എന്നാൽ, ആ ആഗ്രഹം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പുസ്‍തകശേഖകരിൽ ഒരാളാക്കി മാറ്റിയിരിക്കുന്നു.

വായന എന്നത് മനസ്സുകൊണ്ടുള്ള ഒരു യാത്രയാണ്. ആ യാത്രയിൽ നിരവധി ആളുകളെയും, വ്യത്യസ്‍തജീവിതങ്ങളെയും നമ്മൾ കണ്ടുമുട്ടുന്നു. വായന പലർക്കും അവരുടെ സങ്കടങ്ങൾ മാറ്റുന്ന ഒരു മാന്ത്രികമരുന്നാണ്. പണ്ടൊക്കെ ഏതൊരു വായനക്കാരന്‍റെ വീട്ടിൽ ചെന്നാലും പുസ്‌തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ കാണാൻ കഴിയും. എന്നാൽ, ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ‘ഇ-ബുക്കു’കളിലേക്ക് ലോകം വഴിമാറുമ്പോൾ, അത്തരം ശീലങ്ങൾ പലരും ഉപേക്ഷിക്കുകയാണ്. എന്നാൽ, ഇന്നും ആ ശീലം ഉപേക്ഷിക്കാൻ മനസ്സ് വരാത്ത ഒരാളാണ് 72 -കാരനായ അൻകെ ഗൗഡ. ലോകത്തിൽ ഏറ്റവും കൂടുതൽ പുസ്‍തകങ്ങൾ സ്വന്തമായുള്ള ആളുകളിൽ ഒരാളായിരിക്കും ഒരുപക്ഷേ അദ്ദേഹം. 70,000 -ത്തിലധികം പുസ്‌തകങ്ങളാണ് അദ്ദേഹത്തിന്റെ ലൈബ്രറിയിലുള്ളത്. അദ്ദേഹത്തിന്റെ അത്ഭുതകരമായ ഈ നേട്ടം 2016 -ൽ ‘ഏറ്റവും വലിയ വ്യക്തിഗത പുസ്‍തകശേഖര’ -ത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടാൻ അദ്ദേഹത്തെ സഹായിച്ചു.

ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ഗൗഡയ്ക്ക് കുട്ടിയായിരിക്കുമ്പോൾ പുസ്‍തകങ്ങൾ വാങ്ങി വായിക്കാനുള്ള പണമില്ലായിരുന്നു. അതേസമയം വായിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ അധ്യാപകർ പ്രോത്സാഹിപ്പിച്ചപ്പോൾ, അതൊരു ഹോബിയായി മാറി. വർഷങ്ങൾ കഴിഞ്ഞപ്പോൾ, അത് ഒരു ഭ്രാന്തായിത്തീർന്നു. പിന്നീട് മൈസൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയശേഷം മാണ്ഡ്യയിലെ ഒരു പഞ്ചസാര ഫാക്ടറിയിൽ അദ്ദേഹം ജോലിയ്ക്ക് ചേർന്നു. അപ്പോഴും പുസ്‍തകങ്ങൾ ശേഖരിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കുറഞ്ഞില്ല. “പോകുന്നിടത്തുനിന്നെല്ലാം ഞാൻ പുസ്‍തകങ്ങൾ വാങ്ങുമായിരുന്നു” അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. മാണ്ഡ്യയിലെ നാട്ടുകാർ പലപ്പോഴും ഇതും പറഞ്ഞ് അദ്ദേഹത്തെ കളിയാക്കുമായിരുന്നു. ഒരിക്കൽ വീട്ടുസാമാനങ്ങൾ വാങ്ങാൻപോയ ഭർത്താവ് ആ പണംകൊണ്ട് പുസ്‍തകവും വാങ്ങിവന്നത് ഭാര്യ വിജയലക്ഷ്‍മി ഓർക്കുന്നു! പുസ്‍തകങ്ങളോടുള്ള അടങ്ങാത്ത സ്നേഹവും, അറിവ് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാനുള്ള ആഗ്രഹവുമാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. 

