ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ശ്രദ്ധിച്ചോ? മരത്തിന്റെ ചില്ലയിൽ ഇരിക്കുന്ന പൂച്ചയെ നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ പടം നമുക്ക് അതിൽ കാണാം. എന്താണ് ആ പടത്തിന്റെ പ്രത്യേകത എന്ന് അത്ഭുതപ്പെട്ടേക്കാം. ആ പടം 'ആലീസ് ഇൻ വണ്ടർലാൻഡ്' എന്ന പ്രശസ്‍ത നോവലിലെ കഥാപാത്രമാണ്. അത് വരച്ചതോ പ്രശസ്ത ഇല്ലസ്ട്രേറ്ററും ആക്ഷേപഹാസ്യ കലാകാരനുമായ സർ ജോൺ ടെന്നിയലാണ്. ഇന്ന് അദ്ദേഹത്തിന്റെ 200-ാം ജന്മവാർഷികമാണ്. വിക്ടോറിയൻ ചിത്രകാരന്മാരിലൊരാളാണ് ടെന്നിയൽ. ഒരുപക്ഷേ, ലൂയിസ് കരോളിന്റെ ആലീസ് ഇൻ വണ്ടർലാൻഡ് വായിച്ചിട്ടുള്ള ആർക്കും അദ്ദേഹത്തെ മറക്കാനാവില്ല. ആ സീരീസിലെ കഥാപാത്രങ്ങളെ ജീവസുറ്റതാക്കിയത് അദ്ദേഹത്തിന്റെ വരകളാണ്. 

1820 ഫെബ്രുവരി 28 -ന് ലണ്ടനിൽ ജനിച്ച അദ്ദേഹം, ആരുടേയും ശിക്ഷണമില്ലാതെയാണ് അതിമനോഹരമായ ചിത്രങ്ങൾ വരക്കാൻ തുടങ്ങിയത്. ടെന്നൽ റോയൽ അക്കാദമി സ്കൂളുകളിൽ പഠിക്കുകയും, വെറും 16 വയസ്സുള്ളപ്പോൾ, തന്റെ ആദ്യത്തെ ഓയിൽ പെയിന്റിംഗ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് ആർട്ടിസ്റ്റുകളിൽ പ്രദർശനത്തിനായി സമർപ്പിക്കുകയും ചെയ്ത അദ്ദേഹം ഒരു അനുഗ്രഹീതനായ കലാകാരനായിരുന്നു. 1850 -ൽ ചരിത്രവാരികയായ പഞ്ച് മാസികയിൽ ഒരു രാഷ്ട്രീയ കാർട്ടൂണിസ്റ്റായി മാറിയപ്പോൾ ടെന്നിയൽ തന്റെ ജീവിത ലക്ഷ്യം  ചിത്രരചനയാണെന്ന് തിരിച്ചറിഞ്ഞു. 20 -ാം വയസ്സിൽ, ടെന്നിയലിന് ഒരു അപകടത്തെത്തുടർന്ന് വലത് കണ്ണിലെ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. എന്നാൽ അദ്ദേഹത്തിന്റെ അസാമാന്യ ബുദ്ധിശക്തി, ആ ബലഹീനതയെ മറികടക്കാനും, ചിത്രരചനയിൽ സ്വന്തമായ ഒരു ശൈലി വികസിപ്പിച്ചെടുക്കാനും അദ്ദേഹത്തെ പ്രാപ്‍തനാക്കി. 

ഈ സവിശേഷമായ സമീപനമാണ് എഴുത്തുകാരനും പ്രൊഫസറുമായ ചാൾസ് ഡോഡ്ജോണിന്റെ ശ്രദ്ധ ആകർഷിച്ചത്. അത് മറ്റാരുമല്ല, 'ആലിസ് ഇൻ വണ്ടർലാൻഡി'ന്റെ രചയിതാവ് തന്നെയായിരുന്നു. ലൂയിസ് കരോൾ എന്നത് ചാൾസിന്റെ തൂലികാനാമമായിരുന്നു. 1864 -ൽ, അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന കരോളിന്റെ പുതിയ പുസ്തകമായ 'ആലീസിന്റെ അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാൻഡ്' ചിത്രീകരിക്കാൻ അദ്ദേഹം ടെന്നിയലിനെ സമീപിച്ചു. കുറച്ചു ദിവസത്തെ ചർച്ചകൾക്ക് ശേഷം ടെന്നിയൽ കരോളിനൊപ്പം ജോലിചെയ്യാൻ സമ്മതിച്ചു. അവരുടെ കൂട്ടുകെട്ടിൽ ആലീസ്, ചെഷയർ ക്യാറ്റ് തുടങ്ങിയ ക്ലാസിക് കഥാപാത്രങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കപ്പെട്ടു. താമസിയാതെ അത് ഒരു വൻവിജയമായി മാറി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാ പ്രായത്തിലുമുള്ള വായനക്കാരെയും ആകർഷിച്ചു. അവരുടെ ക്രിയാത്മക പങ്കാളിത്തം 1872 -ലെ  “ത്രൂ ദ ലുക്കിംഗ് ഗ്ലാസ്” എന്ന കൃതി വരെ തുടർന്നു. 

കരോളിനൊപ്പമുള്ള ജോലിക്കുശേഷം ടെന്നിയൽ മറ്റൊരു ചിത്രീകരണ ജോലിയും സ്വീകരിച്ചില്ല. പകരം, പഞ്ചിലെ തന്റെ രാഷ്ട്രീയ കാർട്ടൂൺ ജോലികളിലേക്ക് അദ്ദേഹം മടങ്ങി. മാസികയ്ക്കും “ആലീസ് ഇൻ വണ്ടർ‌ലാൻഡിനും” നൽകിയ സമഗ്ര സംഭാവനകൾക്ക് ടെന്നിയലിന് 1893 -ൽ നൈറ്റ്ഹുഡ് ലഭിക്കുകയുണ്ടായി. ആലീസിന്റെ അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ‌ലാൻഡിന് അദ്ദേഹം നൽകിയ ചിത്രങ്ങളാണ് അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയത്. പതിറ്റാണ്ടുകളായി, ടെന്നിയലിന്റെ ചിത്രീകരണങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും ഭാവനകളെ വർണാഭമാക്കുന്നു. അദ്ദേഹത്തിന്റെ തനതായ ശൈലിയും, കാലാതീതമായ കലാസൃഷ്ടികളും ഇന്നും വായനക്കാർക്ക് വിലമതിക്കാനാവാത്ത ഒരു സമ്പത്താണ്.