Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ,  വിക്ടോറിയ രാജ്ഞിവരെ ബഹുമാനിച്ചിരുന്ന അവർ ആരാണ്?

എന്നാൽ, ആ തണുത്ത കാലാവസ്ഥയിൽ ആവശ്യത്തിന് ശൈത്യകാല വസ്ത്രങ്ങളും, ഭക്ഷണവും ഇല്ലാതെ ആനന്ദിബായി കിടപ്പിലായി.

The first female doctor in India
Author
Maharashtra, First Published Aug 4, 2020, 11:49 AM IST

ഒരു പുരുഷാധിപത്യസമൂഹത്തിൽ, സ്ത്രീകൾക്ക് സ്വന്തമായി ഒരിടം നേടിയെടുക്കുക എന്നത് എളുപ്പമല്ല. ഇപ്പോൾ കൂടിയും നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് അതിനായി വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്. എന്നാൽ, അത്തരം യാത്രകളിൽ, ആനന്ദിബായ് ഗോപാൽറാവു ജോഷിയെപ്പോലുള്ളവർ ഒരു യഥാർത്ഥ പ്രചോദനമായി വർത്തിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ ഡോക്ടറാണ് ആനന്ദിബായ്. അമേരിക്കയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ വനിത കൂടിയാണവർ. സ്ത്രീകൾ എപ്പോഴും പുരുഷന്റെ തണലിൽ നിലകൊള്ളുന്നവളും, പുരുഷൻ അവളെ സംരക്ഷിക്കേണ്ടവനുമാണ് എന്ന നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തെ വെല്ലുവിളിച്ചു തന്റേതായ സ്വതന്ത്ര കാഴ്‍ചപ്പാടുമായി മുന്നോട്ട് പോയവളാണ് ആനന്ദിബായ്.  

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ, പുരുഷന്മാരുടെ മാത്രം തൊഴിലായി കണക്കാക്കപ്പെട്ടിരുന്ന മെഡിക്കൽ മേഖലയിൽ തന്റെ മൂല്യം തെളിയിക്കാൻ അവർക്ക് സാധിച്ചു. പഴയ കാലങ്ങളിൽ, സ്ത്രീകൾക്ക് നഴ്‍സിംഗ് മേഖല മാത്രമേ ചേരുകയുള്ളൂവെന്നും, മെഡിക്കൽ നടപടിക്രമങ്ങൾ പുരുഷന്മാർക്ക് മാത്രമേ ചെയ്യാനും സാധിക്കൂ എന്നൊരു ധാരണ പരക്കെ നിലനിന്നിരുന്നു. എന്നാൽ, അതുവരെയുള്ള എല്ലാം സ്ത്രീ സങ്കല്‍പങ്ങളെയും കീഴ്മേൽ മറിച്ചുകൊണ്ട്, ആനന്ദിബായ് ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോവുകയാണ് ഉണ്ടായത്. സ്ത്രീകൾ വിദേശത്ത് പോയി പഠിക്കുന്നത് അക്കാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു.  

1865 മാർച്ച് 31 -ന് മഹാരാഷ്ട്രയിലെ കല്യാണിൽ ജനിച്ച ആനന്ദിബായ് ഒൻപതാം വയസ്സിൽ സർക്കാർ ഗുമസ്‍തനായി ജോലി ചെയ്‍തിരുന്ന ഗോപാൽറാവു ജോഷിയെ വിവാഹം കഴിച്ചു. അന്നത്തെക്കാലത്ത് സർവ്വസാധാരണമായിരുന്ന ഒരു പതിവാണെങ്കിലും, തന്നെക്കാൾ ഇരുപത് വയസ്സിന് മൂത്ത ഒരാളെ വിവാഹം ചെയ്യാൻ അവൾ നിർബന്ധിതയായി. എന്നിരുന്നാലും അദ്ദേഹം ഒരു പുരോഗമനവാദിയായിരുന്നു. അദ്ദേഹം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചിരുന്നു. വിവാഹശേഷം ആനന്ദിബായ് 14 -ാം വയസ്സിൽ ഒരു കുട്ടിയെ പ്രസവിച്ചു. എന്നാൽ, ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ 10 ദിവസം കഴിഞ്ഞപ്പോൾ ആ കുഞ്ഞ് മരണപ്പെടുകയാണ് ഉണ്ടായത്. ഇത് അവളെ വല്ലാതെ തളർത്തി. തന്നെപ്പോലെ ഇനി ഒരു സ്ത്രീയും ദുഃഖം അനുഭവിക്കരുതെന്ന് അവൾ തീരുമാനിച്ചു. ഇതിനായി ഒരു ഡോക്ടറാകാൻ അവൾ ആഗ്രഹിച്ചു.   

