മാംസത്തിനായി മനുഷ്യൻ മൃഗങ്ങളെയും, പക്ഷികളെയും, ഉരഗങ്ങളെയും വർഷങ്ങളായി വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു. എന്നാൽ ഭക്ഷണത്തിന് വേണ്ടി മാത്രമല്ല, അവയെ ഇതുപോലെ വൻതോതിൽ കൊന്നൊടുക്കുന്നത്. ഔഷധത്തിന്റെയും, മന്ത്രവാദത്തിന്റെയും, മറ്റനവധി ആവശ്യങ്ങളുടെയും പേര് പറഞ്ഞ് അവയെ കൊന്ന് അവയുടെ മാംസം, ചർമ്മം, അവയവങ്ങൾ, കൊമ്പുകൾ എന്നിവ നമ്മൾ ശേഖരിക്കുന്നു. ഓരോ മൃഗത്തിനും സങ്കൽപ്പിക്കാനാവാത്ത ദുരിതങ്ങളാണ് ഇത് സമ്മാനിക്കുന്നത്. കൂടാതെ, ഈ പ്രവണത കൂടുതൽ ജീവജാലങ്ങളെ വംശനാശത്തിന്റെ വക്കിലേയ്ക്ക് തള്ളിവിടുന്നു. ഇത് നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്കും, ജൈവവൈവിധ്യത്തിനും കൂടിയാണ് നാശമുണ്ടാക്കുന്നത്.  

ലോകം മുഴുവൻ വ്യാപിച്ച കൊവി‍ഡ് എന്ന പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഈ അനധികൃത വന്യജീവി വേട്ടയെ കുറിച്ച് ലോകം കൂടുതൽ ബോധവാന്മാരാകുന്നു. മാംസ കച്ചവടത്തിന് കുപ്രസിദ്ധമായ വുഹാനിലെ ഒരു മാർക്കറ്റിൽ നിന്നാണ് കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. ഒരു വലിയ വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്, വവ്വാലുകളിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ഒരു ഇടനില മൃഗത്തിൽനിന്നും മനുഷ്യരിലേക്ക് പകർന്നുവെന്നാണ്. ആ മൃഗം ഈനാംപേച്ചിയാകാമെന്നും അവർ അനുമാനിക്കുന്നു.  

മിക്കവാറും എല്ലാത്തരം അനധികൃത വന്യജീവികളുടെയും ഏറ്റവും വലിയ വിപണിയാണ് ചൈന. ലോകത്തിലെ ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന മൃഗങ്ങളിൽ ഒന്നാണ് ഇനാംപേച്ചികൾ. COVID-19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മാർക്കറ്റ് അടയ്ക്കുന്നതുവരെ, വുഹാനിലെ ഈ മാർക്കറ്റുകളിൽ ഇനാംപേച്ചികൾ ധാരാളം ലഭ്യമായിരുന്നു. എന്നാൽ ചൈനയിൽ ഏറ്റവും കൂടുതൽ വന്യജീവി വേട്ട നടക്കുന്നത്, മാംസത്തിന് വേണ്ടിമാത്രമല്ല, പരമ്പരാഗത ഔഷധത്തിനും കൂടി വേണ്ടിയാണ്. പ്രതിവർഷം 60 ബില്യൺ ഡോളർ മൂല്യമുണ്ട് ഇതിന് എന്നാണ് കണക്കാക്കപ്പെടുന്നു. ഇത് ചൈനയുടെ ഔഷധ വരുമാനത്തിന്റെ 30% ത്തോളം വരും. 

