Asianet News MalayalamAsianet News Malayalam

ഉമാനന്ദ ദ്വീപില്‍ ഇനി ഗോള്‍ഡന്‍ ലംഗൂറുകളില്ല

എന്നിരുന്നാലും, അത് അനുഭവിച്ചിരുന്ന ശാരീരിക അസ്വാസ്ഥ്യവും നീണ്ടുനിൽക്കുന്ന ഏകാന്തതയും വിഷാദവും അതിന്റെ ആയുസ്സ് കുറയുന്നതിന് കാരണമായി എന്ന് ചില സംരക്ഷകർ കരുതുന്നു.

The Golden Langur disappeared from Umananda Island
Author
Assam, First Published Feb 28, 2020, 3:17 PM IST

ആവാസവ്യവസ്ഥയുടെ അഭാവവും, കാലാവസ്ഥ വ്യതിയാനവും മൂലം ഇന്ന് ലോകത്ത് കാണുന്ന പല മൃഗങ്ങളും വംശനാശഭീഷണിയുടെ വക്കിലാണ്. അസമിലെ ബ്രഹ്മപുത്രയുടെ മധ്യത്തിലുള്ള ദ്വീപാണ് ഉമാനന്ദ. ഈ കഴിഞ്ഞ ശനിയാഴ്‍ച ദ്വീപിൽ ആകെ അവശേഷിച്ചിരുന്ന ഗോൾഡൻ ലംഗൂർ മരിക്കാനിടയായത് പരിസ്ഥിതി പ്രവർത്തകരെയും, പ്രകൃതി സ്നേഹികളെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. അവശേഷിക്കുന്ന ഗോൾഡൻ ലംഗൂറും മരിച്ചതോടെ, ദ്വീപിൽ അവയ്ക്ക് വംശനാശം സംഭവിച്ചിരിക്കുകയാണ്.  

ഭൂട്ടാനിലും പടിഞ്ഞാറൻ അസമിന്റെ ചില ഭാഗങ്ങളിലും വംശനാശഭീഷണി നേരിടുന്ന ജീവികളാണ് ഗോൾഡൻ ലംഗൂറുകൾ. കുരങ്ങ് വർഗ്ഗത്തിൽപ്പെട്ട ഇവയ്ക്ക് സ്വർണ്ണനിറത്തിലുള്ള രോമങ്ങൾ കാരണമാണ് ഈ പേര് ലഭിച്ചത്. 1984 -ലാണ് ഇവയുടെ ഒരു ജോഡിയെ ആദ്യമായി ഉമാനന്ദയിൽ കൊണ്ടുവന്നത്. എന്നാൽ ആരാണ് അവയെ ദ്വീപിൽ അവതരിപ്പിച്ചത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 1990 -ലാണ് ഈ ജോഡി ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. കാലക്രമേണ അവർ ആറെണ്ണത്തിന് കൂടി ജൻമം നൽകി. 2002 -ൽ അവയുടെ എണ്ണം എട്ടായി വർധിക്കുകയും ചെയ്‍തു. ഒടുവിൽ, ഉമാനന്ദയിൽ 11 ഗോൾഡൻ ലംഗൂറുകള്‍ ഉണ്ടായി. 1694 -ൽ ഭരണാധികാരികൾ പണികഴിപ്പിച്ച ഉമാനന്ദയിലെ ശിവക്ഷേത്രം വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും ഇടയിൽ പ്രശസ്‌തമായ സ്ഥലമാണ്‌. കാലങ്ങളായി ഗോൾഡൻ ലംഗൂറുകൾ അവിടെയാണ് കഴിഞ്ഞിരുന്നത്. 

എന്നാൽ പിന്നീട്, അവയിൽ ഒന്ന് നായയുടെ കടിയേറ്റ് മരിയ്ക്കുകയുണ്ടായി. മറ്റ് രണ്ടുപേർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില രോഗങ്ങൾ ബാധിച്ച് മരിച്ചു. ഇത് ഗുവാഹത്തിയിലെ അസം സ്റ്റേറ്റ് മൃഗശാലയുടെ ശ്രദ്ധയിൽപ്പെടുകയും, രണ്ട് ലംഗൂറുകളെ അവിടെനിന്ന് മാറ്റുകയും, 2017 ൽ മറ്റ് നാല് പേരെ അസം സംസ്ഥാന മൃഗശാലയിലേക്ക് മാറ്റുകയും ചെയ്‍തു.  

“ഉമാനന്ദയുടെ ആവാസകേന്ദ്രം പ്രധാനമായും ഇല തിന്നുന്ന ഗോൾഡൻ ലംഗൂറിന് അനുയോജ്യമല്ല. ഭക്തർ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന പഴങ്ങൾക്കൊപ്പം, കഴിക്കാൻ പാടില്ലാത്ത റൊട്ടി, കേക്ക്, ബിസ്കറ്റ് മുതലായവയും അവ ഭക്ഷിക്കാൻ തുടങ്ങി. ഇത് അവയുടെ ആരോഗ്യത്തെ ബാധിച്ചു. അവർ നേരിടുന്ന മറ്റൊരു പ്രശ്നമാണ് പ്രജനനം” അസം ട്രിബ്യൂണിനോട് ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പറഞ്ഞു.

അസം ട്രിബ്യൂൺ പറയുന്നതനുസരിച്ച്, ലംഗൂറിന്‍റെ മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കാരണങ്ങൾ വ്യക്തമാകൂ. എന്നിരുന്നാലും, അത് അനുഭവിച്ചിരുന്ന ശാരീരിക അസ്വാസ്ഥ്യവും നീണ്ടുനിൽക്കുന്ന ഏകാന്തതയും വിഷാദവും അതിന്റെ ആയുസ്സ് കുറയ്ക്കുന്നതിന് കാരണമായി എന്ന് ചില സംരക്ഷകർ കരുതുന്നു. അസമിൽ അവശേഷിക്കുന്ന 500 ഗോൾഡൻ ലംഗൂറുകളെ (2019 -ലെ സെൻസസ്) സംരക്ഷിക്കാൻ സർക്കാർ നിരവധി ശ്രമങ്ങൾ ആരംഭിച്ചതായി ഒരു റിപ്പോർട്ട് പറയുന്നു. ഭക്ഷ്യ വിഭവം കുറയുന്നതും, മനുഷ്യ-മൃഗ സംഘട്ടനം വർദ്ധിച്ചുവരുന്നതും കാരണമാണ് ലംഗൂറുകളുടെ എണ്ണം കുറഞ്ഞു വരുന്നത്. 

Follow Us:
Download App:
  • android
  • ios