''അവരെന്‍റെ ഭര്‍ത്താവിനെയും അദ്ദേഹത്തിന്‍റെ സഹോദരനെയും അടിച്ചു. പശുവിനെ കൊല്ലുന്നവരെന്ന് ആരോപിച്ചായിരുന്നു അത്. കടുത്ത ജാതി അധിക്ഷേപവും അവര്‍ നടത്തി. ആ ആള്‍ക്കൂട്ടം ഉറക്കെ അക്രോശിച്ചിരുന്നു, അവരെ കൊന്നുകളയ്, ഒരൊറ്റ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുതെന്ന്.'' അനിത പറയുന്നു. 

ഗര്‍വാ: ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമത്തിനിരകള്‍ അനവധിയാണ്. പലതും കേസ് നല്‍കിയിട്ടും എവിടെയും എത്തുന്നില്ല. നീതി ഇനിയും അകലെയാണ് എന്നറിഞ്ഞിട്ടും പലരും പോരാട്ടം തുടരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അനിത മിഞ്ച് എന്ന ആദിവാസി സത്രീയും നീതിക്കായുള്ള പോരാട്ടത്തിലാണ്. തോറ്റ് കൊടുക്കാന്‍ മനസില്ലാതെ അവര്‍ പോരാടുന്നത് തന്‍റെ ഭര്‍ത്താവിന്‍റെ ജീവനെടുത്തവര്‍ക്കെതിരെയാണ്. 

കഴിഞ്ഞ ആഗസ്തിലാണ് അനിതയുടെ ഭര്‍ത്താവ് രമേഷ് മിഞ്ച് കൊല്ലപ്പെടുന്നത്. ഗര്‍വാ ജില്ലയിലെ ഒരു ഗ്രാമത്തില്‍ വച്ച് ഒരുകൂട്ടം ഒറോണ്‍ ആദിവാസികള്‍ക്കൊപ്പം അദ്ദേഹം അക്രമിക്കപ്പെടുകയായിരുന്നു. ഗോരക്ഷകരെന്ന് പറഞ്ഞ് കടന്നുവന്ന ഒരു കൂട്ടം ആള്‍ക്കാരാണ് ആക്രമിച്ചത്. ആഗസ്ത് 19നാണ് അക്രമിക്കപ്പെടുന്നത്. മൂന്നു ദിവസത്തിന് ശേഷം ദേഹത്തേറ്റ പരിക്കുകള്‍ കാരണം അദ്ദേഹം കൊല്ലപ്പെട്ടു. 

അനിത ഗര്‍വാ പൊലീസില്‍ നല്‍കിയ പരാതിയില്‍ തന്‍റെ ഭര്‍ത്താവിനെ അക്രമിച്ച 39 പേരുടെ വിവരങ്ങള്‍ കൃത്യമായി പറയുന്നുണ്ട്. അതവള്‍ കണ്ടെത്തിയത് അന്നത്തെ അക്രമത്തിന് ഇരകളായവരില്‍ നിന്നും, ദൃസാക്ഷികളായവരില്‍ നിന്നുമാണ്. ''അവരെന്‍റെ ഭര്‍ത്താവിനെയും അദ്ദേഹത്തിന്‍റെ സഹോദരനെയും അടിച്ചു. പശുവിനെ കൊല്ലുന്നവരെന്ന് ആരോപിച്ചായിരുന്നു അത്. കടുത്ത ജാതി അധിക്ഷേപവും അവര്‍ നടത്തി. ആ ആള്‍ക്കൂട്ടം ഉറക്കെ അക്രോശിച്ചിരുന്നു, അവരെ കൊന്നുകളയ്, ഒരൊറ്റ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുതെന്ന്.'' അനിത പറയുന്നു. 

പൊലീസെത്തി കസ്റ്റഡിയിലെടുക്കുമ്പോള്‍ രമേഷിന് ജീവനുണ്ടായിരുന്നു. പക്ഷെ, കത്തികൊണ്ട് മുട്ടിനു താഴെ മാരകമായ മുറിവേറ്റിരുന്നു. സഹോദരന്‍ ഉമേഷ് മിഞ്ചും പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു. അദ്ദേഹത്തിനും മാരകമായ മുറിവേറ്റിരുന്നു. ആ രാത്രി മുഴുവനും അവരെ, ആ പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചു. '' രാവിലെ ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനെത്തി. കാലില്‍ ചുറ്റാനുള്ള ബാന്‍ഡേജുമുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ കയ്യില്‍. പക്ഷെ, അത് ചുറ്റാന്‍, ഇന്‍സ്പെക്ടര്‍ സമ്മതിച്ചില്ല. '' ഉമേഷ് പറഞ്ഞു. രമേഷിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എന്നിട്ടും പറയുന്നത്, മരണകാരണം വ്യക്തമല്ല എന്നാണ്. 