ഇതൊന്നും പോരാതെ, വിനോദത്തിനായും മൃഗങ്ങളെ ഇങ്ങനെ കച്ചവടം ചെയ്യുന്നുണ്ട്. വന്യമൃഗ വിനോദ വ്യവസായത്തിനായി പിടിച്ച മൃഗങ്ങളെ പലപ്പോഴും നിയമപരമായി കച്ചവടം നടത്തുകയോ, കൂട്ടിലടക്കുകയോ ചെയ്യുന്നു. അവ ഒരു ദിവസത്തിൽ മണിക്കൂറുകളോളം മനുഷ്യരുമായി അടുത്തിടപഴകുകയും മൃഗശാലകളിൽ രോഗ വ്യാപനം വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു. സവാരിക്ക് ഉപയോഗിക്കുന്ന ആനകളുടെ വില 37 ലക്ഷത്തിനും മീതെയാണ്. കൂടാതെ സീ വേൾഡ് പോലുള്ള വിനോദ വേദികൾക്കായി ഉപയോഗിക്കുന്ന ഒരു ഡോൾഫിന് പ്രതിവർഷം 15 കോടിയാണ് വരുമാനം.    

എന്തുതന്നെയായാലും, അനേകം കോടികൾ വിറ്റുവരവുള്ള വൻ വ്യാപാരമേഖലയാണ് ഇത് എന്നതിൽ സംശയമില്ല. കഴിഞ്ഞ ദിവസങ്ങളിൽ, മൃഗ സംരക്ഷണ സംഘടനയായ വേൾഡ് അനിമൽ പ്രൊട്ടക്ഷൻ ലോക നേതാക്കളോട് ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടണമെന്ന് ആവശ്യപ്പെടുകയുണ്ടായി. നവംബറിൽ ജി 20 യോഗം ചേരുമ്പോൾ, ഈ മഹാമാരി കൈകാര്യം ചെയ്യുന്നതിലും, വന്യജീവി വേട്ട തടയുന്നതിലും ലോക രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.  

"ക്രൂരമായ മൾട്ടി-ബില്യൺ ഡോളർ ബിസിനസുകൾ ആഗോളതലത്തിൽ വന്യമൃഗങ്ങളെ ചൂഷണം ചെയ്യുകയാണ്. അതിന് കൊടുക്കേണ്ടി വരുന്ന വില എത്ര വലുതാണെന്ന് നമ്മൾ എല്ലാവരും കണ്ടു. ഈ പകർച്ചവ്യാധി ഉണ്ടായത്, വന്യമൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് കൊണ്ട് മാത്രമല്ല, അത്യാഗ്രഹം മൂലം ലാഭക്കൊതി മൂത്ത് അവയെ ചരക്കുകളായി കണ്ട് വ്യാപാരം ചെയ്യുന്നതുകൊണ്ടും കൂടിയാണ്” വേൾഡ് അനിമൽ പ്രൊട്ടക്ഷൻ സിഇഒ സ്റ്റീവ് മക്വോർ പറഞ്ഞു. “ഇതിൽ നിന്നും നാം പഠിക്കേണ്ട പാഠം, വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ ജീവിക്കാൻ അനുവദിക്കുക. ദശലക്ഷക്കണക്കിന് ആളുകളെയും, മൃഗങ്ങളെയും, സമ്പദ്‌വ്യവസ്ഥയുടെയും ജീവൻ രക്ഷിക്കാൻ ഇതല്ലാതെ ഒരു മാർഗ്ഗവുമില്ല" അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രചരണത്തിന്റെ ഭാഗമായി, വേൾഡ് അനിമൽ പ്രൊട്ടക്ഷൻ, ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയോട് വന്യജീവി വ്യാപാരം ആഗോള തലത്തിൽ നിരോധിക്കുന്നതിന് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. "ജി 20 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ നരേന്ദ്ര മോദി തയ്യാറെടുക്കുമ്പോൾ, വന്യജീവി വ്യാപാരം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആഹ്വാനത്തിന് അദ്ദേഹത്തിന്റെ കൂടെ പിന്തുണയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു" വേൾഡ് അനിമൽ പ്രൊട്ടക്ഷൻ ഇന്ത്യ കൺട്രി ഡയറക്ടർ ഗജേന്ദർ കെ ശർമ്മ പറഞ്ഞു.