Asianet News MalayalamAsianet News Malayalam

ഗാസയിൽ ആദ്യമായി വനിതാ ടാക്സി ഡ്രൈവർ...

അവരുടെ യാത്രക്കാരിൽ പലരും പറയുന്നത് പുരുഷന്മാരായ ഡ്രൈവർമാരെക്കാൾ ശാന്തയാണ് നെയ്‌ല എന്നാണ്.

The first woman taxi driver in Gaza, Naela Abu Jibba
Author
Gaza, First Published Nov 21, 2020, 10:18 AM IST

നെയ്‌ല അബു ജിബ്ബ... അഞ്ചു കുട്ടികളുടെ അമ്മയായ നെയ്‌ല ഗാസയിലെ ആദ്യത്തെ വനിതാ ടാക്സി ഡ്രൈവറാണ്. പലസ്തീൻ പ്രദേശമായ ഇവിടെ സ്ത്രീകൾക്കായുള്ള ആദ്യ ടാക്സി സർവീസ് തുടങ്ങിയിരിക്കയാണ് അവർ. ഇതിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ അവർ ഏറ്റവാങ്ങുന്നുണ്ടെങ്കിലും, ജീവിതത്തിലെ കഷ്ടപ്പാടുകൾ അതിനെയെല്ലാം അവഗണിച്ച് മുന്നോട്ട് പോകാൻ അവരെ നിർബന്ധിതയാക്കുന്നു. അത് മാത്രവുമല്ല, അവരുടെ വണ്ടിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കണ്ണുകളിലെ കൃതജ്ഞതയും നന്ദിയും കാണുമ്പോൾ മറ്റെല്ലാം അപ്രസക്തമാകുന്നുമെന്ന് അവർ പറയുന്നു.  

“എനിക്ക് ധാരാളം വിമർശനങ്ങൾ സോഷ്യൽ മീഡിയ വഴി ലഭിക്കുന്നുണ്ട്. പക്ഷേ, അതിനിടയിൽ ലഭിക്കുന്ന ചില പ്രോത്സാഹനജനകമായ വാക്കുകൾ എനിക്ക് വളരെ വിലപ്പെട്ടതാണ്. ഇത് പുരുഷന്മാർക്കുള്ള ജോലിയാണെന്ന് ചിലർ പറയുന്നു. മറ്റുള്ളവർ ഞങ്ങൾ സ്ത്രീകൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നും പറയുന്നു. എന്നാൽ, സത്യത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ ശാന്തരും ശ്രദ്ധാലുക്കളുമായ ഡ്രൈവർമാരാണ്” അവർ പറഞ്ഞു. കമ്മ്യൂണിറ്റി സർവീസ് ബിരുദധാരിയായ നെയ്‌ല ജോലി ഇല്ലാതായതിനെ തുടർന്നാണ് ടാക്സി ബിസിനസ്സ് ആരംഭിച്ചത്. ഹെഡ് സ്കാർഫും കൊവിഡ് -19 മാസ്കും ധരിച്ചാണ് അവർ തന്റെ കിയയിൽ യാത്ര ചെയ്യുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് സേവനം നടത്തുന്നത്.     

അവരുടെ യാത്രക്കാരിൽ പലരും പറയുന്നത് പുരുഷന്മാരായ ഡ്രൈവർമാരെക്കാൾ ശാന്തയാണ് നെയ്‌ല എന്നാണ്. “ഒരു ബ്യൂട്ടി പാർലറിൽ നിന്ന് വരുമ്പോഴോ, ഒരു പാർട്ടിക്ക് പോകുമ്പോഴോ ഒരു വനിതാഡ്രൈവർക്കൊപ്പം സവാരി ചെയ്യാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്” നെയ്‌ല പറഞ്ഞു. അത് ശരിയാണെന്ന് അവരുടെ ക്ലൈയിന്റായ സൂസൻ അബു അറ്റില സമ്മതിക്കുന്നു. “ഞങ്ങൾക്ക് ഇതാണ് കൂടുതൽ സമാധാനം” സൂസൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ഗാസയിലെ തൊഴിലില്ലായ്മാ നിരക്ക് 49% ആണ്, ഇസ്രായേലും ഈജിപ്തും ഏർപ്പെടുത്തിയ അതിർത്തി നിയന്ത്രണങ്ങൾ ഇതിനെ കൂടുതൽ വഷളാക്കി. പകർച്ചവ്യാധി അവസാനിച്ചുകഴിഞ്ഞാൽ തന്റെ ബിസിനസ്സ് വിപുലീകരിക്കാൻ നെയ്‌ല പദ്ധതിയിടുന്നുണ്ട്.  
 

Follow Us:
Download App:
  • android
  • ios