'ആ ബാന്‍ഡേജ് കാലില്‍ കെട്ടാന്‍ ആ ഇന്‍സ്പെക്ടര്‍ സമ്മതിച്ചിരുന്നുവെങ്കില്‍ രമേഷ് ജീവിച്ചിരുന്നേനെ'. അനിത പറയുന്നു. 'ആ പൊലീസുകാരന്‍റെ പേര് നാഗേശ്വര്‍ യാദവ് എന്നാണ്. അയാള്‍ക്കായിരുന്നു സി.ആര്‍.പി.എഫ് ക്യാമ്പിന്‍റെ ചുമതല. ആദ്യം പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ അക്രമത്തിലുള്‍പ്പെട്ട പ്രധാനികളുടെ പേരൊന്നും ഉണ്ടായിരുന്നില്ല. വീണ്ടും വീണ്ടും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവരുടെ പേര് കൂടി ഉള്‍പ്പെടുത്തി എഫ്.ഐ.ആര്‍ തയ്യാറാക്കിയത്'. എന്നും അനിത പറയുന്നു. ബിഹാരി യാദവ്, മകന്‍ മനോജ് യാദവ് എന്നിവരാണ് പ്രധാന പ്രതികളെന്ന് യാതൊരു സംശയവും കൂടാതെ അനിത പറയുന്നു. പണ്ട് നക്സലൈറ്റ് എന്ന് അറിയപ്പെട്ടിരുന്ന ബിഹാരി യാദവ് ഇപ്പോള്‍ ഗോരക്ഷകനെന്നാണ് അറിയപ്പെടുന്നത്. 

''ഞങ്ങളെ കെട്ടിയിടുമ്പോള്‍ അയാള്‍ പറയുന്നുണ്ടായിരുന്നു, എങ്ങനെ കെട്ടിയിടണമെന്ന് ഞാന്‍ കാണിച്ചുതരാം. നക്സലായിരിക്കുമ്പോള്‍ ഞാനത് പഠിച്ചിട്ടുണ്ട്'' എന്ന്. മേഷ് പറയുന്നു. സി.ആര്‍.പി.എഫ് ക്യാമ്പ് തുടങ്ങിയതിന് ശേഷമാണ് അയാള്‍ നക്സല്‍ പ്രസ്ഥാനം വിട്ടതെന്ന് അനിതയും പറയുന്നു. 

അക്രമിക്കാന്‍ വന്നവരോട് അരുതെന്ന് പറയാന്‍ പോലും അവസരം തന്നില്ലെന്ന് ഉമേഷ്. ''അവര്‍ തുടരെ തങ്ങളെ അടിക്കുകയായിരുന്നു. അതില്‍ നാലോ അഞ്ചോ പേരെ തനിക്കറിയാമായിരുന്നു. ഞാനവരോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ, അവരാരും ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ''

മാത്രമല്ല, ഉമേഷും ഗ്രാമത്തിലെ മറ്റുചിലരും പശുവിനെ കശാപ്പ് ചെയ്തവരെന്നാരോപിച്ച് 90 ദിവസങ്ങള്‍ തടവിലാക്കപ്പെട്ടു. പക്ഷെ, അക്രമം നടത്തിയ അയോധ്യ സിങ്ങ് ഇനിയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. അവരെല്ലാം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും യാതൊരു സംശയവുമില്ലാതെ അനിത പറയുന്നു. ആദ്യത്തെ എസ്.പി ഒരു മുസ്ലീം ആയിരുന്നു. അദ്ദേഹം നമുക്കൊപ്പം നില്‍ക്കുമായിരുന്നു. പക്ഷെ, അപ്പോഴേക്കും മുകളില്‍ നിന്നുള്ള ഇടപെടലുകളുണ്ടായി. 

ഇത് കാലാകാലങ്ങളായി തുടരുന്നതാണ്

ഇത് ആദ്യസംഭവമല്ല, ഇതിനുമുമ്പും യാദവ സമുദായക്കാര്‍ ആദിവാസികളെ അക്രമിക്കാറുണ്ടായിരുന്നു. അത് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല. കൃസ്ത്യന്‍ ആദിവാസികളെ അവര്‍ ഇല്ലാതാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഈ കൃസ്ത്യന്‍ ആദിവാസികളങ്ങനെയാണ്, ഓറോണ്‍ ആദിവാസികളിങ്ങനെയാണ് എന്നെല്ലാം അവര്‍ പൊലീസ് സ്റ്റേഷനില്‍ ആരോപിച്ചിരുന്നു. പച്ചക്കറി വാങ്ങാന്‍ ചന്തയില്‍ പോയി വരുമ്പോഴും അവര്‍ പറയും നമ്മുടെ സഞ്ചികളില്‍ ബീഫ് ആണെന്ന്. 

