Asianet News MalayalamAsianet News Malayalam

ആദ്യമായി ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയത് ഇവിടത്തെ കടലാസിലാണ്

1958 -ൽ രാജീവ് ഗാന്ധിയുടെയും, സോണിയ ഗാന്ധിയുടെയും വിവാഹ ക്ഷണക്കത്ത് അച്ചടിക്കാൻ  കടലാസ്സുകൾ വിതരണം ചെയ്തതും ഈ സ്ഥാപനം തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. 

The paper where the Constitution of India written first
Author
India, First Published Jan 28, 2020, 10:38 AM IST

പൂനെയുടെ ഹൃദയഭാഗത്ത് കെ‌ബി ജോഷി റോഡിൽ അഗ്രികൾച്ചറൽ കോളേജിന് സമീപത്തായി ഒരു ചെറിയ കട കാണാം. അവിടെ കൈകൊണ്ട് നിർമ്മിച്ച വ്യത്യസ്‍ത നിറങ്ങളിലുള്ള മനോഹരമായ കടലാസുകൾ ലഭ്യമാണ്. ഈ ഗുണനിലവാരമുള്ള കടലാസുകൾ അവിടത്തെ ആളുകൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. എന്നിരുന്നാലും, പുനെ ഹാൻഡ്‌മെയ്‍ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (HMPI) ഉടമസ്ഥതയിലുള്ള ഈ കടയിൽനിന്നാണ് ഇന്ത്യയുടെ കൈകൊണ്ട് നിർമ്മിയ്ക്കുന്ന പേപ്പർ വ്യവസായത്തിൻ്റെ ആരംഭം എന്നത് എത്ര പേർക്കറിയാം? അത് മാത്രവുമല്ല, ഇവിടത്തെ കടലാസ്സ് ഉപയോഗിച്ചാണ് ഇന്ത്യയുടെ ഭരണഘടന ആദ്യമായി എഴുതിയത് എന്നതും അധികമാർക്കും അറിയാത്ത ഒരു സത്യമാണ്.  

100 ശതമാനവും നല്ലയിനം പരുത്തികൊണ്ട് ഉണ്ടാക്കിയതാണ് ഇവിടത്തെ കടലാസുകൾ. സ്വതന്ത്ര ഇന്ത്യയുടെ സുപ്രധാന ഔദ്യോഗിക രേഖ ഉണ്ടാക്കാൻ ആവശ്യമായി വന്ന കടലാസുകൾ പുനെയിലെ ഈ കടയിലാണ് കൈകൊണ്ട് നിർമ്മിച്ചെടുത്തത്. ‘ഗ്രാം പെർ സ്ക്വയർ മീറ്റർ’ എന്നതിന്റെ ചുരുക്കപ്പേരാണ് ജി.എസ്.എം. ഇത് പേപ്പറിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. ജി‌എസ്‌എം കൂടുന്തോറും, കടലാസിൻ്റെ ഭാരവും ഗുണനിലവാരവും കൂടുന്നു. ഇവിടെ ഉപയോഗിക്കുന്ന കടലാസിൻ്റെ ജി.എസ്.എം 90- 110 ആണ്. ഈ ബോണ്ട് പേപ്പർ അതിൻ്റെ  ഗുണനിലവാരത്തിലും, ഈടിലും മറ്റ് കടലാസുകളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഏകദേശം 100 വർഷത്തിലേറെ കാലം ഇത് നീണ്ടുനിൽക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ച ലക്ചറർ സഞ്ജീവ് നായിക് പറയുന്നു.

ഇന്ത്യൻ ഭരണഘടനയുടെ കലാപരമായ മേന്മയ്ക്ക് പിന്നിൽ നന്ദലാൽ ബോസും, അദ്ദേഹത്തിൻ്റെ കലാ വിദ്യാർത്ഥികളുമാണ് എന്നത് നമുക്കെല്ലാവർക്കുമറിയാം. എന്നാൽ, ഭരണഘടനയ്ക്കായുള്ള കടലാസും, അതിൻ്റെ വിതരണക്കാരനെയും തെരഞ്ഞെടുത്തത് മറ്റാരുമല്ല, മഹാത്മാഗാന്ധിയാണ്. ഇതിന്റെ ഭാഗമായി സ്വദേശി പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങളിൽ നിന്ന് ആശയം ഉൾക്കൊണ്ട ഒരു സ്ഥാപനം ആരംഭിക്കാൻ ഗാന്ധിജി ശാസ്ത്രജ്ഞൻ കെബി ജോഷിയുമായി ചേർന്ന് പദ്ധതിയിട്ടു. 1930 -കളിൽ ഗാന്ധിജിയെ പരിചയപ്പെടുമ്പോൾ ജോഷി മഹാരാഷ്ട്രയിലെ ന്യൂവാസയിലെ ഒരു ഓയിൽ മില്ലിൽ ജോലി ചെയ്യുകയായിരുന്നു.

