച് ഉയരവും 50 കിലോ ഭാരവും ഉണ്ടായിരുന്നു. എന്നാൽ, മറ്റാർക്കും ഇല്ലാത്ത രൂപമായിരുന്നു അവളുടേത്. അവളുടെ കൈപ്പത്തികളും കാലുകളും ഒഴികെ ശരീരം മുഴുവനും രോമം കൊണ്ട് മൂടിയിരുന്നു. acromegaloid hypertrichosis syndrome എന്നറിയപ്പെടുന്ന അപൂർവ രോഗമായിരുന്നു അവൾക്ക്. കുഞ്ഞായിരുന്നപ്പോൾ മുതൽ അവളുടെ രൂപം ആളുകളെ ചിരിപ്പിക്കുകയും, രസിപ്പിക്കുകയും ചെയ്തു. അവളുടെ ശരീരം കട്ടിയുള്ള രോമം കൊണ്ട് നിറഞ്ഞിരുന്നു. കൂടാതെ അസാധാരണമായി കട്ടിയുള്ള ചുണ്ടുകളും വലിയ താടിയെല്ലും അവൾക്കുണ്ടായി. കട്ടിയുള്ളതും കമാനംപോലെയുള്ളതുമായ പുരികങ്ങളുമുള്ള വളരെ വലിയ ഒരു നെറ്റിയും ജൂലിയയ്ക്ക് ഉണ്ടായി. ഇതൊന്നും പോരാതെ അസാധാരണമായി വലിയ മൂക്കും, ക്രമരഹിതമായ പല്ലുകളും അവളുടെ രൂപത്തെ കൂടുതൽ അസ്വാഭാവികമാക്കി.  

മകളുടെ രൂപം കണ്ട് അവളുടെ അമ്മ കരഞ്ഞു. ഏതോ അമാനുഷികശക്തിയുടെ കളിയാണ് ഇതെന്ന് അവളുടെ അമ്മ കുറ്റപ്പെടുത്തി. എല്ലാവർക്കും ഒരു കാഴ്ച വസ്തുവായി അവൾ മാറി. തന്റെ രൂപം കണ്ട് അവൾ സ്വയം പഴിച്ചു. ഒടുവിൽ എല്ലാവരുടെയും ഇടയിൽ ഒരു കോമാളിയായിത്തീരുമോ തന്റെ മകൾ എന്നോർത്ത് ആധിപൂണ്ട അവളുടെ അച്ഛനുമമ്മയും അവളെ അടുത്തുള്ള ഒരനാഥാലയത്തിൽ കൊണ്ടുചെന്നാക്കി. അവളുടെ ഈ രൂപത്തെ കുറിച്ച് കേട്ട സംസ്ഥാന ഗവർണർ അതിഥികളെ വിനോദിപ്പിക്കാനും, വീട്ടുജോലികൾ ചെയ്യാനുമായി ജൂലിയയെ ദത്തെടുത്തു. തന്റെ ഇരുപത് വയസ്സുവരെ അവൾ അവിടെ കഴിഞ്ഞു. ഇരുപത് വയസ്സായപ്പോൾ അവൾ സ്വന്തം ഗോത്രത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു.  

എന്നിരുന്നാലും, അവൾ വീട്ടിലേയ്ക്കുള്ള യാത്ര പൂർത്തിയാക്കിയില്ല. കാരണം വീട്ടിലേക്കുള്ള യാത്രാമധ്യേ, എം. റേറ്റ്സ് എന്ന അമേരിക്കൻ ഷോമാനെ അവൾ കണ്ടുമുട്ടി. സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ അവളെ ഷോമാൻ പ്രേരിപ്പിച്ചു. താമസിയാതെ, ജൂലിയ അമേരിക്കയിലും യൂറോപ്പിലും തന്റെ കരിയർ ആരംഭിച്ചു. ഫ്രീ ഷോകളിലും സർക്കസുകളിലും അവൾ പങ്കെടുത്തു. “മെക്സിക്കോയിലെ കാടുകളിൽ നിന്നുള്ള കരടി സ്ത്രീ!” എന്നായിരുന്നു അവളെ കുറിച്ചുള്ള പരസ്യവാചകം. അവളെ കാണാൻ ആളുകൾ ആകാംക്ഷയോടെ തടിച്ചുകൂടി. അവളെ ഉപയോഗിച്ച് പരമാവധി പണം ഉണ്ടാക്കാൻ സംഘാടകർ ശ്രമിച്ചു.

