Asianet News MalayalamAsianet News Malayalam

കഞ്ചാവ് മുതല്‍ ആളെക്കൊല്ലിയായ ഉഗ്രവിഷമുള്ള ചെടി വരെ; ആ വിഷപ്പൂന്തോട്ടം ഉണ്ടായത് ഇങ്ങനെ

അങ്ങനെയിരിക്കുമ്പോഴാണ് പെർസി കുപ്രസിദ്ധമായ മെഡിസി വിഷത്തോട്ടം സന്ദർശിക്കാൻ ഇടയാവുന്നത്. അതുകണ്ട അവരുടെ മനസ്സിൽ ഒരാശയം ഉദിച്ചു. എന്തുകൊണ്ട് സുഖപ്പെടുത്തുന്ന ചെടികൾക്ക് പകരം ആളുകളെ കൊല്ലാൻ കഴിയുന്ന സസ്യങ്ങളുടെ ഒരു പൂന്തോട്ടം വളർത്തിക്കൂടാ!  

The poisonous garden in England
Author
England, First Published Mar 12, 2020, 5:44 PM IST

വടക്കൻ ഇംഗ്ലണ്ടിലെ ഏറ്റവും മനോഹരമായ ആകർഷണങ്ങളിലൊന്നാണ് അൽൻ‌വിക് ഗാർഡൻ. അവിടെ സുഗന്ധമുള്ള റോസാപ്പൂക്കളും, പടർത്തി വിട്ടിരിക്കുന്ന സസ്യജാലങ്ങളും, മനോഹരമായ ജലധാരകളുമുണ്ട്. ഏക്കർ കണക്കിന് പരന്നുകിടക്കുന്ന ആ ബൊട്ടാണിക്കൽ ഗാർഡൻ ആരുടേയും മനംകവരും. എന്നാൽ അതിന്റെ ഭംഗി കണ്ട് അറിയാതെപോലും ചെടികൾ മണത്തുനോക്കരുത്. നമുക്കറിയാം മിക്ക ഗാർഡനിലും പൂക്കൾ  മണക്കരുത് എന്നെഴുതി വയ്ക്കാറുണ്ട്. നമ്മൾ അത് ശ്രദ്ധിക്കാതെ ചിലപ്പോൾ പൂക്കൾ മണക്കാറുമുണ്ട്. എന്നാൽ, ഇവിടെവന്ന് അത്തരമൊരു കാര്യത്തിന് മുതിർന്നാൽ, പണിപാളും. ഒരുപക്ഷേ, ആളുതന്നെ ബാക്കി കാണില്ലെന്നും വരാം. കാരണം, നൂറിലേറെ വിഷമയമായ ചെടികളുടെ ആവാസകേന്ദ്രമാണ് ഇവിടം. ഇതാണ് വിഷബൊട്ടാണിക്കൽ പൂന്തോട്ടമായ, അൽൻ‌വിക് ഗാർഡൻ. 

The poisonous garden in England

 

1995 -ൽ ഇംഗ്ലണ്ടിലെ നോർത്തംബർലാൻഡിന്റെ പ്രഭ്വി ആയിരുന്നു ജെയ്ൻ പെർസി. പെർസി താമസിച്ചിരുന്നത് അൽൻ‌വിക് കൊട്ടാരത്തിലായിരുന്നു. അക്കാലത്ത്, കൊട്ടാരത്തിനോട് ചേർന്ന കുറച്ച് സ്ഥലം വെറുതെ കിടന്നിരുന്നു. പെർസിയുടെ ഭർത്താവ് അവരോട് അവിടെ ഒരു പൂന്തോട്ടമുണ്ടാക്കാൻ പറഞ്ഞു. 1996 -ൽ, പൂന്തോട്ടം ഉണ്ടാക്കാനായി ഫ്രഞ്ച് പ്രസിഡന്റിന്റെ വസതിയിലെ പൂന്തോട്ടങ്ങളിൽ പ്രവർത്തിച്ചിരുന്ന ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റ് ജാക്വസ് വിർട്സിനെ അവർ നിയമിച്ചു. 