39 വർഷമായി എച്ച്‌എം‌പി‌ഐയിൽ ജോലി ചെയ്തിരുന്ന സിവി പുന്താംബെൽക്കർ പറയുന്നതനുസരിച്ച്, പരുത്തിക്കുരുവിൽനിന്നും, തുണിക്കഷണങ്ങളിൽ നിന്നും ഉൽ‌പാദിപ്പിക്കുന്ന കടലാസിനെ കുറിച്ച് ജോഷി ഇതിനകം തന്നെ മനസ്സിലാക്കിയിരുന്നു. അക്കാലത്ത് ഇറക്കുമതി ചെയ്യുന്ന കടലാസ്സിന് പകരമായി ഗാന്ധിജിയെ അദ്ദേഹം ഈ കടലാസ്സ് കാണിച്ചു. അതിന്റെ ഗുണനിലവാരത്തിൽ തൃപ്‍തനായ ഗാന്ധിജി, പക്ഷേ കടലാസ്സ് നിർമ്മിക്കുന്നതിനായി യന്ത്രങ്ങൾ ഉപയോഗിക്കുന്നത്തിൽ വിമുഖത കാണിച്ചു. പകരമായി കൈകൊണ്ട് കടലാസ്സ് നിർമ്മിയ്ക്കാൻ   പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

ഇതിനായി 1936 -ൽ പൂനെയിലെ ഭൂമി, കാർഷിക വകുപ്പിൽ നിന്ന് 25 വർഷത്തേക്ക് പാട്ടത്തിന് എടുത്തു. പ്രതിവർഷം 1 രൂപയ്ക്കാണ് അത് അന്നത്തെ കാലത്ത് വാടകയ്ക്ക് എടുത്തത്. എന്നാൽ, തുക സാക്ഷ്യപ്പെടുത്തുന്ന പാട്ടരേഖകളൊന്നും ഇപ്പോൾ നിലവിലില്ല. അങ്ങനെ ജോഷി പിന്നീട് കൃഷിക്കാരനായ ജി എച്ച് ഗോന്ധലേക്കറുമായി ചേർന്ന്, ബോംബെ ഖാദി സമിതി സ്ഥാപിക്കുകയായിരുന്നു.  

ബ്രിട്ടീഷുകാരുടെ പേപ്പർ മില്ലുകളിൽ ജോലി ചെയ്തിരുന്നവരെ കഗാസി ആളുകൾ എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ജോഷി അവരെ സംഘടിപ്പിച്ച് ഈ പുതിയ കടലാസ്സ് നിർമ്മാണം അവരെ പരിശീലിപ്പിച്ചു. സ്വദേശി ചരക്കുകൾക്കും വ്യവസായങ്ങൾക്കുമായുള്ള ഗാന്ധിയുടെ ആഹ്വാനത്തിൻ്റെ ഒരു പ്രധാന ചുവടുവയ്പ്പായി ഈ സംഘടന. ഇറക്കുമതി കുറയ്ക്കാനും, മികച്ച തൊഴിലവസരം സൃഷ്ടിക്കാനും ഇതുവഴി സാധിച്ചു. 

അവസാനം 1940 ഓഗസ്റ്റ് 1 -ന് ജവഹർലാൽ നെഹ്‌റു ഈ സ്ഥാപനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൈകൊണ്ട് നിർമ്മിച്ച പേപ്പറിൻ്റെ വാണിജ്യ ഉത്പാദനവും അങ്ങനെ ആരംഭിച്ചു. ഓൾ ഇന്ത്യ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷന് കീഴിൽ ഗവേഷണ, പേപ്പർ ഉൽ‌പാദനത്തിന് പുറമേ 1956 -ൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ്, ടെക്നിക്കൽ ട്രെയിനിംഗ് കോഴ്സുകളും ആരംഭിക്കുകയുണ്ടായി. 