ജൂലിയയെ അർദ്ധമനുഷ്യനായി ആദ്യമായി ചിത്രീകരിച്ചത് ഡോക്ടറായ അലക്സാണ്ടർ ബി. മോട്ട് ആണ്. അവളെ പരിശോധിച്ച് മനുഷ്യന്റെയും ഒറാംഗുട്ടാന്റെയും സങ്കരയിനമാണ് അവൾ എന്നാണ് അയാൾ പ്രഖ്യാപിച്ചത്. അക്കാലത്ത്, ഒറാൻഗുട്ടാനുകളെ അപകടകരമായ ലൈംഗികതയോടുകൂടിയ ഏറ്റവും പ്രാകൃതമായ ആൾകുരങ്ങായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ജൂലിയയുടെ പുതിയ ഷോമാനായ തിയോഡോർ ലിന്റ ഈ അവകാശവാദത്തെ പിന്തുണക്കുകയും അവളുടെ ഈ സാമ്യം അടിവരയിടുന്ന പ്രമോഷണൽ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. അയാൾ അവളെ കുരങ്ങു വനിത എന്നാണ് പരസ്യപ്പെടുത്തിയത്. വേദിയിൽ അവളെ കണ്ട ആളുകൾ ആർത്തു ചിരിച്ചു.  ആളുകൾ പറഞ്ഞു, മുഖം ഒരു കുരങ്ങിന്റെതു പോലെ അല്ലെ?.. മറ്റു ചിലർ പറഞ്ഞു, അവൾക്ക് ഒരു സ്ത്രീയുടെ ശരീരവും കൈകാലുകളുമാണ് പക്ഷേ തൊലി ഒരു കരടിയുടെത് പോലെയാണല്ലോ! ഇതിനും പോരാതെ ചിലർ അവളെ മനുഷ്യ ഒറാൻഗുട്ടാൻ എന്നും വിളിച്ചു. അവളെ ഒരു മൃഗമെന്ന് ആളുകൾ പറഞ്ഞെങ്കിലും, പക്ഷേ അവൾ 'എല്ലാ അർത്ഥത്തിലും' ഒരു സ്ത്രീ ആയിരുന്നു. യഥാർത്ഥത്തിൽ ജൂലിയ ദയയുള്ള, സൗമ്യയായ ഒരു സ്ത്രീയായിരുന്നു. അവർ വളരെ ബുദ്ധിമതിയായിരുന്നു. പാടാനും നൃത്തം ചെയ്യാനും അവൾക്ക് നല്ല കഴിവായിരുന്നു. ഇംഗ്ലീഷ് ഉൾപ്പെടെ മൂന്ന് ഭാഷകളും അവർ സംസാരിച്ചു.  

ജൂലിയയെ പ്രദർശിപ്പിച്ച് ലിന്റ സമ്പന്നനായിത്തീർന്നു. പക്ഷേ, അപ്പോഴേക്കും എതിരാളികളായ ഷോമാൻമാർ, ഒരുപക്ഷേ പി.ടി. ബാർനം അവളിൽ താൽപ്പര്യം പ്രകടിപ്പിക്കാൻ തുടങ്ങി. തന്റെ ജീവിതം, പണവും, നിക്ഷേപവും കൈവിട്ടു പോകുമെന്ന് ഭയപ്പെട്ട ലിന്റ് അവളെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. യൂറോപ്പിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ്, ജൂലിയ ലിന്റിനെ വിവാഹം കഴിച്ചു. അവരുടെ വിവാഹം രഹസ്യമായിട്ടാണ് നടന്നത്. ജൂലിയ അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു. അതേസമയം ലിന്റിന് തിയോഡോർക്ക് ജൂലിയയുടെ വരുമാനത്തിലായിരുന്നു കണ്ണ്. അയാൾ അവളോട് സ്നേഹം നടിച്ച് അവളുടെ സ്വത്ത് മുഴുവൻ കൈയടക്കാനുള്ള ഉദ്ദേശമായിരുന്നു. എന്നാൽ, പാവം ജൂലിയ അയാളെ ആത്മാർത്ഥമായി സ്നേഹിച്ചു. 1860 ജനുവരിയിൽ, മോസ്കോയിൽ ആയിരിക്കുമ്പോൾ, അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. പക്ഷേ, രണ്ട് ദിവസത്തിന് ശേഷം ആ കുഞ്ഞ് മരിച്ചു. കുഞ്ഞ് മരിച്ച് മൂന്ന് ദിവസത്തിന് ശേഷം, ജൂലിയയും മരിച്ചു. എന്നാൽ ജൂലിയയുടെ മരണത്തിന് ശേഷവും പണക്കൊതിയനായ അവരുടെ ഭർത്താവ് അവരെവച്ച് കാശുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ തേടി.

ഭർത്താവും മാനേജരും ചേർന്ന് അവളുടെയും, കുട്ടിയുടെയും മൃതദേഹങ്ങൾ മോസ്കോയിലെ അനാട്ടമി പ്രൊഫസറായ സുകോലോവിന് വിറ്റു. സുകോലോവ് മൃതദേഹങ്ങൾ രണ്ടും എംബാം ചെയ്ത് പരസ്യമായി പ്രദർശിപ്പിക്കാൻ ആരംഭിച്ചു. സുകോലോവിന്റെ പ്രവർത്തനങ്ങൾ എത്രത്തോളം ലാഭകരമാണെന്ന് അറിഞ്ഞ ഭർത്താവ്, ആ മൃതദേഹങ്ങൾ തിരികെ ആവശ്യപ്പെട്ടു. ജൂലിയയുടെയും, മകന്റെയും ശരീരങ്ങൾ തിരികെ കിട്ടിയശേഷം, അടുത്ത ആറ് വർഷത്തേക്ക് അയാൾ ആ ശരീരങ്ങൾ ലോകമെമ്പാടുമുള്ള ഗ്ലാസ് കാബിനറ്റുകളിൽ പ്രദർശിപ്പിച്ചു, പണം ഉണ്ടാക്കി. ആ യാത്ര ഒടുവിൽ നോർവേയിലെ ഓസ്ലോ സർവകലാശാലയിൽ അവസാനിച്ചു. അവളുടെ മരണത്തിന് 150  വർഷങ്ങൾക്ക് ശേഷം, മെക്സിക്കോയിലെ ഒരു പള്ളിയിൽ എല്ലാ ചടങ്ങുകളോടെയും ഒടുവിൽ അവളെ അടക്കി. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവങ്ങളുടെ പരമ്പര അങ്ങനെ അവിടെ അവസാനിക്കുകയായിരുന്നു.    

Follow Us:
Download App:
  • android
  • ios