ഒരു ഫ്രഞ്ച് പ്രവാചകനായിരുന്നു നോസ്ട്രഡാമസ്. 465 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം തന്റെ ലെസ് പ്രൊഫെറ്റീസ് എന്ന പുസ്തകത്തിൽ ഭാവിയെക്കുറിച്ച് ആയിരക്കണക്കിന് പ്രവചനങ്ങൾ നടത്തുകയുണ്ടായി. അവയിൽ പലതും പിന്നീട് സത്യമായിത്തീർന്നു. 1503 ഡിസംബറിൽ തെക്കൻ ഫ്രാൻസിലെ സെന്റ് റൂമി ഡി പ്രോവെൻസിലാണ് നോസ്ട്രഡാമസ് ജനിച്ചത്. നാലുവരിക്കവിതകളുടെ രൂപത്തിൽ മനുഷ്യരാശിയുടെ ഭാവിയെ സംബന്ധിച്ച് ആയിരക്കണക്കിന് പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയത്. അഡോൾഫ് ഹിറ്റ്ലറുടെ ഉയർച്ച, ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ നടന്ന ന്യൂക്ലിയർ സ്ഫോടനം, വേൾഡ് ട്രേഡ് സെന്റർ ആക്രമണങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രധാന ലോക സംഭവങ്ങൾ ഈ ഫ്രഞ്ച് മനുഷ്യൻ വിജയകരമായി പ്രവചിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. 3797 വരെയുള്ള പ്രവചനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. 6338 പ്രവചനങ്ങളാണ് അദ്ദേഹം ആകെ നടത്തിയിട്ടുള്ളത്. 2021 -ൽ നോസ്ട്രഡാമസ് എന്താണ് പ്രവചിച്ചത്?

2021 -ൽ റഷ്യയിലെ ഒരു ശാസ്ത്രജ്ഞൻ ജൈവായുധം നിർമ്മിക്കുമെന്ന് അതിൽ പറയുന്നു. മനുഷ്യരാശിയുടെ അവസാനത്തിന് അത് കാരണമാകുമെന്നും അതിൽ പറയുന്നു. ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത് വരുമെന്നും, അത് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അതിൽ പറയുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് നാസയും ഇതിനകം പ്രവചിച്ചിട്ടുണ്ട്. 

മനുഷ്യരാശി 2021 -ൽ കൂടുതൽ വലിയ വിപത്തുകൾക്ക് തയ്യാറാകണമെന്നും നോസ്ട്രഡാമസ് പറഞ്ഞിരുന്നു. പേമാരി, പകർച്ചവ്യാധി, ക്ഷാമം, ഭൂകമ്പം എന്നിവയാണ് ഈ വർഷം നമ്മെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കൊറോണ വൈറസിനേക്കാൾ ഭയാനകമായ രോഗങ്ങൾ ഈ വർഷം ഉണ്ടാകുമെന്നും പുസ്തകത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഈ പകർച്ചവ്യാധികൾ ലോകമെമ്പാടും നാശം വിതക്കുമെന്നും, അച്ഛനമ്മമാർ വലിയ ദുഃഖത്തോടെ മരിക്കുമെന്നും അതിൽ പറയുന്നു. കൂടാതെ ലോകം മുഴുവൻ ക്ഷാമം നേരിടുമെന്നും അദ്ദേഹം പറയുന്നു. 2021 -ൽ കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം ഒരു ആഗോളക്ഷാമത്തിന് ദൃക്‌സാക്ഷിയാകുമെന്ന് ഐക്യരാഷ്ട്രസഭ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.  

പടിഞ്ഞാറൻ ദേശങ്ങളിൽ ഒരു വലിയ വിപത്ത് സംഭവിക്കുമെന്ന് ഫ്രഞ്ച് പ്രവാചകൻ പറഞ്ഞു. അതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം ഒരു ഭൂകമ്പത്തെയോ, മണ്ണിടിച്ചിലിനെയോ സൂചിപ്പിക്കുന്നു. വിനാശകരമായ ഒരു ഭൂകമ്പം പടിഞ്ഞാറൻ നാടിനെ ബാധിക്കുമെന്നും അത് കാലിഫോർണിയയിലാകാമെന്നും അനുമാനിക്കുന്നു. 2020 നവംബറിൽ 7.5 തീവ്രത രേഖപ്പെടുത്തിയ 66 വർഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ ഭൂകമ്പത്തിന് നെവാഡ സാക്ഷ്യം വഹിച്ചു. രണ്ട് സഖ്യരാജ്യങ്ങൾക്കിടയിൽ "മൂന്നാമത്തെ വലിയ യുദ്ധം" ആരംഭിക്കുമെന്നും അദ്ദേഹം സൂചന നൽകുന്നു. ഒരു "മഹാനായ നേതാവിന്റെ" മരണശേഷം അത് ആരംഭിക്കുമെന്ന് അദ്ദേഹം പറയുന്നു.  

കൂടാതെ, 2021 -ൽ തലച്ചോറിൽ നൂതന ചിപ്പുകൾ ഘടിപ്പിച്ച സൈനികരുടെ ഉത്ഭവത്തെ കുറിച്ച് നോസ്ട്രഡാമസ് പറഞ്ഞിരുന്നു. ഈ മസ്തിഷ്ക ഇംപ്ലാന്റുകൾ വഴി യുദ്ധമേഖലകളിൽ സൈനികർ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നും, ശത്രുസൈന്യത്തെ അനായാസം കീഴടക്കുമെന്നും അതിൽ പറയുന്നു. എന്തിരുന്നാലും ഇതെല്ലാം പ്രവചനങ്ങളാണ്.