ഡെലിവറി ജീവനക്കാരെ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി നോട്ടീസ് പതിച്ചത് വിവാദമായി. സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ബെംഗളൂരുവിലെ പ്രമുഖ റെസ്റ്റോറന്റായ മേഘാന ഫുഡ്‌സ്.

ബെംഗളൂരുവിലെ ഏറ്റവും ജനപ്രിയവും അറിയപ്പെടുന്നതുമായ റെസ്റ്റോറന്റ് ശൃംഖലകളിലൊന്നാണ് മേഘാന ഫുഡ്‌സ്. തങ്ങളുടെ ഔട്ട്‌ലെറ്റുകളിൽ ഒന്നിൽ ഫുഡ് ഡെലിവറി ജീവനക്കാരെ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്നതായി കാണിക്കുന്ന നോട്ടീസ് പതിച്ചതിന് ഇവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇപ്പോഴിതാ ഈ പ്രതിഷേധങ്ങളെ തുടർന്ന് ക്ഷമാപണം നടത്തിയിരിക്കുകയാണ് മെഘാന ഫുഡ്‌സ്. നോട്ടീസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ബോയ്സ് ലിഫ്റ്റിൽ കയറാൻ പാടില്ല. ദയവായി പടികൾ ഉപയോഗിക്കുക എന്നാണ് നോട്ടീസിൽ എഴുതിയിരുന്നത്. വലിയ ചർച്ചയ്ക്കാണ് ഈ നോട്ടീസ് കാരണമായി തീർന്നത്. ഇത്തരം ജോലി ചെയ്യുന്നവരെ വേറിട്ടു കാണുന്ന പ്രവണതയാണ് ഈ നോട്ടീസിൽ തെളിഞ്ഞു കാണുന്നത് എന്ന് പറഞ്ഞുകൊണ്ട് അനേകങ്ങളാണ് വിമർശനവുമായി മുന്നോട്ട് വന്നത്. 'നിങ്ങളുടെ ബിസിനസ് നന്നായി മുന്നോട്ട് പോകാൻ ഇവരൊക്കെ തന്നെയാണ് കാരണം. അവരെ നിരോധിക്കുന്നത് എന്തുതരം പെരുമാറ്റമാണ്' എന്നാണ് പലരും ചോദിച്ചത്. 'തൊഴിലിന്റെ അടിസ്ഥാനത്തിൽ ആളുകളോട് വിവേചനം കാണിക്കുന്ന പഴയ ശീലം ഇപ്പോഴും തുടരുന്നവരുണ്ട് എന്നാണ് ഈ സംഭവം കാണിക്കുന്നത്' എന്നാണ് മറ്റ് പലരും കമന്റ് നൽകിയിരിക്കുന്നത്.

'ഒന്നുകിൽ പുറത്ത് ഒരു ടേക്ക് എവേ കൗണ്ടർ വയ്ക്കണം, അല്ലെങ്കിൽ അവരെ ലിഫ്റ്റിൽ കയറാൻ അനുവദിക്കണം' എന്നാണ് മറ്റ് ചിലർ പറഞ്ഞത്. എന്തായാലും, സംഭവം നോട്ടീസ് വിവാദമായതോടെ ഫുഡ്സ് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ട് വരികയായിരുന്നു. 'ഞങ്ങളുടെ മേഘാന ഫുഡ്‌സ് ഔട്ട്‌ലെറ്റുകളിൽ ഒന്നിൽ ഡെലിവറി പാർട്‍ണർമാരോട് സ്റ്റെപ്പുകൾ കയറാൻ പറയുന്ന ഒരു പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത് അടുത്തിടെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. തിരക്കേറിയ ലിഫ്റ്റുകളിൽ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യമെങ്കിലും, അതിലൂടെ ഞങ്ങൾ ഞങ്ങളുടെ ഡെലിവറി പാർട്ണർമാരെ പരി​ഗണിക്കാതിരിക്കുകയായിരുന്നു. അത് തെറ്റായിരുന്നു. ആ നോട്ടീസ് ഒരിക്കലും പതിക്കാൻ പാടില്ലാത്തതായിരുന്നു' എന്നായിരുന്നു ഖേദ പ്രകടനം.