''ബിഹാരി യാദവ് പലതരത്തിലും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെ സമാധാനത്തില്‍ ജീവിക്കാന്‍ വിടില്ലെന്ന് പലരോടും പറഞ്ഞിട്ടുണ്ട്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, ഇനിയും അവര്‍ അക്രമിക്കില്ലേ എന്ന് പക്ഷെ, അതൊക്കെ ഭീഷണികളല്ലേ എന്ന് ഞാന്‍ പറയും. ഞങ്ങള്‍ക്ക് ഭയമില്ല. അവര്‍ ശിക്ഷിക്കപ്പെടണം. അവര്‍ക്ക് പണമുണ്ട്. അവര്‍ ശിക്ഷിക്കപ്പെടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഞാന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഒരാള്‍ പറഞ്ഞത്, ഒരു ആദിവാസിയെ മാത്രമേ ഇപ്പോള്‍ കൊന്നിട്ടുള്ളൂ. ബാക്കി ആദിവാസികളേയും ഇല്ലാതാക്കും എന്നാണ്. എനിക്ക് ദേഷ്യം വന്നു. പ്രതികരിക്കാനാഞ്ഞ എന്നോട് മറ്റുള്ളവര്‍ അരുതെന്ന് പറയുകയായിരുന്നു. അയാളുടെ അമ്മയോട് ഞാന്‍ ചോദിച്ചു, അവരുടെ വീട്ടിലാണ് ഇങ്ങനെയൊരു സംഭവം നടന്നതെങ്കിലോ എന്ന്. ''

ആദ്യമൊന്നും ആരും ഒന്നും അന്വേഷിച്ചില്ല. സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അവളൊറ്റയ്ക്കായിരുന്നു. പിന്നീട്, പ്രതിപക്ഷം അവളെ കാണാനെത്തി. സി.പി.ഐ (എം.എല്‍) നേതാക്കളും എത്തി. പിന്നീട് ചില സാമൂഹ്യപ്രവര്‍ത്തകരും. അപ്പോഴും പള്ളിയില്‍ നിന്നാരും തിരിഞ്ഞുനോക്കിയില്ലെന്നും അനിത പറയുന്നുണ്ട്. 

''ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറെത്തിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം നോക്കാമെന്ന് പറഞ്ഞു. ജോലി തരാമെന്നും പറഞ്ഞു. പക്ഷെ, അവരാരും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിനെ കുറിച്ചോ എനിക്ക് നീതി കിട്ടുന്നതിനെ കുറിച്ചോ സംസാരിച്ചില്ല.''

അനിതയ്ക്ക് നാല് കുട്ടികളാണ്. ഏറ്റവും ഇളയ കുഞ്ഞിന് അഞ്ച് വയസാണ് പ്രായം. ''രമേഷിന്‍റെ മൃതദേഹം പൊലീസ് കൊണ്ടുവന്നത് അവന്‍ കണ്ടിരുന്നു. അവന്‍ പറയുന്നത്, പൊലീസാണ് അവന്‍റെ അച്ഛനെ കൊന്നത് എന്നാണ്. പൊലീസിനെ കാണുമ്പോഴെല്ലാം അവന്‍ പറയും, എനിക്കൊരു തോക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ തന്നെ അവരെ കൊല്ലുമായിരുന്നുവെന്ന്. അതുകേള്‍ക്കുമ്പോള്‍ ഞാനവനെ വഴക്ക് പറയാറാണ്. അക്രമത്തിന് ശേഷം പൊലീസ് ഇവിടെ വരാറുണ്ടായിരുന്നു, അതാണ് അവനങ്ങനെ പറയുന്നത്. '' അനിത പറയുന്നു.

ഏതായാലും ആ ഗോരക്ഷകര്‍ക്കെതിരെ നടപടിയെടുക്കും വരെ, തന്‍റെ ഭര്‍ത്താവിനെ കൊന്നവര്‍ ശിക്ഷിക്കപ്പെടും വരെ, തനിക്ക് നീതി കിട്ടും വരെ പോരാടാന്‍ തന്നെയാണ് അനിതയുടെ തീരുമാനം.

കടപ്പാട്: The Wire