  

The first female doctor in India

മിഷനറി സ്‍കൂളുകളിൽ ചേരാനുള്ള അവളുടെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, ആനന്ദിബായിയും ഗോപാൽറാവു ജോഷിയും കൊൽക്കത്തയിലേക്ക് (പഴയ കൊൽക്കത്ത) താമസം മാറ്റി. അവിടെ അവൾ സംസ്‍കൃതത്തിലും ഇംഗ്ലീഷിലും വായിക്കാനും എഴുതാനും പഠിച്ചു. സങ്കീർണമായ ഗർഭധാരണത്തിനും പ്രസവത്തിനും ആയുർവേദ പരിജ്ഞാനവും മിഡ്‌വൈഫറിയും പര്യാപ്‍തമല്ലെന്ന് ആനന്ദിബായിക്ക് തോന്നി. അതുകൊണ്ട് തന്നെ പാശ്ചാത്യ വൈദ്യശാസ്ത്രം പഠിക്കാൻ അവൾ ആഗ്രഹിച്ചു. എന്നാൽ, ഇന്ത്യയിൽ സ്ത്രീകളെ അംഗീകരിക്കുന്ന പാശ്ചാത്യ വൈദ്യശാസ്ത്ര സ്ഥാപനം ഇല്ലായിരുന്നു. എന്നാലും അവൾ പിൻവാങ്ങിയില്ല. അമേരിക്കയിൽ ഒരു മെഡിക്കൽ കോളേജിൽ സീറ്റ് അന്വേഷിക്കാൻ അവർ ഇരുവരും തീരുമാനിച്ചു.

ഇതിനായി പ്രശസ്‍ത അമേരിക്കൻ മിഷനറിയായ റോയൽ വൈൽഡറിന് വൈദ്യശാസ്ത്രം പഠിക്കാനുള്ള ആനന്ദിബായിയുടെ തീവ്രമായ ആഗ്രഹവും അമേരിക്കയിൽ ഗോപാൽറാവുവിനായി ഒരു  ജോലിയും ആവശ്യപ്പെട്ട് ഒരു കത്ത് അയച്ചു. പ്രിൻസ്റ്റണിലെ മിഷനറി അവലോകനത്തിൽ പ്രസിദ്ധീകരിച്ച ആ കത്ത് ന്യൂ ജേഴ്സിയിൽ താമസിച്ചിരുന്ന തിയോഡിസിയ കാർപെന്ററുടെ ശ്രദ്ധയിൽ പെട്ടു. അവരിലൂടെ, ആനന്ദിബായിയും ഗോപാൽറാവുവും തോർബോർൺസ് എന്ന ഡോക്ടർ ദമ്പതികളെ കണ്ടുമുട്ടി. അവർ ആനന്ദിക്ക് ഒരു മെഡിക്കൽ കോളേജ് നിർദ്ദേശിക്കുകയും യുഎസിൽ എത്താൻ സഹായിക്കുകയും ചെയ്‍തു. തിയോഡിഷ്യയും ആനന്ദിയും ഉറ്റ ചങ്ങാതിമാരായി തീർന്നു.  

എല്ലാ കാര്യങ്ങളും ഒരുവിധം കരക്കടുത്തു കൊണ്ടിരിക്കുമ്പോഴാണ് അടുത്ത പ്രശ്‌നം തലപൊക്കുന്നത്. ഗോപാൽറാവുവിന് യുഎസിൽ ജോലി കിട്ടിയില്ല. വിവാഹം കഴിഞ്ഞ ഒരു സ്ത്രീ വിദേശത്ത് ഒറ്റയ്ക്ക് പഠിക്കാൻ പോവുകയെന്നത് അവളുടെ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനായില്ല. അവൾ ഒരു ബ്രാഹ്മണ സ്ത്രീകൂടിയായിരുന്നു. ഒരിക്കൽ ഒരു ബ്രാഹ്മണൻ ‘ഏഴ് കടലുകൾ’ കടന്നാൽ പിന്നെ അവർക്ക് അവരുടെ ജാതി നഷ്ടമാകുമെന്ന വിശ്വാസത്തിലധിഷ്ഠിതമായിരുന്നു അന്നത്തെ സമൂഹം. യുഎസിലേക്ക് പോകുന്നതിനുമുമ്പ്, ആനന്ദിബായ് ഒരു പ്രാദേശിക കമ്മ്യൂണിറ്റി ഹാളിൽ തന്റെ തീരുമാനത്തെ ന്യായീകരിച്ചു. സ്ത്രീ ഡോക്ടർമാരുടെ അഭാവം ചൂണ്ടിക്കാണിച്ചു. 

