നമ്മുടെ രാജ്യത്ത് നൂറുകണക്കിന് സ്ത്രീകളാണ് എല്ലാ ദിവസവും പീഡിപ്പിക്കപ്പെടുന്നത്. പലരും ആ അപമാനം നിശബ്ദമായി സഹിക്കുന്നു. ദുരുപയോഗം ചെയ്യപ്പെടുന്നതും, ബലാത്സംഗം ചെയ്യപ്പെടുന്നതും വിദൂരഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതത്തിൽ നിത്യസംഭവമായിത്തീരുന്ന ​ഗതികേടാണിന്ന്. ഉയർന്ന ജാതിക്കാരായ പുരുഷന്മാർ ചെറുപ്പക്കാരായ ദലിത് പെൺകുട്ടികളെ പരസ്യമായി പീഡിപ്പിക്കുന്നതിന്റെ വാർത്തകൾ നമ്മൾ കാണാറുണ്ട്. തെറ്റുകൾ ചെയ്ത പുരുഷന്മാർ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയും കുറ്റകൃത്യങ്ങൾ തടസ്സമില്ലാതെ തുടരുകയും ചെയ്യുന്നു. എന്നാൽ, ഇതിനെതിരെ സ്വയം പോരാടാൻ തീരുമാനിച്ച ഒരു ദളിത് പെൺകുട്ടിയാണ് ബെറ്റിയ (സാങ്കല്പിക നാമം). ജാതി സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്ന ലഖ്‌നൗവിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അവൾ ജനിച്ചത്.  

2012 -ൽ അവൾക്ക് വെറും 13 വയസുള്ളപ്പോഴാണ് നാല് ഉയർന്ന ജാതിക്കാർ അവളെ ബലാത്സംഗം ചെയ്തത്. പാടത്ത് പണി ചെയ്തുകൊണ്ടിരുന്ന അവളെ ആ നാലുപേർ ചേർന്ന് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് അവർ സംഭവത്തിന്റെ ഒരു വീഡിയോ ചിത്രീകരിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് കൂടാതെ, ആരോടെങ്കിലും പറഞ്ഞാൽ സഹോദരനെ കൊല്ലുമെന്നും അവർ ഭീഷണി മുഴക്കി. പേടിച്ചു വിറച്ച ബെറ്റിയ ആരോടും ഒന്നും പറഞ്ഞില്ല.  

എന്നാൽ വിധി മറ്റൊന്നായിരുന്നു. ഒരു മാസത്തിനുശേഷം, 15 വയസുള്ള ഒരു ആൺകുട്ടി ഒരു അശ്ലീല വീഡിയോ കാണുന്നത് ബെറ്റിയയുടെ അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അതിൽ തന്റെ മകളാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം തകർന്നുപോയി. അവളെ പീഡിപ്പിച്ച പുരുഷന്മാർ ബെറ്റിയയുടെ വീഡിയോ പകർപ്പിന് 50 രൂപയ്ക്ക് വിറ്റു. വീഡിയോയിൽ അവളുടെ അപേക്ഷയും കരച്ചിലും അച്ഛൻ കണ്ടു. അതുകൊണ്ട് തന്നെ അവളുടെ കുടുംബത്തിന് സത്യാവസ്ഥ മനസ്സിലായി. എന്നിരുന്നാലും, മറ്റുള്ളവർ അവളെ മനസ്സിലാക്കാൻ തയ്യാറായില്ല. ഗ്രാമത്തിലെ മറ്റ് പെൺകുട്ടികളെ മോശമായി സ്വാധീനിക്കുന്നു എന്നും പറഞ്ഞ് അവളെ ഗ്രാമീണ സ്കൂളിൽ നിന്ന് പുറത്താക്കി. ഗ്രാമീണരെല്ലാം അവർക്കെതിരെ തിരിഞ്ഞു. പരിഭ്രാന്തനായ അവളുടെ അച്ഛൻ പൊലീസിൽ പരാതി കൊടുത്തു. എന്നാൽ അതുകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല. സർക്കാർ നൽകിയ സൗജന്യ റേഷൻ ഗ്രാമവാസികൾ തടയുകയും ചെയ്തു.

