ബ്രൂക്ലിന്‍റെ ഗ്രീൻ-വുഡ് സെമിത്തേരിയിൽ, ഒരു ശവകുടീരത്തിന്‍റെ മുകളിൽ, വാഷിംഗ്‍ടൺ ഇർ‌വിംഗ് ബിഷപ്പ് എന്ന പേര് കാണാം. അതിന് മുകളിലായി 'രക്തസാക്ഷി' എന്നും എഴുതിയിരിക്കുന്നത്‌ കാണാം. ഇർ‌വിംഗ് പത്തൊൻപതാം നൂറ്റാണ്ടിലെ മികച്ച മാനസിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. പ്രശസ്‍തനായിരുന്ന ഇർ‌വിംഗ് പക്ഷേ വളരെ ദാരുണമായ ഒരു മരണത്തിന് കീഴ്‍പ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. മരിച്ചു എന്ന് ഉറപ്പിക്കുന്നതിന് മുൻപ് പോസ്റ്റുമോർട്ടം നടത്തിയാണ് തന്റെ മകനെ കൊന്നത് എന്ന് അദ്ദേഹത്തിന്റെ അമ്മ വാദിച്ചു. അതോടെ അദ്ദേഹത്തിന്‍റെ മരണം വൻചർച്ചയായി. ഇപ്പോഴും അദ്ദേഹത്തെ ഒരു മാനസിക വിദഗ്ദ്ധൻ എന്നതിലുപരി ഈ രീതിയിൽ മരിച്ച ഒരാൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. 

1856 -ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ തികഞ്ഞ ആത്മീയവാദികളായിരുന്നു. പിന്നീട് വലുതായപ്പോൾ പ്രശസ്‍ത സൈക്കിക് / മെന്‍റലിസ്റ്റ് അന്ന ഇവാ ഫേയുടെ മാനേജരായി ജോലി നേടി ഇർ‌വിംഗ്. എന്നാൽ, 1876 -ൽ അദ്ദേഹം ഫേയുടെ ചെപ്പടിവിദ്യയുടെ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. ആത്മീയ വിരുദ്ധ പ്രകടനക്കാരനായിത്തീർന്ന അദ്ദേഹം മനഃശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന തന്ത്രരീതികൾ തുറന്നുകാട്ടുന്ന ഒരു പുസ്‍തകവും എഴുതി. ഇതിനു തൊട്ടുപിന്നാലെ, അദ്ദേഹം ഫേയുടെ കീഴിലുള്ള ജോലി ഉപേക്ഷിച്ച്, ഫേയുടെയും മറ്റ് വ്യാജ ആത്മീയവാദികളുടെയും തന്ത്രങ്ങൾ വെളിപ്പെടുത്താൻ പൊതുജനങ്ങൾക്ക് മുന്നിൽ സ്വയം ഒരു എക്സ്പോഷർ ഷോ അവതരിപ്പിച്ചു. എന്നാൽ, പിന്നീട് ജെ. റാൻ‌ഡാൽ ബ്രൗണിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഇർ‌വിംഗിന് മൈൻഡ് റീഡിങിൽ താൽപര്യം ജനിച്ചു. ബ്രൗൺ പിന്നീട് അദ്ദേഹത്തെ തന്റെ സഹായിയാക്കി.   

പിന്നീട് ഇർ‌വിംഗ് സ്വന്തവുമായി ഷോകൾ നടത്താൻ ആരംഭിച്ചു. ബ്രൗണിന് സമാനമായി പല ട്രിക്കുകളും ഇർ‌വിംഗ് ഷോകൾക്കിടയിൽ കാണിച്ചു. ഇർ‌വിംഗ് ഒരു കാണിയോട് ഒരു സാധനം ഒരു രഹസ്യസ്ഥലത്ത് ഒളിപ്പിച്ചു വയ്ക്കാൻ ആവശ്യപ്പെടും, തുടർന്ന് അയാൾ ആ വ്യക്തിയുടെ കൈയോ കൈത്തണ്ടയോ പിടിച്ച് അതിന്റെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടും. തുടർന്ന് ഇർ‌വിംഗ് ആ വസ്‍തു കണ്ടെത്തുകയും ചെയ്യും. ലോകമെമ്പാടും അത്തരം പ്രസിദ്ധമായ മൈൻഡ് റീഡിങ് പ്രകടനങ്ങൾ അദ്ദേഹം നടത്തി. തനിക്ക് അമാനുഷിക ശക്തികളൊന്നുമില്ലെന്നും ആളുകളുടെ ശരീരചലനം നോക്കിയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  

എന്നാൽ, ഇർ‌വിംഗിന് ഒരു പ്രത്യേക അസുഖമുണ്ടായിരുന്നു. cataleptic fits എന്ന ആ രോഗം പാർക്കിൻസൺസ് രോഗവും, അപസ്‍മാരവും പോലെ ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ്. ഇത് ബാധിച്ച രോഗി ഇടക്കിടെ കുറേസമയം മരിച്ചപോലെ ബോധരഹിതനായി കിടക്കും. ചില സമയങ്ങളിൽ അബോധാവസ്ഥ 18 മണിക്കൂർ വരെ നീണ്ടുനിൽക്കാം. തന്റെ അവസ്ഥയെക്കുറിച്ചറിയാത്ത ആളുകൾ താൻ മരിച്ചെന്ന് തെറ്റിദ്ധരിക്കാൻ സാധ്യത ഉള്ളതുകൊണ്ട് പോകുന്നിടത്തെല്ലാം പോക്കറ്റിൽ ഒരു കുറിപ്പുമായാണ് അദ്ദേഹം യാത്ര ചെയ്‍തത്. തന്റെ അവസ്ഥ മരണമല്ലെന്ന് പ്രസ്‍താവിക്കുന്ന ഒരു കുറിപ്പായിരുന്നു അത്.  

