ട്രാൻസ്ജെൻഡർ വിഭാഗത്തിന് സമൂഹത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണ്. പലപ്പോഴും പുച്ഛത്തോടെ മാത്രം കാണുന്ന ആ വിഭാഗം തെരുവിൽ ഭിക്ഷയെടുത്തും, ലൈംഗിക തൊഴിലിൽ ഏർപ്പെട്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാൽ, 28 -കാരിയായ നിഷ റാവു പാകിസ്ഥാനിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ അഭിഭാഷകയായി മാറുമ്പോൾ, ഒരു പുതിയ ചരിത്രമാണ് അവിടെ പിറവികൊള്ളുന്നത്. എന്നാൽ, ഈ അതുല്യവിജയത്തിന് പിന്നിൽ അവരുടെ വർഷങ്ങളായുള്ള യാതനയും, കണ്ണുനീരുമുണ്ട്. 

പാക്കിസ്ഥാനിൽ 2018 -ൽ, ട്രാൻസ്ജെൻഡർമാരെ തുല്യരായി കാണണമെന്നും, വിവേചനം കാണിക്കുന്നതും, അവരെ അക്രമിക്കുന്നതും കുറ്റകരമാണെന്നുമുള്ള ഒരു നിയമം നിലവിൽ വന്നു. എന്നാൽ, ആ നിയമം സമൂഹത്തിൽ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നില്ല. അവിടത്തെ ഭൂരിഭാഗം ട്രാൻസ്ജെൻഡർമാരും അപ്പോഴും അസമത്വവും അനീതിയും അനുഭവിച്ചു തെരുവുകളിൽ യാചിച്ചോ വിവാഹങ്ങളിൽ നൃത്തം ചെയ്തോ ഉപജീവനം കഴിച്ചു. ഈ അഭിഭാഷകയുടെ കഥയും അവിടെ നിന്നാണ് ആരംഭിക്കുന്നത്.

കിഴക്കൻ നഗരമായ ലാഹോറിലെ വിദ്യാസമ്പന്നരായ ഒരു ഇടത്തരം കുടുംബത്തിലാണ് നിഷ ജനിച്ചത്. 18 -ാം വയസ്സിലാണ് താൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെന്ന് അവൾ മനസിലാക്കിയത്. തുടർന്ന് വീട്ടുകാരുടെ സമ്മർദ്ദം സഹിക്കാൻ വയ്യാതെ അവൾ വീടുവിട്ട് ഓടിപ്പോയി. നഗരത്തിലെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലാണ് നിഷ ചെന്നെത്തിയത്. അവൾക്ക് അഭയം നൽകിയ മുതിർന്ന ആളുകൾ അവളോട് ഉപജീവനത്തിനായി ശരീരം വിൽക്കാനോ, യാചിക്കാനോ ഉപദേശിച്ചു. ഒരു ദിവസം തന്റെ വിധി മാറുമെന്ന പ്രതീക്ഷയിൽ ഒടുവിൽ ട്രാഫിക് സിഗ്നലുകളിൽ യാചിച്ചുകൊണ്ട് റാവു തന്റെ പുതിയ ജീവിതം ആരംഭിച്ചു.  

എന്നാൽ, അതൊട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് പരിഹാസവും, വിവേചനവും അവൾ അനുഭവിച്ചു. വീട്ടുകാർക്കും, നാട്ടുകാർക്കും വേണ്ടാത്ത ഒരുവളായി അവൾ അവിടെ ജീവിച്ചു. തന്റേതല്ലാത്ത കാരണം കൊണ്ട് സമൂഹത്തിൽ ഒറ്റപ്പെട്ടവളായി അവൾ മാറി. മാത്രവുമല്ല, പൊലീസുകാരുടെ ഭയപ്പെടുത്തുന്ന പെരുമാറ്റത്തിനും അവർ സാക്ഷിയായി. ഭാഗ്യവശാൽ, അവളുടെ അധ്യാപകരിലൊരാൾ അവളെ കാണാനും, നിയമം പഠിക്കാൻ അവളെ ഉപദേശിക്കാനും ഇടയായി. അത് അവളുടെ ജീവിതത്തിന് പുതിയ അർത്ഥം നൽകി. എന്നാൽ, പഠിക്കാൻ അവളുടെ കൈയിൽ പണമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഭിക്ഷയെടുക്കുന്നത് ഉപേക്ഷിക്കാൻ അവൾക്ക് കഴിഞ്ഞില്ല. പിന്നീട് നിഷ പകൽ സിഗ്നലുകളിൽ യാചിക്കാനും, രാത്രി നിയമ ക്ലാസുകളിൽ പങ്കെടുക്കാനും ആരംഭിച്ചു. നിയമം പഠിക്കാനായി പണം നൽകണമെന്ന് പറഞ്ഞ് അവൾ യാചിക്കുമായിരുന്നു. അങ്ങനെ സമ്പാദിച്ച പണമുപയോഗിച്ച് അവൾ നിയമം പഠിക്കാൻ തുടങ്ങി.   

വർഷങ്ങളുടെ അധ്വാനത്തിന് ഒടുവിൽ അവൾക്ക് ബിരുദം ലഭിക്കുകയും, ഈ വർഷം ആദ്യം പരിശീലനത്തിനുള്ള ലൈസൻസ് ലഭിക്കുകയും ചെയ്‌തു. ഇപ്പോൾ കറാച്ചി ബാർ അസോസിയേഷനിൽ അംഗമാണ് നിഷ. അവർ ഇതിനകം 50 കേസുകൾ വാദിച്ചിട്ടുണ്ട്. കൂടാതെ ഒരു ട്രാൻസ്-റൈറ്റ്സ് സർക്കാരിതര സംഘടനയുമായി ചേർന്ന് ട്രാൻസ്ജെൻഡർമാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ, ഇതോടെ നിഷയുടെ സ്വപ്നങ്ങൾ കെട്ടിപ്പൂട്ടി വയ്ക്കാൻ അവർ ഒരുക്കമല്ല. പാക്കിസ്ഥാന്റെ ആദ്യത്തെ ട്രാൻസ്ജെൻഡർ ജഡ്ജിയാവുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്ന് നിഷ പറയുന്നു.