ഒടുവിൽ ജനങ്ങളുടെ സമ്മർദ്ദം കൂടി വന്നപ്പോൾ, പൊലീസ് നാലുപേരെ അറസ്റ്റുചെയ്തു. കോടതി വിചാരണ നടന്നപ്പോഴും, ജഡ്ജിമാർ അവളോട് അല്പം പോലും അനുകമ്പ കാണിച്ചില്ല. ക്രൂരമായ കോടതി വിചാരണകളിലൊന്നിൽ ബെറ്റിയയുടെ അച്ഛൻ മകളെ അപമാനിക്കുന്നത് കേട്ട് നിൽക്കാനാവാതെ നെഞ്ച് പൊട്ടി മരിച്ചു. എന്നിട്ടും അവസാനം, പ്രതികൾക്ക് ജാമ്യം അനുവദിക്കപ്പെട്ടു. കുറ്റവാളികൾ പുറത്ത് കറങ്ങുമ്പോൾ കുടുംബം ഭയത്തോടെ ജീവിച്ചു. ബെറ്റിയയുടെ 16 വയസ്സുള്ള സഹോദരൻ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ കൊല്ലുമെന്ന ഭയത്താൽ പാടത്ത് പണിയ്ക്ക് പോകാതെ വീട്ടിൽ തന്നെ ഇരിപ്പായി. എന്നാൽ ബെറ്റിയ അവരുടെ ഭീഷണികൾക്ക് ചെവികൊടുക്കില്ല. 

കേസ് പിൻവലിച്ചാൽ 1 ലക്ഷം രൂപ വരെ നൽകാമെന്ന് കുറ്റവാളികൾ പറഞ്ഞു. എന്നാൽ അവൾ തന്നെ തീരുമാനത്തിൽ നിന്ന് പുറകോട്ട് പോകാൻ തയ്യാറായില്ല. “എനിക്ക് അവരെ ജയിലടക്കണമായിരുന്നു. ഇത് മറ്റുള്ളവർക്കെല്ലാം ഒരു പാഠമാകണം" ബെറ്റിയ പറഞ്ഞു. നിരവധി അഭിഭാഷക ഗ്രൂപ്പുകളുടെ സഹായത്തോടെ, ഇന്ന് അവൾ നാലുപേരെയും ഇരുമ്പഴിക്കുള്ളിലാക്കാൻ പോരാടുകയാണ്. എന്നാൽ, ഈ സംഭവങ്ങൾ ഗ്രാമവാസികളുടെ കണ്ണ് തുറപ്പിച്ചു. തുടക്കത്തിൽ ഗ്രാമത്തിൽ പതിവായി ബലാത്സംഗങ്ങൾ നടക്കുമായിരുന്നു. എന്നാൽ ഇപ്പോൾ, ബെറ്റിയയുടെ പോരാട്ടത്തിനുശേഷം, ഗ്രാമത്തിൽ ബലാത്സംഗ കേസുകളും കുറഞ്ഞു തുടങ്ങി. അതേസമയം ബെറ്റിയയുടെ ജീവിതത്തിൽ കാര്യങ്ങൾ ഇപ്പോഴും നല്ല രീതിയിലല്ല. ഭക്ഷണത്തിനായുള്ള പോരാട്ടം, മരണഭയം, ഗ്രാമീണരുടെ ദേഷ്യം എന്നിവ ഇപ്പോഴും അവൾ സഹിക്കുന്നു. എന്നാൽ പിന്നോട്ട് പോകാൻ അവൾ തയ്യാറല്ല. അവൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെ അവൾ ഇന്നും ജീവിക്കുന്നു.