1889 മെയ് 12 -ന് ലാംബ്സ് ക്ലബ് എന്നറിയപ്പെടുന്ന നാടക സമൂഹത്തിൽ പ്രകടനം നടത്തുന്നതിനിടെ ഇർ‌വിംഗ് അബോധാവസ്ഥയിലായി.  അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുറിപ്പ് ആർക്കും കണ്ടെത്താനായില്ല. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3:45 ഓടെ പോസ്റ്റുമോർട്ടം നടന്നു. അതിൽ ഇർ‌വിംഗിന്റെ തലച്ചോർ നീക്കം ചെയ്യുകയും ചെയ്‍തു. ഇർ‌വിംഗിന്റെ ഭാര്യ ഒടുവിൽ സംഭവസ്ഥലത്തെത്തി പ്രഖ്യാപിച്ചു, “അവർ എന്റെ ഭർത്താവിനെ കൊന്നു!” ഇതിനെ തുടർന്ന് രണ്ടാമത്തെ പോസ്റ്റുമോർട്ടം മെയ് 28 -ന് നടത്തി. അതിൽ മസ്‍തിഷ്‍കം നെഞ്ചിൽ തുന്നിച്ചേർത്തതായി കണ്ടെത്തി. എല്ലാ അവയവങ്ങളും നല്ല നിലയിൽ കണ്ടെത്തിയ അവർ മരണത്തിന് കാരണമായ ഒന്നുംതന്നെ കണ്ടെത്തിയില്ല.  

ഡോക്ടർമാർ ആ കുറിപ്പ് കണ്ടിരുന്നോ, അബദ്ധം പറ്റിയെന്നു മനസ്സിലായപ്പോഴാണോ ധൃതിപിടിച്ച് തലച്ചോറ് നീക്കം ചെയ്‍തത് തുടങ്ങിയ കാര്യങ്ങൾ പിന്നീട് വലിയ ചർച്ചയ്ക്കും വ്യവഹാരത്തിനും വിഷയമായി. ഇർ‌വിംഗിന്റെ അമ്മ എലനോർ ഫ്ലെച്ചർ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർക്കെതിരെ കുറ്റാരോപണം ഉന്നയിച്ച് രംഗത്തെത്തി. അടുത്ത മൂന്ന് പതിറ്റാണ്ടുകൾ അവർ ഇതിനായി ചെലവഴിച്ചു. അമ്മ തന്റെ ആദ്യകാല ജീവിതത്തിന്റെ ഒരു കഥ ന്യൂയോർക്ക് ഹെറാൾഡിൽ പങ്കുവയ്ക്കുകയുണ്ടായി. “എന്റെ മകൻ പലപ്പോഴും വീണുപോയ അതേ അവസ്ഥയ്ക്ക് ഞാനും വിധേയമാകാറുണ്ട്. അത്തരം അവസ്ഥയിൽ ഒരാൾ‌ക്ക് എല്ലാം കേൾക്കാനും കാണാനും കഴിയും. പക്ഷേ, സംസാരിക്കാനും, ചലിക്കാനും സാധിക്കില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഞാൻ ആറുദിവസം ബോധരഹിതയായി. എന്റെ ശവസംസ്‍കാരത്തിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതായി ഞാൻ അറിഞ്ഞു. എന്‍റെ സഹോദരന്‍റെ നിർബന്ധം കൊണ്ട് മാത്രമാണ് എന്നെ അവർ അടക്കാതിരുന്നത്. ഞാൻ അവിടെ കിടന്ന് എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ഏഴാം ദിവസം, ഞാൻ കണ്ണ് തുറന്നു. പക്ഷേ, ഞാൻ സഹിച്ച വേദന വളരെ വലുതായിരുന്നു" അവർ പറഞ്ഞു. തന്‍റെ മകനും അതുപോലെ ബോധം പോയതേ ഉണ്ടായിരുന്നുള്ളൂ, അവൻ മരിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന്‍റെ അമ്മ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.  

പോസ്റ്റ്‌മോർട്ടം ആരംഭിക്കുമ്പോൾ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവോ? അങ്ങനെയെങ്കിൽ സ്വന്തം ശരീരം കീറിമുറിക്കുമ്പോൾ എത്ര വേദന അദ്ദേഹം സഹിച്ചിട്ടുണ്ടാകും? ഒന്നും പറയാനാകാതെ എല്ലാം അറിഞ്ഞുകൊണ്ട് വേദനിച്ച് തീരുകയായിരുന്നിരിക്കാം അദ്ദേഹം. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് പറയാൻ മരിച്ച ആൾ തിരിച്ച് വരിലല്ലോ. അതുകൊണ്ട് തന്നെ അന്ന് എന്താണ് സംഭവിച്ചത് എന്നത് ഇന്നും ഒരു ദുരൂഹതയായി തുടരുന്നു.