പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമാണ് സെനഗൽ റിപ്പബ്ലിക്. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രഞ്ച് ഉൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളും ഇവിടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ, അവർക്കെതിരെ പടപൊരുതിയത് ഒരു പെൺസൈന്യമായിരുന്നു. അവരെ നയിച്ചിരുന്നതോ പെൺഭരണാധികാരികളും. ആഫ്രിക്കയുടെ ചരിത്രം നോക്കുകയാണെങ്കിൽ, അടിമക്കച്ചവടവും, പുരുഷാധിപത്യം ആഴത്തിൽ വേരുറച്ച ഒരുപാരമ്പര്യവുമാണ് അവർക്കുള്ളത്. സ്ത്രീകളെയെല്ലാം രണ്ടാം തരക്കാരായി കാണുന്ന ഒരു രാജ്യത്തെ ഭരിച്ചിരുന്നത് ഒരു കാലത്ത് സ്ത്രീകളായിരുന്നുവെന്നത് വളരെ വിസ്മയമുളവാക്കുന്ന കാര്യമാണ്. 

അതുമാത്രവുമല്ല, വിദേശശക്തികളെ ഒഴിപ്പിക്കാനും, സ്വന്തം നാട് തിരിച്ച് പിടിക്കുന്നതിനായി സ്ത്രീകൾ തന്നെ മുന്നോട്ട് വന്നു യുദ്ധം ചെയ്തുവെന്നത് അതിലും അത്ഭുതമുളവാക്കുന്ന കാര്യമാണ്. അതിശക്തമായ രാജ്യഭരണങ്ങളിൽ ഒന്നായിരുന്നു അത്. സ്വയം പരാജയപ്പെടുത്തുന്നതുവരെ ധീരമായി യുദ്ധം ചെയ്ത ശക്തമായ വനിതാ സൈന്യത്തെക്കുറിച്ച് ചരിത്രത്തിൽ പലയിടത്തും പരാമർശിക്കപ്പെടുന്നുണ്ട്. വാലോ വനിതാ യോദ്ധാക്കളെന്നാണ് അവർ അറിയപ്പെട്ടിരുന്നത്. 

അറബികളുടെയും ഫ്രഞ്ചുകാരുടെയും ആക്രമണത്തിനുമുൻപ് വരെ, സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനം ഇല്ലാതെ എല്ലാവരും ഒരുപോലെ ജീവിച്ചുപോന്ന ഒരു രാജ്യമായിരുന്നു വാലോ. അവിടം ഭരിച്ചിരുന്നത് സ്ത്രീകളാണ്. അത് കൂടാതെ, സൈനിക, രാഷ്ട്രീയ രംഗങ്ങളിലും സ്ത്രീകളാണ് ഉണ്ടായിരുന്നത്.  അന്ന് രാജകൊട്ടാരത്തിലുണ്ടായിരുന്ന സ്ത്രീകൾ ആയോധനകലകൾ പരിശീലിപ്പിച്ചിരുന്നു. കൂടാതെ യുദ്ധതന്ത്രങ്ങളും അവർക്ക് വശമുണ്ടായിരുന്നു. അവരാണ് സൈന്യത്തെ നയിച്ചിരുന്നത്. അത് മാത്രവുമല്ല, സൈന്യത്തിലെ യോദ്ധാക്കളും സ്ത്രീകളായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ അറബ് അധിനിവേശത്തിനെതിരായും, പതിനഞ്ചാം നൂറ്റാണ്ടിലെ നെഡർ യുദ്ധത്തിലും, മറ്റ് പല യുദ്ധങ്ങളിലും അവർ ശക്തമായി തന്നെ പോരാടി. ആ വനിതാ യോദ്ധാക്കൾ തങ്ങളുടെ ഭരണാധികാരിയോടും രാജ്യത്തോടും തികഞ്ഞ ഭക്തിയുള്ളവരായിരുന്നു. ആ കാലഘട്ടങ്ങളിൽ, വാലോ വനിതാ യോദ്ധാക്കൾ ഏറെ അംഗീകരിക്കപ്പെടുന്നു.

1820 -ൽ, അറബികൾ സെനഗലിനെ തോൽപിക്കാൻ ഒരു ശ്രമം നടത്തി. നയിക്കാൻ ഒരു രാജാവില്ലാതിരുന്ന ഈ രാജ്യത്തെ എളുപ്പത്തിൽ തോല്പിക്കാം എന്നവർ ചിന്തിച്ചു. എന്നാൽ, അതിലും ശക്തയായ ഒരു രാജ്ഞിയും, അവരുടെ പെൺപടയുമുണ്ടെന്നത് അവരറിഞ്ഞില്ല. രാജ്ഞി ഫാത്തിം യമർ ഖുരി യായോയുടെ നേതൃത്വത്തിൽ, വനിതാ യോദ്ധാക്കൾ രാജാവിന്റെയും പുരുഷസൈന്യത്തിന്റെയും സഹായമില്ലാതെ തന്നെ അറബികളെ പരാജയപ്പെടുത്തി. സ്ത്രീകൾ നയിച്ച സൈന്യം തങ്ങളെ പരാജയപ്പെടുത്തിയത് അറബികൾക്ക് വലിയ നാണക്കേടുളവാക്കി. വനിതാ യോദ്ധാക്കളുടെ കരുത്ത് കണ്ട് അവർ അതിശയിച്ചു. 

അവരുടെ വിജയഗാഥ അതോടെ അവസാനിക്കുന്നില്ല. അമ്മ മഹാറാണിയുടെ അതേ പാരമ്പര്യം പിന്തുടർന്ന് മക്കളും പിന്നീട് അവിടേക്ക് കടന്ന് വന്ന അറബികളെയും, ഫ്രഞ്ചുകാരെയും പ്രതിരോധിച്ചു. 10 വർഷക്കാലം അവർ വിജയിച്ചു തന്നെ നിന്നു. എന്നാൽ, അവസാനത്തെ രാജ്ഞി കൂടി സെനഗലിന് നഷ്ടമായപ്പോൾ, ഫ്രഞ്ച് അവിടം കീഴടക്കി. എന്നിരുന്നാലും ചരിത്രത്തിൽ അവരുടെ സ്ഥാനം ഇന്നും പ്രസക്തമായി തന്നെ തുടരുന്നു. ആത്മധൈര്യത്തിന്റെയും, പെൺകരുത്തിന്റെയും ഒളിമങ്ങാത്ത പ്രതീകങ്ങളാണ് സെനഗലിന്റെ വനിതാ യോദ്ധാക്കൾ.