Asianet News MalayalamAsianet News Malayalam

ജീവിതകാലം മുഴുവനും ​ഗ്യാസ് മാസ്ക് ധരിക്കേണ്ടി വരുന്ന ഒരു സമൂഹം!

അഗ്നിപർവ്വതത്തെ മാറ്റിനിർത്തിയാൽ, മിയാക്കെ-ജിമ നിരവധി പ്രകൃതി അത്ഭുതങ്ങളുടെ ആവാസകേന്ദ്രമാണ്.

The Gas Mask Island of Japan
Author
Miyakejima, First Published Dec 13, 2020, 9:36 AM IST

അന്തരീക്ഷ മലിനീകരണം ദിനംപ്രതി വർധിച്ചു വരികയാണ് എന്ന് നമുക്കറിയാം. ഓക്സിജൻ വിൽക്കുന്ന പാർലറുകൾ പോലും ഒരു ഘട്ടത്തിൽ തുറക്കുകയുണ്ടായി. എന്നാൽ, വിഷമയമായ വായുവിന്റെ സാന്നിധ്യം മൂലം ജീവിതകാലം മുഴുവൻ ഗ്യാസ് മാസ്ക് ധരിച്ച് ജീവിക്കേണ്ട ഒരു ഗതികേട് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? എന്നാൽ, അങ്ങനെയൊരു ജനതയുണ്ട്. ജപ്പാനിലെ മനോഹര ദ്വീപായ മിയാകെ-ജി -മയിലെ ആളുകളാണ് വിഷവാതകത്തിൽ നിന്ന് രക്ഷപ്പെടാൻ ഗ്യാസ് മാസ്ക് ധരിക്കുന്നത്. "ഗ്യാസ് മാസ്ക് ദ്വീപ്" എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ.   

ഈ മനോഹരമായ ദ്വീപിൽ കഴിഞ്ഞ 500 വർഷത്തിനിടെ ഒന്നിലധികം തവണ പൊട്ടിത്തെറിച്ച സജീവമായ ഒരു അഗ്നിപർവ്വതമുണ്ട്. ഒയാമ അഗ്നിപർവ്വതം എന്നാണ് ഇത് അറിയപ്പെടുന്നത്. 1940 -ൽ ആ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവാപ്രവാഹം 11 പേരുടെ ജീവനെടുത്തു. 1962 -ലും 1983 -ലും പൊട്ടിത്തെറി ഉണ്ടായി. അത് ഒരു തുടക്കം മാത്രമായിരുന്നു. തലമുറകളായി മിയാകെ-ജിമയിലെ നിവാസികൾ സജീവമായ ഈ അഗ്നിപർവ്വതത്തിനൊപ്പമാണ് ജീവിക്കുന്നത്. എന്നാൽ, 2000 -ത്തിൽ ഉണ്ടായ ഒരു പൊട്ടിത്തെറിയിൽ നിവാസികളെ കൂട്ടത്തോടെ ഒഴിപ്പിക്കാൻ ഭരണകൂടം നിർബന്ധിതരായി. സ്ഫോടനങ്ങൾ മാത്രമല്ല, പൊട്ടിത്തെറിയെത്തുടർന്ന് വായുവിൽ നിറഞ്ഞ വിഷവാതകം കൂടിയായപ്പോഴാണ് ദ്വീപിലെ ജനങ്ങളെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായത്. ഉയർന്ന അളവിലുള്ള സൾഫർ ഈ സ്ഥലത്തെ മലിനമാക്കി. ഇവിടേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചു. അടുത്ത എട്ട് വർഷത്തേക്ക് അവിടം അടഞ്ഞുകിടന്നു. പിന്നീട് താമസക്കാർ 2005 -ൽ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി.  

2005 -ന് ശേഷം, വീടുകളിലേക്ക് മടങ്ങിയ എല്ലാവരും എല്ലായ്പ്പോഴും ഗ്യാസ് മാസ്കുകൾ കൊണ്ട് നടക്കേണ്ടതായി വന്നു. ദോഷകരമായ പുക അപകടകരമായ തലത്തിലെത്തുമ്പോൾ അവർ മാസ്കുകൾ ധരിക്കുന്നു. ഇതിന് പുറമെ, സർക്കാർ ദ്വീപ് നിവാസികളിൽ പതിവായി ആരോഗ്യ പരിശോധനയും നടത്തുന്നു. ഉയർന്ന അളവിലുള്ള അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്ന് ദോഷകരമായ വിഷവാതകം തുടർച്ചയായി ഇവിടത്തെ അന്തരീക്ഷത്തിലേക്ക് ചോർന്നൊലിക്കുന്നു. 2000 -ത്തിൽ ജൂൺ 26 -നും ജൂലൈ 21 -നും ഇടയിൽ 17,500 ഭൂകമ്പങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഈ സ്ഥലം വാസയോഗ്യമല്ലെന്ന് മാത്രമല്ല, വിചിത്രവുമാണ്.

അഗ്നിപർവ്വതത്തെ മാറ്റിനിർത്തിയാൽ, മിയാക്കെ-ജിമ നിരവധി പ്രകൃതി അത്ഭുതങ്ങളുടെ ആവാസകേന്ദ്രമാണ്. അഗ്നിപർവ്വതത്തിൽ നിന്നും വിനോദസഞ്ചാരികളിൽ നിന്നും നിരന്തരം ഭീഷണി നേരിടുന്നുണ്ടെങ്കിലും, അപൂർവങ്ങളായ നിരവധി പക്ഷികളും, മൃഗങ്ങളും ദ്വീപിൽ വസിക്കുന്നു. കടലിന് താഴെയുള്ള പവിഴപ്പുറ്റുകൾ സന്ദർശകർക്ക് ഏറെ പ്രിയങ്കരമാണ്. കടലിൽ നീന്തുന്ന ഡോൾഫിനുകളും വളരെ സുഖകരമായ ഒരു കാഴ്ചയാണ്. ഗ്യാസ് മാസ്കുകൾക്ക് ദ്വീപിനെ വിജനമായ ഒരു ഭൂമിയാക്കി മാറ്റുന്നുവെങ്കിലും, സന്ദർശിക്കാൻ സാധിക്കുന്ന മനോഹരമായ ഒരു സ്ഥലമാണിത്.

Follow Us:
Download App:
  • android
  • ios