രാജ്യമെമ്പാടുമുള്ള വിവിധ സർവ്വകലാശാലകൾ അവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് അച്ചടിക്കാനായി ഉപയോഗിക്കുന്നത് എച്ച്‌എം‌പി‌ഐയിൽ നിർമ്മിക്കുന്ന ഈ പേപ്പറുകളാണ്. കൂടാതെ മന്ത്രിമാർക്കുള്ള ഔദ്യോഗിക ലെറ്റർ ഹെഡുകളും ഇതിൽ തന്നെയാണ് അച്ചടിക്കുന്നത്. ബാക്കിയുള്ളവ സ്റ്റേഷനറികളിൽ വിൽക്കുന്നു. 1958 -ൽ രാജീവ് ഗാന്ധിയുടെയും, സോണിയ ഗാന്ധിയുടെയും വിവാഹ ക്ഷണക്കത്ത് അച്ചടിക്കാൻ കടലാസ്സുകൾ വിതരണം ചെയ്തതും ഈ സ്ഥാപനം തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. ജുന്നാർ ഗ്രാമത്തിൽ നിർമ്മിച്ച സിൽക്ക് മിശ്രിത പേപ്പറായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. 

വാഴപ്പഴത്തിൻ്റെ നാരുകൾ, ബാഗാസെ, പരുത്തി, ചണം തുടങ്ങിയ വസ്തുക്കളിൽ നിന്ന് നിർമ്മിച്ചവ ഉൾപ്പെടെ 4,500 -ലധികം കൈകൊണ്ട് നിർമ്മിച്ച കടലാസ്സുകൾ ഇവിടെ വിതരണം ചെയ്യുന്നു. ഈ ഡിവിഷനുകളെല്ലാം ശിവാജിനഗറിലെ ഈ ഭാഗത്ത് ഇടം പങ്കിടുന്നു. ഒപ്പം മരത്തിൽനിന്ന് പേപ്പർ നിർമ്മിക്കാനുള്ള സ്ഥിരം മാർഗ്ഗത്തിന് പകരമുണ്ടായിട്ടുള്ള പുതിയ സംവിധാനത്തെ കുറിച്ച് പറയുന്ന സെമിനാറുകളും വർക്ക് ഷോപ്പുകളും നടത്തുന്ന ഒരു ഓഡിറ്റോറിയവുമുണ്ട് ഇവിടെ.

താൽപ്പര്യമുള്ളവർക്കായി നിരവധി പഴയ പേപ്പർ നിർമ്മാണ യന്ത്രങ്ങളും ഇവിടെ പ്രദർശനത്തിന് വച്ചിട്ടുണ്ട്. അവിടത്തെ ചുവരുകൾ 2019 -ലെ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പുതുക്കിപ്പണിയുകയുണ്ടായി. പുനരുപയോഗത്തിൻ്റെയും, കൈകൊണ്ട് നിർമ്മിച്ച കടലാസിൻ്റെ വിവിധ ഘട്ടങ്ങളും, സ്ഥാപനത്തിൻ്റെ നേട്ടങ്ങളും പ്രതിപാദിക്കുന്ന വിവിധ ചിത്രങ്ങൾ ആ ചുവരുകളിൽ കാണാം. ഇന്ത്യയുടെ ചരിത്രത്തിലെ ഒരിക്കലും അവഗണിയ്ക്കാൻ കഴിയാത്ത ഒരേടാണ് ആ സ്ഥാപനം. ഏറ്റവും വിപ്ലവകരമായ ഒരാശയത്തിൻ്റെ  ഉറവിടവും, കഴിഞ്ഞുപോയ കാലത്തിൻ്റെ ഗൃഹാതുരതയും ഇവിടെ കാണാം. നമുക്ക് എന്നും അഭിമാനിക്കാവുന്ന ചരിത്രത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട ഒരിടമായി ഇത് ഇന്നും നിലനിൽക്കുന്നു. 

Follow Us:
Download App:
  • android
  • ios