ഒടുവിൽ 1883 ൽ ആനന്ദിബായ് ഇന്ത്യ വിട്ടു. അവിടെ വുമൺസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയയിലെ മെഡിക്കൽ പ്രോഗ്രാമിൽ ചേർന്നു. 21-ാം വയസ്സിൽ പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ നിന്നും പ്രസവചികിത്സയിൽ എം.ഡിയെടുത്തു. അവളുടെ ബിരുദദാന ചടങ്ങിനായി ഭർത്താവ് യുഎസിൽ എത്തി. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ എംഡിയായി അവിടെ അവൾ പ്രഖ്യാപിക്കപ്പെട്ടു. അവളുടെ ഈ അതുല്യ നേട്ടത്തിൽ വിക്ടോറിയ രാജ്ഞി വരെ അവളെ അഭിനന്ദിക്കുകയുണ്ടായി.  

The first female doctor in India

എന്നാൽ ആ തണുത്ത കാലാവസ്ഥയിൽ ആവശ്യത്തിന് ശൈത്യകാല വസ്ത്രങ്ങളും, ഭക്ഷണവും ഇല്ലാതെ ആനന്ദിബായി കിടപ്പിലായി. ക്ഷയരോഗം പിടിപെട്ട അവളോട് ഇന്ത്യയിലേക്ക് മടങ്ങാൻ അവിടത്തെ ഡോക്ടർ ഉപദേശിച്ചു. 1886 -ൽ അവളും ഭർത്താവും നാട്ടിലേക്ക് മടങ്ങി. ഇന്ത്യയിൽ തിരിച്ചെത്തിയ അവൾക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ആൽബർട്ട് എഡ്വേർഡ് ഹോസ്പിറ്റലിലെ വനിതാ വാർഡിന്റെ ചുമതലയുള്ള ഫിസിഷ്യനായി അവൾ നിയമിക്കപ്പെട്ടു. എന്നാൽ, താമസിയാതെ അവളുടെ ആരോഗ്യം മോശമായി. 22 വയസ്സ് തികയുന്നതിനു തൊട്ടുമുമ്പ് 1887 ഫെബ്രുവരിയിൽ അവൾ മരിച്ചു. സ്ത്രീകൾക്ക് സ്വന്തമായി ഒരു മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന അവളുടെ ആഗ്രഹം നടന്നില്ല. അവളുടെ മരണം ഇന്ത്യയിലുടനീളം പ്രധാനവാർത്തയായി മാറി. രാജ്യം മുഴുവൻ അവളുടെ നിര്യാണത്തിൽ വിലപിച്ചു. ബഹുമാനസൂചകമായി അവളുടെ ചിതാഭസ്‍മം ന്യൂയോർക്കിലെ പൗകീപ്‌സിയിലെ ഒരു സെമിത്തേരിയിൽ അടക്കം ചെയ്‌തു.  

ലഖ്‌നൗവിലെ എൻ‌ജി‌ഒയായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ ഇൻ സോഷ്യൽ സയൻസസ് (ഐആർ‌ഡി‌എസ്) ആനന്ദിബായ് ജോഷിയുടെ പേരിൽ മെഡിസിനുള്ള ഒരു അവാർഡ് നൽകുന്നു. കൂടാതെ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കായി മഹാരാഷ്ട്ര സർക്കാർ ഒരു സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. അതുമല്ലാതെ, ശുക്രനിലെ ഒരു ഗർത്തത്തിന് ഇപ്പോൾ അവളുടെ പേരാണ് നൽകിയിട്ടുള്ളത്, ‘ജോഷി’.വൈദ്യശാസ്ത്രരംഗത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സ്ത്രീകൾക്ക് ആനന്ദിബായ് ഗോപാൽറാവു ജോഷി ഒരു പ്രചോദനമായി ഇന്നും നിലകൊള്ളുന്നു.  
 

Follow Us:
Download App:
  • android
  • ios