ഗുജറാത്തിലെ ഭരണാധികാരിയായ മെഹ്മൂദ് ബെഗഡയെ (മഹ്മൂദ് ഷാ 1) കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. 53 വർഷക്കാലം (1458-1511) നീണ്ടുനിന്ന ഏറ്റവും ദൈർഘ്യമേറിയ വാഴ്ചകളിലൊന്നാണിത്. എന്നാൽ, അതിന്റെ പേരിൽ മാത്രമല്ല, അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പകരം, അദ്ദേഹത്തിന്റെ വിചിത്രമായ ഭക്ഷണരീതികളുടെ പേരിലും കൂടിയാണ്. വളരെയധികം ശാരീരികബലവും വിശപ്പും ഉള്ള ശക്തനായ മനുഷ്യനായിരുന്നു മഹ്മൂദ് ബെഗഡ. അദ്ദേഹം ദിവസവും ധാരാളം ഭക്ഷണം കഴിക്കുമായിരുന്നു. ഏകദേശം 35 കിലോഗ്രാം ഭക്ഷണം അദ്ദേഹം ഒരു ദിവസം അകത്താക്കിയിരുന്നു എന്നാണ് പറയുന്നത്. അത് കൂടാതെ 4.6 കിലോഗ്രാം മധുരപലഹാരങ്ങളും കഴിക്കുമായിരുന്നുവത്രെ.  

ഗുജറാത്ത് സുൽത്താനെറ്റിലെ ശ്രദ്ധേയരായ ഭരണാധികാരികളിൽ ഒരാളാണ് മഹ്മൂദ് ഷാ ഒന്നാമൻ മഹ്മൂദ് ബെഗഡ എന്നറിയപ്പെടുന്ന മഹ്മൂദ് ബെഗഹ. 'ഭൂമിയുടെ സുൽത്താൻ, കടലിന്റെ സുൽത്താൻ' എന്ന പേരിൽ പ്രസിദ്ധനായ അദ്ദേഹം ഗുജറാത്തിലെ ഭൂപ്രദേശങ്ങൾ തന്റെ പോരാട്ടങ്ങളിലൂടെ വിപുലമാക്കി. അപാരമായ കരുത്തും, എപ്പോഴുമുണ്ടായിരുന്ന വിശപ്പുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷതകൾ. യൂറോപ്യൻ ചരിത്രകാരന്മാരായ ബാർബോസയും വർത്തമയും പറയുന്നതനുസരിച്ച്, ഒരിക്കൽ സുൽത്താനെ വിഷം കൊടുത്ത് കൊല്ലാൻ ഒരു ശ്രമം നടന്നു. അതിനുശേഷം ശരീരത്തിന് രോഗപ്രതിരോധശേഷി ലഭിക്കാനായി അദ്ദേഹം ദിവസവും ചെറിയ അളവിൽ വിഷം ഭക്ഷിക്കുമായിരുന്നു. അദ്ദേഹം ഉപയോഗിച്ച് കളഞ്ഞ വസ്ത്രങ്ങൾ മറ്റാരും തൊടാറില്ല. പകരം അവ കത്തിക്കുകയായിരുന്നു പതിവ്. വസ്ത്രങ്ങളിലും വിഷം പുരണ്ടിരിക്കുമെന്ന് ആളുകൾ ഭയന്നു.   

ഒരുപക്ഷേ ഈ വിഷം കഴിക്കുന്ന പതിവായിരിക്കാം അദ്ദേഹത്തിന്റെ അവസാനിക്കാത്ത വിശപ്പിന് കാരണം. അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണത്തിൽ ഒരു കപ്പ് തേനും ഒരു കപ്പ് വെണ്ണയും നൂറ് മുതൽ നൂറ്റി അൻപത് വരെ വാഴപ്പഴങ്ങളും ഉൾപ്പെട്ടിരുന്നുവത്രെ. പേർഷ്യൻ ക്രോണിക്കിളുകളും യൂറോപ്യൻ സഞ്ചാരികളായ ബെർബോസ, വെർത്തെമ എന്നിവരും ചക്രവർത്തിക്ക് വലിയ വിശപ്പുണ്ടായതായി പരാമർശിക്കുന്നു. അദ്ദേഹത്തിന്റെ പതിവ് ഭക്ഷണം 35 കിലോഗ്രാം വരുമെന്ന് അവർ പറഞ്ഞു. അതിനുശേഷം 4.6 കിലോഗ്രാം ഉണക്കിയ അരി ചേർത്ത മധുരപലഹാരവും അദ്ദേഹം കഴിക്കുമായിരുന്നു. 

പകൽ മുഴുവൻ ഇങ്ങനെ കഴിച്ചാലും രാത്രിയാകുമ്പോഴേക്കും അദ്ദേഹത്തിന് വീണ്ടും വിശക്കുമായിരുന്നു. രാത്രി വിശക്കുമ്പോൾ കഴിക്കാനായി കിടക്കയുടെ രണ്ടരികിലും താലത്തിൽ കുന്ന് പോലെ ഇറച്ചി സമോസ അടുക്കി വയ്ക്കുമായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് 66 -ാം വയസ്സിൽ അദ്ദേഹം മരിച്ചു. പക്ഷേ, വലിയ അളവിലുള്ള കലോറിയും വിഷവും കഴിച്ചിട്ടും അയാൾ വർഷങ്ങളോളം എങ്ങനെ ആരോഗ്യത്തോടെ കഴിഞ്ഞു എന്നത് ഇന്നും ഒരത്ഭുതമാണ്. കൂടാതെ അദ്ദേഹത്തിന് ഭാര്യയും മക്കളും അടങ്ങുന്ന ഒരു കുടുംബമുണ്ടായിരുന്നു. എല്ലാവരും പറയുന്നതുപോലെ അദ്ദേഹം വിഷം കഴിക്കുന്ന ആളാണെങ്കിൽ അദ്ദേഹത്തിന്റെ കുടുംബം എങ്ങനെ അതിജീവിച്ചു?