അങ്ങനെയിരിക്കുമ്പോഴാണ് പെർസി കുപ്രസിദ്ധമായ മെഡിസി വിഷത്തോട്ടം സന്ദർശിക്കാൻ ഇടയാവുന്നത്. അതുകണ്ട അവരുടെ മനസ്സിൽ ഒരാശയം ഉദിച്ചു. എന്തുകൊണ്ട് സുഖപ്പെടുത്തുന്ന ചെടികൾക്ക് പകരം ആളുകളെ കൊല്ലാൻ കഴിയുന്ന സസ്യങ്ങളുടെ ഒരു പൂന്തോട്ടം വളർത്തിക്കൂടാ!  ആ സമയത്ത് തന്നെയാണ് അവർ മധ്യകാല സ്കോട്ട്ലൻഡിലെ ഏറ്റവും വലിയ ആശുപത്രിയുടെ പുരാവസ്‍തു സൈറ്റും സന്ദർശിച്ചത്. അവിടെ 15 -ാം നൂറ്റാണ്ടിലെ ശസ്ത്രക്രിയകളിൽ രോഗികളെ അനസ്തേഷ്യ ചെയ്യാൻ ഉപയോഗിച്ചിരുന്ന ഹെൻബെയ്ൻ, ഓപിയം, ഹെംലോക്ക് എന്നിവയുടെ നീരിൽ കുതിർത്ത സ്പോഞ്ചുകളെക്കുറിച്ച് പ്രഭ്വി മനസ്സിലാക്കി. അതോടെ മാരകമായ സസ്യങ്ങളുള്ള ഒരു പൂന്തോട്ടം സൃഷ്ടിക്കാനുള്ള അവരുടെ താൽപ്പര്യം ശക്തിപ്പെട്ടു.  

അങ്ങനെ തന്റെ സ്വപ്നപദ്ധതിയായ വിഷത്തോട്ടത്തിനായി വിഷസസ്യങ്ങൾ ശേഖരിക്കാൻ പ്രഭ്വി തീരുമാനിച്ചു. ഒടുവിൽ 100 ഇനങ്ങൾ അവർ തെരഞ്ഞെടുത്തു. എല്ലായിടത്തും സാധാരണമായി കാണുന്ന എന്നാൽ വിഷമുള്ളതായ ചെടികളാണ് അവരെ കൂടുതൽ ആകർഷിച്ചത്. ഉദാഹരണത്തിന് ഇംഗ്ലീഷ് ഉദ്യാനങ്ങളിൽ സർവ്വവ്യാപിയായ ലോറൽ ഹെഡ്ജ് വളരെ വിഷാംശം ഉള്ളതാണെന്ന് അവിടെയുള്ള ആളുകൾക്ക് പലർക്കും അറിയില്ലായിരുന്നു. തന്റെ വിഷ ഗാർഡനിൽ ഡച്ചസ് കഞ്ചാവ് മുതൽ കൊക്കെയ്ൻ വരെ വിവിധതരം മരുന്നുകൾ വളർത്തി. കൂടാതെ മറ്റ് വിഷസസ്യങ്ങളും അവർ അവിടെ നട്ടുവളർത്തി. പ്രഭ്വിയുടെ പ്രിയപ്പെട്ട ചെടികളിലൊന്നാണ് തെക്കേ അമേരിക്കയിലെ കാട്ടിൽ വളരുന്ന സോളനേഷ്യ കുടുംബത്തിലെ ബ്രഗ്മാൻസിയ അഥവാ 'മാലാഖമാരുടെ കാഹളം'. ഈ ചെടിയാകട്ടെ എന്തായാലും ഒരാളെ കൊല്ലുന്നതിന് മുൻപ് അയാളില്‍ ലൈംഗികോത്തേജനം ഉണ്ടാക്കും എന്നാണ് പറയുന്നത്. വിക്ടോറിയൻ സ്ത്രീകൾ പലപ്പോഴും ചെടിയിൽ നിന്ന് ഒരു പൂവ് അവരുടെ കാർഡ് ടേബിളുകളിൽ സൂക്ഷിക്കുമെന്നും, ചായയിൽ ചെറിയ അളവിൽ അതിന്റെ പൂമ്പൊടി ചേർക്കാറുണ്ടെന്നും പറയപ്പെടുന്നു. 
    
ആനന്ദിപ്പിച്ചോ, വേദനിപ്പിച്ചോ ആളുകളെ കൊല്ലാൻ കെല്‍പ്പുള്ള ചെടികളുള്ള ഇവിടെ ഓരോ വർഷവും 600,000 സന്ദർശകരാണ് വരുന്നത്. ഇത് നോർത്ത് ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. 
 

Follow Us:
Download App:
  • android
  • ios