അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ സ്വത്തുക്കൾ ലേലത്തിൽ വിറ്റു. അയാളുടെ സ്വന്തം നാടായ രത്‌നഗിരിയിലെ ആറ് വസ്‍തുവകകളാണ് വിറ്റത്. ഇതിൽ നാലെണ്ണം ദില്ലി അഭിഭാഷകൻ ഭൂപേന്ദ്ര ഭരദ്വാജും രണ്ട് വസ്‍തുവകകൾ മറ്റൊരു അഭിഭാഷകനായ അജയ് ശ്രീവാസ്‍തവയും വാങ്ങി. രത്‌നഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദാവൂദിന്റെ 'ഇബ്രാഹിം മാൻഷൻ' എന്ന തറവാട് വീട് അജയ് ശ്രീവാസ്‍തവ 11.2  ലക്ഷം രൂപ മുടക്കി വാങ്ങി. 1983 -ൽ മുംബൈയിലേക്ക് പോകുന്നത് വരെ ദാവൂദിന്റെ കുടുംബം താമസിച്ചത് ഈ വീട്ടിലാണ്. വീടിനു പുറമേ ദാവൂദിന്റെ മാതാവ് അമിൻ ബി, പരേതയായ സഹോദരി ഹസീന പാർക്കർ എന്നിവരുടെ പേരിലുള്ള മറ്റൊരു സ്ഥലവും ശ്രീവാസ്‍തവ 4.30 ലക്ഷം രൂപയ്ക്കു വാങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

സ്‍മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി(എസ്എഎഫ്ഇഎംഎ) -യുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 1993 -ലെ മുംബൈ  സ്‌ഫോടന പരമ്പരയിലെ പ്രധാന പ്രതിയായ ഇയാളുടെ ഏഴ് വസ്‍തുവകകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ലേലം നടത്തിയത്. ഈ ലേലത്തിൽ നിന്ന് സർക്കാരിന് ലഭിച്ചത് 22.79  ലക്ഷം രൂപയാണ്. സാങ്കേതിക കാരണങ്ങളാൽ രത്‌നഗിരി ജില്ലയിലെ ലോട്ട് ഗ്രാമത്തിലെ ഒരു സ്ഥലവും, ദാവൂദിന്റെ അടുത്ത സഹായി ഇക്ബാൽ മിർച്ചിയുടെ അപ്പാർട്ട്മെന്റും വിറ്റുപോയില്ല. വീണ്ടും അത് ലേലത്തിൽ വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.  

ദാവൂദ് ഇബ്രാഹിമിന്റേയും അദ്ദേഹവുമായി അടുപ്പമുളളവരുടേയും വസ്‌തുവകകൾ ശ്രീവാസ്‌തവ നേരത്തെയും ലേലത്തിൽ പിടിച്ചിട്ടുണ്ട്. “ഈ പോരാട്ടം പണത്തിനുവേണ്ടിയല്ല, മറിച്ച് ഞങ്ങൾ അയാളെ ഭയക്കുന്നിലെന്ന് മനസ്സിലാക്കി കൊടുക്കാൻ മാത്രമാണ്” ശ്രീവാസ്‍തവ പിടിഐ -യോട് പറഞ്ഞു. വിദേശത്ത് താമസിക്കുമ്പോൾ നിരപരാധികളെ കൊല്ലാൻ അയാൾക്ക് കഴിയുമെങ്കിൽ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഏജൻസികളെ ഞങ്ങൾക്കും സഹായിക്കാൻ കഴിയുമെന്ന് കാണിച്ചു കൊടുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ശ്രീവാസ്‍തവ പറഞ്ഞു. 

മുൻലേലത്തിൽ ദാവൂദിന്റെ സ്വത്തുക്കൾ വാങ്ങിയശേഷം, ദാവൂദിന്റെ സഹായികളിൽ നിന്ന് തനിക്ക് നിരവധി ഭീഷണികൾ ലഭിച്ചുവെന്ന് അഭിഭാഷകൻ പറയുന്നു. 2000 -ത്തിലാണ് ആദ്യമായി ദാവൂദിന്റെ സ്വത്തുക്കൾ ലേലത്തിന് വച്ചത്. അന്ന് പക്ഷേ അയാളെ ഭയന്ന് ആരും അത് വാങ്ങാൻ കൂട്ടാക്കിയില്ല. എന്നാൽ, ഇതറിഞ്ഞതോടെയാണ് ശ്രീവാസ്‍തവ ലേലത്തിൽ പങ്കെടുക്കാൻ തുടങ്ങിയത്. ദാവൂദിന്റെ പേരിലുള്ള ഷബ്‍നം ഗസ്റ്റ് ഹൗസ്, ഹോട്ടൽ റോനക് അഫ്രോസ്, ദമർവാല കെട്ടിടത്തിലെ ആറ് മുറികൾ എന്നിവയാണ് സേഫമാ ആക്ട് പ്രകാരം 11.58 കോടി രൂപയ്ക്ക് ലേലത്തിൽ വച്ചത്.