എന്നാൽ, ആ ആഗ്രഹം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പുസ്‍തകശേഖകരിൽ ഒരാളാക്കി മാറ്റിയിരിക്കുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ മതഗ്രന്ഥങ്ങൾ, വിജ്ഞാനകോശങ്ങൾ, നിഘണ്ടുകൾ, ഫിക്ഷൻ, നോൺ ഫിക്ഷൻ, ക്ലാസിക്കുകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗത്തിലുള്ള പുസ്‍തകങ്ങൾ അദ്ദേഹം ശേഖരിച്ചു. അതിൽ 22 വ്യത്യസ്‍ത ഇന്ത്യൻ ഭാഷകളും എട്ട് വിദേശഭാഷകളും ഉൾപ്പെടുന്നു. കർണാടകയിലെ മാണ്ഡ്യയിലെ തന്റെ 'പുസ്‍തകവീട്ടി'ല്‍ അദ്ദേഹം തന്റെ പുസ്‍തകങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. 65,000 അന്താരാഷ്ട്ര പുസ്‍തകങ്ങളും മാസികകളും മഹാത്മാഗാന്ധിയുടെ 2,500 ശീർഷകങ്ങളും ഭഗവദ്ഗീതയെക്കുറിച്ചുള്ള 2,500 പുസ്‍തകങ്ങളും അതിലുൾപ്പെടുന്നു. ഗവേഷണ വിദ്യാർത്ഥികൾപോലും റഫറൽ മെറ്റീരിയലിനായി അല്ലെങ്കിൽ കൂടുതൽ പഠിക്കാനായി ഈ 'പുസ്‍തകമനുഷ്യനെ' സന്ദർശിക്കുന്നു. 

ആയിരക്കണക്കിന് പുസ്‍തകങ്ങളുണ്ടെങ്കിലും, കെട്ടിടത്തിന് തീയെയും, പൊടിയെയും, ചിതലിനെയുമൊന്നും പ്രതിരോധിക്കാനുള്ള സംവിധാനങ്ങളില്ല. ഒരു സഹായിയെ വയ്ക്കാനുള്ള പണമില്ലാത്തതിനാൽ ഭാര്യ വിജയലക്ഷ്‍മിയും, മകൻ സാഗറുമാണ് പുസ്‍തകങ്ങളെ പൊടിയടിച്ച് വൃത്തിയാക്കി വയ്ക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച റിട്ടയർമെന്‍റ് ആനുകൂല്യം മുഴുവൻ സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും വാങ്ങാതെ ഇതിനായി അദ്ദേഹം ചെലവാക്കി. 1832 -ലെ എട്ട് വാല്യങ്ങളുള്ള വില്യം ഷേക്സ്പിയർ കൃതികളുടെ ശേഖരമാണ് അദ്ദേഹത്തിന്റെ ഏറ്റവും വിലമതിക്കുന്ന പുസ്‍തകങ്ങളിലൊന്ന്. ഒരിക്കൽ ഒരാൾ അതിന് 110,000 ഡോളർ വാഗ്ദാനം ചെയ്‍തിരുന്നു. എന്നാൽ, ഗൗഡ ആ ഓഫർ നിരസിക്കുകയായിരുന്നു. എല്ലാ മാസവും 10,000 രൂപയുടെ പുസ്‍തകങ്ങളാണ് അദ്ദേഹം വാങ്ങുന്നത്. ഇതിന് പുറമെ, വിവിധതരം ക്ഷണക്കത്തുകളും, വിവാഹ കാർഡുകളും, ഗ്രീറ്റിംഗ് കാർഡുകളും ഗൗഡ ശേഖരിക്കുന്നു. 1975 മുതലുള്ള ഈ ശേഖരത്തിൽ ഇപ്പോൾ അയ്യായിരത്തിലധികം വ്യത്യസ്‍തതരം കാർഡുകൾ ഉണ്ട്. പുസ്‍തകങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തിന് 2014 -ൽ രാജ്യോത്സവ അവാർഡ്, 2009 -ൽ കന്നഡ ബുക്ക് അതോറിറ്റി നൽകിയ ജിപി രാജരത്നം സാഹിത്യ പരിചാരിക അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.